മഹത്തായ ഇച്ഛാശക്തി കൂടാതെ വലിയ ജന്മവാസനകൾ ഒരിക്കലും ഫലമണിയുകയില്ല
-ഹൊന്നെ റെഡിബാറല
പ്ലസ് ടൂ കഴിഞ്ഞ കൗമാരക്കാരുമായി സംസാരിക്കുമ്പോൾ അവരോട് ചോദിക്കാറുണ്ട്. ഇനിയെന്താണ് ഭാവിപരിപാടി?
അതിൽ ചിലർക്ക് വ്യക്തമായ ലക്ഷ്യങ്ങളുണ്ട്, എത്തിച്ചേരേണ്ട സ്ഥാനങ്ങളെക്കുറിച്ച് അവർ മനസ്സിൽ പദ്ധതികൾ സൂക്ഷിക്കുന്നുണ്ട്, അതുകൊണ്ട് അവർ പറയും
ഡോക്ടറാകണം
എൻജിനീയറാകണം
നഴ്സാകണം
ഐഎഎസ് നേടണം
സോഫ്റ്റ് വെയർ എൻജിനീയറാകണം
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പഠിക്കണം
ഒരിക്കൽ ഒരു പെൺകുട്ടിയുമായി പരിചയപ്പെട്ടത് ഓർമ്മിക്കുന്നു. പതിവുപോലെ അവളോടും ചോദിച്ചു നിനക്ക് ഭാവിയിൽ എന്തായിത്തീരാനാണ് ആഗ്രഹം? അധികമാരും പറഞ്ഞിട്ടില്ലാത്ത ഒരു സ്വപ്നമാണ് അവൾ പങ്കുവച്ചത്. എനിക്കൊരു പത്രപ്രവർത്തകയാകണം. അതിന് വേണ്ടി ഇപ്പോൾ മുതല്ക്കേ താൻ ഒരുക്കങ്ങൾ നടത്തുന്നുണ്ടെന്നും ലോകസംഭവവികാസങ്ങളെക്കുറിച്ച് പഠിക്കുകയും അത്തരം കാര്യങ്ങൾ സൂക്ഷിച്ചുവയ്ക്കുകയും ചെയ്യുന്നുണ്ടെന്നും അവൾ പറഞ്ഞു.
കാലഘട്ടത്തിന് അനുസരിച്ചും ലോകം മാറുന്നതിന് അനുസരിച്ചും പുതിയ പുതിയ കോഴ്സുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. ഈ മാറ്റം മനസ്സിലാക്കി തന്റെ ജീവിതം ക്രമപ്പെടുത്താനും മുന്നോട്ടുകൊണ്ടുപോകുവാനുമാണ് കൗമാരക്കാർ ശ്രദ്ധിക്കേണ്ടത്. ഇന്ന് ഭൂരിപക്ഷം ചെറുപ്പക്കാർക്കും തങ്ങളുടെ ഭാവിയെക്കുറിച്ച് പദ്ധതികളുണ്ട്. അവർ അപ്റ്റുഡേറ്റാണ്.
പക്ഷേ എന്റെയൊക്കെ ചെറുപ്പകാലത്ത് പലർക്കും കൃത്യമായ ദിശാബോധമോ ഭാവിയിൽ എന്താ
യിത്തീരണമെന്ന പ്ലാനോ ഉണ്ടായിരുന്നില്ല. മാതാപിതാക്കൾക്കും മക്കളുടെ ഭാവി എന്തായിത്തീരണമെന്ന കാര്യത്തെക്കുറിച്ച് വ്യക്തതയുണ്ടായിരുന്നില്ല. കാരണം അവരിൽ പലരും വിദ്യാഭ്യാസമില്ലാത്തവരും ലോകകാര്യങ്ങളെക്കുറിച്ച് അറിവില്ലാത്തവരുമായിരുന്നു.
ഇന്ന് മക്കളെക്കാൾ മാതാപിതാക്കൾക്കാണ് സ്വപ്നങ്ങളും പ്രതീക്ഷകളും ഏറെയുള്ളത്. തന്റെ മകനെ/മകളെ ഇന്ന ലക്ഷ്യത്തിലെത്തിക്കണമെന്ന് അവർ തീരുമാനിക്കുന്നു. അതനുസരിച്ചു വേണ്ട ക്രമീകരണങ്ങൾ ചെയ്യുന്നു. ഇന്ന് എൻട്രൻസ് എക്സാമുകൾ ലക്ഷ്യമാക്കി ഹൈസ്‌ക്കൂൾ കാലം മുതൽ തന്നെ കുട്ടികൾക്ക് പരിശീലനം കൊടുക്കുന്ന മാതാപിതാക്കളും സ്‌കൂളുകളുമുണ്ട്.
