പച്ചമരത്തണലുകൾ

Date:

spot_img

ജീവന്റെ നിറമാണ് പച്ച ജീവന്റെ നിറവാണ് പച്ച ജീവന്റെ ഗന്ധവും പച്ചതന്നെ. പച്ച ഒന്നിനെയും തകർക്കുന്നില്ല ഒന്നിനെയും തളർത്തുന്നുമില്ല. മറിച്ച് പച്ച സ്വയം തളിർത്തുകൊണ്ടേയിരിക്കുന്നു. മണ്ണിൽ വിരിഞ്ഞ് ഭൂമിയോളം വളർന്ന് അവൾ ഭൂമിയെ ഹരിതയാക്കുന്നു. കൺതുറന്നു കാണുക അകം തുറന്ന് ശ്രവിക്കുക. ഇനി നിന്റെ സിരകളിലും വളരട്ടെ ഒരിത്തിരി പച്ച. ആരൊക്കെയോകൊണ്ടവെയിലാണ്  നമ്മിൽ പലരും പലപ്പോഴും ഇന്ന് തണലായി അനുഭവിക്കുന്നത്. ”പച്ചയായ മനുഷ്യൻ” എന്നൊക്കെ നാം പലപ്പോഴും പലരെ കുറിച്ചും പറയാറില്ലേ? എന്തുകൊണ്ടാണ് അങ്ങനെ എന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇത്രയേറെ സുതാര്യത നിറഞ്ഞ ഒരു ജീവിതം അവർ നമുക്ക് മുമ്പിൽ തുറന്നുവയ്ക്കുന്നത് കൊണ്ടാവാം  നമ്മൾ അവരെ പച്ചയായ മനുഷ്യർ എന്ന് വിളിക്കുന്നത്. അവരുടെ ജീവിതങ്ങളെ ഒറ്റ സ്‌കാനിൽ അകവും പുറവും  പ്രകടമാകും.  ‘To Live means to be Alive’. പച്ചയാക്കുക എന്നാൽ ജീവിക്കുക എന്നാണ്, അതോടൊപ്പം മറ്റുള്ളവരെ ജീവിക്കാൻ സഹായിക്കുക എന്നതും. 

നമ്മുടെയൊക്കെ ജീവിതത്തിൽ അറുത്തു മാറ്റിയാലും കടപുഴകിയാലും, കരിഞ്ഞുണങ്ങിയാലും  വീണ്ടും തളിർക്കുന്ന ചില ബന്ധങ്ങൾ ഇല്ലേ..? സൗഹൃദത്തിന്റെ,  സ്‌നേഹത്തിന്റെ കരുതലിന്റെ, നമ്മുടെ തളർച്ചകളിൽ നമ്മെ വളർത്തുന്ന ചില ബന്ധങ്ങൾ. ഇല്ലെങ്കിൽ ഉണ്ടാവണം. ഉണ്ടാവുന്നില്ലെങ്കിൽ ഓർക്കുക നമ്മുടെ ചുവടുണങ്ങി തുടങ്ങിയിരിക്കുന്നു. ഫലം നൽകാത്ത വൃക്ഷം തണലേകുമായിരിക്കാം. പക്ഷേ ലോകത്തിന്റെ കണ്ണിൽ അത് ഭൂമിക്ക് ഭാരമാണ്. ഒരുനാളത് വെട്ടി തീയിൽ എറിയപ്പെടും. കുടുംബത്തിലും സമൂഹത്തിലും പങ്കുവയ്ക്കലിന്റെ, വിട്ടുവീഴ്ചയുടെയുടെ, വീണ്ടുവിചാരത്തിന്റെ, സ്വയം എളിമപ്പെടലിന്റെ നല്ല ഫലങ്ങൾ കായ്ക്കുന്നില്ലെങ്കിൽ  ഓർക്കുക; ശിഖരങ്ങൾ അറുത്ത് ചുവടുകിളച്ച് വളം ഇടാൻ സമയമായി.

