കേരളത്തെ മഹാകണ്ണീരിലാഴ്ത്തിയ പ്രളയത്തെക്കുറിച്ച് സോഷ്യൽ മീഡിയാ വഴി ചിലർ പങ്കുവച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇതെഴുതുന്നത്. ചുംബനസമരം നടന്ന നാടല്ലേ ഇത് ഇതിലപ്പുറവും സംഭവിക്കും എന്നതായിരുന്നു അതിലൊന്ന്. മനുഷ്യന്റെ പാപമാണ് കാരണമെന്നായിരുന്നു മറ്റൊന്ന്. പ്രകൃതിചൂഷണവും അനധികൃതമായ കയ്യേറ്റങ്ങളുമാണ് ഈ ദുരിതത്തിന് കാരണമെന്നായിരുന്നു മറ്റൊരു വിശദീകരണം. ഓരോരുത്തർക്കും അവനവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ അവകാശമുണ്ട്. പ്രകൃതിചൂഷണവും മനുഷ്യന്റെ സ്വാർത്ഥതയും പ്രകൃതിയുടെ സ്വച്ഛത നശിപ്പിക്കുന്നുണ്ട് എന്നത് സത്യം തന്നെ. എന്നാൽ ദുരന്തം തീരാമഴയായി തലയ്ക്കു മുകളിൽ നില്ക്കുമ്പോൾ ഇത്തരം വിധിപ്രസ്താവങ്ങളിൽ വിവേകം പുലർത്തണമായിരുന്നു എന്ന് തോന്നി. ഈ കുറിപ്പുകൾ എഴുതിയവരാരും ദുരിതത്തിന് ഇരകളായവരാണെന്ന് കരുതുന്നില്ല. ചില്ലുമേടയിലിരുന്ന് നമുക്ക് ആർക്കുനേരെയും കല്ലെറിയാം. മണ്ണിടിച്ചിലും മഴയും പേടിക്കാതെ സ്വന്തം വീടിന്റെ സുരക്ഷിതത്വത്തിൽ ഇരുന്ന് ടിവിയിൽ അത്തരം കാഴ്ചകൾകാണുമ്പോൾ നമുക്ക് വിധി പ്രസ്താവങ്ങൾ നടത്താനും കുറ്റം വിധിക്കാനും വളരെ എളുപ്പമാണ്. മനുഷ്യൻ സഹിക്കുന്നതിനെല്ലാം കാരണം അവന്റെ പാപങ്ങളാണെന്ന് വിധിയെഴുതാൻ മാത്രം തെറ്റുചെയ്യാത്തവരായി നമ്മിൽ ആരാണുള്ളത്? ഓരോരുത്തരും അവനവരുടെ ബലഹീനതകളിൽ തെറ്റുകാരും കുറ്റക്കാരുമൊക്കെയാണ്. എന്നിട്ടും അത് മറന്ന് നാം മറ്റുള്ളവരുടെ നേരെ വിരൽചൂണ്ടുന്നതും കല്ലെറിയുന്നതും സ്വയം ന്യായീകരണത്തിന്റെ ഭാഗമാണ്. മരിച്ചുപോയ നൂറുകണക്കിനാളുകളോ വീടും സ്വത്തും നഷ്ടമായി ദുരിതാശ്വാസക്യാമ്പുകളിൽ കുടിയേറിയവരോ ആ ദുരിതമൊന്നും ബാധിക്കാത്തവരെക്കാൾ പാപികളായിരുന്നുവെന്ന് പറയരുത്. മണ്ണും പുഴയുമെല്ലാം കയ്യേറിയത് പ്രളയബാധിത പ്രദേശത്തിന്റെ ഇരകളായിരുന്നവർ മാത്രമായിരുന്നോ. എനിക്ക്തോന്നുന്നത് ഈ ദുരിതങ്ങളും ദുരിതക്കാഴ്ചകളും അതൊന്നും അനുഭവിക്കാത്തവർക്കുള്ള തിരിച്ചറിവുകൾ നല്കാനായിരുന്നു എന്നാണ്.ടിവിയിൽ പ്രളയദുരിതങ്ങൾ കണ്ടിരുന്നവർക്ക് തങ്ങൾ തമ്മിലുള്ള പരസ്പര സനേഹം വർദ്ധിപ്പിക്കാൻ അത് കാരണമായിട്ടുണ്ടോ ദുരിതബാധിതരെ സഹായിക്കാനുള്ള ആന്തരികപ്രചോദനം അനുഭവപ്പെട്ടോ.. സ്വന്തം തെറ്റുകളെയോർത്ത് മനസ്തപിക്കാൻ തോന്നിയോ? സമ്പന്നനും ദരിദ്രനും ഒന്നുപോലെ ശൂന്യതയിലേക്ക് വലിച്ചെറിയപ്പെടുന്നത് കണ്ടപ്പോൾ അഹങ്കാരത്തിൽ നിന്നും സ്വാർത്ഥതയിൽ നിന്നും പുറത്തുവരാൻ കഴിഞ്ഞോ..ദൈവത്തോടുള്ള നന്ദിയും സ്‌നേഹവും ഉള്ളിൽ രൂപപ്പെട്ടോ?ഇത് ദുരിതം ബാധിക്കാത്തവർക്കുള്ള തിരിച്ചറിവുകളാണ്. നമ്മുടെ ജീവിതം കൂടുതൽ നന്നായി ജീവിക്കാനുള്ള തിരിച്ചറിവുകൾ. അതെ,ഓരോ ദുരന്തങ്ങളും ദുരിതങ്ങളും അതിന്റെ ഇരകൾക്കുള്ള ശിക്ഷയല്ല ജീവിച്ചിരിക്കുന്നവർക്കുള്ള തിരിച്ചറിവുകളാണ്. അതുകൊണ്ട് ഓരോരുത്തരും സ്വയം ആത്മശോധന നടത്തട്ടെ. സ്വന്തം ജീവിതത്തെ കുറെക്കൂടി ക്രമബദ്ധതയോടും പരസ്നേഹത്തോടും കൂടി കെട്ടിപ്പടുക്കട്ടെ. തിരിച്ചറിവുകൾക്കൊപ്പം ജീവിതം മുന്നോട്ടുകൊണ്ടുപോകട്ടെ.
തിരിച്ചറിവുകൾ ഒപ്പമുണ്ടായിരിക്കട്ടെ…
ആദരപൂർവ്വം
വിനായക് നിർമ്മൽ
എഡിറ്റർ ഇൻചാർജ്