മക്കൾ മൊബൈൽ ഗെയിം അടിമകളാകുമ്പോൾ

Date:

spot_img

കോവിഡ്കാലത്താണ് ആ മാതാപിതാക്കൾ തങ്ങളുടെകൗമാരക്കാരനായ മകനെയും കൂട്ടി എന്റെ അടുക്കലെത്തിയത്. അച്ഛനമ്മമാരുടെ മുഖം നിറയെ പരിഭ്രമമായിരുന്നു.  ഉറക്കം തൂങ്ങിയ കണ്ണുകൾ, ചീകിയൊതുക്കാത്ത മുടി, അലസമായ വസ്ത്രധാരണം അങ്ങനെയായിരുന്നു മകൻ. വിഷാദത്തിന്റെ നിഴൽ അവന്റെ മേലെ വീണുകിടക്കുന്നതായി എനിക്ക് തോന്നി. പ്രണയ നൈരാശ്യമോ പരീക്ഷാപരാജയമോ ഇഷ്ടപ്പെട്ടവരുടെ മരണമോ അങ്ങനെയെന്തെങ്കിലും കാരണങ്ങളായിരിക്കും ഇതിന്റെ പിന്നിലുളളതെന്നും ഊഹിച്ചു. പക്ഷേ  കണക്കുകൂട്ടൽ തെറ്റിപ്പോയി.

മാതാപിതാക്കൾ പറഞ്ഞത്…

”ഏതു സമയവും മുറിയടച്ചിട്ടിരുന്ന് മൊബൈൽ ഗെയിം കളിക്കുവാ. നേരത്തും കാലത്തും ഭക്ഷണം കഴിക്കുകേല. മുറിക്ക് പുറത്തേക്കിറങ്ങുന്നത് പോലും കുറവാ. ഏതുസമയവും മൊബൈലിൽ. പേടിയാവുന്നു സിസ്റ്ററേ..” അമ്മ കരഞ്ഞുകൊണ്ട് പറഞ്ഞു.
”എത്ര നാളായി ഈ ശീലം തുടങ്ങിയിട്ട്?” ഞാൻ ചോദിച്ചു
”കുറച്ചനാളായി.. എന്തെങ്കിലും  പറഞ്ഞാലുടനെ ദേഷ്യപ്പെടും. പൊട്ടിത്തെറിക്കും. അയൽക്കാർ കേൾക്കുമല്ലോ എന്ന് വിചാരിച്ച് പിന്നെ ഒന്നും പറയാതെയായി.  ഏതെങ്കിലും ഡോക്ടറെ കാണിക്കാമെന്ന് ആദ്യംകരുതി.  അതു വേണ്ടെന്ന് വച്ചു. നാട്ടുകാരറിഞ്ഞാ വേറെ പലതും പറയും ഒടുവിലാ ഇവിടെയെത്തിയത്.” അച്ഛൻ പറഞ്ഞു.  

മൊബൈൽ ഗെയിം അടിമത്തം: ലക്ഷണങ്ങൾ

മൊബൈൽ ഗെയിമിന് അടിമകളായ കുട്ടികൾ തങ്ങളുടേതായ ഒരു ലോകം സൃഷ്ടിച്ച് അവർ തന്നെ അതിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും അവർ തന്നെ രാജാവും പ്രജകളുമാകുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് പൊതുവെ കണ്ടുവരുന്നത്. തങ്ങൾക്ക് ചുറ്റുമുള്ള ലോകത്തെ അവർ വിസ്മരിക്കുന്നു. അച്ഛൻ, അമ്മ, സഹോദരങ്ങൾ, കൂട്ടുകാർ ഇവരെയൊന്നും അവർക്രമേണ ഓർമ്മിക്കാതെയാവുന്നു. സാമൂഹികജീവിതം ഇവർക്ക് നഷ്ടമാകുന്നു. പുറത്തേക്കുള്ള സഞ്ചാരമോ കൂട്ടുകാരുമായുള്ള കളിചിരികളോ ഇല്ലാതെയാകുന്നു. പുറത്തേക്ക് പോകുകയോ മറ്റുള്ളവരെ കാണുകയോ ഇല്ലാത്തതുകൊണ്ട് അവർക്ക് ശുചിത്വബോധം നഷ്ടമാകുന്നു. കുളിക്കുക, പല്ലുതേയ്ക്കുക,  മുടി ചീകുക, വസ്ത്രം മാറുക ഇതെല്ലാം ജീവിതത്തിൽ നിന്ന് അപ്രത്യക്ഷമാകുന്നു. വിവാഹം, ശവസംസ്‌കാരം തുടങ്ങിയ പൊതുചടങ്ങുകളിൽ നിന്ന് പിന്മാറുന്നു. ഉറക്കക്കുറവാണ് മറ്റൊരു ഗുരുതരമായ ലക്ഷണം. ഉറക്കക്കുറവിനെ തുടർന്ന് വിഷാദത്തിലേക്ക് കുട്ടികൾ വഴുതിവീഴുന്നു. ഹാപ്പി ഹോർമോണുകളുടെ അപര്യാപ്തതയെ തുടർന്നാണ് വിഷാദം പിടികൂടുന്നത്. ഗെയിം നല്കുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രതികരിക്കാത്തതാണ് വിഷാദത്തിന് കാരണമാകുന്നത്. തുടർന്ന് ചിലരെങ്കിലും ആത്മഹത്യചെയ്യുകയും ചെയ്യുന്നു.

