തുടക്കം നന്നായില്ലേ?

Date:

spot_img

നല്ല തുടക്കമാണോ, പാതിയോളമായി എന്നാണൊരു ചൊല്ല്. അല്ല അതൊരു വിശ്വാസം കൂടിയാണ്. തീർച്ചയായും നല്ല തുടക്കം നല്ലതുതന്നെയാണ്. എന്നാൽ തുടക്കം വേണ്ടതുപോലെ ശോഭിച്ചില്ല എന്നതിന്റെ പേരിൽ നമുക്ക് അത്രമാത്രം നിരാശപ്പെടേണ്ടതുണ്ടോ? ജീവിതത്തിൽ വിജയിച്ചവരുടെ, ജീവിതവിജയം നേടിയവരുടെയെല്ലാം ചരിത്രം ചികയുമ്പോൾ തിരിച്ചറിയുന്ന ഒരു കാര്യമുണ്ട്. അവരൊക്കെ തുടക്കത്തിൽ വേണ്ടവിധം ശോഭിച്ചിരുന്നവരായിരുന്നില്ല. കഴിവുകൾ വേണ്ടവിധം തുടക്കകാലത്ത് പ്രയോജനപ്പെടുത്തിയവരായിരുന്നില്ല. ആദ്യചാൻസിൽ തന്നെ വിജയിച്ചവരുമായിരുന്നില്ല. എത്രയോ തിരസ്‌ക്കരണങ്ങൾ  അവർ ജീവിതത്തിൽ നേരിട്ടിട്ടുണ്ട്. എത്രയോ പരാജയങ്ങളുടെ കയ്പ് നീര് അവർ രുചിച്ചിട്ടുണ്ട്. അല്ലെങ്കിൽ നോക്കൂ ഒരു കുട്ടി എത്രയോ തവണ എഴുതി പഠിച്ചിട്ടാണ് അക്ഷരങ്ങൾ വൃത്തിയായും കൃത്യമായും എഴുതുന്നത്. എത്രയോ തവണ വീണിട്ടാണ് നമ്മൾ എണീറ്റുനടന്നിട്ടുള്ളത്. എത്രയോ  പിഴവുകൾക്കൊടുവിലാണ് നമുക്ക് ഡ്രൈവിംങ് ലൈസൻസ് കിട്ടിയിരിക്കുന്നത്.  ഇപ്പോഴത്തെ ട്രെൻഡായ ഐഇഎൽറ്റിഎസ്, ഒഇറ്റി, തുടങ്ങിയ പരീക്ഷകൾ നോക്കൂ. ഭൂരിപക്ഷവും ഒന്നിലേറെ തവണ എഴുതിയതിന് ശേഷമാണ് അത് പാസാകുന്നത്. പരിശീലനത്തിലും അഭ്യസനത്തിലുമൊക്കെ പിഴവുകൾ സംഭവിച്ചിട്ടും അവർ പിന്തിരിയുന്നില്ല. രണ്ടോ മൂന്നോ തവണയ്ക്ക് ശേഷം വിജയിക്കുമെന്ന് അവർക്ക് ഉറപ്പുണ്ട്. അല്ലെങ്കിൽ വിജയിക്കാൻ വേണ്ടിയുള്ള പരിശ്രമമുണ്ട്.

