വിജയം ശാശ്വതമല്ല

Date:

spot_img

വിജയം ചിലരെ സംബന്ധിച്ച് പെട്ടെന്ന് സംഭവിക്കുന്നതാകാം. മറ്റ് ചിലപ്പോൾ  ഏറെ നാളെത്തെ അദ്ധ്വാനത്തിനും ശ്രമത്തിനും ശേഷം സംഭവിക്കുന്നതാകാം. അതെന്തായാലും, വിജയിച്ചുകഴിയുമ്പോൾ പ്രത്യേകിച്ച് അത്യത്ഭുതകരവും അവിശ്വസനീയവുമായ വിജയം നേടിക്കഴിയുമ്പോൾ എല്ലാവരും ആഗ്രഹിക്കുന്നത് വിജയം ആ
വർത്തിക്കണമെന്നും വിജയം സുനിശ്ചിതമായി നിലനിർത്തിക്കൊണ്ടുപോകണം എന്നുമാണ്.  പിന്നീടൊരിക്കലും പിന്നിലേക്ക് പോകാൻ അവരാഗ്രഹിക്കുന്നില്ല.പക്ഷേ ഇതെത്രത്തോളം സാധ്യമാണ്.  എത്രകാലം അജയ്യനായി നമുക്ക് നിലനിന്നുപോകാൻ കഴിയും?

തമിഴ് ചലച്ചിത്രസംഗീത മേഖലയിലെ പുതിയ താരത്തിളക്കമായ അനിരുദ്ധ് രവിചന്ദറെയും  സാക്ഷാൽ എ.ആർ. റഹ്മാനെയും തമ്മിൽ താരതമ്യപ്പെടുത്തിയുള്ള ഒരു വിവരണം ഇക്കാര്യം നമുക്ക് വ്യക്തമാക്കിത്തരും. സംഗീതചക്രവർത്തിയായി വിരാജിച്ചിരുന്ന ഇളയരാജയുടെ സിംഹാസനത്തിന് ഇളക്കം  സൃഷ്ടിച്ചുകൊണ്ടാണ് മുക്കാബല പാടി എ.ആർ. റഹ്മാൻ എന്ന പുതിയ സംഗീതത്തിളക്കം കടന്നുവന്നത്. പ്രതിഭാധനനായിരുന്നിട്ടും അനേകം മനോഹര ഈണങ്ങൾ കൊണ്ട് സംഗീതപ്രേമികളെ വിസ്മയിപ്പിച്ചവനായിരുന്നിട്ടും റഹ്മാൻ തരംഗത്തിൽ ഇളയരാജയ്ക്ക് ചുവടുകൾ തെറ്റിയെന്നത് ചരിത്രം. സമീപകാല തമിഴ്സിനിമയിൽ നിറഞ്ഞുനിന്നിരുന്ന റഹ്മാന് ഇപ്പോൾ ഇളക്കം തട്ടിയിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ വാർത്ത. അതിന് കാരണക്കാരനായിമാറിയതാവട്ടെ  അനിരുദ്ധ് രവിചന്ദർ എന്ന സംഗീതസംവിധായകനും. ഇങ്ങനെ പേരു പറഞ്ഞാൽ ഒരുപക്ഷേ ആളുകൾക്ക് പെട്ടെന്ന് മനസ്സിലാവണമെന്നില്ല. പക്ഷേ വൈദിസ് കൊലവെറി… കൊലവെറിയെന്നും ഏറ്റവും പുതിയ ഗാനമായ കാവാലയയെന്നും പറയുമ്പോൾ ആളെ പിടികിട്ടുകയും ചെയ്യും. ഈ ഹിറ്റ് ഗാനങ്ങളുടെ സ്രഷ്ടാവാണ് 32 കാരനായ അനിരുദ്ധ്. ഇന്ത്യൻ സിനിമയിൽ സംഗീതത്തിന് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന വ്യക്തി. ഒന്നും രണ്ടും കോടിയല്ല പത്തുകോടിയാണ് നിലവിൽ അനിരുദ്ധിന്റെ പ്രതിഫലം.  എ. ആർ. റഹ്മാന്  ഇതുവരെ എട്ടുകോടി രൂപയായിരുന്നു പ്രതിഫലം. അനിരുദ്ധ് പത്തുകോടിയാക്കിയതോടെയാണ് റഹ്മാന്റെ സാമ്രാജ്യത്തിന് വിള്ളൽ വീണിരിക്കുന്നതായി അനിരുദ്ധ് ആരാധകർ അവകാശപ്പെടുന്നത്. തോറ്റുകൊടുക്കാനും പിന്തള്ളപ്പെട്ടുപോകാതിരിക്കാനുമായി റഹ്മാനും ഇപ്പോൾ പത്തുകോടിയായി പ്രതിഫലം വർദ്ധിപ്പിച്ചിട്ടുണ്ട്.
 ഇനി തമിഴ് സിനിമാ സംഗീതലോകം ആകാംക്ഷയോടെ നോക്കുന്നത് ഇവരിലാര് ജയിക്കും തോല്ക്കും എന്നാണ്. റഹ്മാൻ തരംഗം പെട്ടെന്ന് അവസാനിക്കുമെന്ന് വിധിയെഴുതാനാവില്ലെങ്കിലും കാലം നടപ്പിലാക്കുന്ന നീതിയനുസരിച്ച് ഇനി ചിലപ്പോൾ അനിരുദ്ധിന്റെ ഊഴം തന്നെയാവാം. ഒന്നിന് പുറകെ ഒന്നായി ഹിറ്റുകൾ മാത്രമാണ് അനിരുദ്ധ് സമ്മാനിച്ചുകൊണ്ടിരിക്കുന്നതും. അതും യൂത്തിന്റെ പൾസ് അറിഞ്ഞുകൊണ്ടുള്ള ഗാനങ്ങൾ. ഇതിനിടയിൽ റഹ്മാന് പുതിയ തരംഗം സൃഷ്ടിക്കാൻ കഴിയുമോ, പിടിച്ചുനില്ക്കാനും മുമ്പിൽ കയറാനും കഴിയുമോയെന്ന് കണ്ടറിയണം. പക്ഷേ ഈ മത്സരത്തിൽ നിന്ന് നാം മനസ്സിലാക്കുന്ന ഒരു കാര്യം ഇതാണ്. വിജയം ശാശ്വതമല്ല.

