‘എന്റെ ശരീരത്തിൽ എവിടെ തൊട്ടാലും വേദനയാണ്.’ ഈ പ്രശ്നവുമായിട്ടാണ് അയാൾ ഡോക്ടറെ കാണാനെത്തിയത്. ”ഒന്നു രണ്ടു സ്ഥലങ്ങളിൽ തൊട്ടുകാണിക്കൂ…” ഡോക്ടർ ആവശ്യപ്പെട്ടു. ശരിയാണ് എവിടെത്തൊട്ടാലും അയാൾ വേദനകൊണ്ട് കഷ്ടപ്പെടുകയാണ്. ഡോക്ടർ ആദ്യം ചെറിയൊരു പരിശോധന നടത്തി. പക്ഷേ, പ്രശ്നമൊന്നും കാണാനില്ല. രോഗി വീണ്ടും പറഞ്ഞു: ”ഞാൻ സത്യം പറയുകയാണ്. എവിടെത്തൊട്ടാലും വേദനയാണ് ഡോക്ടർ.” അവസാനം വിശദമായ ഒരു പരിശോധനയിലൂടെ ഡോക്ടർ അയാളുടെ രോഗം കണ്ടെത്തി: ”നിങ്ങളുടെ വിരലിന്റെ അഗ്രഭാഗത്താണ് ഗുരുതരമായ പ്രശ്നം. ആ വിരൽകൊണ്ട് നിങ്ങൾ എവിടെ തൊട്ടാലും വേദനയുണ്ടാകും.”
സംഭവം തമാശയാണ്. എങ്കിലും ഇതിൽ അല്പം കാര്യമുണ്ട്. കണ്ണുകൾ ക്ക് കാണാനുള്ള കഴിവ്, കാതുകൾക്ക് കേൾക്കാനുള്ള കഴിവ്, നാവിന് രുചിക്കാനുള്ള കഴിവ്. അതുപോലെ ഹൃദയത്തിന് നൽകിയിരിക്കുന്ന കഴിവാണ് സ്നേഹിക്കാനുള്ള കഴിവ്. സ്നേഹിക്കുക എന്നതാണ് മനുഷ്യഹൃദയത്തിന്റെ വിളിയും ദൗത്യവും. കാഴ്ചയ്ക്ക് പ്രശ്നമുണ്ടായാൽ നോക്കുന്നിടത്തെല്ലാം പ്രശ്നമുണ്ടാകുന്നതുപോലെയും കേൾവിക്ക് പ്രശ്നമുണ്ടായാൽ കേൾക്കുന്ന എല്ലാ സ്വരങ്ങളെയും അത് ബാധിക്കുന്നതുപോലെയും ഹൃദയത്തിൽ വെറുപ്പ് പ്രവേശിച്ചാൽ നാം ആരുമായൊക്കെ സംവദിക്കുന്നോ അവിടെയെല്ലാം പ്രശ്നങ്ങളുണ്ടാകും. ചിലരെ മാറ്റിനിർത്തി മറ്റുള്ളവരെ ഗാഢമായി സ്നേഹിക്കാനുള്ള നമ്മുടെ ശ്രമങ്ങൾ ഫലമണിയാത്തതിന്റെ കാരണമിതാണ്.
സ്നേഹിക്കാനുള്ള കഴിവ് നമുക്ക് നൽകപ്പെട്ട ഒരു ഗ്ലാസ്സ് ശുദ്ധജലം പോലെയാണ്. വെറുപ്പ് അ തിൽ കലർത്തപ്പെടുന്ന മാലിന്യവും. മാലിന്യം കലർത്തപ്പെട്ടാൽ പിന്നെ എവിടെ പങ്കുവയ്ക്കപ്പെട്ടാലും അരുചി അനുഭവപ്പെടും. സ്നേഹവും വെറുപ്പും രണ്ടും ഹൃദയത്തിലാണ്. ഒരേ പാത്രത്തിൽനിന്നാണ് അവ വിളമ്പുന്നത്. സ്വാഭാവികമായും അഴുക്കുപുരണ്ട പാത്രമുപയോഗിച്ച് ശുദ്ധവും വൃത്തിയുള്ളതുമായ ഭക്ഷണം വിളമ്പാനാകില്ല. വെറുപ്പ് ഹൃദയത്തിൽ കടന്നുകൂടിയശേഷം സ്നേഹിക്കാൻ ശ്രമിക്കുന്നവരെക്കൂടിപ്പോലും വേണ്ടവിധം സ്നേഹിക്കാൻ നമുക്കാവില്ല. വെറുപ്പ് മോശമായി ബാധിക്കുന്നത് നമ്മുടെ സ്നേഹിക്കാനുള്ള നമ്മുടെ കഴിവിനെത്തന്നെയാണ്. മറ്റുള്ളവരെയെല്ലാം വെറുത്തിട്ട് ഒന്നോ രണ്ടോ വ്യക്തികളെ ഗാഢമായും ആത്മാർത്ഥമായും സ്നേഹിക്കാൻ ശ്രമിക്കുന്നത് കാഴ്ചയില്ലാത്ത കണ്ണുകൾകൊണ്ട് സൂചിയിൽ നൂൽ കോർക്കാനും കേൾവി കുറഞ്ഞ കാതുകൾകൊണ്ട് സംഗീതമാസ്വദിക്കാനുമൊക്കെ ശ്രമിക്കുന്നതുപോലെ ദുഷ്കരമാണ്. ഒന്നുകിൽ എല്ലാവരെയും സ്നേഹിക്കാനുള്ള ശ്രമം നടത്തുക, അല്ലെങ്കിൽ ആരെയും ഹൃദയപൂർവ്വം സ്നേഹിച്ച് വിജയിപ്പിക്കാൻ കഴിയാതാവുക എന്ന പ്രതിസന്ധിയാണ് മനുഷ്യഹൃദയത്തിന് മുന്നിലുള്ളത്.
