‘സ്വാതന്ത്ര്യംതന്നെയമൃതം
സ്വാതന്ത്ര്യംതന്നെ ജീവിതം
പാരതന്ത്ര്യം മാനികൾക്ക്
മൃതിയേക്കാൾ ഭയാനകം’ (കുമാരനാശാൻ)
സ്വാതന്ത്ര്യം ആഗ്രഹിക്കാത്തവർ ആരാണ് ഉള്ളത്? മിണ്ടാപ്രാണികൾ മുതൽ മനുഷ്യൻ വരെ അതാഗ്രഹിക്കുന്നുണ്ട്. ഈയിടെ നല്ലൊരു വീഡിയോ കണ്ടു, വിൽക്കാൻ വച്ചിരിക്കുന്ന കുരുവികളെ വില കൊടുത്തു വാങ്ങി സ്വതന്ത്രമാക്കുന്ന ഒരു യുവാവ്! ഓരോ കുഞ്ഞുകിളിയെയും കയ്യിലെടുത്ത് പറത്തിവിടുമ്പോൾ അയാൾ അനുഭവിക്കുന്നൊരാനന്ദമുണ്ട്… ഹാ! സ്വാതന്ത്ര്യം, അത് പൊരുതി നേടാനാകും ചിലർക്ക്. അതാവാത്തവർക്ക് നേടിക്കൊടുക്കാനും ചിലർ വേണം.
‘തൊപ്പി’യുടെ സ്വാതന്ത്ര്യം
പല വാക്കുകൾക്കും കാലാകാലങ്ങളിൽ നാനാർത്ഥങ്ങൾ കൂടിക്കൂടി വരാറുണ്ട്. ‘പണി’ എന്ന പദം ഒരുകാലത്ത് ജോലി എന്ന അർത്ഥം തന്നിരുന്നുവെങ്കിൽ ഇന്നത് മറ്റൊരർത്ഥത്തിലാണ് ഉപയോഗിക്കുന്നത്.
പറഞ്ഞുവന്നത് തലക്കെട്ടിലെ വാക്കിനെക്കുറിച്ചാണ്. തൊപ്പി എന്ന് പറഞ്ഞാൽ ഇപ്പോൾ കുറെ ‘മലയാളി’കൾക്ക്, മഴയും വെയിലും കൊള്ളാതെ തലയിൽ വയ്ക്കാനുള്ള ഒരു വസ്തുവല്ല, മറിച്ച് ഒരു ചെറുപ്പക്കാരന്റെ പേരാണ്. സ്‌കൂൾ കുട്ടികളുടെ ഹരമായ ഒരു ചെറുപ്പക്കാരന്റെ വിളിപ്പേര്. ആരാണയാൾ? താങ്കൾക്ക് അത് മനസ്സിലായില്ലെങ്കിൽ ഗൂഗിൾ സെർച്ച് ചെയ്യണ്ട, അടുത്തിരിക്കുന്ന ഏതെങ്കിലും കുട്ടിയോട് ചോദിച്ചാൽ മതി. ആ കുട്ടിക്കറിയാം. അത്രകണ്ട് പ്രശസ്തനാണയാൾ. അയാൾക്ക് കുട്ടികളെ പ്രചോദിപ്പിക്കാൻ മാത്രം എന്തുണ്ടെന്ന് ചോദിച്ചാൽ ഒന്നുമില്ല എന്നുതന്നെയാണുത്തരം. പിന്നെങ്ങനെ മലയാളക്കര മുഴുവൻ (മുതിർന്നവർ ഇല്ലാട്ടോ) അയാളെക്കാണാൻ കൊതിക്കുന്നു? ഒന്നുതൊടാൻ തിരക്ക് കൂട്ടുന്നു. അയാൾ എവിടെയെങ്കിലും വരുന്നുണ്ടെന്നു കേട്ടാൽ കുഞ്ഞുങ്ങൾ സ്‌കൂൾ യൂണിഫോം ബാഗിൽ തിരുകി ക്ലാസ്സിൽ കയറാതെ അങ്ങോട്ട് പായുന്നു?
