എന്തിനാണ് ഇത്രയധികം ശബ്ദം?

Date:

spot_img

മക്കളോട് ശബ്ദമുയർത്തിയും ദേഷ്യപ്പെട്ടും സംസാരിക്കുന്നവരാണ് പല മാതാപിതാക്കളും. മക്കളെ അച്ചടക്കം പഠിപ്പിക്കുന്നതിന്റെയും  തങ്ങളുടെ വരുതിയിൽ  നിർത്തുന്നതിന്റെയും ഭാഗമായിട്ടാണ്  ശബ്ദമുയർത്തി ശാസിക്കുന്നതും ദേഷ്യപ്പെടുന്നതും. പക്ഷേ ഒരു കാര്യം ആദ്യമേ മനസ്സിലാക്കുക. കുട്ടികളെ ദേഷ്യം കൊണ്ട് നന്നാക്കാൻ കഴിയില്ല.

 പൊതുവെ കണ്ടുവരുന്ന രീതിയുണ്ട്. മക്കളോട് സ്വരമുയർത്തി സംസാരിക്കുന്ന മാതാപിതാക്കൾ മക്കളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും മുമ്പുണ്ടായിരുന്നതിലേറെ ശബ്ദമുയർത്തി സംസാരിക്കേണ്ടതായി വരുന്നു. ‘നിന്റെ ചെവി കേട്ടൂടേ’ എന്ന്   ഒരിക്കലെങ്കിലും മക്കളോട് ചോദിക്കേണ്ടി വന്നിട്ടില്ലാത്ത മാതാപിതാക്കളും കുറവായിരിക്കും.

ഇതെന്തുകൊണ്ടാണ്  സംഭവിക്കുന്നതെന്ന് ചോദിച്ചാൽ ചെറുപ്പം മുതല്ക്കേ  ഉച്ചത്തിൽ സംസാരിച്ചു ശീലിച്ചുവരുന്ന മക്കൾക്ക് അവരുടെ പ്രായം കൂടുന്നത് അനുസരിച്ച് കൂടുതൽ ശബ്ദത്തിൽ കേട്ടാൽ മാത്രമേ അതിനോട് പ്രതികരിക്കാൻ കഴിയൂ എന്നതാണ്.

ഇനി ദേഷ്യപ്പെട്ട് കയർത്തുസംസാരിക്കുമ്പോൾ സംഭവിക്കാവുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാം.
ഉച്ചത്തിൽ ദേഷ്യപ്പെട്ട് സംസാരിക്കുമ്പോൾ പലപ്പോഴും ആശയങ്ങൾ വ്യക്തമാകാറില്ല. വാക്കുകൾ അനിയന്ത്രിതമാകും. എന്താണ് പറയുന്നതെന്ന് അവർക്കുപോലും മനസ്സിലാവണമെന്നില്ല. വാക്കുകൾ ക്രമംതെറ്റിപ്പോകും.

 ദേഷ്യപ്പെടരുത്, പതുക്കെ പറയ് എന്നൊക്കെ  മക്കളോട് ദേഷ്യത്തോടെ സംസാരിക്കുന്ന മാതാപിതാക്കൾക്ക് മക്കളിൽ നിന്ന് ശാന്തതയോടെയുള്ള പ്രതികരണം പ്രതീക്ഷിക്കാൻ അവകാശമില്ല. കുട്ടി
കളുടെ ദേഷ്യത്തിന് പിന്നിലുള്ളത് അവർ കണ്ടുവളരുന്ന മാതൃകതന്നെയാണ്. ദേഷ്യത്തോടെ, അലറിപ്പറയുന്ന മാതാപിതാക്കളെ കണ്ടുവളരുന്ന അവർക്കെങ്ങനെയാണ് സൗമ്യതയോടും ശാന്തതയോടും കൂടി സംസാരിക്കാൻ കഴിയുന്നത്?

തുടക്കത്തിൽ പറഞ്ഞത് ആവർത്തിക്കട്ടെ ദേഷ്യപ്പെട്ടും ഒച്ചവച്ചും മക്കളെ നന്നാക്കാമെന്ന് വിചാരിക്കരുത്. മാത്രവുമല്ല ഭാവിയിൽ മക്കളുടെ മാനസികാരോഗ്യം അപടകത്തിലാകാനുള്ള സാഹചര്യം ഇതുവഴി സൃഷ്ടിക്കപ്പെടുകയും ചെയ്യും. തുടർച്ചയായി ഇത്തരമൊരു അന്തരീക്ഷത്തിൽ വളർന്നുവരുന്ന കുട്ടികളിൽ  പെരുമാറ്റ വൈകല്യം, ഉത്കണഠ, സ്ട്രസ്, വൈകാരിക പ്രശ്നങ്ങൾ, പിന്തിരിയൽ പ്രവണത, വിഷാദം, പഠനത്തിലുള്ള അലസത തുടങ്ങിയവയെല്ലാം സംഭവിച്ചേക്കാം. ആത്മവിശ്വാസം നഷ്ടമായി മെച്ചപ്പെട്ട സാമൂഹികജീവിതം നയിക്കുന്നതിന്   അവർക്ക് കഴിയാതെയും വരും.

