സ്‌നേഹം പ്രകടിപ്പിക്കൂ, മക്കൾ നല്ലവരാകട്ടെ..

Date:

spot_img

മക്കളുടെ സന്തോഷം ആഗ്രഹിക്കാത്ത മാതാപിതാക്കൾ ആരെങ്കിലും ഉണ്ടാവുമോ? സത്യത്തിൽ മാതാപിതാക്കളുടെ കഷ്ടപ്പാടും അധ്വാനവും അലച്ചിലുമെല്ലാം മക്കൾ സന്തോഷിച്ചുകാണാൻ വേണ്ടിയാണ്. പല മാതാപിതാക്കളുടെയും ചിന്ത മക്കൾക്ക് അവർ ചോദിക്കുന്നതെല്ലാം മേടിച്ചുകൊടുത്താൽ, നല്ല ഭക്ഷണവും വസ്ത്രവും മുതൽ മൊബൈലും മറ്റ് ജീവിതസൗകര്യങ്ങളും പണവും വരെ നല്കിയാൽ മക്കൾക്ക് സന്തോഷമാവുമെന്നും അവർ സന്തോഷത്തോടെ ജീവിക്കുമെന്നുമാണ്. ഇങ്ങനെ മക്കളെ സന്തോഷിപ്പിക്കാൻ വേണ്ടി നെട്ടോട്ടം ഓടുന്ന മാതാപിതാക്കൾ ഒരു കാര്യം മറന്നുപോകുന്നു. ഏറ്റവും പ്രധാനപ്പെട്ടതും വിലപിടിപ്പുള്ളതും എന്നാൽ നയാപ്പൈസ ചെലവില്ലാത്തതുമായ ഒന്ന് മക്കൾക്ക് നല്കാതെയും അനുഭവിക്കാൻ അവർക്ക് അവസരം കൊടുക്കാതെയുമാണ് തങ്ങൾ മറ്റുള്ളതെല്ലാം ചെയ്യുന്നതെന്ന്. എന്താണ് ഇത് എ ന്നല്ലേ?

മാതാപിതാക്കളുടെ സ്നേഹപ്രകടനങ്ങൾ. അതിനോളം വരില്ല മറ്റൊന്നും. പണം കൊടുത്ത് സാധനങ്ങൾ വാങ്ങി മക്കളെ തൃപ്തിപ്പെടുത്താനുംസന്തുഷ്ടരാക്കാനും ശ്രമിക്കുന്ന മാതാപിതാക്കൾ ഇക്കാര്യം മറന്നുപോകുന്നു. ഒരു സാധനം കിട്ടിക്കഴിഞ്ഞ്  മറ്റൊരു സാധനത്തിന് വേണ്ടി കൈനീട്ടുന്നതോടെ ആദ്യത്തെ സന്തോഷം അപ്രത്യക്ഷമാകുന്നു. രണ്ടാമത്തെ സന്തോഷം അനുഭവിക്കണമെങ്കിൽ ആഗ്രഹിച്ചത് അവർക്ക് കിട്ടിയിരിക്കണം. മക്കളുടെ പിണക്കം മാറ്റാനും ചിരികാണാനും മാതാപിതാക്കൾ അവയും വാങ്ങികൊടുക്കുന്നു.  തങ്ങളുടെ കൈവശമുള്ളത് പങ്കുവച്ച് മക്കൾക്ക് നല്കാതെ തുരുമ്പെടുത്ത് സമ്പാദ്യം നശിപ്പിച്ചുകളയുന്ന മാതാപിതാക്കളെയാണ് ഇവിടെ കാണാൻ കഴിയുന്നത്.

കുട്ടികളെ സന്തുഷ്ടരും അവരെ ഭാവിജീവിതത്തിൽ മികച്ചവരുമാക്കി മാറ്റാൻ മാതാപിതാക്കൾ സ്നേഹം പ്രകടിപ്പിക്കുന്നവരായി മാറുക. നന്നേ ചെറുപ്രായം മുതൽ തന്നെ മാതാപിതാക്കളിൽ നിന്ന് സ്നേഹം അനുഭവിച്ചുവളരുന്ന മക്കളുടെ ഭാവി ശുഭകരമായിരിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. മാതാപിതാക്കളുടെ ആലിംഗനവും ചുംബനവും സ്പർശനവും മക്കൾക്ക് നല്കുന്ന ആശ്വാസവും സന്തോഷവും നിസ്സാരമല്ല. ചെറുപ്രായം മുതൽ തന്നെ മക്കളും മാതാപിതാക്കളും തമ്മിൽ സ്നേഹപ്രകടനങ്ങളുടെ ഒരു ഉടമ്പടി സ്ഥാപിക്കുക. ഇത് ഉയർന്ന തോതിലുള്ള ആത്മാഭിമാനത്തിനും പഠനകാര്യങ്ങളിലുള്ള മികവിനും വഴിയൊരുക്കും.

