പല മാതാപിതാക്കളും മക്കളെക്കുറിച്ച് പറയുന്ന സ്ഥിരം പരാതിയാണ് മക്കൾക്ക് അനുസരണയില്ല. അനുസരണയില്ലെന്ന് പറയുന്നത് എന്തുകൊണ്ടാണ് എന്ന് ചോദിക്കുമ്പോൾ അവർ പറയുന്നത് ചില കാര്യങ്ങൾ ചെയ്യാൻ പറയുമ്പോൾ അവർ അത് അനുസരിക്കുന്നില്ല, അല്ലെങ്കിൽ അതിനെ ചോദ്യം ചെയ്യുന്നു എന്നാണ്.
ഇപ്പോൾ ചെയ്തില്ലെങ്കിൽ എന്താണ് കുഴപ്പം?
എന്തിനാണ് അങ്ങനെ ചെയ്യുന്നത്? ഇങ്ങനെ പോകുന്നുവത്രെ അവരുടെ ചോദ്യങ്ങൾ. മക്കൾ ചില സംശയങ്ങൾ ചോദിക്കുന്നതും മാതാപിതാക്കളെ ചോദ്യം ചെയ്യുന്നതും അവരോട് ധിക്കാരം കാണിക്കുന്നതായിട്ടാണ് അവർ കരുതുന്നത്. എന്നാൽ മക്കളുടെ ചിന്താശക്തിയാണ് അവരെ ചോദ്യങ്ങൾ ചോദിക്കാൻ പ്രേരിപ്പിക്കുന്നതെന്ന് മാതാപിതാക്കൾ മറന്നുപോകുന്നു.
മാതാപിതാക്കളുടെ ചില തീരുമാനങ്ങളോട് അവർ വിയോജിപ്പ് പ്രകടിപ്പിക്കുന്നതും മാതാപിതാക്കൾക്ക് പുതിയ ചില നിർദ്ദേശങ്ങൾ നല്കുന്നതുമൊക്കെ അവർ ചിന്തിക്കുന്നുവെന്നതിന്റെ സൂചനകളാണ്. ചെറു പ്രായത്തിൽ അവർ മാതാപിതാക്കളെ അന്ധമായി അനുസരിച്ചു. ചോദ്യം ചെയ്യാതെ എല്ലാം ചെയ്തു. പക്ഷേ തിരിച്ചറിവും തെളിഞ്ഞ ബുദ്ധിയും കൈവരുന്ന കൗമാരകാലമാകുമ്പോൾ അവർ പലതിനെയും ചോദ്യം ചെയ്യും. കലാപകാരികളും വിപ്ലവകാരികളും രൂപപ്പെടുന്നത് കൗമാരത്തിന്റെ പടവുകളിൽ വച്ചാണ്. ചോദ്യം ചെയ്യുന്നതുവഴി തങ്ങൾ ബുദ്ധിപരമായി വളർന്നിരിക്കുന്നു, തങ്ങൾ വികാസം പ്രാപിച്ചിരിക്കുന്നുവെന്നാണ് മക്കൾ തെളിയിക്കുന്നത്. ഇതിനെ അവരുടെ ജീവിതത്തിന്റെ ഭാഗമായും ബുദ്ധിയുടെ ഭാഗമായും മാതാപിതാക്കൾ മനസ്സിലാക്കുന്നില്ല.
