വിഷാദവും മാറുന്ന ജീവിതചര്യകളും

Date:

spot_img


ഒഴിവുദിനങ്ങളിൽ   പതിവുള്ള   നീണ്ട സായാഹ്ന സംഭാഷണങ്ങളിൽ ഒന്നിൽ  ആണ്  വിഷാദരോഗത്തെ കുറിച്ച് ഞങ്ങൾ സംസാരിച്ചത്. തിരശീലയിൽ സദാ പ്രസന്നവദനനും സുസ്‌മേര ചിത്തനും, ഊർജ്വസ്വലനുമായി കാണപ്പെട്ട ഒരു ചെറുപ്പക്കാരന്റെ അകാല വിയോഗം അദേഹത്തിന്റെ ചലച്ചിത്രാസ്വാദകരെ എന്ന പോലെ പ്രേക്ഷക ഹൃദയങ്ങളെ ഒന്നടങ്കം  ഏറെ  ആശങ്കിപ്പിച്ചതും  വേദനിപ്പിച്ചതുമായ  ഒരു വാർത്ത ആയിരുന്നു. എന്തായിരുന്നു ആത്മഹൂതിചെയ്യുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്ന ചോദ്യം ഉത്തരം കിട്ടാത്ത ഒരു സമസ്യ ആയി തുടരുമ്പോഴും നമ്മൾ ചിന്തിക്കേണ്ടത്  മറ്റൊന്നാണ്.

 സമ്പത്തും  പ്രശസ്തിയും  സകല സൗഭാഗ്യങ്ങളും ഉണ്ടെങ്കിലും, അവയുടെ മധ്യത്തിലും ഏകനായി തീരുന്ന  മനുഷ്യന്റെ നിസ്സഹായ അവസ്ഥ.എൺപതുകളിൽ എം.ടി. വാസുദേവൻ നായരുടെ തൂലികയിൽ പിറന്ന ‘ആൾക്കൂട്ടത്തിൽ തനിയെ’ എന്ന മനോഹരമായ തിരക്കഥയിലെ അമ്മുക്കുട്ടിയെന്ന കഥാപാത്രത്തെ പോലെ ജീവിതത്തിൽ ഒറ്റക്കായി പോകുന്നവർ. വിഷാദം എന്നത് മനസിന്റെ ഒരു താളം തെറ്റലാണ്. നേർരേഖയിൽ ചലിക്കുന്ന ഒരു  വസ്തു പിന്നീട് വളവുകളിലും  ചെരിവുകളിലും പെട്ടു ഉഴലുന്നതു പോലെയാണ്  അത്. പുറമേ സ്വച്ഛവും  ശാന്തവും ആയി  ഒഴുകി കൊണ്ടിരിക്കുന്ന  ഒരു നദിയിൽ ഒളിഞ്ഞിരിക്കുന്ന ഭീതിദവും അത്യന്തം  അപകടകരവുമായ  ചുഴികൾ പോലെ ആണ് മനുഷ്യ മനസ്സും.  ചെറിയ ഒരു വ്യതിയാനം മതി ജീവിതത്തിന്റെ താളം തെറ്റാൻ. 

മാറിക്കൊണ്ടിരിക്കുന്ന ജീവിത സാഹചര്യങ്ങളും ശിഥിലമായ കുടുംബബന്ധങ്ങളും സൗഹൃദങ്ങളിലെ പാളിച്ചകളും വ്യക്തി ജീവിതത്തിലെ താളപ്പിഴകളും തൊഴിലിലെ സമ്മർദവും സാമ്പത്തിക ബുദ്ധിമുട്ടുകളും ശാരീരിക മാനസിക രോഗാവസ്ഥകളും പരീക്ഷകളിലെ പരാജയവും പ്രിയപ്പെട്ടവരുടെ വേർപാടും താരതമ്യപെടുത്തലുകളും എല്ലാം ഒരു വ്യക്തിയുടെ മനോനിലയെ തകിടംമറിക്കാനും വിഷാദാവസ്തയിൽ മനസ്സിനെ എത്തിക്കാനും  ഉതകുന്നവയിൽ   ചില കാരണങ്ങൾ മാത്രം ആണ്. 

ശാസ്ത്രവും സാങ്കേതികവിദ്യയും ബഹുദൂരം  മുന്നിട്ടപ്പോഴും ചുരുങ്ങിപ്പോയത്  നമ്മുടെ മനസ്സാണ്, കെട്ടുറപ്പില്ലാത്ത ബന്ധങ്ങളും അടിയുറപ്പില്ലാത്ത നമ്മുടെ സൗഹൃദങ്ങളും ആണ്. സമൂഹമാധ്യമത്തിൽ ആയിരക്കണക്കിനു സുഹൃദ്ബന്ധങ്ങൾ നമുക്ക്  ഉണ്ടായിരിക്കുമ്പോഴും ഉള്ളുതുറന്നു സംസാരിക്കാൻ കേവലം ഒരു ആത്മാർത്ഥ സുഹൃത്ത് പോലും ഇല്ലാത്ത തികച്ചും പരിതാപകരമായ അവസ്ഥയാണ് നമ്മിൽ ഏറിയവർക്കും ഇന്നുള്ളത്. 
ജീവിതത്തിലെ പല ഘട്ടങ്ങളിലും വ്യത്യസ്തമായ തോതിൽ നാമേവരും മനോവിഷമങ്ങളിലൂടെ കടന്നു പോകാറുണ്ട് എന്നത് സത്യമായ ഒരു  വസ്തുത തന്നെയാണ്. അത്തരം പ്രതിസന്ധികളെ സമചിത്തതയോടെ നേരിടുമ്പോൾ ആണ് നമ്മുടെ മനസ്സ് പക്വതയുള്ളതാകുന്നത്. എന്റെ മനസ്സ് ഏറെ ചഞ്ചലപെട്ടതും ആകുലപ്പെട്ടതും  മൂന്നു വർഷങ്ങൾക്കു മുൻപ് ഞങ്ങളുടെ പൊന്നോമന മകന് ‘ഓട്ടിസം സ്‌പെക്ട്രം ഡിസോർഡർ’ എന്ന ഡയഗ്‌നോസിസ് കിട്ടിയപ്പോൾ ആയിരുന്നു. ആതുരശുശ്രൂഷാ മേഖലയിൽ  ജോലി ചെയ്യുന്നവരായിരുന്നിട്ട് കൂടി സ്വജീവിതത്തിൽ വന്ന അനുഭവം  ഞങ്ങൾക്കു തീർത്തും വേദനാജനകം  ആയിരുന്നു. ആ പ്രതിസന്ധി ഘട്ടത്തെ  തരണം ചെയ്യാനും  സന്തോഷത്തോടെ മുൻപോട്ടു പോകാനും ഞങ്ങൾക്കു കഴിഞ്ഞത് ഈശ്വരവിശ്വാസം കൊണ്ടും പരസ്പരരാശ്രയം കൊണ്ടും  സ്‌നേഹിക്കുന്ന ഒരുപിടി ബന്ധങ്ങളുടെ  കരുതലും കൊണ്ടും മാത്രം ആണ്.

