സ്പർശം ശരിയും തെറ്റുമാകുന്നത് അതിന് വിധേയമാകുന്ന ആളുടെ മനോഭാവം അടിസ്ഥാനമാക്കിയാണ്. കാമമില്ലാത്ത തലോടലും സമ്മതമില്ലാതെയുളള സ്പർശവും തെറ്റായി മാറുന്നത് അവിടെയാണ്. തലോടിയ കൈകളെയോ തലോടൽ അനുഭവിക്കേണ്ടിവന്ന വ്യക്തിയെയോ എന്തിന് കുറ്റപ്പെടുത്തണം?
ആ സ്പർശം/തലോടൽ എനിക്ക് എന്തായി അനുഭവപ്പെടുന്നു എന്നതാണ് പ്രസക്തം. എന്റെ ചിന്തയും എന്റെ കാഴ്ചപ്പാടും എനിക്ക് മുമ്പിൽ സംഭവിക്കുന്ന എന്തിനെയും എന്റേതായ രീതിയിൽ വിലയിരുത്താൻ എന്നെ നിർബന്ധിതനാക്കുന്നു. എന്റെ വിലയിരുത്തൽ മറ്റെയാളെ എങ്ങനെയാണ് ദോഷകരമായി ബാധിക്കുന്നതെന്ന് ചിന്തിക്കാൻ എനിക്ക് കഴിയാതെയും വരുന്നു. അവിടെ നിരപരാധി അപരാധിയാകുന്നു. അപരാധി നീതികരിക്കപ്പെടുന്നു. കാരണം എന്റെ മനസ്സാണ് കുറ്റപത്രം തയ്യാറാക്കിയത്. എന്റെ മനസ്സാണ് വിചാരണ നടത്തിയത്. എന്റെ കോടതിയാണ്കുറ്റം തെളിയിച്ചത്. അങ്ങനെയാണ് നിരപരാധി അപരാധിയായി പരസ്യവിചാരണ ഏറ്റുവാങ്ങേണ്ടിവരുന്നത്.
ടൂവീലർ ലിഫ്റ്റ് കിട്ടുമ്പോൾ അവരത്രമേൽ പ്രിയപ്പെട്ടവരോ അടുപ്പമുള്ളവരോ അല്ലെങ്കിൽ സ്വവർഗ്ഗത്തിൽ പെട്ടവരാണെങ്കിൽ കൂടി പിന്നിലിരുന്ന് യാത്ര ചെയ്യുമ്പോൾ അസ്വാതന്ത്ര്യം അനുഭവിക്കുന്നുവെന്ന് ഒരാൾ പറഞ്ഞത് ഓർക്കുന്നു. ശരിയാണ്, മറ്റൊരാളെ സ്പർശിക്കുന്നതും ആലിംഗനം ചെയ്യു
ന്നതും ചില നേരങ്ങളിൽ നമുക്ക് അസ്വസ്ഥതയാകും. പരിചയമുളള വ്യക്തികളാണെങ്കിലും അതീവസ്വാതന്ത്ര്യത്തോടെ ദേഹത്ത് തൊടുമ്പോൾ ആ സ്പർശനത്തെ സ്വീകരിക്കാൻ മാത്രം നമ്മുടെ ഉള്ള് രൂപപ്പെട്ടിട്ടില്ലെങ്കിൽ പ്രത്യേകിച്ചും.
സെലിബ്രിറ്റികളോടുള്ള ആരാധന മൂത്ത് ചിലരൊക്കെ അവരെ ആശ്ലേഷിക്കാൻ മുതിരുമ്പോൾ അവർ ഒഴിഞ്ഞുമാറുന്നതിനെ അഹങ്കാരമായി എന്തിനാണ് വിലയിരുത്തുന്നതെന്ന് ഇനിയും മനസ്സിലായിട്ടില്ല. അതിന് മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത, പരിചയപ്പെട്ടിട്ടില്ലാത്ത ഒരാളുടെ സ്പർശം അവരെന്തിന് സഹിക്കണം? സെലിബ്രിറ്റിയായതുകൊണ്ട് എല്ലാം വഹിച്ചുകൊള്ളണമെന്നില്ലല്ലോ?