മാതാപിതാക്കളും മക്കളുംതമ്മിലുളള ആശയവിനിമയം സുദൃഢമാകും. മാതാപിതാക്കളിൽ നിന്ന് സ്നേഹപ്രകടനങ്ങൾ അനുഭവിക്കാതെ വളർന്നുവരുന്ന കുട്ടികളുമായി താരതമ്യം നടത്തിയാൽ ഈ കുട്ടികൾക്ക് പൊതുവെ മാനസികാരോഗ്യപ്രശ്നങ്ങൾ വളരെ കുറവായിരിക്കും. മാതാപിതാക്കളുടെ സ്നേഹം അനുഭവിക്കാതെ വളർന്നുവരുന്ന കുട്ടികളിൽ കുറഞ്ഞ ആത്മാഭിമാനം, അക്രമപ്രവണത, സാമൂഹിക വിരുദ്ധത, അരക്ഷിതാവസ്ഥ തുടങ്ങിയവ കൂടുതലായി കണ്ടുവരുന്നു.

ചെറുപ്രായത്തിൽത്തന്നെ സ്നേഹപ്രകടനങ്ങളിലൂടെ മക്കളുടെ ഹൃദയത്തിൽ ഇടം കണ്ടെത്തുന്ന
മാതാപിതാക്കൾ മക്കളുടെ ഭാവിജീവിതത്തിലേക്കുള്ള നിക്ഷേപം കൂട്ടിവ്യ്ക്കുകയാണ് ചെയ്യുന്നത്.  വലിയ വിജയങ്ങൾ നേടുന്ന ഭൂരിപക്ഷം മക്കളുടെയുംജീവിതത്തിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത് മാതാപിതാക്കളുടെ സ്നേഹപൂർവ്വമായ ഇടപെടലുകളും തലോടലുകളുംസ്പർശനങ്ങളും അനുഭവിച്ചാണ്അവർ  വളർന്നുവന്നത് എന്നാണ്. മാതാപിതാക്കളുടെ വാത്സല്യം അനുഭവിച്ചത് ജീവിതത്തിലെ വിജയങ്ങൾക്കും സന്തോഷങ്ങൾക്കും കാരണമായി അവർതന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. വാത്സല്യനിധികളായ മാതാപിതാക്കളുടെ മക്കളായി വളർന്നുവരുന്നവരിലും അത്തരം വാത്സല്യങ്ങൾ നിഷേധിക്കപ്പെടുന്ന മക്കളിലും രണ്ടു രീതിയിലുള്ള പ്രതികരണങ്ങളാണ് ഉണ്ടാകുന്നതെന്ന് ഒരു പഠനം വ്യക്തമാക്കുന്നു. കുട്ടിക്കാലത്ത് വാത്സല്യം
അനുഭവിച്ചുവളർന്ന മക്കളെയും അത് നിഷേധിക്കപ്പെട്ട കുട്ടികളുമായിരുന്നു ആദ്യനിരയിലുള്ളപഠ
നത്തിന് വിധേയരായത്. മുപ്പതു വർഷങ്ങൾക്ക് ശേഷം ഈ ഗ്രൂപ്പിനെ വീണ്ടും പഠനവിധേയമാക്കുകയുണ്ടായി.