എങ്ങനെ മനസ്സിലാക്കാൻ കഴിയും?

മക്കൾ മൊബൈൽ-സൈബർ ഗെയിമുകൾക്ക് അടിമകളാണെന്ന് മനസ്സിലാക്കാൻ കഴിയാതെ പോകുന്നുവെന്നതാണ് പല മാതാപിതാക്കളുടെയും സങ്കടവും നിസ്സഹായതയും. മക്കളുടെ സ്വഭാവത്തി
ലുണ്ടാകുന്ന മാറ്റങ്ങൾ  ഒരു പരിധി വരെ നേരത്തെ മനസ്സിലാക്കാൻ കഴിയും. അകാരണമായ ദേഷ്യം, പൊട്ടിത്തെറിക്കൽ,നശീകരണ പ്രവണത, ഒറ്റപ്പെടൽ, മുറി അടച്ചുപൂട്ടിയുള്ള ഇരിപ്പ്, സാമൂഹികജീവിതം  പാടെ നിഷേധിക്കൽ മൊബൈൽ മാറ്റിവയ്ക്കാൻ നിർബന്ധിക്കപ്പെടുമ്പോഴുള്ള അസ്വസ്ഥത, ഗെയിം കളിക്കാതിരുന്നാൽ ടെൻഷൻ. വീണ്ടും വീണ്ടും ഗെയിം കളിക്കാനുള്ള പ്രവണത, കായികമായി മാതാപിതാക്കളെ  നേരിടൽ തുടങ്ങിയവയൊക്കെ ഇതിന്റെ ലക്ഷണങ്ങളാണ്.

ഇത്തരം ലക്ഷണങ്ങൾ തുടക്കത്തിൽ തന്നെ കണ്ടുപിടിക്കാൻ കഴിഞ്ഞാൽ കുട്ടികളെ രക്ഷിച്ചെടുക്കാൻ കഴിയും. പക്ഷേ മാതാപിതാക്കളുടെ അശ്രദ്ധയും അജ്ഞതയുമാണ് മക്കളെ അപകടത്തിലാ
ക്കുന്നത്. മാതാപിതാക്കളറിയാതെ അവരുടെ ബാങ്ക് പാസ്‌വേഡുകൾ ഉപയോഗിച്ച് ഗെയിം കളിച്ച് സാമ്പത്തികനഷ്ടം വരുത്തിവയ്ക്കുകയും പിടികൂടിക്കഴിഞ്ഞപ്പോൾ ഒളിച്ചോടുകയും ആത്മഹത്യ ചെയ്യുകയും ചെയ്ത കുട്ടികളെക്കുറിച്ചും നാം പത്രമാധ്യമങ്ങളിലൂടെ മനസ്സിലാക്കിയിട്ടുണ്ടല്ലോ.

ഗെയിമിന് വേണ്ടി വീട്ടിൽ നിന്ന് പണം മോഷ്ടിച്ചെടുക്കുന്ന കുട്ടികളുമുണ്ട്,  ഒരിക്കൽ ഗെയിമിന് അടിമപ്പെട്ടുപോയാൽ ഏതുവിധേനയും പണമുണ്ടാക്കാനായി കുട്ടികൾ തുനിഞ്ഞിറങ്ങും. ഗെയിമിന് അടിമകളായ മക്കളെ പല മാതാപിതാക്കൾക്കും പേടിയാണ്. മൊബൈൽ പിടിച്ചുവാങ്ങിയതിന്റെ പേരിൽ മാതാപിതാക്കളെ അടിച്ച മക്കൾ പോലുമുണ്ട്. ഇങ്ങനെയുള്ള അപകടകരമായ ഒരു സാഹചര്യത്തിലായിരിക്കും മക്കളെയും കൊണ്ട് മാതാപിതാക്കൾ കൗൺസലിംങ് സെന്ററുകളിലെത്തുന്നത്.

