ലഹരിയിൽ മുങ്ങുന്നവർ

Date:

spot_img

പത്താം ക്ലാസുകാരനാണ് ഈ കഥയിലെ നായകൻ. സ്‌കൂൾ ലീഡർ കൂടിയാണ്.  ബുദ്ധിമുട്ടുള്ള വിഷയത്തിന് അവൻ ട്യൂഷന് പോകുന്നുമുണ്ട്. മാസംതോറും മാതാപിതാക്കൾ കൃത്യമായി ട്യൂഷൻ ഫീസ് നല്കിവരുകയുംചെയ്യുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം വളരെ അവിചാരിതമായി ട്യൂഷൻ അധ്യാപൻ ഈ കുട്ടിയുടെ അച്ഛനെ കാണുന്നു. കുട്ടിയുടെ പഠനകാര്യത്തെക്കുറിച്ച് ഇരുവരും സംസാരിച്ചു. സംസാരിച്ചുപിരിയുന്നതിന് മുമ്പായി ട്യൂഷൻ സാർ അച്ഛനോട് വളരെ മടിച്ചുമടിച്ചുപറഞ്ഞു, അഞ്ചെട്ട് മാസമായി ട്യൂഷൻ ഫീസ് കിട്ടിയിട്ട്. അതുകിട്ടിയാൽ നന്നായിരുന്നു.

അച്ഛൻ ഞെട്ടിപ്പോയി. എട്ട് മാസത്തെ ട്യൂഷൻ ഫീസ് കുടിശ്ശികയോ… അയാൾക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല.  മകനെ അയാൾ ചോദ്യം ചെയ്തു. മകൻ എന്തൊക്കെയോ ഒഴികഴിവു പറഞ്ഞു രക്ഷപ്പെടാൻ ശ്രമിച്ചു. അപ്പോഴേയ്ക്കും മകനെതിരെയുള്ള അടുത്ത പരാതിയും എത്തി. ക്ലാസിൽ എന്തോ ഒരു കാര്യത്തിന് വേണ്ടി പണപ്പിരിവ് നട ത്താൻ ടീച്ചർ ഈ കുട്ടിയെയാണ് നിയോഗിച്ചിരുന്നത്. പക്ഷേ ആ പണവും വേണ്ടിടത്ത് എത്തിയിട്ടില്ല. ഇതേത്തുടർന്നു നടത്തിയ അന്വേഷണത്തിൽ നിന്ന് വീട്ടുകാരും സ്‌കൂൾ അധികാരികളും തിരിച്ചറിഞ്ഞത് നടുക്കമുളവാക്കുന്ന ഒരു കാര്യമായിരുന്നു. ഈ കുട്ടി മയക്കുമരുന്നിന് അടിമയാണ്. വീട്ടിൽ നിന്നും സ്‌കൂളിൽ നിന്നും കിട്ടിയ പണം മുഴുവൻ മയക്കുമരുന്നുപയോഗത്തിന് വേണ്ടിയാണ് അവൻ ചെലവഴിച്ചത്.
മയക്കുമരുന്നിനോടുള്ള ആസക്തി വർദ്ധിച്ചുവരുകയും എന്നാൽ അത് കിട്ടാതെ വരികയും ചെയ്യുമ്പോൾ പശ, കഫ് സിറപ്പ്, വേദനസംഹാരികൾ എന്നിവ പോലും മയക്കുമരുന്നായി ഉപയോഗിക്കുന്ന പ്രവണതയും നിലവിലുണ്ട്.
എത്ര വിദ്യാസമ്പന്നരായ മാതാപിതാക്കൾക്കും മക്കൾ മയക്കുമരുന്നിന് അടിമകളാണെന്ന കാര്യം മനസ്സിലാക്കാൻ കഴിയാതെപോകാറുണ്ട്

 പുകയില, പാൻമസാല തുടങ്ങിയവ ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണം 74 ശതമാനവും മദ്യത്തിനടിമകളായിരിക്കുന്ന കുട്ടികളുടെ എണ്ണം 60 ശതമാനവുമാണെന്നാണ് കണക്കുകൾ പറയുന്നത്. പണ്ടുകാലങ്ങളിൽ സിനിമകളിൽ മാത്രമായിരുന്നു മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന കഥാപാത്രങ്ങളെ കുട്ടികൾ കണ്ടിരുന്നത്. ടിവി, ഇന്റർനെറ്റ്, മൊബൈൽ തുടങ്ങിയവയുടെ വ്യാപനത്തോടെ ഇത്തരം രംഗങ്ങളും വ്യക്തികളും കുട്ടികൾക്ക് ഏറെ സുപരിചിതരായി.