ഇതൊക്കെ നല്ലതാകുമ്പോഴും ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കൂടി പറയട്ടെ. കുട്ടികളുടെ കഴിവുകളും അഭിരുചികളും താല്പര്യങ്ങളും വാസനകളും മനസ്സിലാക്കിക്കൊണ്ടുവേണം അതിൽ അവരെ ഉറപ്പിക്കേണ്ടത്. സ്വന്തമായ ഒരു ലക്ഷ്യത്തിലേക്ക് അവരെ കൊണ്ടുചെന്നെത്തിക്കാൻ മാതാപിതാക്കൾക്ക് കഴിയണം. മാതാപിതാക്കളുടെ ആഗ്രഹപൂർത്തീകരണത്തിനായി ഇഷ്ടമില്ലാത്തതു ചുമക്കേണ്ടിവരുന്ന നിസ്സഹായരാക്കി കുട്ടികളെ മാറ്റരുത്.
കൗമാരകാലത്തിൽ മക്കളുടെ ഇഷ്ടങ്ങളും താല്പര്യങ്ങളും മാറിമറിഞ്ഞുകൊണ്ടിരിക്കും. ഇന്ന് എടുക്കുന്ന തീരുമാനത്തിൽ ഉറച്ചുനില്ക്കാൻ നാളെ അവർക്ക് കഴിയണമെന്നില്ല. ഇവിടെ മാതാപിതാക്കളുടെ പരിജ്ഞാനം ഏറെ ഗുണം ചെയ്യും. മക്കളെ തീരുമാനമെടുക്കാൻ സഹായിക്കുക മാത്രമേ ചെയ്യാവൂ. ഒരിക്കലും അവരുടെ കാര്യത്തിൽ തീരുമാനമെടുക്കരുത്. കാരണം നാളെ അതിൽ അവർ പരാജയപ്പെട്ടാൽ മാതാപിതാക്കൾ കുറ്റക്കാരായി മാറും. സ്വന്തം ജീവിതത്തിന്മേലും ഭാവിയുടെ മേലും തീരുമാനമെടുക്കാനും അത് നടപ്പിലാക്കാനും അതിന് വേണ്ടി പരിശ്രമിക്കാനുമുളള പ്രചോദനമാണ് മാതാപിതാക്കൾ നല്കേണ്ടത്. ത്യാഗവും അദ്ധ്വാനവും ജീവിതവിജയത്തിലേക്കുള്ള വഴികളിലുണ്ടെന്ന കാര്യവും പഠിപ്പിക്കാൻ മറന്നുപോകരുത്.
മുമ്പ് പറഞ്ഞ സംഭവത്തിലെ പെൺകുട്ടിയുടെ കാര്യം തന്നെ നോക്കൂ. ഭാവിയിൽ ഒരു പത്രപ്രവർത്തകയാകണമെന്ന് നിശ്ചയിച്ച അവൾ ഇപ്പോൾ മുതൽ അതിന് വേണ്ട തയ്യാറെടുപ്പുകൾ നടത്തുന്നു. മാതാപിതാക്കളുടെ ഭാഗത്തു നിന്ന് പഠനത്തിന് വേണ്ടി അവൾ സമ്മർദ്ദം നേരിടുന്നില്ല. മകളെ പഠിപ്പിക്കാനായി മാതാപിതാക്കൾക്കും സമ്മർദ്ദം ഉണ്ടാകുന്നില്ല. രണ്ടുകൂട്ടരും ഇവിടെ ടെൻഷൻരഹിത ജീവിതം നയിക്കുന്നു.
സാധാരണയായി കണ്ടുവരുന്നത് മക്കളുടെ പുറകെ നടന്ന് പഠിക്ക് പഠിക്ക് എന്ന് പറഞ്ഞു നടക്കുന്ന മാതാപിതാക്കളും മാതാപിതാക്കളെ ബോധിപ്പിക്കാൻ വേണ്ടി പാഠപുസ്തകം നിവർത്തുപിടിച്ചിരിക്കുന്ന മക്കളെയുമാണല്ലോ. പരീക്ഷയാകാൻ വേണ്ടി പഠിക്കാനിരിക്കുന്നവരും പരീക്ഷയ്ക്ക് കോപ്പിയടിച്ച് ജയിക്കാമെന്ന് കരുതുന്നവർ പോലുമുണ്ട്.
