നന്മയ്ക്ക് വെള്ളമൊഴിച്ചു കാത്തിരിക്കുക

Date:

spot_img

മനുഷ്യൻ എന്ന പദത്തെ സുന്ദരമാക്കുന്നത് അവനിലുളള നന്മയുടെ അംശവും സ്നേഹിക്കാനും സേവിക്കാനും സഹായിക്കാനുമുള്ള കഴിവുമാണ്. ഇതിൽ തീർച്ചയായും വ്യക്തികളെന്ന നിലയിൽ ഏറ്റക്കുറച്ചിലുകൾ അനുഭവപ്പെടാം. ഈ ഏറ്റക്കുറച്ചിലാണ് അപരനെതിരെയുള്ള പടപ്പുറപ്പാടിനും അങ്കക്കലിക്കും കാരണമാകുന്നത്. ഭൂരിപക്ഷം മനുഷ്യരും സമാധാനം കാംക്ഷിക്കുന്നവരും ആ വഴിയെ സഞ്ചരിക്കാൻ ആഗ്രഹിക്കുന്നവരുമാണ്. മറ്റൊരാളുടെ തിന്മയ്ക്കെതിരെ വിരൽ ചൂണ്ടാനുള്ള ആർജ്ജ വം അവർക്ക് നഷ്ടപ്പെട്ടിരുന്നുമില്ല.

എന്നാൽ ഈയിടെയായി തിന്മയ്ക്ക് കൂട്ടുചേർന്ന് തിന്മ ചെയ്യാൻ മത്സരിക്കുന്ന ഒരു സമൂഹം വ്യാപകമായിക്കൊണ്ടിരിക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തീവ്രവാദം മുൻകാലങ്ങളിൽ ഒറ്റപ്പെട്ട ഒരു സംഭവമായിരുന്നു. തിന്മയെ പരസ്യമായി അംഗീകരിക്കാനും അതിന്റെ ഭാഗമായി നില്ക്കാനും ആളുകൾക്ക് മടിയില്ലാതായിരിക്കുന്നു. യുദ്ധം പോലെയുള്ള മഹാദുരന്തങ്ങളെ അപലപിക്കാനാണ് ആളുകൾ ശ്രമിച്ചിരുന്നത്.  പക്ഷേ ഇപ്പോൾ യുദ്ധങ്ങളെ അനുകൂലിക്കാനും ഏതെങ്കിലും ഒരു ഭാഗത്ത് പക്ഷംചേർന്നുകൊണ്ട് നിരപരാധികളെ കൊന്നൊടുക്കുന്നതിനെ ന്യായീകരിക്കാനുംവരെ നമുക്ക് മടിയില്ലാതായിരിക്കുന്നു. യുദ്ധങ്ങൾക്കും തീവ്രവാദത്തിനും ഇരകളാകേണ്ടിവരുന്നത് നിരപരാധികളാണെന്നും നിരപരാധികൾക്കെതിരെയുള്ള ആക്രമണം ആരു നടത്തിയാലും അത് തെറ്റാണെന്നും പറയാനുള്ള സത്യനീതിബോധം നമ്മളിൽ നിന്ന് ആരൊക്കെയോ കൈവശമാക്കിയിരിക്കുന്നു.

ഇതെന്തുകൊണ്ടാണ് സംഭവിക്കുന്നത്? മനുഷ്യരുടെ ഉള്ളിൽ നിന്ന് നന്മ പടിയിറങ്ങിപ്പൊയിക്കൊണ്ടിരിക്കുന്നു. മനുഷ്യനെ ജാതിയുടെയും മതത്തിന്റെയും വർണ്ണത്തിന്റെയും വർഗ്ഗത്തിന്റെയും പേരിൽ ഹിംസിക്കുന്നിടത്തോളം ക്രൂരത മറ്റെന്താണുള്ളത്? യുദ്ധം യുദ്ധംതന്നെയാണ്. തീവ്രവാദം തീവ്രവാദം തന്നെയുമാണ്. എന്നിട്ടും ഇവയെ അഭിപ്രായപ്രകടനങ്ങൾ കൊണ്ടോ ഇമോജികൾകൊണ്ടുപോലുമോ അനുകൂലിക്കുന്നുണ്ടെങ്കിൽ നമ്മളും ആ തിന്മയുടെ പക്ഷത്താണെന്നാണ് വ്യക്തമാക്കുന്നത്.

നന്മയ്ക്ക് വെള്ളമൊഴിച്ച് കാത്തിരിക്കേണ്ട കാലമാണ് ഇത്. കാരണം പലരുടെയും നന്മ വാടിപ്പോയിരിക്കുന്നു.  പ്രതികൂലസാഹചര്യങ്ങളും നിഷേധാത്മക സ്വാധീനങ്ങളും മൂലം സംഭവിച്ച വിപത്താണ് അത്. ഇവയ്ക്കൊരു മറുപടിയും പ്രതികരണവുമായി നമുക്ക് വീടുകളിലും നാം ആയിരിക്കുന്ന ഇടങ്ങളിലും കൂടുതലായി നന്മയെക്കുറിച്ച് സംസാരിക്കാം. 

നന്മ വിതയ്ക്കാം, സ്നേഹം പരത്താം, സൗഹൃദം പുലർത്താം…

സ്നേഹാദരങ്ങളോടെ
വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്

More like this
Related

നഷ്ടം

നഷ്ടപ്പെടില്ലെന്ന് ഉറപ്പുള്ള എന്തെങ്കിലുമുണ്ടോ ഈ ലോകത്ത്? പേരു നഷ്ടപ്പെടാം, പണം നഷ്ടപ്പെടാം,...

ദുഃഖത്തിന്റെ കാരണം

ഒരു കഥ ചുരുക്കിപ്പറയാം തന്റെ നിറം കറുത്തുപോയതോർത്തും സ്വരം പരുഷമായതോർത്തും വിഷമിച്ചുനടക്കുകയായിരുന്നു...

ഇതൊക്കെയും ചേർന്നതാണ് ജീവിതം

കഴിഞ്ഞ ദിവസം ഒരു വന്ദ്യവൈദികനുമായി കണ്ടുമുട്ടിയിരുന്നു. ഞാൻ അദ്ദേഹത്തിന്റെ കീഴിൽ ജോലിയുടെ...

A+

ഇക്കഴിഞ്ഞ ദിവസങ്ങളിലായി നാം കൂടുതലായി ആഘോഷിച്ചത് ചില വിജയവാർത്തകളായിരുന്നു. പ്രത്യേകിച്ച് പത്താം...
error: Content is protected !!