ലക്ഷണങ്ങൾ കണ്ട് വിലയിരുത്തിയതിന് ശേഷം കുട്ടികളിലുള്ളത് വെറും ഹോബിയാണോ അതോ അഡിക്ഷനാണോയെന്ന് തീരുമാനിക്കാൻ ഒരു കൗൺസിലറിന് നിഷ്പ്രയാസം കഴിയും.

അപകടകാരികളായ ഗെയിമുകൾ

പല  ഗെയിമുകളും അപകടകാരികളാണ്. ഞാൻ മാത്രം വിജയിക്കണം മറ്റുള്ളവരെയെല്ലാം പരാജയപ്പെടുത്തണം അല്ലെങ്കിൽ കൊല്ലണം ഇതാണ് പല ഗെയിമുകളും പങ്കുവയ്ക്കുന്ന ആശയം. ജയിക്കാനുളളവൻ ഞാനും തോല്ക്കാനുള്ളവൻ മറ്റുളളവരും. വളരെ നിഷേധാത്മകമായ ജീവിതകാഴ്ചപ്പാടാണ് ഗെയിമുകൾ സമ്മാനിക്കുന്നത്. എപ്പോഴും വിജയിക്കാൻ ആഗ്രഹിക്കുന്ന എനിക്ക്, എപ്പോഴെങ്കിലും പരാജയപ്പെട്ടാൽ അക്കാര്യം അംഗീകരിക്കാനാവുന്നില്ല. പരാജയം സംഭവിച്ചാൽ അടുത്തപടി ആത്മഹത്യയാണ്. പരാജയത്തെ അംഗീകരിക്കാൻ കഴിയാതെ സ്വയം മരണത്തിന് കീഴടങ്ങുന്ന അവസ്ഥ. ബ്ലൂവെയിൽ പോലത്തെ ഗെയിമുകൾ ഇത്തരത്തിലുള്ളവയായിരുന്നു. കുട്ടികളും മുതിർന്നവരും  ഉൾപ്പടെ അനേകം  പേർക്ക് ബ്ലൂവെയിൽ ഗെയിമിലൂടെ ജീവനഷ്ടം സംഭവിച്ചു. പിന്നീട് ഗൂഗിൾ തന്നെ ഇത് നിരോധിക്കുകയായിരുന്നു.  പിശാച് എന്ന അർത്ഥം വരുന്ന മറ്റൊരു ഗെയിമും പേരുപോലെതന്നെ വിനാശകാരിയാണ്.

വിദ്യാർത്ഥികളെയാണ് ഈ  ഗെയിം  ലക്ഷ്യം വയ്ക്കുന്നത്. ഗെയിമിലൂടെ മാനസികവിഭ്രാന്തി സൃഷ്ടിച്ചെടുക്കുകയും കുട്ടികളെ സമർദ്ദത്തിലാക്കി അവരിൽ നിന്ന് പണം തട്ടിയെടുക്കുകയുമാണ് ചെയ്യുന്നത്.  ഈ ഗെയിം കളിക്കാൻതന്നെ അയ്യായിരംരൂപ തുടക്കത്തിൽ മുടക്കേണ്ടതുണ്ടത്രെ. ശാരീരികമായ ചൂഷണംപോലും ഈ ഗെയിമിന്റെ പേരിൽ നടക്കുന്നുണ്ടെന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