നമുക്കൊക്കെ ഏറെ സുപരിചിതമായ മലയാളസിനിമാരംഗം തന്നെ നോക്കൂ. ആദ്യ സിനിമയ്ക്ക് സംഭവിക്കുന്ന പരാജയവും പ്രതികൂലാവസ്ഥയും ആ വ്യക്തിക്ക് രാശിയില്ലാത്തതിന്റെ തെളിവായിട്ടാണ് ഒരുപാട് അന്ധവിശ്വാസമുള്ള സിനിമ പോലെയുള്ള ഒരു ലോകം വിലയിരുത്തുന്നത്. പ്രതിഭാധനനായ മോഹൻലാൽ എന്ന നടന്റെ ആദ്യസിനിമ വിജയിച്ചതോ തീയറ്ററിലെത്തിയതോ ആയിരുന്നി ല്ല. തിരനോട്ടം എന്നായിരുന്നു അതിന്റെ പേര്.  ബോളിവുഡിൽ വരെ ഇന്നെത്തിനില്ക്കുന്ന വിദ്യാബാ ലൻ മലയാളത്തിൽ ഒരു ചിത്രത്തിൽ അഭിനയിച്ചിട്ട് എങ്ങും തൊടാതെ പോയ നടിയാണ്. ചിത്രം പൂർത്തിയാകുക പോലും ചെയ്യാത്ത സ്ഥിതിക്ക് വിദ്യ രാശിയില്ലാത്ത നടിയായി സിനിമാലോകം മുദ്രകുത്തി. പക്ഷേ മലയാളത്തിൽ നിന്ന് വിദ്യ നേരെ വണ്ടികയറിയത് മുംബൈയിലേക്കാണ്. ഇന്ന് വിദ്യ എത്തിനില്ക്കുന്ന ഉയരങ്ങൾ ഒരു മലയാളിയെ സംബന്ധിച്ചിടത്തോളം അത്ഭുതകരമാണ്.

ആദ്യത്തെ അഭിനയം, ആദ്യത്തെ എഴുത്ത്, ആദ്യത്തെ സംവിധാനം ഇതൊന്നും ഒരാളുടെ പ്രതിഭയുടെ പൂർത്തീകരണമായി കരുതരുത്. സിബി മലയിൽ എന്ന സംവിധായകന്റെ ആദ്യ സിനിമ ‘മുത്താരംകുന്ന പി ഒ’ എന്ന  ആവറേജ് സിനിമയായിരുന്നു. പക്ഷേ ഇന്ന് സിബിയെ ആരും അതിന്റെ പേരിൽ അടയാളപ്പെടുത്തുന്നില്ല. കിരീടവും സദയവുമൊക്കെയാണ് സിബി മലയിൽ എന്ന സംവിധായകനെ അവിസ്മരണീയനാക്കുന്നത്. ആദ്യചിത്രത്തിൽ കഥാപാത്രം ആവശ്യപ്പെടുന്നതിനെക്കാൾ കൂടുതൽ വികാരം അഭിനയിച്ചു എന്നതിന്റെ പേരിൽ സംവിധായകനിൽ നിന്ന് ശകാരം ലഭിച്ച നടനായിരുന്നു മമ്മൂട്ടി. ചിത്രം  അനുഭവങ്ങൾപാളിച്ചകൾ. സംവിധായകൻ  കെ.എസ് സേതുമാധവൻ. നായകന്റെ കടയ്ക്ക് തീപിടിച്ചുവെന്നോ മറ്റോ ഉള്ള അത്യാഹിതം കേട്ട് ഓടിവരുന്ന നാട്ടുകാരുടെയിടയിലായിരുന്നു അന്ന്  മമ്മൂട്ടിയുടെ സ്ഥാനം. പിന്നീടുള്ള  ആദ്യകാല സിനിമകളിലൊന്നും അഭിനയപ്രതിഭ കൊണ്ട് അദ്ദേഹം  വിസ്മയിപ്പിച്ചിട്ടില്ല. 

കത്തി രാകി മൂർച്ച കൂട്ടുന്നതുപോലെ എത്രയോ വർഷത്തെ അഭിനയ സപര്യ കൊണ്ടാണ് ഇന്ന് മികച്ച നടനായും താരമായും ഒക്കെ മമ്മൂട്ടി നിലകൊള്ളുന്നത്. തുടക്കത്തിൽ പേരു ശരിയല്ലെന്നും ശബ്ദം നന്നല്ലെന്നും പറഞ്ഞ് പേരും ശബ്ദവും മാറ്റിക്കൊടുക്കേണ്ട ചരിത്രം പോലും മമ്മൂട്ടിക്കുണ്ടായിരുന്നുവെന്ന് ഓർക്കുന്നതും നന്ന്. ആദ്യകാലത്തെഴുതിയ കഥകൾ പലതും മടക്കത്തപാലിൽ തിരികെ വരാറുണ്ടായിരുന്നതായി മലയാളത്തിന്റെ സാക്ഷാൽ എം.ടിയും പറഞ്ഞിട്ടുണ്ട്. 

പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല, തുടക്കം ശരിയാകാത്തതിന്റെ പേരിലോ ഒരിക്കൽ പരാജയപ്പെട്ടതിന്റെ പേരിലോ ഇനിയും അവസരങ്ങളുണ്ടാവില്ല എന്ന് കരുതരുത്. വീണ്ടും പരിശ്രമിക്കാതിരിക്കരുത്. ജയിക്കാനുള്ള സാധ്യതകൾ അന്വേഷിക്കാതിരിക്കുകയുമരുത്.

തുടക്കം നന്നാക്കാൻ പറ്റുമെങ്കിൽ നന്നാക്കിക്കോളൂ. പക്ഷേ തുടക്കം വേണ്ടത്ര ശോഭിച്ചില്ലേ… ഒരു പാളിച്ച ജീവിതത്തിൽ സംഭവിച്ചോ… സാരമില്ല. കരിയറിലോ പഠനത്തിലോ ബന്ധങ്ങളിലോ  ഒക്കെ  ചിലപ്പോൾ നമുക്കാകാവുന്നതിന്റെയോ നമുക്കുള്ളതിന്റെയോ പൂർണ്ണമായ തോതിൽ വിനിയോഗിക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല. അതും സാരമില്ല. നിരാശപ്പെടാതിരുന്നാൽ മതി. മനസ്സിനെ നിഷ്‌ക്രിയമാക്കാതിരുന്നാൽ മതി. സംഭവിച്ച പിഴവുകൾ തിരുത്തി  മുന്നോട്ടുപോകാൻ സന്നദ്ധത ഉണ്ടായാൽ മതി. തുടക്കമാണ് നിങ്ങളുടെ കഴിവുകളും ഭാഗ്യവും നിശ്ചയിക്കുന്നതെന്ന വിശ്വാസം തലയിൽ ഭാരമായി കൊണ്ടുനടന്നിരുന്നുവെങ്കിൽ അബ്രാഹം ലിങ്കണോ തോമസ് ആൽവ എഡിസണോ പോലെയുള്ളവരുടെ നേട്ടങ്ങൾ ഇന്ന്ചരിത്രം രേഖപ്പെടുത്തുമായിരുന്നില്ല.
 തുടക്കം എങ്ങനെയുമായിരുന്നുകൊള്ളട്ടെ, ഒടുക്കം മികച്ചതായാൽ മതി.

More like this
Related

തോൽക്കാൻ തയ്യാറാവുക

എന്തൊരു വർത്തമാനമാണ് ഇത്? ജയിക്കാൻ ശ്രമിക്കുക എന്ന് എല്ലാവരും പറയുമ്പോൾ തോൽക്കാൻ...

അവസരങ്ങളെ തേടിപ്പിടിക്കുക

കേട്ടുപരിചയിച്ച ഒരു കഥ ഓർമ വരുന്നു. ഒരിക്കൽ ഒരു ഗുരുവും ശിഷ്യനും...

വിജയമാണ് ലക്ഷ്യമെങ്കിൽ…

വിജയം ഒരു യാത്രയാണ്. അതൊരിക്കലും  അവസാനമല്ല.  തുടർന്നുകൊണ്ടിരിക്കുന്ന പ്രക്രിയയാണ്. വിജയിക്കാൻ വേണ്ടിയുള്ള...

‘പരാജയപ്പെട്ടവൻ’

'പരാജയപ്പെട്ടവനാണ് ഞാൻ.പരാജയത്തിൽ നിന്ന് തുടങ്ങിയതാണ് ഞാൻ.'  ഫഹദ് ഫാസിൽ എന്ന പുതിയകാലത്തെ...
error: Content is protected !!