പ്രസവാനന്തര വിഷാദവും അതിജീവനവും 

Date:

spot_img

നല്ലൊരു ശതമാനം സ്ത്രീകൾക്കും പ്രസവശേഷം ചെറിയതോതിലെങ്കിലും മാനസികപ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.  പോസ്റ്റ്പാർട്ടം ഡിപ്രഷൻ  എന്നാണ് ഇത് പൊതുവെ അറിയപ്പെടുന്നത്.  ഈ അവസ്ഥയെ മൂന്നുതരത്തിലാണ് മനശ്ശാസ്ത്ര ജ്ഞർ തിരിച്ചിരിക്കുന്നത്.

പോസ്റ്റ്പാർട്ടം ബ്ലൂംസ് അല്ലെങ്കിൽ ബേബി ബ്ലൂംസ് ആണ് ഇതിൽ ആദ്യവിഭാഗം. പ്രസവത്തിന് ശേഷമുള്ള ഹോർമോൺ വ്യതിയാനങ്ങൾ മൂലമുണ്ടാകുന്ന ദുഃഖം, കരച്ചിൽ, ദേഷ്യം അല്ലെങ്കിൽ ഏതെങ്കിലും വിധത്തിലുള്ള മാനസിക അസ്വസ്ഥതകൾ തുടങ്ങിയവയാണ് ലക്ഷണങ്ങൾ.  എന്നാൽ വളരെ ഹ്രസ്വകാലംമാത്രമേ ഈ അവസ്ഥയുണ്ടായിരിക്കുകയുള്ളൂ.  പ്രത്യേക ചികിത്സ കൂടാതെ തന്നെ ഈ രോഗാവസ്ഥ പരിഹൃതമാകുന്നതാണ് പതിവ്.

കുറഞ്ഞ ശതമാനം അമ്മമാരിൽ  പ്രത്യേകിച്ച് 20 ശതമാനത്തോളം സ്ത്രീകളിൽ ഈ അവസ്ഥയിൽ മാറ്റമുണ്ടാകുന്നില്ല. തീവ്രമായ വികാരങ്ങളോടെ ഇത് ഏറെക്കാലം നിലനില്ക്കും. ഇതാണ് യഥാർത്ഥ പോസ്റ്റ്പാർട്ടം ഡിപ്രഷൻ. പ്രസവാനന്തരം ഏതാനും ദിവസങ്ങൾക്കുള്ളിലോ അല്ലെങ്കിൽ ഒരു വർഷം കഴിഞ്ഞുപോലുമോ പോസ്റ്റ്പാർട്ടം ഡിപ്രഷൻ സംഭവിക്കാവുന്നതാണ്.

പോസ്റ്റ്പാർട്ടം ഡിപ്രഷന്റെ ഏറ്റവും കൂടിയ, ഗുരുതരമായ അവസ്ഥയാണ് പോസ്റ്റ്പാർട്ടം സൈക്കോസിസ്. പ്രസവം കഴിഞ്ഞ് 48 മണിക്കൂറിനുള്ളിൽ ഇത് ആരംഭിക്കാം. കൃത്യസമയത്ത് മതിയായ ചികിത്സ ലഭിക്കാതെവന്നാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.