ഹൃദയം ഒരു വാതിലാണ്. അതിനെ കുറച്ചുപേർ ക്കായി അടച്ചുസൂക്ഷിക്കാനും മറ്റുചിലർക്കായി തുറന്നിടാനും നമുക്കാവില്ല. ആരെയും ആത്മാർത്ഥമായി സ്നേഹിക്കാൻ സാധിക്കാതെ പ്രശ്നങ്ങളിൽപെട്ട് വിഷമിച്ചതിനുശേഷം, എല്ലാവരോടും ക്ഷമിച്ച് തിരികെയെത്തുമ്പോൾ എല്ലാവരെയും അത്ഭുതകരമായി സ്നേഹിക്കാൻ സാധിച്ച പല അനുഭവങ്ങ ളും കേട്ടിട്ടുണ്ട്.
ആരെയെങ്കിലും വെറുക്കാൻ തുടങ്ങുന്ന നാൾമുതൽ മറ്റുള്ളവരെ സ്നേഹിക്കാനുള്ള നമ്മുടെ കഴിവ് കുറഞ്ഞുതുടങ്ങും, സ്നേഹിക്കാൻ ആഗ്രഹിക്കുന്നവരെപ്പോലും.
ആരെയെങ്കിലും നാം വെറുക്കുന്നുണ്ടോ എന്നറിയാൻ ഒരു പരിശോധനയുണ്ട്. പ്രേമത്തിലൊക്കെ അകപ്പെട്ടുകഴിയുമ്പോൾ എല്ലാം തികഞ്ഞവരാണ് പങ്കാളിയെന്ന് തോന്നിത്തുടങ്ങുന്നത് കണ്ടിട്ടില്ലേ? അവരെക്കാൾ പൂർണ്ണരായി ഈ ലോകത്തിൽ ആരുമുണ്ടാവില്ല. സ്നേഹിക്കുന്നവരെ മറ്റുള്ളവർ കുറ്റപ്പെടുത്തുന്നതോ കുറച്ചുകാണുന്നതോ പോലും വേദനിപ്പിക്കും. അപ്പോൾ അതാണ് സ്നേഹത്തിന്റെ അടയാളങ്ങളിലൊന്ന്. സ്നേഹമുണ്ടെങ്കിൽ മറ്റുള്ളവരുടെ കുറവും കുറ്റവും നമ്മുടെ മനസിൽ ചെറുതായിത്തുടങ്ങും. മറിച്ച്, സ്നേഹക്കുറവാണ് തുടങ്ങുന്നതെങ്കിൽ അപരന്റെ കുറ്റങ്ങളും കൂടും. കുറവുകളുടെയും കുറ്റങ്ങളുടെയും പർവതീകരണമാണ് വെറുപ്പിന്റെ ആദ്യഫലം. സ്നേഹത്തിൽ അകപ്പെടുന്നതോടെ മറ്റുള്ളവർ പൂർണതയുള്ളവരായിത്തുടങ്ങും. അല്ലെങ്കിൽ ഒന്നു കണ്ണോടിച്ചാൽ നാം വെറുക്കുന്നവരെ എത്രപേർ ആത്മാർത്ഥമായി സ്നേഹിക്കുന്നുണ്ട്? അപ്പോൾ, സ്നേഹയോഗ്യമായി അവരിൽ ഒന്നുമില്ലാഞ്ഞിട്ടല്ല, കുഴപ്പം ഒരുപരിധിവരെ നമ്മുടെ ഹൃദയത്തിലാണ്.
ആരെയെങ്കിലുംകുറിച്ച് ചിന്തിക്കുകയോ സംസാരിക്കുകയോ ചെയ്യുമ്പോൾ അവരുടെ കുറ്റങ്ങളും കുറവുകളുമാണ് നമ്മുടെ മനസിലും വാക്കുകളിലും നിറയുന്നതെങ്കിൽ വെറുപ്പിന്റെ കണികകൾ ഹൃദയത്തിൽ പ്രവേശിച്ചുതുടങ്ങി എന്ന് അനുമാനിക്കാം. സ്നേഹം കുറയുന്നതിനനുസരിച്ചാണ് നമ്മുടെ വാക്കുകളിൽ മറ്റുള്ളവരെക്കുറിച്ചുള്ള കുറ്റപ്പെടുത്തലുകൾ പ്രത്യക്ഷപ്പെടുക. സ്നേഹമാണ് നമ്മുടെ കണ്ണുകളെ മറ്റുള്ളവരുടെ കുറവുകൾക്കുനേരെ അന്ധമാക്കുക.
മുകളിൽ സൂചിപ്പിച്ച രോഗിയെപ്പോലെ എവിടെയൊക്കെ സ്നേഹിക്കാൻ ശ്രമിച്ചാലും പരാജയപ്പെടുന്ന അവസ്ഥയിലാണ് നാമെങ്കിൽ നമ്മുടെ ഹൃദയ ത്തിന്റെ സ്നേഹിക്കാനുള്ള കഴിവിൽ കലർപ്പുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം.