പ്രണയമാണ് സത്യം

Date:

spot_img

പ്രണയമില്ലാതെ എന്ത് ജീവിതം? എത്രത്തോളം സന്തോഷത്തോടും  സംതൃപ്തിയോടും കൂടി ഈ ലോകത്തിൽ ജീവിക്കാൻ കഴിയുന്നുണ്ടെങ്കിൽ അതിന്റെ അടിസ്ഥാനകാരണം പ്രണയമാണ്. പ്രണയമില്ലാതെ നമുക്ക് ജീവിക്കാനാവില്ല. പ്രണയം എന്നാൽ  സ്ത്രീപുരുഷ പ്രണയം  മാത്രമല്ല.  പ്രണയത്തിന്റെ ഒരു തലം മാത്രമേ അതാകുന്നുള്ളൂ.  ഉദാത്തതയും ഉൽക്കൃഷ്ടതയും  കൂടുതലുണ്ട് എന്നു കരുതുന്നതുകൊണ്ട്  നാം അതിനെ അങ്ങനെയൊരു പരിമിതിയിൽ പെടുത്തിയിരിക്കുന്നുവെന്നേയുള്ളൂ. സത്യത്തിൽ പ്രണയം അതിനെല്ലാം എത്രയോ അപ്പുറമാണ്. എല്ലാറ്റിലും പ്രണയമുണ്ട്. 

ഈ പ്രപഞ്ചത്തിലെ സകലജീവജാലങ്ങളും സകലപ്രവൃത്തികളും പ്രണയവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ദൈവത്തോടു പ്രണയമില്ലാത്ത ഒരാൾക്കെങ്ങനെയാണ് ആരാധനാലയങ്ങളിലെ കാർമ്മികനാകാൻ കഴിയുന്നത്? അക്ഷരങ്ങളോടും ആശയങ്ങളോടുമുള്ള പ്രണയമല്ലേ ഒരുവനെ എഴുത്തുകാരനാക്കുന്നത്? വർണ്ണങ്ങളോടും വരകളോടുമുള്ള പ്രണയം ഒരാളെ ചിത്രകാരനാക്കുന്നു. പാട്ടിനോടുള്ള പ്രണയം ഗായകനാക്കുന്നു. സുഹൃത്തിനോടുള്ള തീക്ഷ്ണവും തീവ്രവുമായ പ്രണയം അവനെ നല്ല ചങ്ങാതിയാക്കി മാറ്റുന്നു. ഇണയോടുള്ള പ്രണയം അവരെ നല്ല പങ്കാളികളാക്കുന്നു.

എന്തിന്, പ്രണയമില്ലാതെയുള്ള രതി കൊലപാതകമാണെന്നാണ് വിവരമുള്ളവർ പറഞ്ഞുവച്ചിരിക്കുന്നത്.  ജോലിയിൽ പ്രണയം വേണം, പാ ചകത്തിൽ പ്രണയം വേണം. ഇടപെടലുകളിലും സംസാരത്തിലും നോട്ടത്തിലും സ്പർശനത്തിലും പ്രണയം വേണം. പ്രണയമില്ലാത്തതുകൊണ്ടാണ് ചില നേരങ്ങളിലെങ്കിലും നമ്മുടെ ജീവിതം വിരസമായിത്തീരുന്നത്. ഏതിനെയെങ്കിലുമൊക്കെ പ്രണയിക്കുക. അവനവന്റെ നാശമോ മറ്റൊരാളുടെ തകർച്ചയോ സംഭവിക്കാത്ത വിധത്തിൽ ഏതിനോടെങ്കിലുമൊക്കെ പ്രണയത്തിലാവുക. പ്രണയം ക്രിയാത്മകമാകുന്നത് അതൊരിക്കലും നിഷേധാത്മകമായ ഫലം സൃഷ്ടിക്കാതെ വരുമ്പോഴാണ്.
ഒരാൾക്ക് ജീവിതത്തിൽ സന്തോഷമില്ലേ, അസംതൃപ്തിയാണോ അയാളുടെ ജീവിതത്തിൽ? പ്രണയത്തിന്റെ കുറവുണ്ട് എന്നാണ് അർത്ഥം. വായുവില്ലാതെ ജീവിക്കാൻ കഴിയാത്തതുപോലെ
യാണ് പ്രണയമില്ലാതെയുള്ള ജീവിതവും. പ്രണയമില്ലാത്ത ജീവിതം വസന്തങ്ങളില്ലാത്ത പ്രകൃതിപോലെ വരണ്ടതായിരിക്കും. പ്രണയത്തിലായിരിക്കുമ്പോൾ ജീവിതത്തിന് എന്തൊരു സൗന്ദര്യമാണ്! പ്രണയിക്കാതെ പോകുമ്പോൾ ജീവനുണ്ടെങ്കിലും നമുക്ക് ജീവിതമില്ലാതെ പോകുന്നു.

പ്രണയപൂർവ്വം
വിനായക് നിർമ്മൽ

എഡിറ്റർഇൻ ചാർജ്

More like this
Related

നഷ്ടം

നഷ്ടപ്പെടില്ലെന്ന് ഉറപ്പുള്ള എന്തെങ്കിലുമുണ്ടോ ഈ ലോകത്ത്? പേരു നഷ്ടപ്പെടാം, പണം നഷ്ടപ്പെടാം,...

ദുഃഖത്തിന്റെ കാരണം

ഒരു കഥ ചുരുക്കിപ്പറയാം തന്റെ നിറം കറുത്തുപോയതോർത്തും സ്വരം പരുഷമായതോർത്തും വിഷമിച്ചുനടക്കുകയായിരുന്നു...

ഇതൊക്കെയും ചേർന്നതാണ് ജീവിതം

കഴിഞ്ഞ ദിവസം ഒരു വന്ദ്യവൈദികനുമായി കണ്ടുമുട്ടിയിരുന്നു. ഞാൻ അദ്ദേഹത്തിന്റെ കീഴിൽ ജോലിയുടെ...

A+

ഇക്കഴിഞ്ഞ ദിവസങ്ങളിലായി നാം കൂടുതലായി ആഘോഷിച്ചത് ചില വിജയവാർത്തകളായിരുന്നു. പ്രത്യേകിച്ച് പത്താം...
error: Content is protected !!