ആത്മവിശ്വാസത്തിന്റെ തോത് പലരിലും വ്യത്യസ്തമായിരിക്കാം. എങ്കിലും ചിലരിൽ ഇത് അപകടകരമായ വിധത്തിൽ കുറഞ്ഞിട്ടുണ്ടാകും. മറ്റുളളവരെ അഭിമുഖീകരിക്കാനോ അവരോട് സംസാരിക്കാൻ പോലുമോ കഴിയാത്തവിധത്തിൽ പിന്മാറുന്നവരാണ് ഇക്കൂട്ടർ.
ജീവിതത്തിന്റെ അർത്ഥം ഇത്തരക്കാർക്ക് പിടികിട്ടുന്നില്ല. അർത്ഥശൂന്യമായ വിധത്തിലാണ് ജീവിതത്തെ സമീപിക്കുന്നത്. ആത്മഹത്യയെക്കുറിച്ചുപോലും സംസാരിക്കുകയും ചെയ്യും.
കൗമാരക്കാരിലാണ് ഈ പ്രശ്നം കൂടുതലായി കണ്ടുവരുന്നത്. പ്രത്യേകിച്ച് സമീപകാലത്ത് ഇത്തരം പ്രവണത വർദ്ധിച്ചുവരുന്നതായി മനശ്ശാസ്ത്രജ്ഞർ പറയുന്നുണ്ട്. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം ഇത് വെറും ആത്മവിശ്വാസക്കുറവ് മാത്രമല്ലെന്നാണ്. വിഷാദരോഗവും ഉത്കണ്ഠയും പിടികൂടിയവരിലും സമാനമായ രീതിയിലുള്ള പ്രതികരണങ്ങൾ ഉണ്ടാവാറുണ്ട്, അതുകൊണ്ട് അമിതമായ ആത്മവിശ്വാസക്കുറവുള്ളവരെ അതിന്റെ പേരിൽ പഴിക്കുകയല്ല മറിച്ച് അവരുടെ യഥാർത്ഥ പ്രശ്നം എന്താണെന്ന് മനസ്സിലാക്കാൻ ശ്രമിക്കുകയാണ് വേണ്ടത്. ഇതിന് സൈക്കോളജിസ്റ്റുകളുടെ സഹായമാണ് തേടേണ്ടത്. ആത്മവിശ്വാസമില്ലായ്മ മൂലം സ്വഭാവികമായ ജീവിതം നയിക്കാൻ പോലും കഴിയാതെ വരുമ്പോഴാണ് ഇത്തരക്കാരുടെ പ്രശ്നം മറ്റുള്ളവരറിയുന്നത്. അതുവരെ നാണംകുണുങ്ങി, പേടിത്തൊണ്ടൻ എന്നിങ്ങനെയൊക്കെ വിശേഷിപ്പിച്ച് അത്തരക്കാരെ മാറ്റിനിർത്താനായിരിക്കും ഏറ്റവും അടുത്തുനില്ക്കുന്നവർ പോലും ശ്രമിക്കുന്നത്. cognitive behaviour therapy, social skills training എന്നിവയിലൂടെ ഇക്കൂട്ടരെ രക്ഷിച്ചെടുക്കാൻ കഴിയുമെന്നാണ് സൈക്കോളജിസ്റ്റുകൾ പറയുന്നത്. അതുകൊണ്ട് മറ്റുള്ളവരുടെ ആത്മവിശ്വാസക്കുറവിനെ പരിഹസിക്കുന്നതിന് പകരം അതിന്റെ പിന്നിലെ യഥാർതഥ പ്രശ്നം മനസ്സിലാക്കി പരിഹരിക്കാൻ ശ്രമിക്കുകയാണ് വേണ്ടത്. ആത്മവിശ്വാസത്തോടെ ജീവിക്കുമ്പോൾ ജീവിതം തന്നെ എത്രയോ സുന്ദരമായി മാറുകയാണ് ചെയ്യുന്നത്!