ജീവിതത്തിലെ അക്കരപ്പച്ചകൾക്കെല്ലാം  എല്ലാക്കാലവും നമ്മെ തൃപ്തിപ്പെടുത്താനാവില്ല, എന്നാൽ പ്രിയപ്പെട്ടവർക്ക് ഒരിക്കൽ എങ്കിലും  മരുപ്പച്ച ആകാൻ കഴിഞ്ഞാൽ നമ്മുടെ ജീവിതങ്ങൾ ധന്യമായി. ഋതുക്കളെല്ലാം മാറിമാറി വന്നേക്കാം  ഇലകൾ കൊഴിഞ്ഞു നിൽക്കുമ്പോഴും ഉള്ളിലെ  പച്ച ഉണങ്ങാതെ നോക്കാം. ‘ഓട്ടോഗ്രാഫ്’എന്ന കവിതാസമാഹാരത്തിൽ കവി പറഞ്ഞുവെക്കുന്നത് പോലെ ഇലകൾ തമ്മിൽ കൂട്ടിമുട്ടുമെന്ന് കരുതി നാം  മാറ്റിനട്ട വൃക്ഷങ്ങളുടെ വേരുകൾ മണ്ണിനടിയിൽ ഇതാ പരസ്പരം വാരിപ്പുണരുന്നു. നമുക്കും പരസ്പരം ഇഴുകിച്ചേരാം.
നാട്ടുവഴി പാതയുടെ തീരങ്ങളിൽ പൂക്കാതെ, കായ്ക്കാതെ, ഭൂമിക്കു ഭാരമെന്നവണ്ണം വിധിയെഴുതപ്പെട്ട് ഉയർന്നു നിൽക്കുന്ന പാഴ് മരങ്ങൾ തീർക്കുന്ന പച്ചമരത്തണലുകളിൽ നമ്മൾ പലപ്പോഴും ഇരുന്നിട്ടില്ലേ? വരൂ നമുക്കാ പച്ചമരത്തണലുകളിൽ കുറച്ചു നേരം ഇരിക്കാം. പറയാൻ മറന്നതും, പറയാനിരുന്നതും, പറയാൻ ബാക്കിവെച്ചതും നമുക്ക് പറഞ്ഞു തീർക്കാം. നമ്മുടെ ആ കുമ്പസാരത്തിന് ഒരു പച്ച മരം സാക്ഷിയും. ഒരുപക്ഷേ ചിലപ്പോഴൊക്കെ നമ്മളും ഇതുപോലെ വിധിക്കപ്പെടും. ചുവടുണങ്ങി തുടങ്ങിയെന്ന് കരുതി പലപ്പോഴും വേണ്ടപ്പെട്ടവർ പടി ഇറങ്ങിപ്പോകും. നാം ഒറ്റയ്ക്കാവും നമുക്കായി ഒന്നുകൂടി കാത്തിരിക്കാൻ ഒരുപക്ഷേ ആരും ഉണ്ടാവില്ല. ഒരു പ്രോത്സാഹനമോ കരുതലോ  നമ്മെ തേടിയെത്തിയിരുന്നെങ്കിൽ പലപ്പോഴും നമ്മൾ ജീവിതത്തിലാദ്യമായി ചിലപ്പോൾ തളിരിട്ട്, ഇലകളായി, പൂവിട്ട്, കായ്‌ച്ചേനെ. പക്ഷേ, വേനലിന്റെ ചൂടിനേക്കാളും യാത്രപറച്ചിലുകളും കുറ്റപ്പെടുത്തലുകളും നമ്മൾ തീർത്ത വേദനകളാണ് ഇന്നോളം ഏറെയും ബാക്കിയാവുന്നത്.