ഞാൻ മനസ്സിലാക്കിയിടത്തോളം അതിരുകളില്ലാത്ത സ്വാതന്ത്ര്യം കൊതിക്കുന്നുണ്ടയാൾ. അയാൾക്കതിന് പല കാരണങ്ങളും പറയാനുണ്ടാവാം. വീട്ടിലെ യാഥാസ്ഥിതിക അന്തരീക്ഷം, ‘അരുതു’കൾ, അതൊക്കെ എന്തെങ്കിലുമാകട്ടെ. നമ്മുടെയൊക്കെ വീടുകളിലും ഇതൊക്കെ ഉണ്ടായിരുന്നു. അൽപ സ്വല്പ ഏറ്റക്കുറച്ചിലുകൾ ഉണ്ടെന്ന് മാത്രം.
അതിനോടൊക്കെ മറുതലിച്ച് തോന്നുന്നതൊ ക്കെ ചെയ്ത്, സോഷ്യൽ മീഡിയയിൽ ലൈവ് പോ
കുന്നത് എന്ത് സ്വാതന്ത്ര്യമാണ്? ഒരു പൊതുസമൂഹത്തിൽ ചെയ്യാൻ പാടില്ലാത്ത, കണ്ടാലറപ്പ് തോന്നുന്ന, കേട്ടാൽ അയ്യേ എന്ന് പറയുന്ന പലതും ചെയ്യുന്നൊരാൾ. അയാളെ അറസ്റ്റ് ചെയ്തപ്പോൾ, അത് മാധ്യമങ്ങളിൽ വാർത്തയായപ്പോൾ കണ്ടത് പൊട്ടിക്കരയുന്ന കുഞ്ഞുങ്ങളെയാണ്, പ്രതിഷേധിക്കുന്ന യുവജനതയെയാണ്… ഇതൊക്കെ നമ്മോട് പറയുന്നതെന്താണ്? കുഞ്ഞുങ്ങൾക്ക് അയാൾ ഒരു ഹീറോ ആണ് എന്ന് തന്നെയല്ലേ? അവർ ചെയ്യാനാഗ്രഹിക്കുന്നത് ചെയ്യുന്നൊരാൾ. അവരുടെ റോൾ മോഡൽ. ചിന്തിക്കേണ്ടതിതാണ് – സമൂഹം എവിടെ എത്തി നിൽക്കുന്നു?
മറ്റൊരു കുട്ടിയെ അറിയാം. ഏതാണ്ട് പതിനഞ്ചു വയസ്സേ പ്രായമുള്ളൂ. വീട്ടിലെ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് അവനാണ്. എന്ത് ഭക്ഷണം വയ്ക്കണം, ക്ലാസ്സ് വിട്ട് എത്ര മണിക്ക് വീട്ടിൽ വരണം, എത്ര ദിവസം ലീവ് എടുക്കണം ഇതൊക്കെ അവൻ തീരുമാനിക്കും. അവന്റെ കാര്യം മാത്രമാണെങ്കിൽ പോട്ടെ, വീട്ടിലെ മറ്റുള്ളവരുടെ കാര്യം പോലും ആ പയ്യനാണ് തീരുമാനിക്കുന്നത്. ഇതിനൊക്കെ ന്യായം പറഞ്ഞു കൂടെ നിൽക്കുന്ന മാതാപിതാക്കൾ. ഒരിക്കൽ പോലും അവനെ ഒന്ന് ശകാരിക്കുന്നതോ, അവനോട് ‘അരുത്’ എന്ന് പറയുന്നതോ ഈയുള്ളവൻ കേട്ടിട്ടില്ല. കുറച്ചൂടെ വലുതാവുമ്പോൾ എന്തായി തീരുമെന്ന് ദൈവത്തിനറിയാം.
സ്വാതന്ത്ര്യത്തിന്റെ രാഷ്ട്രീയം
നമ്മൾ സ്വാതന്ത്ര്യം നേടിയെന്ന് അഭിമാനിക്കുന്നുണ്ടല്ലോ. സ്വാതന്ത്ര്യത്തിന് പലതാണ് അർഥം. പൊതു സമൂഹത്തെ എടുത്താൽ, എല്ലാവർക്കും സമാധാനപരമായി അവരവരുടെ വിശ്വാസത്തിന് അനുസരിച്ച് ജീവിക്കാനുള്ള അവകാശം. എല്ലാവർക്കും ഭക്ഷണവും വസ്ത്രവും വീടും വിദ്യാഭ്യാസവും ആരോഗ്യപരിരക്ഷയും അവസര സമത്വവും. എങ്ങും സന്തോഷവും സമാധാനവും. എന്നാൽ, ഇന്ത്യയിലെ ഭൂരിപക്ഷവും ഒന്നുകിൽ പട്ടിണിക്കാരോ അരപ്പട്ടിണിക്കാരോ ആണ്. ഇത് മാറണം. അ താണ് സ്വാതന്ത്ര്യത്തിന്റെ തുടക്കം. ഒരുനേരത്തെ ആഹാരത്തിന് അലയുന്നവരെ, നഗ്‌നത മറയ്ക്കാൻ ഒരുതുണ്ട് വസ്ത്രമില്ലാത്തവരെ, അക്ഷരാഭ്യാസമില്ലാതെ അലഞ്ഞുതിരിയുന്ന കുഞ്ഞുങ്ങളെ, ചേരികളിലും തെരുവോരങ്ങളിലും അന്തിയുറങ്ങുന്നവരെ കാണുമ്പോൾ നാം അറിയാതെ ചോദിച്ചുപോകും, ഇതെന്ത് സ്വാതന്ത്ര്യം?
