സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള സർക്കാർ സേവനങ്ങൾ

Date:

spot_img


ദമ്പതികൾ തമ്മിലുള്ള പ്രശ്നങ്ങൾ , ഗാർഹികപീഡനങ്ങളും തൊഴിൽ ലൈംഗികചൂഷണങ്ങളും, സ്ത്രീകളും കുട്ടികളും അഭിമുഖീകരിക്കേണ്ടിവരുന്ന നിരവധിയായ പ്രശ്നങ്ങൾ എന്നിവയ്ക്കെല്ലാം പരിഹാരം നിർദ്ദേശിക്കാനും കണ്ടെത്താനും ഗവൺമെന്റ്തലത്തിൽതന്നെ  വിവിധ സംവിധാന ങ്ങളുണ്ട്.  പോലീസ് സ്റ്റേഷൻ, പ്രൊട്ടക്ഷൻ ഓഫീസ്, കുടുംബക്കോടതി, പിങ്ക് പോലീസ്,  കെൽസ(കേരള ലീഗൽ അഥോറിറ്റി) വനിതാ സെൽ എന്നിവയെല്ലാം ഇതിൽ പെടുന്നവയാണ്.  എല്ലാ ജില്ലകളിലും ഇത്തരത്തിലുള്ള ഗവൺമെന്റ് സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സൗജന്യമായി ലഭിക്കുന്ന ഇത്തരം സേവനങ്ങളെക്കുറിച്ച് പലർക്കും വേണ്ടത്ര അറിവില്ല എന്നതാണ് വാസ്തവം.

എസ്.ഐ, സി.ഐ, എ.എസ്.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് വനിതാസെല്ലിൽ പരാതി കൊടുത്തുകഴിയുമ്പോൾ അന്വേഷിക്കാനായെത്തുന്നത്. പരാതി നല്കിയ വ്യക്തിയുടെ വീടു സന്ദർശിച്ച് സാഹചര്യങ്ങൾ മനസ്സിലാക്കി അവർ വിവരം വനിതാ സെല്ലിനെ അറിയിക്കുകയും വനിതാസെൽ വഴി കൗൺസലിംങ് സൗകര്യം ലഭ്യമാക്കുകയും ചെയ്യുന്ന രീതിയാണ് ഇവിടെയുള്ളത്. നേരിടുന്ന പ്രശ്നം എന്തുതന്നെയുമായിരുന്നുകൊള്ളട്ടെ അവരെ കേൾക്കാൻ സന്നദ്ധതയുള്ള, പരിചയസമ്പത്തുള്ള വ്യക്തികൾ ഇത്തരം സെല്ലുകളിലുണ്ട് എന്നതാണ് ഏറെ ആശ്വാസകരം. കേസിലേക്കോ കോടതിയിലേക്കോ പ്രശ്‌നങ്ങൾ എത്തുന്നതിന് മുമ്പ് അവ പരിഹരിക്കാൻ  ഇതിലൂടെ അവസരം ലഭിക്കുകയാണ് ചെയ്യുന്നത്. ഒട്ടുമിക്ക പ്രശ്നങ്ങളും പോലീസും കോടതിയും ഇടപെടുന്നതിന് മുമ്പ് രമ്യമായി ഇതിലൂടെ പരിഹരിക്കപ്പെടാറുണ്ട്. വളരെ പോസിറ്റീവ് ഫലങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള ഒരു സർക്കാർ സംവിധാനം തന്നെയാണ് വനിതാസെല്ലുകൾ. സ്ത്രീകളുടെ പ്രശ്നങ്ങൾക്കുള്ള പോംവഴിയും പരിഹാരവും നിർദ്ദേശിക്കാൻ കഴിയുന്ന പോലീസ് വകുപ്പിലെ ഒരു പ്രത്യേക വിഭാഗമാണ് വനിതാസെല്ലുകൾ.

