വാട്ട്സാപ്പിൽ വന്ന ഒരു മെസേജാണ് ഈ കുറിപ്പിനാധാരം.
അതിന്റെ അർത്ഥം ഇങ്ങനെയായിരുന്നു, പാലങ്ങളും കെട്ടിടങ്ങളും ഉദ്ഘാടനം ചെയ്യാൻ മന്ത്രിമാരും എംഎൽഎ മാരും. ജൂവല്ലറികളും ടെക്സ്റ്റയിൽ ഷോറൂമുകളും ഉദ്ഘാടനം ചെയ്യാൻ സീരിയിൽ-സിനിമാ താരങ്ങൾ. പക്ഷേ കലിതുള്ളിയ കാലവർഷത്തിന്റെ ദുരന്തമുഖത്ത് ഒന്നും ചെയ്യാൻ കഴിയാതെ നിസ്സഹായരായി കേരളജനത വിറങ്ങലിച്ചുനിന്നപ്പോൾ അവരെയാരെയും കണ്ടില്ല. അവരെ ആരെയും അന്വേഷിച്ചുമില്ല. എവിടെ പോലീസ്.. എവിടെ ഫയർഫോഴ്സ്. അതെ, പോലീസും ഫയർഫോഴ്സും സൈനികഉദ്യോഗസ്ഥരുമൊക്കെയാണ് നാടിന്റെ കണ്ണീരൊപ്പാൻ കൂടെയുണ്ടായിരുന്നുള്ളൂ. മണ്ണിൽ പുതഞ്ഞുപോയ ജീവനെ മാറോട് അടക്കിപ്പിടിച്ച് ഒരു തുടിപ്പെങ്കിലും ബാക്കിയുണ്ടെങ്കിൽ രക്ഷിക്കാൻ വേണ്ടി കുതിച്ചുപായുന്നവരെ നാം നിറകണ്ണുകളോടെ കണ്ടു. തനിച്ച് നടക്കാൻ പോലും കഴിയാത്ത വൃദ്ധരെ കസേരകളിൽ ചുമന്ന് വെള്ളത്തിലൂടെ നീന്തിവരുന്നവരെ കണ്ടു. കുഞ്ഞുങ്ങളെയെല്ലാം അമ്മയെ പോലെ ചിറകിലൊതുക്കി പുഴനീന്തിവരുന്നവരെ കണ്ടു… അവർക്കും കുടുംബമുണ്ട്… കാത്തിരിക്കാൻ പ്രിയപ്പെട്ടവരുമുണ്ട്. എന്നിട്ടും ഏല്പിക്കപ്പെട്ട ഉത്തരവാദിത്തങ്ങൾക്ക്മുമ്പിൽ മനസ്സും ഉടലും മറന്ന് പ്രവർത്തിച്ചവർ… അവർക്കൊപ്പമാണ് ഈ ലക്കം. ആ പോലീസുകാർക്കും സന്നദ്ധസേവകർക്കും ഫയർഫോഴ്സിനുമൊപ്പം. മഴയിലും മരം വീഴ്ച്ചയിലും കറന്റില്ലാതെ കെഎസ്ഇബിയെ ചീത്ത വിളിക്കുമ്പോൾ മഴനനഞ്ഞും മരത്തിൽ കയറിനിന്ന് ചില്ലകൾ വെട്ടിയൊരുക്കിയും വെളിച്ചം നല്കിയ ആ ഉദ്യോഗസ്ഥർക്കൊപ്പമാണ്. വില്ക്കാൻ കൊണ്ടുവന്ന കമ്പിളിപ്പുതപ്പുകൾ ദുരിതാശ്വാസക്യാമ്പിൽ സൗജന്യമായി നല്കി കടന്നുപോയ ആ അന്യഭാഷക്കാരനൊപ്പമാണ്. പിന്നെ, ആരും വിളിക്കാതിരുന്നിട്ടും പരസ്‌നേഹത്തിന്റെ ജ്വാല യുമേന്തി കടന്നുവന്ന കടലോളം വലുതായ മനസ്സുള്ള ആ പച്ച മനുഷ്യർക്കുമൊപ്പം.
നിങ്ങൾക്ക് നന്ദി.
ഒപ്പം നിങ്ങൾക്കൊപ്പം.
നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്.