ഓരോ പ്രസവകാലത്തും ആവർത്തിച്ചുണ്ടാകാനിടയുള്ള ഒന്നായാണ് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡറിനെ വിദഗ്ദർ കാണുന്നത്. ഇതിന്റെ അതിരുകടന്ന അവസ്ഥയിൽ പ്രസവത്തെ വരെ ഇക്കൂട്ടർ അകാരണമായി പേടിച്ചുതുടങ്ങിയേക്കാം. കുഞ്ഞിന്റെ സുരക്ഷയെക്കരുതിയുള്ള അതിരുകടന്ന ഉത്കണ്ഠയും ഉറങ്ങുമ്പോൾ കുഞ്ഞിന്റെ മുഖത്ത് പുതപ്പുവീണ് ജീവഹാനി സംഭവിക്കുമോ, താൻ അരികിലില്ലെങ്കിൽ കുഞ്ഞിനെ ആരെങ്കിലും എടുത്തുകൊണ്ടുപോകുമോ തുടങ്ങിയ ഭയങ്ങൾ കൊണ്ട് ദൈനംദിന കാര്യങ്ങൾപോലും ശരിയായി ചെയ്യാൻ കഴിയാതെ വരുന്ന അവസ്ഥയാണ് പോസ്റ്റ്പാർട്ടം ഒബ്സസീവ് കംപൽസീവ് ഡിസോർഡർ.

ഉറക്കക്കുറവ്, ഉറക്കക്കൂടുതൽ, അകാരണമായ സങ്കടം, ടെൻഷൻ, തലവേദന, ക്ഷീണം, മുലപ്പാൽ കൊടുക്കാതിരിക്കുക കുഞ്ഞിനെ അവഗണിക്കുക, സംസാരമില്ലായ്മ, കുറ്റബോധം,തീരുമാനമെടുക്കാനും ചിന്തിക്കാനുമുള്ള കഴിവില്ലായ്മ, ഭക്ഷണം കഴിക്കാതിരിക്കുക, കൂടുതൽ കഴിക്കുക, സെക്സിലുള്ള താല്പര്യമില്ലായമ, അമിതമായ ലൈംഗികാസക്തി, ജീവിതവിരക്തി, മടുപ്പ്, ആത്മഹത്യാപ്രവണത, അക്രമാസക്തി തുടങ്ങിയവയെല്ലാമാണ് പോസ്റ്റ്പാർട്ടം ഡിപ്രഷന്റെ പൊതുലക്ഷണങ്ങൾ. ഖേദകരമെന്ന് പറയട്ടെ പോസ്റ്റ്പാർട്ടം ഡിപ്രഷനെക്കുറിച്ച് ഭൂരിപക്ഷം ഭർത്താക്കന്മാരോ  ബന്ധുക്കളോ വേണ്ടവിധത്തിൽ മനസ്സിലാക്കിയിട്ടില്ല.
 ചില ഭർത്താക്കന്മാർ ഭാര്യമാരിൽ  പ്രസവാനന്തരം ഉണ്ടാകുന്ന ഇത്തരം ചില പെരുമാറ്റവൈകല്യങ്ങളെയും മാനസികാവസ്ഥയെയും ഏതെങ്കിലുമൊക്കെ പേരുപറഞ്ഞ് അവഗണിക്കുകയാണ് പതിവ്.

നവജാത ശിശുവിനെ വാഷിംങ്മിഷ്യനിലിട്ട് കൊന്നു, കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേയ്ക്ക് വലിച്ചെറിഞ്ഞു, ശ്വാസം മുട്ടിച്ചുകൊന്നു എന്നിങ്ങനെയുള്ള  പലതരം വാർത്തകൾ  നാം കേൾക്കാറുണ്ട്. ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ  ദുഷ്ടയെന്ന് പറഞ്ഞ് ആ അമ്മയെ വിധിയെഴുതുകയാണ് പതിവ്. എന്നാൽ എന്തുകൊണ്ടാണ് ആ സ്ത്രീ അപ്രകാരം ചെയ്തത് എന്ന് നാം ഒരിക്കലും ചിന്തിക്കാറില്ല.  പോസ്റ്റ് പാർട്ടം  സൈക്കോസിസിന്റെ മൂർദ്ധന്യത്തിലാണ് ഇത്തരം ക്രൂരകൃത്യങ്ങളിൽ ചിലതെങ്കിലും സംഭവിക്കുന്നത് .