ഇക്കൂട്ടരുടെയൊന്നും ഭാവി ശോഭനമായിരിക്കുകയില്ല. ലക്ഷ്യമുള്ളവരാണ് ലക്ഷ്യപ്രാപ്തിക്കുവേണ്ടി പരിശ്രമിക്കുന്നത്. തന്റെ ജീവിതം കൊണ്ട്, ജന്മം കൊണ്ട് ഒരു ലക്ഷ്യമുണ്ടെന്ന് കൗമാരക്കാർ മനസ്സിലാക്കിയിരിക്കണം. ഞാൻ ഈ സമൂഹത്തിന് ഒരുപാട് നന്മകൾ കൈമാറേണ്ട വ്യക്തിയാണെന്ന് ഓരോരുത്തരും മനസ്സിലാക്കിയിരിക്കണം. ഈ ലോകത്തിന് എനിക്ക് എന്റേതായ സംഭാവനകൾ കൈമാറാനുണ്ട്. ഈ ലോകത്തിന്റെ വളർച്ചയിൽ എനിക്കും പങ്കുണ്ട്. ഇങ്ങനെയൊരു തിരിച്ചറിവും ആത്മജ്ഞാനവും കൗമാരക്കാർക്കുണ്ടായിരിക്കണം. അപ്പോൾ മാത്രമേ ജീവിതത്തെ അർത്ഥവത്തായി സമീപിക്കാൻ അവർക്ക് കഴിയുകയുള്ളൂ.
വ്യക്തികളെന്ന നിലയിൽ നാം ഓരോരുത്തരും വ്യത്യസ്തരാണ്. ഓരോരുത്തരുടെയും കഴിവുകളും അക്കാരണത്താൽ വ്യത്യസ്തമാണ്. വ്യത്യസ്തമായ ഈ കഴിവുകളെ സമൂഹനിർമ്മിതിക്കും ലോകനന്മയ്ക്കുമായി പ്രയോജനപ്പെടുത്തുക എന്നതാണ് ഉത്തരവാദിത്തം. ഇതിനായി ഓരോരുത്തരും അവനവരുടെ കഴിവുകളും കഴിവുകേടുകളും തിരിച്ചറിയേണ്ടതുണ്ട്. എല്ലാ കാര്യങ്ങളും ചെയ്യാൻ നമുക്കാർക്കും കഴിയില്ല. നമുക്കുള്ളകഴിവുകളെ കണ്ടെത്തുക. അത് ജീവിതലക്ഷ്യത്തിനായി പ്രയോജനപ്പെടുത്തുക. സ്വയം മനസ്സിലാക്കുക എന്നത പ്രധാനപ്പെട്ട കാര്യമാണ്. സ്വയം മനസ്സിലാക്കാത്ത ഒരാൾക്ക് മറ്റൊരാളെയും മനസ്സിലാക്കാനാവില്ല. അതുപോലെ സ്വയം വളരാത്ത ഒരാൾക്ക് മറ്റൊരാളെ വളർത്താനും കഴിയില്ല.
ഒരു യാത്ര പുറപ്പെടുമ്പോൾ എത്തിച്ചേരേണ്ട സ്ഥലത്തെക്കുറിച്ച് നമുക്കൊരു ലക്ഷ്യമുണ്ടായിരിക്കുമല്ലോ. എപ്പോൾ പുറപ്പെടണം, ഏതുവഴി തിരഞ്ഞെടുക്കണം, എപ്പോൾ എത്തിച്ചേരണം, മടക്കയാത്ര എപ്പോഴായിരിക്കണം ഇങ്ങനെയുള്ള കാര്യങ്ങളിൽ മുൻകൂട്ടി തീരുമാനമെടുക്കാതെ ആരും നീണ്ട യാത്രകൾ നടത്താറില്ലല്ലോ. ഈ ആലോചന കൃത്യമല്ലാതെവരുമ്പോൾ യാത്രയിൽ പ്രശ്നങ്ങൾ ഉടലെടുക്കും. ലക്ഷ്യത്തിലെത്താൻ വൈകുകയും ചെയ്യും.
ഡ്രൈവ് ചെയ്യുമ്പോൾ ഒരു ഡ്രൈവർ എത്രയോ ജാഗരൂകനായിരിക്കണം. മറ്റൊരാളുടെ ഡ്രൈവിന് അനുസരിച്ചല്ല നാം നമ്മുടെ ജീവിതം മുന്നോട്ടുകൊണ്ടുപോകേണ്ടത്. സ്റ്റിയറിംങ് നമ്മുടെ കൈയിലായിരിക്കട്ടെ, എത്തിച്ചേരേണ്ട ലക്ഷ്യം നമ്മുടേതുമാത്രമായിരിക്കട്ടെ.
യാത്രയ്ക്ക് പുറപ്പെടും മുമ്പ് വഴി മനസ്സിലാക്കിയിരിക്കുന്നതുപോലെ കൃത്യമായ ചാർട്ടോടെ ജീവിതം ക്രമീകരിക്കുക. തീർച്ചയായും ലക്ഷ്യത്തിലെത്തുക തന്നെ ചെയ്യും.