സദാക്കോ സസാക്കിയും  ഒരിഗമിക് കൊക്കുകളും

Date:

spot_img

1945 ഓഗസ്റ്റ് 6. ലിറ്റിൽ ബോയ് എന്ന് പേരിട്ട അണുബോംബ് ജപ്പാനിലെ ഹിരോ ഷിമയിൽ അമേരിക്ക വർഷിച്ചത് അന്നായിരുന്നു. ആ ദുരന്തത്തിൽ മരണടഞ്ഞവരുടെ എണ്ണത്തെക്കാൾ കൂടുതലായിരുന്നു അതിന്റെ തിക്തഫലം അനുഭവിക്കേണ്ടിവന്നവരുടെ എണ്ണം. 

ഹിരോഷിമയിൽ നിന്ന് ഒരു മൈൽ അകലെ താമസിച്ചിരുന്ന സദാക്കോ സസാക്കി എന്ന ബാലിക അങ്ങനെയൊരു ഇരയാണ്. പതിവുപോലെ സ്‌കൂളിൽ കൂട്ടുകാർക്കൊപ്പം കളിക്കുകയായിരുന്നു സദാക്കോ. പെട്ടെന്നാണ് അവൾ കുഴഞ്ഞുവീണത്. ആശുപത്രിയിലെ വിദഗ്ദ്ധ പരിശോധനകൾക്കൊടുവിൽ അതിന്റെ കാരണം തെളിഞ്ഞു. സദാക്കോയ്ക്ക് രക്താർബുദമാണ്. രോഗക്കിടക്കയിലേക്ക് അവളുടെ ജീവിതം ചുരുങ്ങി. അപ്പോൾ അവൾക്ക് വെറും 12 വയസ് മാത്രമായിരുന്നു പ്രായം. രോഗത്തെക്കുറിച്ച് വ്യക്തമായി ഒന്നും അറിയില്ലെങ്കിലും മാതാപിതാക്കളുടെ സങ്കടങ്ങളിൽ നിന്നും ഡോക്ടേഴ്സിന്റെ അടക്കിപ്പിടിച്ച സംസാരത്തിൽ നിന്നും സദാക്കോ ഒരു കാര്യം ഊഹിച്ചെടുത്തു. തനിക്ക് മാരകമായ എന്തോ അസുഖമുണ്ട്. വേദനിപ്പിക്കുന്ന കാര്യമായിരുന്നു അതെങ്കിലും അവൾ അന്ന് ഒരു തീരുമാനമെടുത്തു. ഞാൻ മൂലം ആരുംകരയാൻ പാടില്ല. അതുകൊണ്ട് ഞാനെന്നും സന്തോഷത്തോടെ കഴിയും. 

അത്തരം ദിവസങ്ങളിലൊരിക്കലാണ് റെഡ് ക്രോസ് യൂത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഒരു പ്രോഗ്രാം ആശുപത്രിയിൽ നടന്നത്. സദാക്കോ പാട്ടിലും നൃത്തത്തിലും പങ്കെടുത്ത് ഒന്നാമതെത്തി. സമ്മാനമായി അവൾക്ക് കിട്ടിയത് ഒരിഗമിക് കൊക്ക് അഥവാ പേപ്പർ കൊക്കിനെയായിരുന്നു. 

പേപ്പർകൊക്കിന്റെ പിന്നിലെ കഥ അച്ഛനാണ് അവൾക്ക് പറഞ്ഞുകൊടുത്തത്. ഒരു കൊക്കിന് ആയിരം വർഷം വരെ ജീവിച്ചിരിക്കാൻ കഴിയുമെന്നാണ് വിശ്വാസം.  ഒരു വർഷം ആയിരം പേപ്പർ കൊക്കുകൾ ഉണ്ടാക്കാൻ കഴിഞ്ഞാൽ ആഗ്രഹിക്കുന്ന ഏതു കാര്യവും സാധിച്ചുകിട്ടും. രോഗികൾക്ക് കൊടുക്കുന്ന സമ്മാനങ്ങളിലൊന്നുകൂടിയാണ് പേപ്പർ കൊക്കുകൾ. കാരണം അവർ എത്രയും വേഗം സുഖം പ്രാപിക്കണമെന്ന് ആശംസിക്കുന്നതിന്റെയും അവർക്ക് ദീർഘായുസ് നേരുന്നതിന്റെയും ഭാഗമാണ് അത്. മോൾക്ക് ദീർഘായുസ് ഉണ്ടാകട്ടെയെന്നാണ് അവർ ഇതിലൂടെ അർത്ഥമാക്കിയതെന്നും അച്ഛൻ പറഞ്ഞുകൊടുത്തു. പേപ്പർ കൊക്കുകളുടെ കഥ സദാക്കോയെ സ്പർശിച്ചു. അന്നുമുതൽ അവൾ വിവിധനിറത്തിലുള്ള കടലാസുകൾകൊണ്ട് ഒരിഗമി കൊക്കുകളെ ഉണ്ടാക്കാനാരംഭിച്ചു. വൈകാതെ ആശുപത്രി മുറി ഒരിഗമി കൊക്കുകൾകൊണ്ട് നിറഞ്ഞു. ഡോക്ടേഴ്സ് അത് കണ്ടുവെങ്കിലും അവരാരും അവളെ തടഞ്ഞില്ല.  