കൊച്ചുകുട്ടികൾക്ക് പോലും മാതാപിതാക്കളുടെ സംസാരത്തിലുള്ള ദേഷ്യടോൺ മനസ്സിലാക്കാൻ കഴിയുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. തങ്ങളുടെ സ്ട്രസാണ് മാതാപിതാക്കൾ ദേഷ്യപ്പെടുമ്പോൾ മക്കളിലേക്ക് കൈമാറ്റം ചെയ്യുന്നത്. ഇത് മക്കളുടെ തലച്ചോറിനെ പ്രതികൂലമായി ബാധിക്കുന്നതായും പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

ദേഷ്യത്തോടെ മാതാപിതാക്കൾ സംസാരിക്കുമ്പോൾ ഉപയോഗിക്കുന്ന വാക്കുകളും  ദേഷ്യത്തോടെയുള്ള ശിക്ഷാവിധികളും അവരെ നയിക്കുന്നത് വീട് ഒരു സുരക്ഷിതസഥാനം അല്ല എന്ന ചിന്തയിലേക്കാണ്. സമാധാനപൂർവ്വം തങ്ങൾക്ക് ഇവിടെ ജീവിക്കാനാവില്ലെന്നും സുരക്ഷിതരല്ലെന്നും  അവർ ധരിച്ചുവയ്ക്കുന്നു. 
പലപ്പോഴായി ജീവിതത്തിൽ അകാരണമായി കേൾക്കേണ്ടിവരുന്ന കഠിനവാക്കുകളോടും പരുഷരീതികളോടും ഒരു സമയമെത്തുമ്പോൾ അവർ മാതാപിതാക്കളോട് അതേ രീതിയിൽ തന്നെ തിരിച്ചുപ്രതികരിക്കുകയും ചെയ്യാറുണ്ട്.
മാതാപിതാക്കളുടെ ദേഷ്യത്തിനും അകാരണമായ കുറ്റപ്പെടുത്തലിനും ശിക്ഷകൾക്കും ഇരകളാകേണ്ടവരല്ല കുട്ടികൾ. അവർ നമുക്ക് കിട്ടിയ നിധികളാണ്. മാതാപിതാക്കൾക്ക് ലഭിച്ചിരിക്കുന്ന ഏറ്റവും വലിയസമ്പത്തും. ഈ നിധികളെ സൂക്ഷിക്കുകയെന്നതും സമ്പത്ത് വേണ്ടരീതിയിൽ വിനിയോഗിക്കുക എന്നതുമാണ് മാതാപിതാക്കളുടെ കടമയും ഉത്തരവാദിത്തവും.

അതുകൊണ്ട് സ്വയം ദേഷ്യം നിയന്ത്രിച്ച് മക്കളോട് കഴിയുന്നതുപോലെ സൗമ്യമായി സംസാരിക്കുക. ശരിയാണ് ഇന്നത്തെ കാലത്തെ കുട്ടികളുടെ ചില രീതികൾ കാണുമ്പോൾ പൊട്ടിത്തെറിച്ചുപോകാനുളള സകലസാധ്യതകളും ഉണ്ട്. പക്ഷേ അവരെ തല്ലി നേരെയാക്കാനോ ശാസിച്ചു നിശ്ശബ്ദരാക്കാനോ ശ്രമിക്കുന്നത് ആരോഗ്യകരമായ പേരന്റിംങ് സമീപനമല്ല.

മക്കളോട് ദേഷ്യപ്പെടുന്ന മാതാപിതാക്കൾ മനസ്സിലാക്കേണ്ട മറ്റൊരു കാര്യംകൂടിയുണ്ട്. തങ്ങൾക്ക് മാത്രമല്ല മക്കൾക്കും ദേഷ്യമുണ്ട്. അവരുടെ ദേഷ്യത്തെ ദേഷ്യം കൊണ്ട് അടിച്ചമർത്താൻ നോക്കരുത്.

More like this
Related

ടോക്‌സിക് മാതാപിതാക്കളാണോ?

'എത്ര തവണ അതു ചെയ്യരുതെന്ന് നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട്...''ഈ പ്രശ്നത്തിനെല്ലാം കാരണക്കാരൻ...

ടോക്‌സിക് മാതാപിതാക്കളിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം? 

ടോക്സിക് മാതാപിതാക്കളെക്കുറിച്ച് ആദ്യം മനസ്സിലാക്കേണ്ട കാര്യം അവരെ ഒരിക്കലും നമുക്ക് മാറ്റിയെടുക്കാൻ...

മാതാപിതാക്കൾ സന്തോഷമുള്ളവരായാൽ…

മാതാപിതാക്കൾ അറിഞ്ഞോ അറിയാതെയോ മക്കളിലേക്ക് നിക്ഷേപിക്കുന്ന ചില സമ്പത്തുണ്ട്. പെരുമാറ്റം കൊണ്ട്,...

കുട്ടികളെ പോസിറ്റീവാക്കാം

കുട്ടികൾ മിടുക്കരാകണമെന്ന് ആഗ്രഹിക്കാത്ത മാതാപിതാക്കൾ ആരും തന്നെയുണ്ടാവില്ല. പരീക്ഷയിലെ വിജയത്തിന്റെ അടിസ്ഥാനത്തിലോ...
error: Content is protected !!