ഒരു കാലത്ത് ആത്മസ്നേഹിതരായിരുന്നു അവർ. പരസ്പരം പങ്കുവയ്ക്കാത്ത ഹൃദയരഹസ്യങ്ങളൊന്നുമുണ്ടായിരുന്നില്ല. കണ്ടുമുട്ടാത്ത ദിവസങ്ങളും കുറവ്. പക്ഷേ അതിനിടയിൽ എപ്പോഴോ അവർക്കിടയിൽ അസ്വസ്ഥതയുടെ പുകപടലങ്ങൾ ഉയർന്നു. പതുക്കെ പതുക്കെ അവർ തമ്മിൽ മാനസികമായി അകന്നു.
തുടങ്ങിവച്ച പല ബന്ധങ്ങളും ആദ്യത്തേതിന്റെ തീവ്രതയിലും തീക്ഷ്ണതയിലും മുന്നോട്ടുകൊണ്ടുപോകാൻ പലർക്കും കഴിയുന്നില്ല. കാരണങ്ങളും ഉണ്ടാവാം. അതിലൊന്ന് ബന്ധങ്ങൾക്കിടയിൽ സ്വാതന്ത്ര്യമില്ലാതെ പോകുന്നുവെന്നതാണ്. സുതാര്യതയും സത്യസന്ധതയും ആത്മാർത്ഥതയും വിശ്വസ്തതയും ചേരുമ്പോഴാണ് ബന്ധങ്ങൾ സ്വാതന്ത്ര്യംപ്രാപിക്കുന്നത്. അവയ്ക്ക് എവിടെയെങ്കിലും കോട്ടം തട്ടുമ്പോൾ ബന്ധങ്ങൾ മുരടിച്ചുപോകും.
ബന്ധങ്ങളെ ബന്ധനങ്ങളാക്കാതിരിക്കുക. അപ രൻ എന്റെ ഇഷ്ടങ്ങൾക്കും താല്പര്യങ്ങൾക്കും മാത്രമുള്ള ഒരാൾ എന്ന നിലയിൽ ബന്ധങ്ങളെ കണ്ടുതുടങ്ങുമ്പോൾ അവ യാന്ത്രികമാകും. സ്വഭാവികത നഷ്ടമാകും. ബന്ധങ്ങൾക്കിടയിൽ സ്വാതന്ത്ര്യം ഉണ്ടാവട്ടെ. നിനക്ക് എന്നെയും എനിക്ക് നിന്നെയും ഉള്ളംരേഖകൾ പോലെ തിരിച്ചറിയാമെന്ന സ്വാതന്ത്ര്യം. അപ്പോൾ മാത്രമേ ബന്ധങ്ങളുടെ തനിമയും സൗന്ദര്യവും വെളിവാകുകയുളളൂ.
എത്രയെത്ര ബന്ധങ്ങളുടെ ലോകത്താണ് ഓരോരുത്തരും ജീവിക്കുന്നത്. ഈ ബന്ധങ്ങൾക്കിടയിൽ സ്വാതന്ത്ര്യമുണ്ടോ.. ബന്ധങ്ങൾക്കിടയിൽ സ്വാതന്ത്ര്യം നഷ്ടപ്പെട്ടുകഴിഞ്ഞാൽ അവ വെറും ഔപചാരികമാകും. അത് സുഹൃദ്ബന്ധമായാലും ഭാര്യാഭർത്തൃബന്ധമായാലും. സ്വാതന്ത്ര്യത്തെ വിവിധ രീതിയിൽ വിലയിരുത്തുന്ന ലേഖനങ്ങളാണ് ഈ ലക്കം ഒപ്പത്തിലുളളത്.
ഇത്തവണത്തെ ഓഗസ്റ്റ് നമുക്ക് വലിയ രണ്ടു സന്തോഷങ്ങളാണ് പകർന്നുനല്കുന്നത്. ഭാരതത്തിന്റെ സ്വാതന്ത്ര്യദിനവും മലയാളികളുടെ ഏറ്റവും ഗൃഹാതുരമായ ഓർമ്മ ഉണർത്തുന്ന ഓണവും. രണ്ടും രണ്ടു രീതിയിൽ നമ്മെ പല കാര്യങ്ങളും ഓർമ്മിപ്പിക്കുന്നുണ്ട്. ഈ ദിനാഘോഷങ്ങളുടെ പൊരുൾ തിരിച്ചറിയാൻ കഴിയട്ടെ. സ്വാതന്ത്ര്യദിനത്തിന്റെയും ഓണത്തിന്റെയും ആശംസകൾ സ്നേഹപൂർവ്വം നേരുന്നു…
വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്