തുടങ്ങിവയ്ക്കാൻ താരതമ്യേന എളുപ്പമാണ്. പക്ഷേ അത് നിലനിർത്തിക്കൊണ്ടുപോവുക എന്നതാണ് ദുഷ്ക്കരം. നിരവധി ലോൺ ഓഫറുകളുടെ ഇക്കാലത്ത് അതിന്റെ സാധ്യതകൾ ഉപയോഗിച്ച് വീടുപണിയാനോ വാഹനം വാങ്ങാനോ ഇന്ന് എളുപ്പം സാധിക്കും. വീടും വാഹനവും ഇന്ന് കൂടിവരുന്നതിന്റെ പ്രധാനകാരണവും ഇതുതന്നെയാണ്. എന്നാൽ കൃത്യമായ അടവുകൾ അടച്ചുപോകാനാണ് ബുദ്ധിമുട്ട്. ഇതാണ് തുടങ്ങിവയ്ക്കുന്നതും നിലനിർത്തിക്കൊണ്ടുപോകുന്നതും തമ്മിലുള്ള വ്യത്യാസം.
അതുപോലെയാണ് ഒരു ജോലി കിട്ടുന്നതും. ചിലപ്പോൾ ജോലി കിട്ടിയേക്കാമെങ്കിലും അത് നിലനിർത്തിക്കൊണ്ടുപോകാൻ കഴിയണമെന്നില്ല. അവരവരുടെ വീഴ്ച മൂലമോ അധികാരികളുടെ പ്ര ത്യേക തീരുമാനപ്രകാരമോ ജോലി തുടർന്നുകൊണ്ടുപോവുക എന്നത് അസാധ്യമായി മാറുന്നു.
ഒരു വിവാഹം കഴിക്കുന്നതും ഇങ്ങനെതന്നെയാണ്. നിശ്ചിതപ്രായമെത്തിക്കഴിയുമ്പോൾ ഭൂരിപക്ഷവും വിവാഹിതരാകാൻ തയ്യാറെടുപ്പുകൾ നടത്തുന്നു. അനുയോജ്യമോ മനസ്സിനിണങ്ങിയതോ ആയ പങ്കാളിയെ കിട്ടിക്കഴിയുമ്പോൾവിവാഹം. പക്ഷേ വിവാഹം കഴിയുമ്പോൾ തുടക്കത്തിലുണ്ടായിരുന്നതുപോലെ ഊഷ്മളതയും ഹൃദ്യതയും നഷ്ടപ്പെടുകയും വിവാഹജീവിതം നിലനിർത്തിക്കൊണ്ടുപോകാൻ ബുദ്ധിമുട്ട് നേരിടുകയും ചെയ്യുന്നു. വിവാഹം കഴിക്കാനുളളതിലേറെ ബുദ്ധിമുട്ട് അത് നിലനിർത്തിക്കൊണ്ടുപോകുന്നതിലാണ്.
സൗഹൃദബന്ധങ്ങൾക്കും ഇതേ നിയമം ബാധകമാണ്. സുഹൃത്തുക്കളാകാൻ എളുപ്പം കഴിയും. പക്ഷേ സൗഹൃദം ജീവിതാന്ത്യംവരെ നിലനിർത്തിക്കൊണ്ടുപോവുക ദുഷ്ക്കരമാണ്. ഒരു നിശ്ചിതകാലം വരെ മാത്രം മതി സൗഹൃദമെന്നോ അല്ലെങ്കിൽ സ്വന്തം കാര്യസാധ്യത്തിന് വേണ്ടി മാത്രമുളളതാണ്സൗഹൃദമെന്നോ കരുതുന്നവർക്ക് സൗഹൃദം നിലനിർത്തിക്കൊണ്ടുപോകേണ്ട ആവശ്യവുമില്ല.
വ്യക്തിബന്ധങ്ങളിൽ മാത്രമല്ല സാമൂഹികതലത്തിലും വ്യാവസായികതലത്തിലുമൊക്കെ നിലനിന്നുപോരുന്നതിൽ പ്രയാസങ്ങൾ നേരിടുന്നുണ്ട് എന്നാണ് പല വാർത്തകളും പറയുന്നത്. പല ബിസിനസ് സ്ഥാപനങ്ങളും നിലനിന്നുപോരുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. ഭൂരിപക്ഷത്തിനും പ്രിയപ്പെട്ടതെന്ന് കരുതാവുന്ന സിനിമാ മേഖല തന്നെ ഉദാഹരണം. പുറത്തിറങ്ങുന്ന പലസിനിമകളും കാണാൻ തീയറ്ററിൽ ആളില്ല. പത്തുപേരു പോലും ഇല്ലാതെ തീയറ്റർ പ്രവർത്തിപ്പിക്കാൻ കഴിയാത്ത അവസ്ഥ. തീയറ്ററുകൾ നിലനിർത്തിക്കൊണ്ടുപോകാൻ പ്രയാസമാണെന്നാണ് ഉടമകളുടെ നിലവിളി. പലപല കാരണങ്ങൾ കൊണ്ട് കേരളത്തിലെ എത്രയോ വാണിജ്യസ്ഥാപനങ്ങളാണ് അടച്ചുപൂട്ടേണ്ടിവന്നത്.
അന്തരീക്ഷ മലിനീകരണം ഉൾപ്പടെയുള്ള നിരവധി കാരണങ്ങൾ കൊണ്ട് ഭൂമിക്കുപോലും നിലനില്പ് അസാധ്യമായി വന്നുകൊണ്ടിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.
നിലനില്ക്കുക എന്നത് പ്രകൃതിയുടെ അനിവാര്യതയാണ്. ജനിച്ചുവീഴുന്ന പുഴുവിനും പുൽച്ചാടിക്കും മനുഷ്യനുമെല്ലാം നിലനിന്നുപോരാനുള്ള സഹജപ്രവണതകളുണ്ട്. അവ അവറ്റകളുടെ അവകാശവുമാണ്. ഏതെങ്കിലും വിധേന നിലനിന്നുപോരാൻ ശ്രമിക്കുമ്പോൾ അവയുടെ കടയ്ക്കൽ കോടാലി വയ്ക്കാതിരിക്കുക.. നിലനിന്നുപോരുന്നതിനെ നശിപ്പിക്കാതിരിക്കുക നിലനിർത്തിക്കൊണ്ടുപോകാനായി പരമാവധി ശ്രമിക്കുക.
നിലനില്പിന് ഭീഷണിയായി വന്നിരിക്കുന്ന സാഹചര്യങ്ങൾ ഏതൊക്കെയാണെന്ന് മനസ്സിലാക്കി അവ പരിഹരിക്കാൻ ശ്രമിക്കുക. എല്ലാം നിലനില്ക്കട്ടെ. ചെറുതും വലുതും ആകർഷകവും അനാകർഷകവുമായ എല്ലാം. നിലനില്ക്കുന്നു എന്നത് ജീവനുണ്ട് എന്നതിന്റെ കൂടിതെളിവാണല്ലോ?