അപ്പോൾ ഇരുകൂട്ടരുടെയും ജീവിതസമീപനങ്ങളിലും ജീവിതവിജയത്തിലും ഉണ്ടായ മാറ്റം അമ്പരപ്പിക്കുന്ന വിധത്തിലായിരുന്നു. വാത്സല്യം അനുഭവിച്ചുവളർന്ന കുട്ടികൾ മുതിർന്നപ്പോഴും ഉത്കണ്ഠാരഹിത ജീവിതം നയിച്ചവരും മികച്ച വിജയങ്ങൾ കരസ്ഥമാക്കിയവരുമായിരുന്നു. മറ്റേ വിഭാഗമാകട്ടെ അതിരുകടന്ന സമ്മർദ്ദങ്ങൾക്കും ടെൻഷനും അടിപ്പെട്ട് ജീവിക്കുന്നവരും ആത്മവിശ്വാസമില്ലാത്തവരുമായിരുന്നു. 
മനശ്ശാസ്ത്രജ്ഞരുടെ അഭിപ്രായപ്രകാരം പത്തു ശതമാനം അമ്മമാർ വളരെ കുറഞ്ഞ തോതിൽ വാത്സല്യം പ്രകടിപ്പിക്കുന്നവരാണ്. 85 ശതമാനമാകട്ടെ സാധാരണപോലെ സ്നേഹപ്രകടനങ്ങൾ നടത്തുന്നവരാണ്. വെറും അഞ്ചു ശതമാനം മാത്രമാണ് ഉയർന്ന തോതിൽ വാത്സല്യം പ്രകടിപ്പിക്കുന്നത്. മനോജന്യമായ ചില രോഗങ്ങൾ  ഉള്ളവരിൽ ഭൂരിപക്ഷവും കുട്ടിക്കാലത്ത് സ്നേഹം അനുഭവിക്കാതെ വളർന്നുവന്നവരാണ്. ഒരു വ്യക്തി സ്നേ
ഹിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുമ്പോൾ അയാളിൽ നിന്ന് ഓക്സിടോസിൻ എന്ന ഹോർമോൺ പുറപ്പെടുന്നുണ്ട്. ഇതാണ് മാതാപിതാക്കൾക്കും മക്കൾക്കും ഇടയിൽ ഹൃദ്യമായ ബ ന്ധം രൂപപ്പെടാൻ ഇടയാക്കുന്നത്. ഇരുവർക്കുമിടയിൽ സ്നേഹത്തിന്റെ പാലം ഇതുവഴി പണിയപ്പെടുന്നു. പരസ്പരമുള്ള വിശ്വാസം ദൃഢപ്പെടുന്നു.

മാതാപിതാക്കളിൽ നിന്ന് സ്നേഹം അനുഭവിച്ചുവളരുന്ന മക്കളിൽ ഓക്സിടോസിൻ ഹോർമോൺ കൂടുതലായി ഉല്പാദിപ്പിക്കപ്പെടുകയും അത് അവരിൽ  പോസിറ്റീവ് പ്രതികരണങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. വ്യവസ്ഥകളില്ലാത്തതും സീമാതീതവുമായ സ്നേഹം കുട്ടികളെ വൈകാരികമായി സന്തുഷ്ടരാക്കുന്നു. അവരുടെ സമ്മർദ്ദങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു.

കുട്ടിക്കാലത്ത് മാതാപിതാക്കളിൽ നിന്നുണ്ടാകുന്ന അവഗണനയും സ്നേഹരാഹിത്യവും കുട്ടികളെ  മാനസികവും ശാരീരികവുമായി ദോഷകരമായി ബാധിക്കും. ഇത് അവരുടെ പില്ക്കാലജീവിതത്തിലുടനീളം നീണ്ടുനില്ക്കുകയും ചെയ്യും അതുകൊണ്ട് നമ്മുടെകുട്ടികളെ മാനസികാരോഗ്യമുള്ളവ രായി വളർത്താനാണ് ആഗ്രഹിക്കുന്നതെങ്കിൽ അവരെ സ്നേഹിക്കുക, അവരെ കെട്ടിപ്പിടിക്കുക, ഉമ്മ കൊടുക്കുക, പറ്റുന്നത്ര സമയം അവരുമായി ചേർന്നിരിക്കുക. 

മാതാപിതാക്കളുടെ സ്നേഹാലിംഗനങ്ങൾക്ക് നല്കാൻ കഴിയുന്നത്ര സുരക്ഷിതത്വവും സന്തോഷവും മറ്റൊന്നിനും  മക്കൾക്ക് നല്കാനാവില്ലെന്ന് മനസ്സിലാക്കുക.

More like this
Related

ആഹാ…പ്രായമായോ..!

അയ്യോ കഷ്ടം.. പ്രായമായല്ലോ... ഇങ്ങനെ പറഞ്ഞിരുന്നത് മുൻപ്. ആഹാ... പ്രായമായല്ലോ എന്ന്...

LIFE IS GOOD

'ഞാൻ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. എന്താണ് നിന്റെ അഭിപ്രായം?'സുഹൃത്തിന്റെ ആ ചോദ്യത്തിന്...

സ്‌നേഹിക്കുന്നവർക്ക് നല്‌കേണ്ടത്…

എന്തു ഞാൻ പകരം നല്കും? സ്‌നേഹത്തെക്കുറിച്ചുള്ള സന്ദേഹങ്ങൾക്കിടയിൽ പലരുടെയും മനസ്സിൽ ഉയരുന്ന...

എങ്ങനെയാണ് സ്‌നേഹിക്കേണ്ടത്?

ദയ, അനുകമ്പ, സന്തോഷം,സമചിത്തത..  എങ്ങനെയാണ് സ്‌നേഹിക്കപ്പെടേണ്ടത് എന്നതിനു ള്ള ഏറ്റവും ഹ്രസ്വമായ...
error: Content is protected !!