മൊബൈൽ-സൈബർ ഗെയിമുകൾക്ക് നാം  മനസ്സിലാക്കിയിരിക്കുന്നതിനെക്കാളും അധികം വ്യാപ്തിയും ദോഷവശങ്ങളുമുണ്ട്. ഇന്നത്തെ  കുട്ടികൾ കൂടുതലായി സമ്മർദ്ദം അനുഭവിക്കുന്നവരാണ്. ഈ സമ്മർദ്ദങ്ങളെ അതിജീവിക്കാനുള്ള പാഴ്ശ്രമമെന്നോണമാണ് അവർ ഗെയിമുകളിലേക്ക് ആകർഷിക്കപ്പെടുന്നത്. ലഹരി ഉപയോഗം പോലെയാണ് ഗെയിം എന്നു പറയുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല. തുടക്കത്തിൽ പലരും മദ്യം ഉപയോഗിക്കുന്നതും പുകവലിക്കുന്നതും ഒരു കളിയായിട്ടോ  വിനോദത്തിനായിട്ടോ ആയിരിക്കും. പതുക്കെപതുക്കെ അത് ജീവിതത്തെപിടിമുറുക്കുകയും വ്യക്തികളെ രോഗികളാക്കിഅകാലമരണത്തിലേക്ക് തള്ളിവിടുകയുംചെയ്യും. ഗെയിമുകളിൽ സംഭവിക്കുന്നതും അതുതന്നെയാണ്. പല ഗെയിമുകളും വിരസതയിൽ നിന്നുള്ള മോചനമെന്ന നിലയിൽ തുടങ്ങുന്നതായിരിക്കും. പതുക്കെപ്പതുക്കെ അത് നമ്മെ അടിമകളാക്കും.

ഗെയിം- മോചനമാർഗ്ഗങ്ങൾ

കുട്ടികൾക്ക് സ്നേഹത്തിന്റെയും കരുതലിന്റെയും പരിഗണനയുടെയുമായ ഒരു ലോകം കുടുംബത്തിൽ സൃഷ്ടിക്കുക എന്നതാണ് പ്രധാനമായും ചെയ്യേണ്ടത്. കൂടുതലായും കൗമാരക്കാരാണ് ഇത്തരം ഗെയിമുകൾക്ക് അടിമകളാകുന്നത്.

കൗമാരം ഒരുപ്രത്യേക ജീവിതാവസ്ഥയാണ്. കൊച്ചുകുട്ടികൾക്ക് കിട്ടുന്നതുപോലെയുള്ള പരിഗണനയോ വാത്സല്യമോ മാതാപിതാക്കളിൽ നിന്നുള്ള സ്നേഹപ്രകടനങ്ങളോ അവർക്ക് കിട്ടണമെന്നില്ല. ഇത് അവരെ ഒരു പ്രത്യേക മാനസികാവസ്ഥയിലേക്കായിരിക്കും നയിക്കുന്നത്. ഈ  ഘട്ടത്തെ നേരിടാനുള്ള പാഴ്ശ്രമമെന്നോണമാണ് ഒരു വിഭാഗം കൗമാരക്കാർ ഗെയിമുകളിലേക്ക് ആകർഷിതരാകുന്നത്. അതുകൊണ്ട് കൗമാരക്കാരായ മക്കൾക്ക് മാതാപിതാക്കൾ കൂടുതൽ  ശ്രദ്ധയും പരിഗണനയും കൊടുക്കുക. അവരുടെ വിശേഷങ്ങൾ ചോദിച്ചറിയുക. മക്കളുമൊത്ത് സമയം ചെലവഴിക്കുക.

D ടേബിൾ- കുടുംബങ്ങളിൽ അത്യാവശ്യം

ഭൂരിപക്ഷം മാതാപിതാക്കളും മക്കളെ സ്നേഹിക്കുന്നവരാണ്. എന്നാൽ തങ്ങളുടെ തിരക്കുകൾക്കിടയിൽ മക്കൾക്ക് അവരാഗ്രഹിക്കുന്നതുപോലെ സ്നേഹം നല്കാൻ മാതാപിതാക്കൾക്ക് കഴിയാറില്ല. അതുകൊണ്ട് എനിക്ക് പറയാനുള്ളത്  വീടുകളിൽ മൂന്നുതരം  മേശകൾ വേണമെന്നാണ്. ഡി ടേബിൾ എന്നാണ് ഞാൻ അതിനെ വിശേഷിപ്പിക്കുന്നത്.

ഒന്നാമത് ഡൈനിംങ് ടേബിൾ. മാതാപിതാക്കളും മക്കളും ഒരുമിച്ചുള്ള ഭക്ഷണമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.
രണ്ടാമത്തേത് ഡയലോഗ് ടേബിളാണ്. മാതാപിതാക്കളും മക്കളും ഒരുദിവസം തീരുന്നതിന് മുമ്പ് അന്നേദിവസത്തെ വിശേഷങ്ങൾ പങ്കുവയ്ക്കുക. തുറന്നു സംസാരിക്കുക.