ഭർത്താവ് മരിച്ചുപോയ ഒരു സ്ത്രീ. അവർക്ക് നാലു പെൺമക്കളാണ് ഉള്ളത്. മൂത്ത കുട്ടിക്ക് പത്തു
വയസുളളപ്പോഴായിരുന്നു ഭർത്താവിന്റെ മരണം. ഇളയ കുട്ടിക്കാവട്ടെ ഒരു വയസും. ഈ ഒരു സാഹചര്യത്തിൽ മൂത്ത മകളെ അഞ്ചാംക്ലാസിൽ പഠനം അവസാനിപ്പിച്ച്അടുത്തൊരു വീട്ടിൽ ജോലി ചെയ്യുന്നതിനായി അമ്മ പറഞ്ഞയച്ചു. മകളാവട്ടെ അമ്മ പറഞ്ഞതനുസരിച്ച് ജോലിക്ക് പോയി. അവളുടെ ചെറിയ വരുമാനം കുടുംബത്തിന് ഒരു ആശ്വാസമായിരുന്നു. ഇളയ കുട്ടി കുറച്ചുകൂടി മുതിർന്നപ്പോൾ അവരുടെ അമ്മയും ജോലിക്ക് പോയിത്തുടങ്ങി. സാവധാനം കുടുംബത്തിലെ ദാരിദ്ര്യം മാറി. വർഷം മുന്നോട്ടുപോയി. ഇപ്പോൾ മൂത്തകുട്ടിക്ക് ഒരു ചിന്ത. പഠിക്കണം. പഠിച്ച് നല്ല ജോലി സമ്പാദിക്കണം. അവൾ തന്റെ തീരുമാനം വീട്ടുടമസ്ഥനോട് പറഞ്ഞു. അദ്ദേഹം നല്ല ഒരു വ്യക്തിയായിരുന്നു. അദ്ദേഹം അവളെ പഠിപ്പിച്ചു. തന്നെക്കാൾ അഞ്ചുവയസിന് ഇളപ്പമുള്ള കുട്ടികൾക്കൊപ്പമിരുന്ന് അവൾ പഠിച്ചു. പത്താം ക്ലാസ് നല്ല മാർക്കോടെ പാസായി. പിന്നീട് പ്രീഡിഗ്രി പാസായി നേഴ്സിംങിന് ചേർന്നു. ഇന്ന് അവൾ ഒരു നല്ല നേഴ്സായി ഗവൺമെന്റ് സർവീസിൽ ജോലി ചെയ്യുന്നു. കുടുംബത്തെ അവൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റി.
നല്ല ചിന്തകൾ നമ്മുടെ ഭാവി മാത്രമല്ല മറ്റുള്ളവരുടെ ഭാവികൂടി ഭാസുരമാക്കും. ഈ പെൺകുട്ടിക്ക് ചിന്തിക്കാനും സ്വന്തമായി തീരുമാനമെടുക്കാനും കഴിവില്ലാത്ത ഒരു സാഹചര്യത്തിൽ അവൾ അന്ധമായി അമ്മയെ അനുസരിച്ചു. എന്നാൽ ചിന്തിക്കാൻ പ്രാപ്തി നേടിയപ്പോൾ അവൾ തന്റേതായ വഴിയിൽ ചിന്തിച്ചു.സ്വഭാവികമായും അമ്മയ്ക്ക് തോന്നിയേക്കാം മകൾ അനുസരണക്കേടാണല്ലോ കാണിക്കുന്നതെന്ന്. തന്നെ ്അവൾ ധിക്കരിച്ചല്ലോയെന്ന്.
എന്നാൽ മകളുടെ ചിന്ത നേർവഴിയുള്ളതായിരുന്നു. മക്കളെ പ്രായത്തിന് അനുസരിച്ച് ചിന്തിക്കാൻ വിട്ടുകൊടുക്കുക. അവരുടെ ചിന്തകളെ പൂട്ടിക്കെട്ടിവയ്ക്കരുത്. ആകാശത്തിലേക്ക് ആ ചിന്തകൾ പറന്നുയരട്ടെ. പക്ഷേ എന്തുചെയ്യാം പല മാതാപിതാക്കളും ചിന്തിക്കാനുള്ള മക്കളുടെ അവകാശത്തെകൂടി നിഷേധിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്നു. ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ച്, കുടുംബത്തിൽ നടപ്പിലാക്കാൻ പോകുന്ന തീരുമാനത്തെക്കുറിച്ച് ഒരു മകൻ, മകൾ ഒരു അഭിപ്രായം പറയുമ്പോൾ പല കാരണവന്മാരും പറയും: തല്ക്കാലം നിന്റെ അഭിപ്രായം ഇവിടെയാർക്കും വേണ്ട. അത് ഞങ്ങൾ തീരുമാനിച്ചോളാം.