മദ്യവും മയക്കുമരുന്നും ആൺകുട്ടികൾ മാത്രമല്ല പെൺകുട്ടികൾ പോലും ഉപയോഗിക്കുന്നുണ്ട്. ചില സിനിമകളിലൊക്കെ സ്ത്രീകളുടെ മദ്യപാനത്തെ ആദർശവല്ക്കരിക്കുകയും സാധാരണമായ കാര്യമായി ചിത്രീകരിക്കുകയും ചെയ്യുന്നതായും കണ്ടുവരുന്നുണ്ട്. മാത്രവുമല്ല പെൺകുട്ടികളെ മയക്കുമരുന്ന് വിപണനത്തിന്റെ കാരിയേഴ്സ് ആയി ഉപയോഗിക്കുന്നുമുണ്ട്.

വിദ്യാലയങ്ങളിൽ നിന്നാണ്  പലപ്പോഴും മയക്കുമരുന്ന് ഉപയോഗത്തിന്റെ തെളിവുകൾ കിട്ടുന്നത്. ചില സംശയങ്ങളുടെ പേരിൽ അധ്യാപകർ  പിടികൂടി ചോദ്യം ചെയ്യുമ്പോഴായിരിക്കും മയക്കുമരുന്ന് ഉപയോഗം വെളിച്ചത്തുവരുന്നത്. ഇക്കാര്യം വീട്ടുകാരെ അറിയിക്കുമ്പോൾ അവർക്കൊരിക്കലും ഇത് ഉൾക്കൊള്ളാൻ കഴിയില്ല. തന്റെ മക്കൾ അങ്ങനെ ചെയ്യില്ലെന്നാണ് അവർ പറയുന്നത്. ഇത് മക്കളിലുള്ള മാതാപിതാക്കളുടെ തെറ്റായ വിശ്വാസം മാത്രമാണെന്നാണ് പല സംഭവങ്ങളും പറയുന്നത്.

ജീവിതത്തിൽ ഒന്നോരണ്ടോ തവണ ഉപയോഗിച്ചു കഴിയുമ്പോഴേയ്ക്കും പിന്നീട്, ഒരിക്കലും നോ പറയാൻ കഴിയാത്തവിധം മയക്കുമരുന്ന് കുട്ടികളിൽ സ്വാധീനം ചെലുത്തിക്കഴിഞ്ഞിരിക്കും. ഇതിന് കാരണം  അവരെ നിയന്ത്രിക്കേണ്ട തലച്ചോറിലെ മുൻഭാഗം (ളൃീിമേഹ ഹീയല) പൂർണ്ണമായും വളർച്ച പ്രാപിച്ചിട്ടില്ല എന്നതാണ്. അതുകൊണ്ടുതന്നെ സ്വയം നിയന്ത്രണവിധേയമാകാൻ ഇവർക്ക് കഴിയുന്നില്ല. ഇങ്ങനെയൊരു സാഹചര്യത്തിലാണ് നെയിൽ പോളീഷ്, റിമൂവർ, വൈറ്റ്നർ, പെയ്ന്റ് തുടങ്ങിയവ പോലും ഉപയോഗിച്ച് ലഹരിസുഖം അനുഭവിക്കാൻ ഇവർ തയ്യാറാകുന്നത്.

മക്കൾ മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണോ എന്നറിയാൻ പ്രകടമായ ചില തെളിവുകളുണ്ട്.  ചില തെളിവുകൾ ഇതിലേക്കായി നിരത്താം.

വീട്ടിൽ അടിക്കടിയുണ്ടാകുന്ന പണനഷ്ടം. നാം തുടക്കത്തിൽ കണ്ടതുപോലെയുള്ള സംഭവങ്ങളെയാണ് ഇതിലേക്കായി ഉദാഹരിക്കാവുന്നത്. പേഴ്സിൽ നിന്നും അലമാരയിൽ നിന്നും തുടർച്ചയായി പണം കാണാതെ പോകുന്നുണ്ടെങ്കിൽ മക്കളെ സംശയിക്കാവുന്നതാണ്. അവർ എന്തിനാണ് ഈ പണം ചെലവഴിക്കുന്നതെന്ന് അന്വേഷിക്കേണ്ടതുമാണ്. ഈ അന്വേഷണം മിക്കപ്പോഴും ചെന്നെത്തുന്നത് മക്കളുടെ മദ്യമയക്കുമരുന്ന് ശീലത്തിലായിരിക്കും.