ഉള്ള് ഉണങ്ങിത്തുടങ്ങിയെന്ന് തിരിച്ചറിഞ്ഞാൽ സ്വന്തമെങ്കിലും അപരെന്റേതെങ്കിലും പിന്നെ മടിച്ചു നിൽക്കരുത്, കരുതലിന്റെയും ചേർത്തുനിർത്തലിന്റെയും  നീരുറവകൾ തീർക്കുക. നമുക്കും  നിത്യഹരിത വനങ്ങളിലെ  ആറ്റിൻതീരത്ത് നട്ട വൃക്ഷങ്ങളിൽ ഒന്നാകാം. നഷ്ടമാക്കി കളഞ്ഞ നമ്മുടെ നല്ല ദിനങ്ങളെ നമുക്ക് ഓർക്കാം. സമയം ഇനിയും ഏറെ വൈകിയിട്ടില്ല. തണലേകുവാൻ കഴിയില്ലെങ്കിലും  നമുക്ക് പുതിയ വിത്തുകൾ പാകാം. സൗഹൃദത്തിന്റെ പ്രണയത്തിന്റെ നല്ല വിത്തുകൾ. അവ വളരട്ടെ, ഒരു പച്ചമരഛായയിൽ നമുക്ക് വീണ്ടും കണ്ടുമുട്ടാം. നാളിതുവരെ നാം കടന്നു പോയ പച്ചമരത്തണലുകളെ സ്‌നേഹപൂർവ്വം നമുക്ക് ഓർക്കാം. ”എന്തെന്നാൽ മനുഷ്യജീവിതം വയലിലെ പുൽക്കൊടിക്ക് തുല്യമാകുന്നു പുതുമഴ പെയ്യുമ്പോൾ അതു മുളച്ചു പൊങ്ങുകയും ചുടു കാറ്റടിക്കുമ്പോൾ അത് വാടിക്കരികയും ചെയ്യുന്നു” എല്ലാവരോടും നന്ദിയും കടപ്പാടുകളും മാത്രം.

കാലം നമ്മളെ പുതിയ ഇടങ്ങളിലേക്ക് പറിച്ചു മാറ്റിയാലും നമുക്കും വളരാം, നമുക്കും മറ്റുള്ളവരെ വളർത്താം. ആഴത്തിൽ വേരിറക്കാൻ കഴിയാതെ ചട്ടികൾക്കുള്ളിൽ വീർപ്പുമുട്ടുന്ന ബോൺസായി മരങ്ങളെ പോലെയല്ല  വേരുകൾ കൊണ്ട് ഭൂമിയുടെ അതിർത്തികളും ഉയരം കൊണ്ട്  ആകാശവും കീഴടക്കുന്ന സെക്വയ  മരങ്ങളെ പോലെ.  

കവി പറഞ്ഞു വെക്കുന്നതുപോലെ…
”ഇലപൊഴിയും കാലങ്ങൾക്കപ്പുറം
തളിരണിയും കാലമുണ്ടതോർക്കണം
കവിളിലൂടൊഴുകുന്ന കണ്ണീരിനപ്പുറം
പുഞ്ചിരിയുണ്ടെന്നതും ഓർക്കണം.”
Let us Bloom where we are planted We will have our day.

ജിതിൻ  ജോസഫ്

More like this
Related

ഒറ്റയ്ക്കും മുന്നോട്ടു പോകാം…

തനിച്ചു നിന്നിട്ടുണ്ടോ എപ്പോഴെങ്കിലും? തനിച്ചായി പോയിട്ടുണ്ടോ എപ്പോഴെങ്കിലും?  ഒരു ഗ്രൂപ്പ് ഫോട്ടോയ്ക്ക്...

സദാക്കോ സസാക്കിയും  ഒരിഗമിക് കൊക്കുകളും

1945 ഓഗസ്റ്റ് 6. ലിറ്റിൽ ബോയ് എന്ന് പേരിട്ട അണുബോംബ് ജപ്പാനിലെ...

പ്രായം നോക്കണ്ട, ഏതു പ്രായത്തിലും വളരാം…

വ്യക്തിത്വവികസനത്തിന് കൃത്യമായ പ്രായമുണ്ടോ? ഇന്ന പ്രായം മുതൽ ഇന്ന പ്രായം വരെ...

അതിജീവനത്തിന്റെ സന്തോഷങ്ങൾ

49 ട്രെയിനുകൾ കയറിയിറങ്ങി, ഏഴു മണിക്കൂറുകളോളം റെയിൽവേ ട്രാക്കിൽ കിടന്ന ഒരു...
error: Content is protected !!