ഇത് തെറ്റായ രീതിയല്ലേ? കുടുംബത്തെ സംബന്ധിക്കുന്നതോ വ്യക്തിപരമോ ആയ ഏതുകാര്യത്തിലും തീരുമാനം പറയാൻ ഒരു കൗമാരക്കാരൻ, കൗമാരക്കാരി സന്നദ്ധയാകുന്നത് അവർക്ക് ചിന്താശക്തിയുള്ളതുകൊണ്ടാണ്. മക്കൾ തീരുമാനമെടുക്കാനും അഭിപ്രായം പറയാനും വളർന്നിട്ടില്ലെന്ന മട്ടാണ് മാതാപിതാക്കന്മാർക്ക്. ഇഷ്ടമുള്ള ഡ്രസ് തിരഞ്ഞെടുക്കാൻ പോലുമുള്ള സ്വാതന്ത്ര്യം മക്കൾക്ക് മാതാപിതാക്കൾ നല്കുന്നുണ്ടോയെന്ന് സംശയമാണ്. എല്ലാം മാതാപിതാക്കളുടെ ഇഷ്ടമനുസരിച്ച്… ഇത് നല്ല പ്രവണതയല്ല. തീരുമാനമെടുക്കാനും അഭിപ്രായം പറയാനും മക്കൾക്ക് സ്വാതന്ത്ര്യം നല്കുക. അവരെ അതിനായി അനുവദിക്കുക.
മക്കളെടുത്ത ഒരു തീരുമാനം തെറ്റായിപ്പോവുകയോ അഭിപ്രായം ഗുണകരമല്ലാതായിരിക്കുകയോ ചെയ്തുവെന്നിരിക്കട്ടെ. അതിന്റെ പേരിൽ മക്കളെ കുറ്റപ്പെടുത്താനോ പരിഹസിക്കാനോ പോകരുത്. അത് മക്കളുടെ ആത്മവിശ്വാസം കെടുത്തിക്കളയും. മക്കൾക്ക് അവരുടെ ചിന്താശക്തിയനുസരിച്ച് പ്രവർത്തിക്കാനും തീരുമാനമെടുക്കാനും അവസരം കൊടുക്കുന്നതുവഴി അവരുടെ വളർച്ചയെ മാതാപിതാക്കൾ അംഗീകരിക്കുകയാണ്. ഇതിന്റെ ഗുണം ഭാവിയിൽ മക്കൾക്ക് തന്നെയാണ് ലഭിക്കുന്നത്. അവരുടെ കഴിവുകൾ വികസിക്കുന്നു, വ്യക്തിത്വം മെച്ചപ്പെട്ടതാകുന്നു.
നിയമങ്ങളോടും മൂല്യങ്ങളോടുമുളള പ്രതിപത്തിയും ആഭിമുഖ്യവും മക്കളിൽ വളർത്തിയെടുക്കുക എന്നതാണ് കൗമാരക്കാരോട് മാതാപിതാക്കൾ ചെയ്യേണ്ട മറ്റൊരു കാര്യം. ഒരു വ്യക്തിക്കുണ്ടാകുന്ന ധാർമ്മികവളർച്ച പ്രധാനമായും നാലു ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നാണ് മനശ്ശാസ്ത്രം രേഖപ്പെടുത്തുന്നത്. നാലു ഘട്ടവും അതാതിന്റെ അർത്ഥത്തിൽ പ്രധാനപ്പെട്ടതാണ്. രണ്ടുവയസുവരെ ഒരു കുഞ്ഞ് കഴിഞ്ഞുകൂടുന്നത് നിയമരഹിതഘട്ടത്തിലാണ്. അവന് പ്രത്യേകിച്ച് നിയമങ്ങളൊന്നും ആരും നല്കുന്നില്ല. സ്വതന്ത്രമായ ഒരു ജീവിതം അവന്റെ ഇഷ്ടത്തിന് അനുസരിച്ച് അവൻ നയിച്ചു മുന്നോട്ടുപോകുന്നു.
എന്നാൽ രണ്ടുവയസു മുതൽ 12 വരെ വയസെത്തുമ്പോൾ താക്കീതുകളും നിയമങ്ങളും അവനെ നേരിട്ടുതുടങ്ങുന്നു. ചിലതൊക്കെ ചെയ്യാം. ചിലതൊക്കെ ചെയ്യരുത്. അരുതുകളും താക്കീതുകളും അവന്റെ മുമ്പിൽ വയ്ക്കുന്നുണ്ട്.
ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാനകാര്യം കുട്ടി ആരുമായിട്ടാണോ കൂടുതൽ ഇടപെടുന്നത്, ആ വ്യക്തിയുടെ ധാർമ്മികതയും മൂല്യങ്ങളുമാണ് കുട്ടിയെ സ്വാധീനിക്കുന്നത് എന്നതാണ്. ഇടപെടുന്ന വ്യക്തിയോടുളള ബന്ധവും അവർക്ക് അവന്റെ മേലുള്ള സ്വാധീനവും കുട്ടിയുടെ ധാർമ്മികചിന്തകളെ രൂപപ്പെടുത്തുന്നു.
കൗമാരപ്രായത്തിൽ സമൂഹനിയമഘട്ടത്തിലാണ് വ്യക്തി എത്തിച്ചേരുന്നത്. സമൂഹത്തിന്റെ നിയമങ്ങൾ അനുസരിച്ച് ജീവിക്കാൻ അവൻ പ്രേരിപ്പിക്കപ്പെടുന്നത് ഈ ഘട്ടത്തിലാണ്. സമൂഹത്തിൽ ലഭിക്കാവുന്ന അപമാനം, ശിക്ഷ, തുടങ്ങിയവയെ പ്രതിയാണ് അവൻ ഇവയെല്ലാം അനുസരിക്കുന്നത്.
പതിനഞ്ചു വയസിലെത്തുന്നതോടെ അവൻ സ്വയം നിയമഘട്ടത്തിലെത്തുന്നു. നിയമങ്ങളെക്കുറിച്ചുള്ള വ്യക്തമായ ധാരണയും ഗ്രാഹ്യവും ഈ ഘട്ടത്തിലാണ് അവർക്ക് ലഭിക്കുന്നത്. നിയമങ്ങൾ എന്തിന്, അവ എന്തുകൊണ്ട് അനുസരിക്കണം, അനുസരിച്ചില്ലെങ്കിൽ സംഭവിക്കുന്ന ഭവിഷ്യത്തുകൾ, അനുസരിക്കുമ്പോൾ ലഭിക്കുന്ന ഗുണങ്ങൾ എന്നിവയെക്കുറിച്ച് അവൻ ഈ ഘട്ടത്തിൽ സ്വയം ബോധവാനാകുന്നു. ഉദാഹരണത്തിന് ഹെൽമെറ്റ് ധരിച്ച് ബൈക്കോടിക്കുക.നിശ്ചിതവേഗപരിധിയിൽ വാഹനം ഓടിക്കുക, സീറ്റ് ബെൽറ്റ് ധരിക്കുക, പൊതുസ്ഥലങ്ങളിൽ മലമൂത്രവിസർജ്ജനം നടത്താതിരിക്കുക, എന്നിവയൊക്കെ തന്റെ മാത്രമല്ല മറ്റുള്ളവരുടെ കൂടി ജീവനും സ്വത്തിനും സംരക്ഷണം നല്കുകയാണെന്ന് ബോധ്യം അവർക്ക് ഈ ഘട്ടത്തിൽ ലഭിക്കുന്നു. സ്വയം പ്രേരണയാൽ നന്മ ചെയ്യാനും തിന്മയെ വർജ്ജിക്കാനും ഇത്തരത്തിലുള്ള തിരിച്ചറിവുകൾ കുട്ടികൾക്ക് പ്രേരകമാകുന്നു.
നന്മയും തിന്മയും തിരിച്ചറിയുന്ന ഘട്ടത്തിൽ വേണ്ടവിധത്തിലുള്ള ധാർമ്മികബോധം കുട്ടികളിലുണ്ടാകുന്നുണ്ടെങ്കിൽ കോളജുകളും വിദ്യാലയങ്ങളും ഒരിക്കലും സംഘർഷഭൂമിയാവുകയില്ലായിരുന്നു. മയക്കുമരുന്നിന്റെ കഥകൾ അവിടെ നിന്ന് കേൾക്കുമായിരുന്നില്ല. സമരങ്ങളും നശീകരണങ്ങളും സംഭവിക്കുകയുമില്ലായിരുന്നു. ധാർമ്മികബോധമുളളവർ ബോധപൂർവ്വം എല്ലാത്തരം തിന്മകളിൽ നിന്നും അകന്നുനില്ക്കും. മറ്റുള്ളവരുടെ ഇടർച്ചകൾക്ക് അവരൊരിക്കലും കാരണക്കാരാവുകയില്ലെന്ന് മാത്രമല്ല തെറ്റുകളിൽ നിന്ന് അവരെ പിന്തിരിപ്പിക്കാനും ശ്രമിക്കും. ധാർമ്മികബോധമില്ലാത്ത കുട്ടികളാണ് മറ്റുള്ളവരുടെ ദുഃസ്വാധീനങ്ങൾക്ക് അടിപ്പെട്ടുപോകുന്നത്, മയക്കുമരുന്നു വാഹകരാകുന്നത്, പെൺകുട്ടികളെ പീഡനത്തിന് ഇരകളാക്കുന്നത്, കൊലപാതകരാഷ്ട്രീയത്തിന് സിന്ദാബാദ് വിളിക്കുന്നത്.
