മക്കളുടെ ഭാവിജീവിതം വിജയിപ്പിക്കാം

Date:

spot_img

ലോകത്തിലെ ഏറ്റവുംവിഷമം പിടിച്ച ജോലിയാണ് പേരന്റിംങ്. എങ്ങനെ നല്ല മാതാപിതാക്കളാകാം, മക്കളുടെ ജീവിതം മെച്ചപ്പെട്ടതാക്കാം എന്നിങ്ങനെയുളള കാര്യങ്ങളെക്കുറിച്ച  ഔപചാരികമായ വിദ്യാഭ്യാസമോ കോഴ്‌സുകളോ ഇല്ല എന്നതാണ്  ഈ ജോലി നല്ലരീതിയിൽ ചെയ്തുപൂർത്തിയാക്കുന്നതിലെ വെല്ലുവിളി. 
എന്നാൽ മനസ്സ് വച്ചാൽ മാതാപിതാക്കൾക്ക് മക്കളുടെ ഭാവി ഭാസുരമാക്കാൻ കഴിയും. ബോധ പൂർവ്വമായ ചില ശ്രമങ്ങൾ നടത്തുകയും  നന്നേ ചെറുപ്രായം മുതൽതന്നെ മക്കളെ ആ രീതിയിൽ വളർത്തിയെടുക്കാൻ കഴിയുകയും ചെയ്താൽ പേര ന്റിംങ് സുഗമമായ ഒരു പ്രക്രിയയായി മാറും. മക്കളുടെ ഭാവിജീവിതം മെച്ചപ്പെടുത്താൻ മാതാപിതാക്കൾ ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്:

കൊച്ചുകുട്ടികളുടെ സംസാരത്തെ പ്രോത്സാഹിപ്പിക്കുക

അവ്യക്തമായ സ്വരത്തിലും കൃത്യതയില്ലാതെയും അർത്ഥരഹിതമെന്ന് തോന്നുന്ന വിധത്തിലുമാണ് എല്ലാ കുട്ടികളും സംസാരിച്ചുതുടങ്ങുന്നത്. ചില ശബ്ദങ്ങൾ, ചില ആംഗ്യങ്ങൾ ഇതൊക്കെയാവാം കുഞ്ഞുങ്ങളുടെ ആദ്യ സംസാരങ്ങൾ. പക്ഷേ ഇവയെ സംസാരമായി പല മാതാപിതാക്കളും കണക്കാക്കാറില്ല. ആശയവിനിമയത്തിന്റെ രൂപം തന്നെയാണ് കുഞ്ഞുങ്ങളുടെ ഈ ശബ്ദങ്ങൾ. അതുകൊണ്ട് കുഞ്ഞുങ്ങളെ ഇത്തരത്തിലുള്ള സംസാരത്തെ പ്രോത്സാഹിപ്പിക്കുക. യഥാർത്ഥ സംഭാഷണമായി  കണക്കാക്കുക. കുഞ്ഞുങ്ങൾ പുറപ്പെടുവിക്കുന്ന ഈ ശബ്ദങ്ങളോടും സൂചനകളോടും മാതാപിതാക്കൾ പ്രതികരിക്കുക.

ദിവസം മുഴുവൻ അവരുമായി ഇടപഴകാനും ശ്രദ്ധിക്കണം. രണ്ടു വയസുമുതൽ കുട്ടി പറഞ്ഞുതുടങ്ങുന്ന വാക്കുകളുടെ എണ്ണമാണ് പിന്നീട് കുട്ടിയുടെ വായനാ നിലവാരം നിർണ്ണയിക്കുന്നത്. അതുകൊണ്ടുതന്നെ കുട്ടികൾ പറഞ്ഞുതുടങ്ങുന്ന ഓരോ വാക്കുകളെയും മാതാപിതാക്കൾ പ്രോത്സാഹിപ്പിക്കുകയും ആ വാക്കുകളെ ഗൗരവത്തിലെടുക്കുകയും ചെയ്യുന്നത് കുട്ടികളിലെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും പദസമ്പത്ത് വർദ്ധിപ്പിക്കാനും സഹായിക്കും.