കൂടുതൽ സമയം കിടന്നുറങ്ങുന്ന ശീലമാണ് മറ്റൊന്ന്. രാത്രി പെട്ടെന്ന് വീട്ടിൽ നിന്ന് ഇറങ്ങിപ്പോവുക, ഏതെങ്കിലും സമയത്ത് കയറിവരിക തുടങ്ങിയവയും ചില അപകടകരമായ സൂചനകളാണ്. ദേഷ്യം, വഴക്ക്, മാതാപിതാക്കന്മാരെ പോലും ഉപദ്രവിക്കാനുള്ള  പ്രവണത എന്നിവയും മയക്കുമരുന്നു ഉപയോഗിക്കുന്നവരിൽ കണ്ടുവരാറുണ്ട്. സ്‌കൂൾ വിദ്യാർത്ഥികളാണെങ്കിൽ ഈ ലക്ഷണങ്ങൾ മറ്റ് രീതിയിൽ കൂടി പ്രകടമാകും. പഠനത്തിലുള്ള പിന്നാക്കാവസ്ഥ, പഠിക്കാനുള്ള മടി എന്നിവ ഇതിൽ പ്രധാനപ്പെട്ടതാണ്. സ്‌കൂളിൽ പതിവായി വലിയ തുക കൊണ്ടുവരുന്നതും സൂക്ഷിക്കേണ്ടതുണ്ട്. തങ്ങളെക്കാൾ പ്രായക്കൂടുതലുള്ളവരുമായിട്ടുള്ള മക്കളുടെ സൗഹൃദവും നിരീക്ഷണ വിധേയമാക്കണം. പ്രത്യേകിച്ച്  സ്‌കൂൾ പരിസരത്തുള്ള ചില കച്ചവടക്കാരുമായുള്ള അസാധാരണമായ അടുപ്പം.

കുടുംബങ്ങളിൽ മദ്യമയക്കുമരുന്ന് ഉപയോഗിക്കുന്നവരുണ്ടെങ്കിൽ അത്തരം സ്വാധീനങ്ങളും കുട്ടികളിൽ കടന്നുവരാൻ ഇടയുണ്ട്. മക്കളെ മയക്കുമരുന്നിൽ നിന്നും മദ്യത്തിൽ നിന്നും അകറ്റിനിർത്താൻ ആഗ്രഹിക്കുന്നവരാണ് മാതാപിതാക്കളെങ്കിൽ വീട്ടിൽ ഒരിക്കലും അവർ മദ്യസദ്യ നടത്തരുത്. മദ്യത്തെയോ മയക്കുമരുന്നിനെയോ പ്രോത്സാഹിപ്പിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യുകയുമരുത്. ലഹരിവിരുദ്ധ കുടുംബമായിരിക്കണം ലഹരിവിരുദ്ധ സമൂഹത്തിന്റെ അടിസ്ഥാനം. നമ്മുടെ കുടുംബങ്ങളിൽ നിന്ന് മയക്കുമരുന്നിന്റെയും മദ്യപാനത്തിന്റെയും അരൂപികളെ നമുക്ക് പുറത്താക്കാം. അധ്യാപകർ, മാതാപിതാക്കൾ, സാമൂഹികപ്രവർത്തകർ എന്നിങ്ങനെ  ഒരു വലിയ കൂട്ടായ്മയിലൂടെ മാത്രമേ മയക്കുമരുന്നിന്റെ നീരാളിപ്പിടുത്തത്തിൽ നിന്ന് നമുക്ക് യുവജനങ്ങളെ രക്ഷിച്ചെടുക്കാൻ കഴിയൂ.

സിസ്റ്റർ ഗോൺസാഗ SABS

More like this
Related

ഒന്നു മിണ്ടാതിരിക്കാമോ?

നിസ്സാരമായ എന്തോ കാര്യത്തിന്റെ പേരിലുള്ള  വിയോജിപ്പ് വ്യക്തമാക്കിക്കൊണ്ടായിരുന്നു അവരുടെ സംസാരം ആരംഭിച്ചത്....

ആൾക്കൂട്ടത്തിൽ തനിയെയാകുന്നുണ്ടോ?

വിവാഹം, ബർത്ത്ഡേ പാർട്ടി.. ആഘോഷങ്ങൾ പലതുമാവാം. അവിടെ ക്ഷണിതാവായിട്ടാണ് ചെല്ലുന്നതെങ്കിലും ഒറ്റപ്പെട്ടുപോയതുപോലെയൊരു...

‘മരമാകുന്ന അടയ്ക്കകൾ’

'അടയ്ക്കയാണേൽ മടിയിൽ വയ്ക്കാം. അടയ്ക്കാ മരമാകുമ്പോഴോ.'  പ്രചാരത്തിലുള്ള ഒരു പഴഞ്ചൊല്ലാണ് ഇത്....

പ്രവാസികളുടെ വേദനകളും പ്രശ്നങ്ങളും

പഴയൊരു നല്ല മലയാളസിനിമയുണ്ട്. സത്യൻ അന്തിക്കാട്- ശ്രീനിവാസൻ- മോഹൻലാൽ ടീമിന്റെ വരവേല്പ്....
error: Content is protected !!