അശാന്തിയുടെ പുകപടലങ്ങൾ നമ്മുടെ കുടുംബങ്ങളുടെ മേൽ തളംകെട്ടി നില്ക്കുന്നുണ്ട്. പല സാഹചര്യങ്ങൾ അതിന്റെ പിന്നിലുണ്ടാവാമെങ്കിലും ഇന്ന് കുടുംബങ്ങളിലെ അസ്വസ്ഥതകൾക്ക് പ്രധാന കാരണമായിരിക്കുന്നത് മക്കൾ തന്നെയാണ്. മക്കളെയോർത്തുള്ള പലവിധ ഉത്കണ്ഠകളുമായി കഴിയുന്ന നിരവധി മാതാപിതാക്കളെ ഇക്കാലയളവിൽ കാണാനിടയായിട്ടുണ്ട്. മക്കളുടെ മൊബൈൽ ഫോൺ ഉപയോഗം മുതൽ അവരുടെ പെരുമാറ്റവൈകല്യം വരെയുളള എത്രയെത്ര കാരണങ്ങൾ കൊണ്ടാണ് മാതാപിതാക്കൾ ഇന്ന് തീ തിന്ന് കഴിയുന്നത്! മക്കളെക്കുറിച്ചുള്ള പരാതികൾകൊണ്ട് അവരിൽ പലരും വീർപ്പുമുട്ടിക്കഴിയുകയാണ്. എന്റെ മകൻ/ മകൾ എന്തേ ഇങ്ങനെയെന്ന സങ്കടം അവരുടെയെല്ലാം ഉള്ളിൽ തിങ്ങിനില്ക്കുന്നുണ്ട്.
മക്കൾ കുറച്ചുകൂടി നല്ലവരാകേണ്ടതല്ലേ? മാതാപിതാക്കളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരേണ്ടവരല്ലേ? സ്വന്തം ജീവിതവും താല്പര്യങ്ങളും അവനവർക്ക് പ്രധാനപ്പെട്ടതാണെങ്കിലും വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരിൽ അവയെ കുറച്ചൊക്കെ അംഗീകരിക്കാമെങ്കിലും മക്കളെ അങ്ങനെ കെട്ടഴിച്ചുവിടാൻ പറ്റുമോ? ഇത്തിരി നിയന്ത്രണം വേണ്ടേ? എന്ന് ചോദിക്കുന്ന മാതാപിതാക്കളെയും കണ്ടുമുട്ടാനിടയായിട്ടുണ്ട്.
നമ്മുടെ കൂടെയുള്ള മക്കൾ ഒരു യാഥാർത്ഥ്യമാണ്. അവരെ അവരായിത്തന്നെ കണ്ട് ഉൾക്കൊള്ളാൻ ശ്രമിക്കുമ്പോഴും അവരെക്കുറിച്ച് നമുക്ക് സ്വപ്നങ്ങൾ പാടില്ലെന്ന് പറയാനാവില്ലല്ലോ? മക്കളെ എങ്ങനെ നല്ലവരാക്കിമാറ്റാം, അവരുടെ ജീവിതം കുറച്ചുകൂടി മനോഹരമാക്കാം എന്ന് ചിന്തിക്കാത്ത മാതാപിതാക്കൾ ആരുംതന്നെയുണ്ടാവില്ല. പക്ഷേ മക്കളെ നന്നാക്കിയെടുക്കുന്നതിന് മുമ്പ് സ്വയം നന്നാകേണ്ടതുണ്ടെന്ന് മാതാപിതാക്കളും മനസ്സിലാക്കിയിരിക്കണം.
മക്കൾക്കും മാതാപിതാക്കൾക്കും ഒന്നുപോലെ പ്രയോജനപ്പെടുന്ന ഒരു ലക്കമായിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കുന്നത്. നല്ല മാതാപിതാക്കളാകുമ്പോൾ നല്ല മക്കളുമുണ്ടാകും എന്ന് മാത്രം ഓർമ്മിപ്പിച്ചുകൊണ്ട്,
സ്നേഹാദരങ്ങളോടെ,
വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്