ഭാഷയും  അറിവും  വളർത്താനുള്ള പരിശീലനം  നല്കുക

ചില കുട്ടികൾ വൈകി മാത്രം സംസാരിച്ചുതുടങ്ങുന്നവരായിരിക്കും. സംസാരിക്കുന്നില്ല എന്ന് കരുതി അവർക്ക് കാര്യങ്ങൾ മനസ്സിലാവുന്നില്ല എന്ന് കരുതരുത്. കുട്ടികൾ നന്നേ ചെറുപ്രായം മുതൽ തന്നെ പഠിക്കാൻ സന്നദ്ധരാണ്. വെറും മൂന്ന് മാസം പ്രായമുള്ളപ്പോൾ പോലും ലോകത്തിലെ എല്ലാ ഭാഷകളിലും ഉപയോഗിക്കുന്ന ശബ്ദങ്ങളും വാക്കുകളും വേർതിരിച്ചെടുക്കാൻ അവർക്ക് കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്. അതുകൊണ്ട് കുഞ്ഞുങ്ങൾക്ക് വായിച്ചുകൊടുക്കുക. അതുവഴി അവരുടെ ഭാഷാ വൈദഗ്ധ്യം വളർത്തിയെടുക്കുക. പുസ്തകങ്ങളിലെ ചിത്രങ്ങൾ കാണിച്ചുകൊടുത്ത് കഥയെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചും പറഞ്ഞുകൊടുക്കുകയും ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുക. കാണുന്ന ചിത്രത്തെക്കുറിച്ച് ലളിതവും നിസ്സാരവുമായ ചോദ്യങ്ങൾ ചോദിക്കുക. ഇതിലൂടെ പുതിയ അറിവുകൾ കുട്ടികൾക്ക് ലഭിക്കുകയും അവരുടെ ഭാഷാപരിജ്ഞാനം വർദ്ധിക്കുകയും ചെയ്യും. വായനയോട് ഇഷ്ടമാകുകയും ചെയ്യും.

അനുദിന ജീവിതസംഭവങ്ങൾ പഠിക്കാനുള്ള  അവസരങ്ങളായി  മാറ്റുക

കുഞ്ഞുങ്ങളെ സംബന്ധിച്ചിടത്തോളം ഓരോ അനുഭവവവും ഓരോ പാഠങ്ങളാണ്, ഓരോ വിസ്മയങ്ങളാണ്. കുളിക്കുന്നതും  ഭക്ഷണം  കഴിക്കുന്നതും കളിക്കുന്നതുമെല്ലാം വ്യത്യസ്തമായ അനുഭവങ്ങളാണ്. മാതാപിതാക്കൾ ചെയ്യുന്ന പല ജോലി കളും മക്കൾ കണ്ടുപഠിക്കുന്നതിലൂടെ അവരുടെ ചിന്തയിൽ പലകാര്യങ്ങളും കൂടുകൂട്ടുന്നുണ്ട്. അതുപോലെതന്നെ വ്യത്യസ്തവികാരങ്ങളുമായും അവർ പരിചയത്തിലാകുന്നു. ഇതിലൂടെയെല്ലാം ഒരേ സമയം ബുദ്ധിപരമായും വൈകാരികമായും പലതും മക്കൾ പഠിച്ചെടുക്കുന്നു. വൈകാരിക ബൗദ്ധിക മേഖലകളെ ഇതുവഴി വളർത്തിയെടുക്കാനാവും. അതുകൊണ്ട് ഇത്തരം അറിവുകൾ നല്കാൻ കഴിയുന്ന സാഹചര്യങ്ങളെ മാതാപിതാക്കൾ ഫലപ്രദമായി വിനിയോഗിക്കുക.