പോസ്റ്റ്പാർട്ടം സൈക്കോസിസ് പോലെ തീവ്രമല്ലെങ്കിലും നിലനിന്നുപോരുന്നതും കൂടുതൽ  സങ്കീർണ്ണവുമായ പ്രശ്നമാണ് പോസ്റ്റ്പാർട്ടം ഡിപ്രഷൻ. ഈ അവസ്ഥയിൽ അമ്മ കുഞ്ഞിനെ കൊന്നുകളയണമെന്നില്ല. പക്ഷേ അമ്മയിൽ നിന്ന് വേണ്ടത്ര പരിഗണനയോ പരിചരണമോ കിട്ടാതെ യായിരിക്കും കുഞ്ഞ് വളർന്നുവരുന്നത്. ഇത് കുഞ്ഞിൽ ഒരേ സമയം മാനസികവും ബൗദ്ധികവുമായ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്.

പ്രസവശേഷം രണ്ടാഴ്ചയിൽ കൂടുതൽ മേൽപ്പറഞ്ഞതരത്തിലുള്ള പെരുമാറ്റവൈകല്യങ്ങളും മാനസികാസ്വാസ്ഥ്യങ്ങളും നീണ്ടുനില്ക്കുന്നുണ്ടെങ്കിൽ ഒരു ഡോക്ടറുടെ ആവശ്യം തീർച്ചയായും രോഗിക്കുണ്ട്. ചിലരിൽ പോസ്റ്റ്പാർട്ടം ഡിപ്രഷൻ രണ്ടാമത്തെയോ മൂന്നാമത്തെയോ പ്രസവശേഷമായിരിക്കും സംഭവിക്കുന്നത്. ചിലപ്പോൾ ആദ്യപ്രസവത്തിലും കാണപ്പെടാറുണ്ട്. മറ്റ് ചില കേസുകളിൽ രണ്ടാമത്തെയും മൂന്നാമത്തെയും പ്രസവങ്ങളിലായിരിക്കും ഈ ലക്ഷണങ്ങൾ പ്രകടമാകുന്നത്.

പാരമ്പര്യമായുള്ള മാനസികരോഗം, മുറിവേറ്റബാല്യം, ചെറുപ്രായത്തിൽ ദുരുപയോഗം ചെയ്യപ്പെട്ടതിന്റെ ഓർമ്മ, ഭർത്താവിൽ നിന്നുള്ള പിന്തുണയില്ലായ്മയും അവഗണനയും, കുഞ്ഞിനെ പരിപാലിക്കുന്നതിനെക്കുറിച്ചുളള അതിരുകടന്ന ചിന്തകൾ, അകാരണമായ ടെൻഷൻ, ആഗ്രഹിക്കാത്ത സമയത്തുള്ള ഗർഭധാരണം, ഗർഭാവസ്ഥയിലോ പ്രസവസമയത്തോ ഉള്ള ബുദ്ധിമുട്ടുകൾ, വ്യക്തിത്വവൈകല്യങ്ങൾ, ജോലിയും കുടുംബവും ഒരുമിച്ചുകൊണ്ടുപോകുമ്പോൾ നേരിടുന്ന പ്രയാസങ്ങൾ, സാമ്പത്തികപ്രയാസം, ജോലി നഷ്ടം, പ്രിയപ്പെട്ടവരുടെ മരണം, അസ്വസ്ഥജനകമായ ചുറ്റുപാടുകൾ സംഭവങ്ങൾ,  ഭർത്താവിന്റെ മദ്യപാനം എന്നിവയെല്ലാം ഈ അവസ്ഥയ്ക്ക് കാരണമാകാം. കൂടാതെ പ്രസവത്തെ തുടർന്ന് സ്ത്രീശരീരത്തിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളും ഈ അവസ്ഥയ്ക്കു കാരണമാകാറുണ്ട്.