സ്വാതന്ത്ര്യം നേടി 75 വർഷം കഴിയുമ്പോൾ അത് വിവേചനങ്ങളുടെയും അസമത്വങ്ങളുടെയും ചരിത്രംകൂടിയാണ് പറയുന്നത്. പൊരുതിനേടിയ സ്വാതന്ത്ര്യത്തിലൂടെ സൃഷ്ടിക്കാൻ ആഗ്രഹിച്ച ഇന്ത്യ ഇന്ന് ഏറെ അകലെയാണ്. വേദനിപ്പിക്കുന്ന വാർത്തകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വരുന്നത്. തീവ്രമതാനുയായികൾ വിദ്വേഷ പ്രചാരണങ്ങളിലൂടെ ഇന്ത്യയെന്ന ആശയംതന്നെ ഇല്ലായ്മ ചെയ്യുന്നു. സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്തവർ അധികാരത്തിലിരുന്ന് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ദേശീയത ഉയർത്തി നാട്ടിൽ കലാപം അഴിച്ചുവിടുന്നു. രാജ്യത്തിന്റെ മുഖമുദ്രയായ ജനാധിപത്യത്തെയും മതനിരപേക്ഷതയെയും സാംസ്‌കാരിക- ഭാഷാ വൈവിധ്യത്തെയും ചോദ്യചിഹ്നമാക്കുന്നു. ശക്തമായ പ്രതിരോധം തീർത്ത് ഇതിനെയെല്ലാം തിരിച്ചുപിടിച്ചാൽ മാത്രമേ നാം നേടിയ സ്വാതന്ത്ര്യത്തിന് അർഥമുണ്ടാകൂ.
അടിമത്തം അവസാനിക്കുമ്പോൾ
അടിമത്തത്തിൽ കഴിഞ്ഞവർക്കേ സ്വാതന്ത്ര്യത്തിന്റെ വിലയറിയൂ. അതിപ്പോ രാഷ്ട്രീയ അടിമത്തം മാത്രമല്ല ഒരു വ്യക്തിയുടെ സ്വഭാവത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ. താൻ പിന്തുടർന്നുപോരുന്ന ചില ശീലങ്ങൾ തനിക്കു തന്നെയും മറ്റുള്ളവർക്കും അത്ര നല്ലതല്ല എന്ന് മനസ്സിലാക്കുന്ന ആ നിമിഷം ഏതൊരു മനുഷ്യനും സ്വാതന്ത്ര്യം ആഗ്രഹിച്ചു പോകും. പക്ഷെ അവൻ അതിന് തിരഞ്ഞെടുക്കുന്ന വഴികളാണ് പ്രശ്‌നം. അതിൽ നിന്ന് ഒളിച്ചോടാൻ ആഗ്രഹിക്കുന്നവർ ആത്മഹത്യയിലേയ്ക്ക് വരെ എത്തിച്ചേരാൻ ഇടയുണ്ട്. എന്നാൽ അയാളെ സ്‌നേഹിക്കാൻ ചിലരുണ്ട് എന്നറിയുന്ന നിമിഷം അയാൾ തിരിച്ചു ജീവിതത്തിലേക്ക് വരുന്ന സംഭവങ്ങളും നമ്മൾ കണ്ടിട്ടുണ്ട്.