ഇത്തരം തിന്മകളെ സമൂഹത്തിൽ നിന്ന് ഉന്മൂലനം ചെയ്യാൻ നാം ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. വരുംകാലങ്ങളിൽ വരുംഭാവിയിലെ കുട്ടികളെ സമൂഹത്തിന്റെയും കുടുംബത്തിന്റെയും നന്മയക്കായി പ്രയോജനപ്പെടുത്താനാണ് ആഗ്രഹമെങ്കിൽ അവരിൽ ധാർമ്മികബോധം നല്കുക, നല്ലതും ചീത്തയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിക്കൊടുക്കുക. ധാർമ്മികമായ അടിത്തറയും കുടുംബാന്തരീക്ഷവും മാതാപിതാക്കൾക്കും ഉണ്ടായിരിക്കണം.
മക്കളെ ഉപദേശിക്കാൻ അർഹതയുള്ളവരായിരിക്കണം മാതാപിതാക്കൾ. മദ്യപിച്ചു നടക്കുന്ന ഒരു അച്ഛന് മകനോട് മദ്യപിക്കരുതെന്ന് പറയാൻ എന്തവകാശം? വഴിതെറ്റി ജീവിക്കുന്ന ഒരമ്മയ്ക്ക് മകളെ അക്കാര്യത്തിൽ ഗുണദോഷിക്കാൻ കഴിയുമോ?
സ്നേഹിച്ചും ലാളിച്ചും വളർത്തിക്കൊണ്ടുവരു ന്ന മക്കൾ നാളെ സമൂഹത്തിന് അപമാനവും ഭീഷണിയുമായി മാറുന്ന അവസ്ഥ ആലോചിച്ചുനോക്കൂ. എത്രയോ ഭീകരമായിരിക്കും. കഴിഞ്ഞ ദിവസങ്ങളിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട ഒരു ഫീച്ചറിൽ ഒരുപിതാവിന്റെ സങ്കടം വായിച്ചതോർക്കുന്നു. മക്കൾ ജനിക്കാനാഗ്രഹിച്ചു. പക്ഷേ ഇപ്പോൾ മയക്കുമരുന്നിന്റെ അടിമകളായി ജീവിക്കുന്ന മക്കളെ കാണുമ്പോൾ ആഗ്രഹിക്കുന്നത് ഇവർ ജനിക്കാതിരുന്നുവെങ്കിലെന്നാണ്.
മക്കളുടെ പേരിൽ അഭിമാനിക്കാനാണ് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത്. ആ അഭിമാനം അപമാനത്തിന് വഴി തെളിക്കാതിരിക്കാൻ മക്കളും ശ്രദ്ധിക്കേണ്ടതുണ്ട്.കരുതലോടെ ജീവിക്കേണ്ടതുണ്ട്.
അതുപോലെ മക്കളെ നല്ലരീതിയിൽ വളർത്താൻ, ധാർമ്മികമായി നയിക്കാൻ മാതാപിതാക്കൾക്കും കടമയുണ്ട്. നല്ല പുസ്തകങ്ങളും നല്ല ആശയങ്ങളും മക്കൾക്ക് ചെറുപ്രായം മുതൽ നല്കുക. അവരുടെ ചിന്തകളിൽ മാലിന്യം കടന്നുകൂടാതിരിക്കാൻ ശ്രദ്ധിക്കുക.