സ്പർശനങ്ങളെ നമുക്കെന്നും രതിയുമായി ബന്ധപ്പെടുത്തിക്കാണാനാണ് താല്പര്യമെന്നതാണ് മറ്റൊരു നിരീക്ഷണം. അമ്മ മകനെയോ അച്ഛൻ മകളെയോ കെട്ടിപിടിക്കുന്നതോ ഉമ്മ വയ്ക്കുന്നതോ അത്ര സുതാര്യമായിട്ടല്ല പൊതുസമൂഹം കാണുന്നതെന്ന് സോഷ്യൽ മീഡിയായിലെ ചില സെലിബ്രിറ്റി ചിത്രങ്ങൾക്ക് ചുവടെ വരുന്ന കമന്റുകൾ വായിച്ചുനോക്കുമ്പോൾ മനസ്സിലാകും. ഇങ്ങനെ സ്പർശിക്കാമോ ഇങ്ങനെ ചുംബിക്കാമോ എന്നൊക്കെയാണ് നമ്മളിൽ ചിലരുടെ ആകുലതകൾ. കാരണം നമ്മൾ ഇങ്ങനെയാണ് കാര്യങ്ങൾ കാണുന്നത്. ഇതിനപ്പുറമുള്ള യാതൊന്നും ഉൾക്കൊള്ളാൻ മാത്രം നമ്മുടെ ഹൃദയങ്ങൾക്ക് വിശാലത കൈവന്നിട്ടില്ല. അവിടെയും നമ്മുടെ വിചാരങ്ങളാണ് തെറ്റുകാർ.
നീയെന്നെയൊന്ന് ആലിംഗനം ചെയ്തിരുന്നുവെങ്കിലെന്നും നീയെന്റെ മൂർദ്ധാവിൽ ചുംബിച്ചിരുന്നുവെങ്കിലെന്നും കണ്ടുമുട്ടിയ ഈ അവസരങ്ങളിലെല്ലാം എത്രയോ വട്ടം ഞാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തവിധം വൈകാരികതയ്ക്ക് നീ പുറംതിരിഞ്ഞുനില്ക്കുകയായിരുന്നുവല്ലോ. നീയെന്നെ പഴയതുപോലെ കെട്ടിപിടിക്കുകയും തോളത്ത് കൈകൾ വച്ച് ചേർത്തിരുത്തുകയും ചെയ്തിരുന്നുവെങ്കിൽ എന്റെ മനസ്സ് അപ്പോൾ കടന്നുപോയിരുന്ന കടുത്തകാലത്തിന് എന്തൊരാശ്വാസമാകുമായിരുന്നുവെന്നോ.. പക്ഷേ നീ..
ഇല്ല ഞാനും ഒന്നുംപറഞ്ഞില്ല. നിന്നെ സ്പർശിക്കാൻ എനിക്കും പേടിയായിരുന്നു. ഏതു രീതിയിലാണ് എന്റെ സ്പർശനത്തെ നീ വിലയിരുത്തുകയെന്നോർത്ത്… നമ്മളിപ്പോൾ പഴയ നമ്മളല്ലല്ലോ… എല്ലാ സ്പർശനവും ആലിംഗനവും വരികൾക്കിടയിലൂടെയുളള വായനയുടെ തുറന്ന സാധ്യതകളാണ് നല്കുന്നത്.
ഇന്ന് നമുക്കിടയിലുള്ള ദൂരം എത്രയോ ഏറിയിരിക്കുന്നു. നമുക്കിടയിലുളള സ്പർശനത്തിന്റെ പാലം തകർന്നുവീണിരിക്കുന്നു. ഇനി എനിക്കെന്നെങ്കിലും നിന്നെ ആലിംഗനം ചെയ്യാൻ കഴിയുമോ? നീയെന്നെ എന്നെങ്കിലും ആശ്ലേഷിക്കുമോ?
പോരുമ്പോൾ ഒരുമ്മതന്നിരുന്നുവെങ്കിൽ
ചുട്ടുനീറുമ്പോൾ മനസ്സിത്തിരി തണുത്തേനേ
(വൈലോപ്പിള്ളി)