കളിയെ ഗൗരവമായി കണക്കാക്കുക

കൊച്ചുകുട്ടികൾ ഏതുനേരവും കളിക്കാൻ ഇഷ്ട പ്പെടുന്നവരാണ്. ഈ കളിയിലൂടെ അവർ പല പാഠങ്ങളും പഠിക്കുന്നുണ്ട്. ജയിക്കാനും തോല്ക്കാനും പങ്കിടാനുമൊക്കെയുള്ള പാഠങ്ങൾ അവർ  പഠിച്ചെടുക്കുന്നു. ഭാവനയുടെ ലോകത്തിൽ കൂടുതൽ സ്വതന്ത്രമായി വിഹരിക്കുവാൻ അവർക്ക് സാധിക്കുന്നത് കളിയിലൂടെയാണ്.അതുകൊണ്ട് കുട്ടികളുടെ കളികളെ ഗൗരവത്തിലെടുക്കുക. കുട്ടികളുമായി കളിക്കാനും സമയം കണ്ടെത്തുക. തങ്ങൾ പരിഗണിക്കപ്പെടുന്നുവെന്ന് മക്കൾക്ക് തോന്നുകയും വേണം.

മാതൃകകളായി പെരുമാറുക

കുഞ്ഞുങ്ങൾ എങ്ങനെ വളരണമെന്നും ജീവിക്കണമെന്നുമാണോ നിങ്ങളാഗ്രഹിക്കുന്നത് അതു
പോലെ അവർക്ക് മുമ്പിൽ പെരുമാറുക എന്നതാണ്ഏറ്റവും പ്രധാനം. കുഞ്ഞുങ്ങൾ പ്രതിഭകളാണ്. അതുപോലെതന്നെ അവർ നല്ല മിമിക്രി ആർട്ടിസ്റ്റുകളുമാണ്. മാതാപിതാക്കൾ ചെയ്യുന്നതെല്ലാം അനുകരിക്കാൻ അവർക്ക് സഹജമായ പ്രവണതയുണ്ട്. നിങ്ങളുടെ ചെയ്തികൾ, പെരുമാറ്റങ്ങൾ, മറ്റുള്ളവരുമായുള്ള ഇടപെടലുകൾ എല്ലാം കുഞ്ഞുങ്ങൾ നിരീക്ഷണവിധേയമാക്കുന്നുണ്ട്. അവരത് ഒപ്പിയെടുക്കുന്നുമുണ്ട്. മക്കളെ നല്ല പെരുമാറ്റ ശീലങ്ങളുള്ളവരായി വളർത്തണമെന്നാണ് ആഗ്രഹമെങ്കിൽ അവരുടെ മുമ്പിൽ നല്ലതുപോലെ ജീവിക്കുക. മക്കൾ എങ്ങനെ പെരുമാറണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ അതുപോലെ അവരുടെ മുമ്പിൽ പെരുമാറുക.

More like this
Related

ആഹാ…പ്രായമായോ..!

അയ്യോ കഷ്ടം.. പ്രായമായല്ലോ... ഇങ്ങനെ പറഞ്ഞിരുന്നത് മുൻപ്. ആഹാ... പ്രായമായല്ലോ എന്ന്...

LIFE IS GOOD

'ഞാൻ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. എന്താണ് നിന്റെ അഭിപ്രായം?'സുഹൃത്തിന്റെ ആ ചോദ്യത്തിന്...

സ്‌നേഹിക്കുന്നവർക്ക് നല്‌കേണ്ടത്…

എന്തു ഞാൻ പകരം നല്കും? സ്‌നേഹത്തെക്കുറിച്ചുള്ള സന്ദേഹങ്ങൾക്കിടയിൽ പലരുടെയും മനസ്സിൽ ഉയരുന്ന...

എങ്ങനെയാണ് സ്‌നേഹിക്കേണ്ടത്?

ദയ, അനുകമ്പ, സന്തോഷം,സമചിത്തത..  എങ്ങനെയാണ് സ്‌നേഹിക്കപ്പെടേണ്ടത് എന്നതിനു ള്ള ഏറ്റവും ഹ്രസ്വമായ...
error: Content is protected !!