സെറട്ടോൺ എന്ന ഹോർമോണുമായി ഈസ്ട്രജൻ പ്രൊജസ്ട്രോൺ ഹോർമോണുകൾക്ക് ബന്ധമുണ്ട്. താഴ്ന്ന അളവിലുള്ള ഈ ഹോർമോൺ മാറ്റം മൂലം പതുക്കെ മനസ്സ് വിഷാദത്തിലേക്ക് കൂപ്പുകുത്തും.
പ്രസവശേഷമുണ്ടാകാനിടയുള്ള വിഷാദരോഗാവസ്ഥയിൽ നിന്ന് ഭാര്യമാരെ രക്ഷിക്കുന്നതിൽ ഭർത്താക്കന്മാർക്കുള്ള പങ്ക് വലുതാണ്.   ഭാര്യയ്ക്ക് പൂർണ്ണപിന്തുണ കൊടുക്കുക.  കുഞ്ഞിനെ പരിചരിക്കാൻ തയ്യാറാവുക. വീട്ടുജോലികളിൽ ഭാര്യയെ സഹായിക്കുക. അവൾ മതിയായ തോതിൽ ഉറങ്ങുകയും വിശ്രമിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ഭാര്യയുടെ മൂഡ് വ്യതിയാനങ്ങൾ മനസ്സിലാക്കി അവളോട് സംസാരിക്കാനും അവൾ ആഗ്രഹിക്കുന്ന വിധത്തിൽ കൂടുതൽസമയം ചെലവഴിക്കാനും തയ്യാറാവുക. അവളെ കേൾക്കാനും നിസ്സാരമെന്ന് തോന്നുന്ന സങ്കടങ്ങളിൽ പോലും ആശ്വാസം നല്കാനും സന്നദ്ധനായിരിക്കുക.

വ്യക്തിപരമായി ഭാര്യമാർ ചെയ്യേണ്ട ചില കാര്യങ്ങളുമുണ്ട്. നടത്തം, വ്യായാമം, യോഗ തുടങ്ങിയവ ചെയ്യുക. പുതിയ ഹോബികൾ കണ്ടെത്തുകയോ പഴയ ഹോബികൾ സജീവമായി നിലനിർത്തുകയോ ചെയ്യുക. കുഞ്ഞിനെ പരിചരിക്കുന്നതിലും കുഞ്ഞുമായി സമയം പങ്കിടുന്നതിലും സന്തോഷം കണ്ടെത്തുക.
കൗൺസിലിങ് സംബന്ധമായ അന്വേഷണങ്ങൾക്ക്  ഫോൺ: 9995307021

സിസ്റ്റർ അർപ്പിത സി.എസ്.എൻ

More like this
Related

നല്ല അമ്മയുടെ ലക്ഷണങ്ങൾ

നല്ല അമ്മയായിത്തീരുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.  ഇന്നത്തെ കാലത്ത് പ്രത്യേകിച്ചും. എന്നാൽ...

അറിയണം പോസ്റ്റ് പാർട്ടം ഡിപ്രഷനെ

ഏതൊരു സ്ത്രീയുടേയും ആത്മാഭിലാഷമാണത്; പ്രസവം. താൻ സ്ത്രീയാണെന്നുള്ള അഭിമാനവും അമ്മയെന്നുള്ള വികാരവും...

വെറുതെ അല്ല ഭാര്യ

ഒരു നല്ല ഭാര്യയുടെ ലക്ഷണങ്ങൾ പറയുക എന്നത് ചിലപ്പോൾ ബുദ്ധിമുട്ടായേക്കാം. എന്നാൽ...

സന്തുഷ്ടയായ അമ്മയുടെ ലക്ഷണങ്ങൾ

നല്ല അമ്മയായിരിക്കുക എന്നത് ഇന്നത്തെകാലത്ത്  മുമ്പ്എന്നത്തെക്കാളുമേറെ വെല്ലുവിളികൾ നിറഞ്ഞതാണ്. അമ്മത്തം ഏറെ വിലമതിക്കപ്പെടുന്ന...
error: Content is protected !!