ദീർഘായുസ് എന്ന നിയോഗത്തോടെയായിരുന്നില്ല സദാക്കോ കൊക്കുകളെ ഉണ്ടാക്കിത്തുടങ്ങിയത്. മറിച്ച് തന്നെപോലെ രോഗികളായി കഴിയുന്നവരുടെ സൗഖ്യത്തിന് വേണ്ടി, യുദ്ധം മൂലം ദുരിതം അനുഭവിക്കുന്നവർക്ക് മോചനം കിട്ടുന്നതിന് വേണ്ടി, സർവ്വോപരി ലോകത്തിൽ സമാധാനം പുലരാൻവേണ്ടി, രോഗത്തെക്കുറിച്ചുള്ള ചിന്തകൾ അകന്ന് ലോകത്തിന്റെ സമാധാനത്തിന് വേണ്ടിയുള്ള പ്രാർത്ഥനകളിൽ മുഴുകിക്കൊണ്ടാണ് സദാക്കോ കൊക്കുകളെ നിർമ്മിച്ചതു മുഴുവൻ. ഒരു ദിവസം പ്രഭാതത്തിൽ അവളെ വിളിച്ചുണർത്താൻ ചെന്ന അമ്മ കണ്ടത് ജീവനറ്റു കിടക്കുന്ന മകളെയായിരുന്നു. 

644-ാമത്തെ കൊക്കിനെയായിരുന്നു മരണത്തി ന് മുമ്പ് സദാക്കോ ഉണ്ടാക്കിക്കൊണ്ടിരുന്നത്. ആയിരത്തിലെത്താൻ ഇനിയും കൊക്കുകൾ ബാക്കിയുണ്ടെന്ന് മനസ്സിലാക്കിയ ഡോക്ടേഴ്സും നേഴ്സുമാരും സദാക്കോയുടെ പ്രിയപ്പെട്ടവരും ചേർന്ന് ബാക്കിയുള്ള കൊക്കുകൾ ഉണ്ടാക്കിത്തുടങ്ങി. അങ്ങനെ ആയിരം പേപ്പർ കൊക്കുകൾ പൂർത്തിയാക്കിയതിന് ശേഷമാണ് പ്രിയപ്പെട്ടവർ അവളെ യാത്ര അയച്ചത്. സദാക്കോ സസാക്കയുടെ ഓർമ്മയ്ക്കായി ഹോസ്പിറ്റലിന്റെ മുമ്പിൽ ഒരു സ്മാരകവും ഹിരോഷിമയിലെ മ്യൂസിയത്തിൽ ഒരു സ്വർണ്ണ ഒരിഗമിക് കൊക്കും സ്ഥാപിച്ചിട്ടുണ്ട്. 

എങ്ങനെയാണ്, എന്തുകൊണ്ടാണ് സദാക്കോ നമ്മളെ ഇന്നും വിസ്മയിപ്പിക്കുന്നത്? ഞാൻ മൂലം മറ്റൊരാൾ വേദനിക്കരുതെന്ന തീരുമാനമാണ് അതിലൊന്നാമത്തേത്. മറ്റുള്ളവരെ ഏതൊക്കെ കാരണങ്ങൾ കൊണ്ടാണ് നാം വേദനിപ്പിച്ചുകൊണ്ടിരിക്കുന്നത്?  ഞാൻ മൂലം ആരുടെയും കണ്ണ് നിറയില്ല എന്ന ഒരു തീരുമാനം നടപ്പിലാക്കാൻ കഴിഞ്ഞാൽ അത് ചുറ്റിനുമുള്ള എത്രയോ പേരുടെ ജീവിതങ്ങൾക്കാണ് ആശ്വാസമായി മാറുന്നത്! നമ്മുടെ പ്രാർത്ഥനകളുടെ സ്വഭാവത്തെയാണ് സദാക്കോ രണ്ടാമതായി വെല്ലുവിളിക്കുന്നത്. പക്ഷേ സദാക്കോയുടെ പ്രാർത്ഥനകളുടെ വിഷയം ലോകത്തിന്റെ സമാധാനമായിരുന്നു. ലോകത്ത് ശാന്തിയുണ്ടാകണം, സമാധാനം പുലരണം. 

തന്റെ വേദനകൾക്കിടയിലും ഒരിഗമിക് കൊക്കുകൾ ഉണ്ടാക്കാൻ അവൾ തയ്യാറായതിന് പിന്നിൽ ഈ ആഗ്രഹം മാത്രമായിരുന്നു. നിസ്വാർത്ഥമായി പ്രാർത്ഥിക്കാനും ലോകത്തിന്റെ നന്മയ്ക്കുവേണ്ടി തന്നാലാവുന്നവിധം പ്രവർത്തിക്കാനും സന്നദ്ധമാകുന്നതും എത്രയോ വലിയ കാര്യമാണ്. ആയിരം ഒരിഗമിക് പേപ്പർ കൊക്കുകൾ ഉണ്ടാക്കിയാൽ എല്ലാ ആഗ്രഹങ്ങളും സാധിച്ചുകിട്ടുമെന്നത് ഒരു പുരാവൃത്തമാണ്. പക്ഷേ സദാക്കോ അത് വിശ്വസിച്ചു.  നമ്മെ സന്തോഷിപ്പിക്കുന്ന, ആശ്വസിപ്പിക്കുന്ന, അതിന്റെ പേരിൽ ആരെയും വേദനിപ്പിക്കാത്ത വിശ്വാസങ്ങൾ കൂടെയുണ്ടാകണം. എത്രയോ വർഷമായി നമ്മൾ ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്നു. എന്നിട്ടും ലോകത്തെ പ്രചോദിപ്പിക്കുന്ന വിധത്തിൽ, ലോകത്തിന് മാതൃകയാകത്തക്കവിധത്തിൽ സദാക്കോയെപോലെ പ്രവർത്തിക്കാനോ പെരുമാറാനോ എനിക്ക് കഴിഞ്ഞിട്ടുണ്ടോ?എങ്ങനെയായിരിക്കും ഞാൻ നാളെ ഓർമ്മിക്കപ്പെടുക? എനിക്കായി ഉയരുന്ന സ്മാരകത്തിൽ എന്തായിരിക്കും ലോകം എഴുതിവയ്ക്കുക?

ആന്റണി അലോഷ്യസ് കപ്പൂച്ചിൻ

More like this
Related

ഒറ്റയ്ക്കും മുന്നോട്ടു പോകാം…

തനിച്ചു നിന്നിട്ടുണ്ടോ എപ്പോഴെങ്കിലും? തനിച്ചായി പോയിട്ടുണ്ടോ എപ്പോഴെങ്കിലും?  ഒരു ഗ്രൂപ്പ് ഫോട്ടോയ്ക്ക്...

പച്ചമരത്തണലുകൾ

ജീവന്റെ നിറമാണ് പച്ച ജീവന്റെ നിറവാണ് പച്ച ജീവന്റെ ഗന്ധവും പച്ചതന്നെ....

പ്രായം നോക്കണ്ട, ഏതു പ്രായത്തിലും വളരാം…

വ്യക്തിത്വവികസനത്തിന് കൃത്യമായ പ്രായമുണ്ടോ? ഇന്ന പ്രായം മുതൽ ഇന്ന പ്രായം വരെ...

അതിജീവനത്തിന്റെ സന്തോഷങ്ങൾ

49 ട്രെയിനുകൾ കയറിയിറങ്ങി, ഏഴു മണിക്കൂറുകളോളം റെയിൽവേ ട്രാക്കിൽ കിടന്ന ഒരു...
error: Content is protected !!