മൂന്നാമത്തേത് ഡിവൈൻ ടേബിളാണ്. അതായത് ഒരുമിച്ചുള്ള പ്രാർത്ഥന. ഈ മൂന്നു ടേബിളുകളിലൂടെ മക്കളുടെ ഒരുപരിധിവരെയുള്ള വൈകാരികാവശ്യങ്ങളും നിവർത്തിക്കപ്പെടും. 

പഠനത്തിന്റെ കാര്യത്തിൽ മക്കൾക്ക് സമ്മർദ്ദം കൊടുക്കുന്നവരാണ് മാതാപിതാക്കൾ. ഏതു സമയവും ‘പഠിക്ക്പഠിക്ക്’ എന്ന് പറഞ്ഞ് മക്കളുടെ പിന്നാലെ നടക്കുന്നവരുണ്ട്. എന്നാലൊരിക്കലും പോയി കപ്പകൗമാരം നല്ലതുപോലെ കളിക്കേണ്ട കാലംകൂടിയാണ്. പഠിക്കാൻ വേണ്ടി വാതിലുകൾ അടച്ചിടാതെ കളിക്കാൻവേണ്ടി വാതിലുകൾ തുറന്നിടുക.. പണ്ടുകാലങ്ങളിൽ വൈകുന്നേരങ്ങളിൽ പന്തുകളിക്കുന്ന ചെറുപ്പക്കാരെ ഗ്രാമ മൈതാനങ്ങളിൽ കാണാൻ കഴിയുമായിരുന്നു. ഇന്ന് അത്തരം കാഴ്ചകൾ കുറഞ്ഞു. കളിക്കാനുള്ള സൗകര്യവും സമയവും കിട്ടുന്നതോടെ മൊബൈൽ -സൈബർ ഗെയിമുകളോടുള്ള അപകടകരമായ അടുപ്പം  കുറഞ്ഞുതുടങ്ങും.

ചികിത്സയുടെ രീതി

 കൗൺസലിംങിനായി കുട്ടികളെ എത്തിക്കുന്നതിനെക്കുറിച്ച് പല തെറ്റിദ്ധാരണകളും നിലവിലുണ്ട്. മാനസികരോഗികൾക്ക് മാത്രം നല്കുന്നതാണ് കൗൺസലിംങ് എന്നതാണ്  ആ  ചിന്ത.  തുടക്കത്തിൽ പറഞ്ഞ സംഭവത്തിലെ അച്ഛനമ്മമാരെ പിടികൂടിയതും ഇത്തരത്തിലുള്ള മിഥ്യാധാരണയായിരുന്നു.
കൗൺസലിംങ് എന്ന് കേൾക്കുമ്പോൾ ഉപദേശം എന്ന രീതിയിലാണ് കുട്ടികളും ധരിക്കുന്നത്. സത്യത്തിൽ കുട്ടികൾക്ക് നല്കുന്നത് മെന്ററിംങ് രീതിയാണ്. സ്വയം നിയന്ത്രിക്കാൻ കഴിയുന്നുണ്ടോയെന്ന് അവരോട് ചോദിക്കുന്നു. കുട്ടികളെ കുറ്റവാളികളായികണ്ട് വിധിയെഴുതി സംസാരിക്കുകയല്ല ആദരവോടും ബഹുമാനത്തോടും സ്നേഹത്തോടും കൂടി അവരുമായി ഇടപെടുകയാണ് ചെയ്യുന്നത്. ഉദാഹരണത്തിന് മൊബൈൽ മാറ്റിവയ്ക്കാൻ ആവശ്യപ്പെടുമ്പോൾ നിനക്കെന്തു തോന്നുന്നു? ഈ ചോദ്യത്തിന് മുമ്പിൽ കുട്ടികൾതങ്ങളെത്തന്നെ അപഗ്രഥിക്കാൻ തുടങ്ങും.

  • മൊബൈൽ കിട്ടാതെവരുമ്പോൾ എനിക്ക് ദേഷ്യംവരും
  • എനിക്ക് ഉറങ്ങാൻ കഴിയാതെവരും
  • ശരീരത്തിലും മനസ്സിലും മാറ്റം വരുന്നുണ്ട്.