ഒരാളെ നാം ഇന്ന് തോല്പിക്കുന്നുണ്ടെങ്കിൽ നാളെ മറ്റൊരാൾ നമ്മെ തോല്പിക്കാനുണ്ടാവും. എന്നും വിജയിച്ചവനായി, വിജയം സ്ഥിരമായികാത്തുസൂക്ഷിക്കുന്നവനായി ഇവിടെ ആരുമുണ്ടാവില്ല. അതുകൊണ്ട് വിജയിച്ചതിന് ശേഷം പരാജയപ്പെടാൻ അല്ലെങ്കിൽ പിന്തള്ളപ്പെടാൻ കൂടി മനസ്സിനെ ഒരുക്കേണ്ടതുണ്ട്.എങ്കിൽ മാത്രമേ വിജയത്തിൽ പരിധിയിൽ കൂടുതലായി അഹങ്കരിക്കാതിരിക്കാനും പരാജയത്തിൽ അമിതമായി നിരാശരാകാതിരിക്കാനും സാധിക്കുകയുള്ളൂ.

ക്രിയേറ്റീവായി പ്രവർത്തിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം അയാൾക്ക് കയറാൻ ഒരു കൊടുമുടിക്കാലമുണ്ട്. പീക്ക് ടൈം. അതിന് ശേഷം അയാളുടെ കാലം അവസാനിക്കും. ഇക്കാര്യം മനസ്സിലാക്കിക്കഴിഞ്ഞാൽ തന്നെ നമുക്ക് പാതി സമാധാനമാവും. പ്രസക്തി നഷ്ടപ്പെടുന്നില്ലെങ്കിലും പഴയതുപോലെ വിജയം ആവർത്തിക്കാൻ അയാൾക്ക് കഴിയാതെയാവും. അതുകൊണ്ട് അയാൾക്ക് പകരം മറ്റൊരാൾ പ്രത്യക്ഷപ്പെടും. അയാൾ ആദ്യത്തെയാളെ അതിശയിപ്പിക്കും. ഇത് ഇങ്ങനെ തുടർന്നുകൊണ്ടേയിരിക്കും. വിജയം ശാശ്വതമല്ലെന്നും എന്റെ പിന്നാലെ വരുന്നവന്റെ ചെരുപ്പിന്റെ വാറഴിക്കാൻ പോലും തനിക്ക് കഴിവില്ലെന്നുമുള്ള തിരിച്ചറിവോടെ മുന്നോട്ടുപോകുക.

More like this
Related

തോൽക്കാൻ തയ്യാറാവുക

എന്തൊരു വർത്തമാനമാണ് ഇത്? ജയിക്കാൻ ശ്രമിക്കുക എന്ന് എല്ലാവരും പറയുമ്പോൾ തോൽക്കാൻ...

അവസരങ്ങളെ തേടിപ്പിടിക്കുക

കേട്ടുപരിചയിച്ച ഒരു കഥ ഓർമ വരുന്നു. ഒരിക്കൽ ഒരു ഗുരുവും ശിഷ്യനും...

വിജയമാണ് ലക്ഷ്യമെങ്കിൽ…

വിജയം ഒരു യാത്രയാണ്. അതൊരിക്കലും  അവസാനമല്ല.  തുടർന്നുകൊണ്ടിരിക്കുന്ന പ്രക്രിയയാണ്. വിജയിക്കാൻ വേണ്ടിയുള്ള...

‘പരാജയപ്പെട്ടവൻ’

'പരാജയപ്പെട്ടവനാണ് ഞാൻ.പരാജയത്തിൽ നിന്ന് തുടങ്ങിയതാണ് ഞാൻ.'  ഫഹദ് ഫാസിൽ എന്ന പുതിയകാലത്തെ...
error: Content is protected !!