സ്ത്രീകൾ ഇരകളാകുന്ന കേസുകളിൽ ഇൻവെസ്റ്റിഗേഷൻ മോണിട്ടറിംങ്, ഉപേക്ഷിക്കപ്പെട്ടവരും നിരാലംബരുമായ സ്ത്രീകൾക്കുള്ള സംരക്ഷണ കസ്റ്റഡി എന്നിവയും ഇതിന്റെ ഭാഗമാണ്. വനിതാ സെല്ലുകളുടെ ഹെൽപ്പ് ലൈൻ 24 മണിക്കൂറും പ്രവർത്തിക്കുന്നവയാണ്. ഗാർഹികപീഡനം മുതൽ ജോലിസ്ഥലത്തെ പീഡനങ്ങൾക്ക് വരെ വനിതാ സെല്ലിൽ ഓൺലൈനായി പരാതി നല്കാവുന്നവയാണ്. പൊതുഇടങ്ങളിൽ കുട്ടികളും സ്ത്രീകളും നേരിടുന്ന പ്രശ്നങ്ങൾക്കുള്ള മറുപടിയായിട്ടാണ് പിങ്ക് പോലീസ് പ്രവർത്തിക്കുന്നത്. പ്രത്യേകപരിശീലനം നേടിയവരാണ് പിങ്ക് പോലീസ്. വനിതാ പോലീസ് ഉൾപ്പെടെയുള്ളവരാണ് ഈ ടീമിലുള്ളത്.

വൈവാഹിക തർക്കങ്ങൾക്ക്തീർപ്പുകല്പിക്കുക എന്ന മുഖ്യലക്ഷ്യത്തോടെയാണ് കേരളത്തിൽ കുടുംബക്കോടതികൾ സ്ഥാപിതമായത്. 1984 സെപ്തംബർ 14 ന് പാർലമെന്റ് അംഗീകാരത്തോടെയാണ് രാജ്യത്ത് കുടുംബക്കോടതികൾ നിലവിൽ വന്നത്. 1992 ജൂൺ ആറു മുതല്ക്കാണ് കേരളത്തിൽ കുടുംബക്കോടതികൾ പ്രവർത്തനം ആരംഭിച്ചത്. വിവാഹമോചനം, വിവാഹബന്ധം പുനഃസ്ഥാപിക്കൽ, ജീവനാംശം, കുട്ടികളെ ദത്തെടുക്കൽ, ദമ്പതികൾ തമ്മിലുള്ള സ്വത്തുതർക്കം എന്നിങ്ങനെ വിശാലമായ വിഷയങ്ങളാണ് കുടുംബക്കോടതി കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാൽ ഭാര്യാഭർത്താക്കന്മാർ ഒഴികെയുള്ള കുടുംബാംഗങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിൽ കുടുംബക്കോടതിയുടെ ഇടപെടൽ ലഭ്യമല്ല.

ആവശ്യമായ നിയമസഹായം സൗജന്യമായി ലഭിക്കുന്നതിനുള്ള വേദിയാണ് കെൽസ. വക്കീലിനെ ഏല്പിച്ചുകൊടുത്ത് കേസു വാദിക്കാനുള്ള സാഹചര്യം വരെ ഇതുവഴി ലഭിക്കും. ഏതെങ്കിലും തരത്തിൽ നിയമസഹായം ആവശ്യമായിവരുകയോ അവയെക്കുറിച്ച് കൃത്യമായ അറിവില്ലാതിരിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ അതാത് താലൂക്ക് -ജില്ലാ ഓഫീസുകളിലുള്ള ഉടഘഅയിൽ പോയി കാര്യം ചോദിച്ചറിയാവുന്നതാണ്. കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റി ജനങ്ങൾക്ക്  സൗജന്യ നിയമസഹായം നല്കുകയും അദാലത്തുകൾ നടത്തുകയും ചെയ്യുന്നു.

ഗവൺമെന്റ് തലത്തിലുള്ള ഇത്തരം സേവനങ്ങൾ പ്രയോജനപ്പെടുത്താൻ ഓരോരുത്തരും ശ്രമിക്കേണ്ടതാണ്. അതുവഴി ഒരുപാട് വ്യക്തികൾക്ക് തങ്ങൾ ആഗ്രഹിക്കുന്നതുപോലെയുള്ള ജീവിതവും അർഹിക്കുന്ന വിധത്തിലുള്ള നീതിയും ലഭിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവും ഉണ്ടാവേണ്ടതില്ല.

More like this
Related

error: Content is protected !!