സുഹൃത്തായ ഒരു അദ്ധ്യാപകനുണ്ടായ അനുഭവം അദ്ദേഹം ഒരിക്കൽ പങ്കുവയ്ക്കുകയുണ്ടായി. ക്ലാസ്സ് സമയത്തിന് ശേഷവും ആ അദ്ധ്യാപകൻ കുറച്ചു സമയം സ്‌കൂളിൽ ചെലവഴിക്കും, വേറൊന്നിനുമല്ല, കുഞ്ഞുങ്ങളുടെ വീട്ടിലെ അവസ്ഥയൊക്കെ മനസ്സിലാക്കാൻ ഏറ്റവും നല്ല വഴി അവരോട് കുശലം ചോദിച്ചു കുറച്ചു സമയം ഗ്രൗണ്ടിലൂടെ നടക്കുന്നതാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഒരിക്കൽ ഒരു കുട്ടി അദ്ദേഹത്തോട് പറഞ്ഞ കാര്യങ്ങൾ കേട്ട് അദ്ദേഹം ഞെട്ടി. വർഷങ്ങളായി തന്നെ പലരും ശാരീരികമായി ദുരുപയോഗം ചെയ്യുന്നുണ്ടെന്നായിരുന്നു ആ കുട്ടി പറഞ്ഞതിന്റെ ഉള്ളടക്കം. പലപ്പോഴും ഇങ്ങനെയുള്ള കാര്യങ്ങൾ പലരും കേട്ടില്ലെന്നു നടിക്കുകയോ ഒതുക്കിത്തീർക്കാൻ ശ്രമിക്കുകയോ ആണ് ചെയ്യുക. പക്ഷെ അദ്ദേഹത്തിന് ആ കുട്ടിയെ അതിൽ നിന്ന് രക്ഷിക്കണമെന്ന് തോന്നി. സാവകാശം അദ്ദേഹം ആ കുട്ടിയെ ആ ബന്ധങ്ങളിൽ നിന്നൊക്കെ രക്ഷപ്പെടുത്തിയെന്ന് പറയുമ്പോൾ പോലിസ് സ്റ്റേഷനും കോടതിയുമൊക്കെയായി കയറിയിറങ്ങി നടന്നതിന്റെ സങ്കടങ്ങൾക്കും കഷ്ടതകൾക്കുമപ്പുറം ആ കുട്ടിയെ രക്ഷപ്പെടുത്തിയതിന്റെ ചരിതാർഥ്യമാണ് അദ്ദേഹത്തിന്. ഒരു കുഞ്ഞിന്റെ സ്വാതന്ത്ര്യത്തിന്റെ കഥ.
മാധ്യമ സ്വാതന്ത്ര്യം
‘മോദി ഭരണത്തിൽ മാധ്യമ സ്വാതന്ത്ര്യത്തിൽ ഇന്ത്യ താഴേക്ക്’ – അടുത്തിടെ വന്ന വാർത്തയാണ്. ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ 161-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. 180 രാജ്യങ്ങളുടെ പട്ടികയിൽ 2022ൽ 150-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. പാരീസ് ആസ്ഥാനമായ റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സാണ് ‘ആഗോള മാധ്യമസ്വാതന്ത്ര്യ സൂചിക’ തയ്യാറാക്കിയത്. ഇവിടെ ഈ കൊച്ചു കേരളത്തിലും മറിച്ചല്ല എന്ന് ദിവസവും പത്രവും ചാനലും മാറി മാറി വീക്ഷിക്കുന്ന നമ്മോട് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
എന്തുടുക്കണം എന്ത് കഴിക്കണം?
കുറെ നാൾ മുൻപ് വരെ ഒരാൾ എന്തുടുക്കണം എന്ത് കഴിയ്ക്കണം എന്ന് തീരുമാനിക്കുന്നത് അയാളായിരുന്നു. ചെറിയ കുട്ടികളുടെ കാര്യമാണെങ്കിൽ മാതാപിതാക്കളും. ഇന്നോ? പരസ്യങ്ങളാണ് ഇതൊ
ക്കെ തീരുമാനിക്കുന്നത്. വസ്ത്രം, ഭക്ഷണം, വീട്ടുപകരണങ്ങൾ എന്നുവേണ്ട, സർവ്വതും അവരാണ് തീരുമാനിക്കുന്നത്. അപ്പോഴും തീർത്തും നമുക്കതിൽ സ്വാതന്ത്ര്യം ഇല്ലെന്ന് പറയാൻ പറ്റില്ല. പക്ഷെ മിക്കവാറും മാതാപിതാക്കൾക്ക് മക്കളുടെ നിർബന്ധത്തിന് വഴങ്ങികൊടുക്കേണ്ടി വരാറുണ്ട്. കാരണം അവരാണ് പെട്ടെന്ന് പരസ്യങ്ങളുടെ ഇരകളാകുന്നത്. അല്പം ‘മോഡേൺ’ ആയി ചിന്തിക്കുന്ന മാതാപിതാക്കൾക്ക് മക്കളുടെ നിർബന്ധം വേണ്ടിവരാറില്ലാതാനും.
