NOയിൽ ചിലപ്പോൾ ചില നേരങ്ങളിൽ ജീവിതം വഴിമുട്ടി നിന്നുപോയിട്ടുള്ളവരാകാം നമ്മളിൽ ചിലരെങ്കിലും. അർഹതയുണ്ടായിട്ടും നിഷേധിക്കപ്പെട്ടുപോയ അംഗീകാരങ്ങൾ, സഹായം ചോദിച്ചിട്ടും തിരസ്‌ക്കരിക്കപ്പെട്ട വേളകൾ, സ്നേഹത്തോടെ മുമ്പിലെത്തിയിട്ടും കൊട്ടിയടയ്ക്കപ്പെട്ട വാതിലുകൾ. എല്ലായിടത്തും നമുക്ക് കിട്ടിയത് ഒരു മറുപടിയായിരുന്നു.
NO..
നിനക്ക് എന്റെ സ്നേഹമില്ല..
നിനക്ക് ഇവിടെ അവസരങ്ങളില്ല..
നിന്നെ അംഗീകരിക്കാനാവില്ല.
നീ വേണ്ട..
നിനക്ക് ഇത് വേണ്ട..
അങ്ങനെയാണ് NO ജീവിതത്തിലെ ഇരുണ്ട വാക്കായി മാറിയത്. NOയ്ക്കും YESനെും ഇടയിലുള്ള ഒരു ചുരുങ്ങിയ കാലയളവാണ് ജീവിതം. ജീവിതം തടഞ്ഞുനില്ക്കുന്നതും മുന്നോട്ടുപോകുന്നതും ഈ രണ്ടുവാക്കുകൾ കൊണ്ടാണെന്ന് കരുതുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല. എന്നിട്ടും ഈ വാക്കുകളോടുളള നമ്മുടെ പ്രതികരണം വ്യത്യസ്തമാണ്. എല്ലാറ്റിനോടും NO പറയണോ? എല്ലാറ്റിനോടും YES പറയണോ?
എല്ലാം നല്ലതാകുമ്പോഴും ചിലതിനോടൊക്കെ NO പറയണം. എല്ലാം അത്ര നല്ലതല്ലാതിരിക്കുമ്പോഴും ചിലതിനോടൊക്കെ YES പറയണം. NO യ്ക്കുംYES നും നമ്മൾ കൊടുക്കുന്ന അർത്ഥമാണ് അതിന്റെ വില നിശ്ചയിക്കുന്നത്. ഏതൊക്കെ അവസരങ്ങളിലാണ് ഇവ പ്രയോഗിക്കേണ്ടതെന്നത് വ്യക്തിപരമായ നമ്മുടെ തീരുമാനമാണ്.
പറയാനുള്ളത് ഇത്രയുമേയുള്ളൂ. NO അത്ര മോശം വാക്കൊന്നുമല്ല. സാഹചര്യമാണ് അതിലെ ശരിയും തെറ്റും നിശ്ചയിക്കുന്നത്. NO പറയേണ്ട അവസരങ്ങളിൽ കൃത്യമായി NO പറയുക. ആരെയെങ്കിലും പ്രീതിപ്പെടുത്താനോ ആരെയും വേദനിപ്പിക്കാതിരിക്കാനോ NO പറയാതിരിക്കേണ്ടതില്ല. NO പറയുക നിന്റെ ഉത്തരവാദിത്തമാണ്. നിന്റെ അവകാശവും. YES പറഞ്ഞതുകൊണ്ട് എല്ലാം ശരിയാവണമെന്നുമില്ല. ചെറുപ്പം മുതല്ക്കേ എല്ലാം അനുസരിച്ചുകാട്ടുന്ന കുട്ടികളോട് ഇനിമുതൽ ചില സാഹചര്യങ്ങളിൽ NO പറയാനുംകൂടിയുള്ള പരിശീലനവും അതെവിടെ എങ്ങനെ പറയണമെന്നുകൂടി നമ്മൾ പറഞ്ഞുകൊടുക്കേണ്ടതായിട്ടുണ്ട്.
NOയും YESഉം ചേർന്നുകിടക്കുന്ന ഈ വഴിയിൽ ഏതായിരിക്കും നീ തിരഞ്ഞെടുക്കുക? ഏത് തിരഞ്ഞെടുത്താലും അത് നിന്റെ ഭാവിയുടെ തീരുമാനം കൂടിയായിരിക്കുമെന്ന് മറക്കാതിരിക്കുക.
ആശംസകളോടെ
വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്