ഇത്തരമൊരു ബോധ്യം സ്വയം ഉണ്ടാകുന്നതോടെ അവർ തിരിച്ചറിയുകയാണ് തനിക്ക് മൊബൈൽ അഡിക്ഷൻ ഉണ്ട്. ഞാൻ ഡിപ്രഷൻ സ്റ്റേജിലേക്ക്  പൊയ്ക്കൊണ്ടിരിക്കുകയാണ്.  ഈ തിരിച്ചറിവ് കിട്ടിയ  കുട്ടിയോട് അടുത്തപടിയായി മറ്റ് ചില ചോദ്യങ്ങൾ ചോദിക്കുന്നു: ഗെയിം തുടർച്ചയായി കളിക്കുന്നതുവഴി നിനക്കെന്താണ് ലാഭമുണ്ടായിരിക്കുന്ന ത്. നീയെന്താണ് നേടിയിരിക്കുന്നത്? അവർ പറയുന്ന സത്യസന്ധമായ മറുപടി ഇങ്ങനെയായിരിക്കും: എനിക്ക് സമയനഷ്ടമുണ്ടായി.  പഠനത്തിലുള്ള ശ്രദ്ധ നഷ്ടമായി. പണം പോയിട്ടുണ്ട്. സാമൂഹികജീവിതം ഇല്ലാതായി. മാതാപിതാക്കളും കൂടപ്പിറപ്പുകളും കൂട്ടുകാരുമായുള്ള സ്നേഹവും അടുപ്പവും ഇല്ലാതായി.

ഗെയിം കളിക്കുന്നതിന് മുമ്പും പിമ്പും എന്നരീതിയിൽ തന്റെ ജീവിതത്തിലുണ്ടായ ഗ്രാഫിന്റെ ഉയർച്ചയും താഴ്ചയും കുട്ടിക്ക് മനസ്സിലാക്കി കൊടുക്കാനും ശ്രമിക്കുന്നു. ഇങ്ങനെയൊരു തിരിച്ചറിവ് ഉണ്ടാകുന്ന കുട്ടികളെ സെൽഫ് മോട്ടിവേഷനിലേക്ക് നയിക്കാൻ വളരെയെളുപ്പത്തിൽ കഴിയും. മൊബൈലിൽ നിന്ന് അകലം പാലിക്കാൻ കുട്ടിയെതന്നെ മോട്ടിവേറ്റ് ചെയ്യുകയാണ് ഇവിടെ ചെയ്യുന്ന ത്. കൗമാരക്കാരായ കുട്ടികളെയാണ് ഇങ്ങനെ രക്ഷിച്ചെടുക്കാൻ കഴിയുന്നത്.തങ്ങൾക്ക് തന്നെ മാറ്റം ആവശ്യമാണെന്നും അനിവാര്യമാണെന്നുമുള്ള ബോധ്യം കിട്ടുതുടങ്ങുന്നതോടെ കുട്ടികൾ പരിവർത്തനഘട്ടത്തിലേക്ക് കടക്കുകയാണ് ചെയ്യുന്നത്.

പത്തുവയസിൽ താഴെയുള്ള കുട്ടികളുടെ കാര്യം

 തൊട്ടുമുമ്പുള്ള കാലംവരെ അമ്മമാർ കൊച്ചുകുട്ടികളെ ഭക്ഷണം കഴിപ്പിച്ചിരുന്നത് ടി.വി കാണിച്ചായിരുന്നു. ഇന്ന് അതേ അമ്മമാർ മക്കളെ ഭക്ഷണം കഴിപ്പിക്കുന്ന രീതിക്ക് മാറ്റം വരുത്തി.  ടിവിക്ക് പകരം മൊബൈൽ എന്നതാണ് ഈ മാറ്റം. ഇന്ന് പല അമ്മമാരും കുട്ടികളുടെ കയ്യിലേക്ക് മൊബൈൽ വച്ചുകൊടുത്താണ് അവരെ ഭക്ഷണം കഴിപ്പിക്കുന്നത്.