ഇനിയുള്ള കാലത്തേക്കുറിച്ച് ചിന്തിക്കുമ്പോഴുള്ള ആധി മറച്ചുവയ്ക്കുന്നില്ല. അതിവിദൂരമല്ലാത്ത ഭാവിയിൽ നാം എന്ത് കഴിക്കണം, കുടിക്കണം, ധരിക്കണം എന്നൊക്കെ ചിന്തിക്കുന്നത് ഒരുപക്ഷെ രാഷ്ട്രീയ പാർട്ടികൾ തീരുമാനിക്കുന്ന കാലത്തേക്കുറിച്ച് കവലകളിൽ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. അപ്പോഴേയ്ക്കും സാധാരണക്കാരന്റെ സ്വാതന്ത്ര്യം ചവിട്ടി അരയ്ക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ടാവും.
അഭിപ്രായസ്വാതന്ത്ര്യം
സ്വന്തം അഭിപ്രായം എവിടെയും, ആരുടെ മുന്നിലും ഉറപ്പിച്ചുപറയാനുള്ള സ്വാതന്ത്ര്യം. അതുപോലുമില്ലാത്ത അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. പലപ്പോഴും പണ്ടത്തെ അവസ്ഥ വച്ചിട്ട് ഇന്നത്തെക്കാലത്തെ ഉപമിക്കാറുണ്ട്, പ്രത്യേകിച്ചും പ്രായം ചെന്ന മാതാപിതാക്കൾ. കുറെകാര്യങ്ങളിൽ അത് ശരിയാണുതാനും. അപ്പോഴും അഭിപ്രായ സ്വാതന്ത്ര്യം നൽകുന്ന ചില സന്ദർഭങ്ങളുണ്ട്.
പണ്ട് വാചിക പ്രാധാന്യമുള്ളൊരു കലയുണ്ടായിരുന്നു, ചാക്യാർകൂത്ത്. ഒരാൾ മാത്രമാണ് അഭിനയിക്കുന്നത്. അയാൾക്ക് വിദൂഷകന്റെ വേഷമാണ്. സമകാലികപ്രശ്നങ്ങളെ ഭരണാധികാരികളുടെ ശ്രദ്ധയിലേയ്ക്ക് കൊണ്ടുവരാൻ, രാജാവിനെപ്പോലും വിമർശിക്കാൻ അധികാരമുള്ള ചാക്യാരുടെ വിമർശനങ്ങൾക്കു കഴിയുമായിരുന്നു. പണ്ട് ചാക്യാരുടെ വിമർശനങ്ങളെയോ ഫലിതങ്ങളെയോ സദസ്യരിൽ ആരെങ്കിലും എതിർത്താൽ അതോടെ ആ ക്ഷേത്രത്തിൽ കൂത്ത് നടത്തുന്നത് നിർത്തലാക്കുമായിരുന്നത്രേ.
ഒരുപക്ഷെ ഇന്നത്തെ അവസ്ഥ വച്ചു നോക്കുമ്പോൾ അന്നല്ലേ മനുഷ്യന് കുറച്ചുകൂടെ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടായിരുന്നതെന്ന് തോന്നിപ്പോകുന്നു. കടക്കുപുറത്ത്! എന്ന് കൂച്ചുവിലങ്ങിടുമായിരുന്നില്ല അന്ന് എന്ന് സാരം.
ഇതിവിടെയൊന്നും അവസാനിക്കുന്നതല്ല. സ്വാതന്ത്ര്യത്തിന് ഇനിയുമുണ്ട് ഒരുപാട് മാനങ്ങൾ… ഒരുപാടൊരുപാട് തലങ്ങളിൽ ഇതിനിയും ചർച്ച ചെയ്യപ്പെടേണ്ടതും ചിന്തിക്കേണ്ടതും തന്നെയാണ്. തത്കാലം ഇവിടെ നിർത്തട്ടെ. വിട…