വൈകിയെങ്കിലും നമ്മൾ ഏറെ മാറി ചിന്തിക്കേണ്ടിയിരിക്കുന്നു,  മറന്നുകളഞ്ഞ ശീലങ്ങളിൽ ചിലത് എങ്കിലും പഴയ തലമുറയിൽ നിന്നും സ്വീകരിക്കേ ണ്ടിയിരിക്കുന്നു. മത്സരബുദ്ധിയോടെയും, ലക്ഷ്യബോധത്തോടെയും കുട്ടികളെ വളർത്തുവാൻ നമ്മൾ പാടുപെടുമ്പോൾ അവരിൽ അത്യാവശ്യം ഉണ്ടാകേണ്ട ഗുണഗണങ്ങൾ വേദനിക്കുവരോട് അനുകമ്പ കാണിക്കാനും  മറ്റുള്ളവരോട് കരുണയോടെയും സ്‌നേഹത്തോടെയും നിസ്വാർത്ഥമായും  പെരുമാറാനും ഉള്ള ഒരു മനസ്സ്  ആണെന്ന് നമ്മൾ ചെറുപ്പംമുതലേ  പറഞ്ഞു മനസ്സിലാക്കേണ്ടിയിരിക്കുന്നു. 

തിരക്ക് പിടിച്ച ജീവിത സാഹചര്യങ്ങളിലും, കുറഞ്ഞ പക്ഷം നമ്മളുമായി ബന്ധപ്പെട്ടിരിക്കുന്നവർക്കു വേണ്ടി അല്പസമയം കണ്ടെത്തണം. ഇടയ്ക്കു ഒരു ഫോൺ ചെയ്യാൻ, സുഖമാണോ എന്നു മെസ്സേജ് ചെയ്തു തിരക്കുവാൻ വല്ലപ്പോഴും എങ്കിലും നമുക്കു സാധിക്കണം. 

തുറക്കാം നമ്മുടെ വീടിന്റെ പൂമുഖവാതിൽ ഏവരെയും സ്വീകരിക്കാൻ, തുറക്കാം നമ്മുടെ കാതുകൾ മറ്റുള്ളവരെ ശ്രവിക്കാൻ. വിഷാദത്തിലേക്ക് ആരും ഇനിയെങ്കിലും  എത്തപ്പെടാതിരിക്കട്ടെ. മാനസികാരോഗ്യമുള്ള സുമനസ്സുകളായ വ്യക്തിത്വങ്ങൾ  ആകാൻ നമുക്ക് കഴിയട്ടെ. 

* സ്‌പെഷ്യലിസ്റ്റ് പീഡിയാട്രിക് 
സ്ലീപ്  ഫിസിയോളജിസ്റ്റ്,  ഇംഗ്ലണ്ട്

സുജിത് തോമസ്

More like this
Related

വിമർശനങ്ങളെ പേടിക്കണോ?

വിമർശനങ്ങൾക്ക് മുമ്പിൽ  പൊതുവെ തളർന്നുപോകുന്നവരാണ് ഭൂരിപക്ഷവും അതുകൊണ്ട് ആരും വിമർശനങ്ങളെ ഇഷ്ടപ്പെടുന്നില്ല....

ഏകാന്തത തിരിച്ചറിയാം

ഒറ്റപ്പെട്ട ചില നേരങ്ങളിലോ ക്രിയാത്മകമായി ചെലവഴിക്കേണ്ടിവരുന്ന നിമിഷങ്ങളിലോ ഒഴികെ  മനുഷ്യരാരും ഏകാന്തത...

മനസ് വായിക്കാൻ കഴിയുമോ?

സ്വന്തം മനസും വിചാരങ്ങളും മറ്റുള്ളവർക്ക് വെളിപെടുത്തിക്കൊടുക്കാൻ തയ്യാറല്ലാത്തവർ പോലും ആഗ്രഹിക്കുന്ന ഒരു...

വിജയത്തിന് വേണ്ടി മനസ്സിനെ ശക്തമാക്കൂ

വിജയം ആഗ്രഹിക്കുകയും അർഹിക്കുകയും ചെയ്യുന്ന വ്യക്തിയാണോ നിങ്ങൾ? പക്ഷേ  വിജയം നേടിയെടുക്കാനും...
error: Content is protected !!