ചെറുപ്രായം തൊട്ടേ മൊബൈലിനെ കളിപ്പാട്ടമായി കാണുന്ന കുട്ടികൾ പതുക്കെ പതുക്കെ മൊ ബൈൽ അടിമകളായി മാറുന്നു. കുട്ടികളെ ശാന്തരാക്കാനും തങ്ങളുടെ ജോലി ചെയ്തുതീർക്കാനുമുള്ള വഴിയായിട്ടാണ് മാതാപിതാക്കൾ മക്കളുടെ കൈയിലേക്ക് മൊബൈൽ വച്ചുകൊടുക്കുന്നത്. മൊബൈൽ കിട്ടാതായാൽ ഈ കുട്ടികളുടെ ജീവിതക്രമം തന്നെ തെറ്റും. ഇങ്ങനെയൊരു സാഹചര്യത്തിലാണ് ഈ പ്രായത്തിലുള്ള കുട്ടികളെ കൗൺസലിംങിന് എത്തിക്കുന്നത്.

ഇവരെ സെൽഫ് മോട്ടിവേറ്റ് ചെയ്യാൻ ആവില്ല. അതുകൊണ്ട് പകരം എൻവയൺമെന്റ് ചെയ്ഞ്ച് നിർദ്ദേശിക്കുകയും പടിപടിയായി അവരെ മാറ്റിയെടുക്കുകയുമാണ് ചെയ്യുന്നത്. ചെസ്, കാരംസ് പോലെയുള്ള ഇൻഡോർ ഗെയിമുകളും  ഗാർഡനിംങ്, ലവ് ബേർഡ്സ്, പന്തുകളി പോലെയുള്ള മറ്റ് വിനോദങ്ങളിലേക്കും അവരുടെ ശ്രദ്ധയെ പതുക്കെപ്പതുക്കെ മാറ്റിയെടുത്ത് മൊബൈൽ ഗെയിമുകളിൽ നിന്ന് അവരെ മോചിപ്പിച്ചെടുക്കുകയാണ് ചെയ്യുന്നത്. മൊബൈൽ ഗെയിമുകളിൽ നിന്ന് കുട്ടികളെ രക്ഷിച്ചെടുക്കാൻ സമൂഹമൊന്നാകെയുള്ള ശ്രമങ്ങളാണ് ഉണ്ടാവേണ്ടത്. സ്പോർട്സിലേക്കും കളികളിലേക്കും വിനോദങ്ങളിലേക്കും കുട്ടികളെ കൊണ്ടുവരാൻ കഴിഞ്ഞാൽ അവരിൽ പലരും മൊബൈൽ ഗെയിമുകളെക്കുറിച്ച് ഓർക്കുകകൂടിയില്ലാതാവും.  കെയറിംങ്, സപ്പോർട്ടിംങ് ഇതാണ് വീടുകളിൽ കുട്ടികൾക്ക് നല്കേണ്ടത്. മൊബൈൽ നോക്കരുതെന്ന് മക്കളോട് മാതാപിതാക്കൾ പറയും. പക്ഷേ മക്കൾ കാണുന്നത് മൊബൈൽ തുടർച്ചയായി ഉപയോഗിക്കുന്ന മാതാപിതാക്കളെയാണ്.അതുകൊണ്ട് മാതാപിതാക്കളും മൊബൈലിൽ നിന്ന് അകലം പാലിച്ചേ  മതിയാവൂ.

( വർഷങ്ങളായി കൗൺസലിംങ് രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിയാണ് ലേഖിക. ബന്ധപ്പെടേണ്ട നമ്പർ 9995307021 )
സി. അർപ്പിത CSN

More like this
Related

ആഹാ…പ്രായമായോ..!

അയ്യോ കഷ്ടം.. പ്രായമായല്ലോ... ഇങ്ങനെ പറഞ്ഞിരുന്നത് മുൻപ്. ആഹാ... പ്രായമായല്ലോ എന്ന്...

LIFE IS GOOD

'ഞാൻ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. എന്താണ് നിന്റെ അഭിപ്രായം?'സുഹൃത്തിന്റെ ആ ചോദ്യത്തിന്...

സ്‌നേഹിക്കുന്നവർക്ക് നല്‌കേണ്ടത്…

എന്തു ഞാൻ പകരം നല്കും? സ്‌നേഹത്തെക്കുറിച്ചുള്ള സന്ദേഹങ്ങൾക്കിടയിൽ പലരുടെയും മനസ്സിൽ ഉയരുന്ന...

എങ്ങനെയാണ് സ്‌നേഹിക്കേണ്ടത്?

ദയ, അനുകമ്പ, സന്തോഷം,സമചിത്തത..  എങ്ങനെയാണ് സ്‌നേഹിക്കപ്പെടേണ്ടത് എന്നതിനു ള്ള ഏറ്റവും ഹ്രസ്വമായ...
error: Content is protected !!