ഒരു പുട്ട് പുരാണം

Date:

spot_img

ഗൃഹാതുരത്വം  ഉണർത്തുന്ന പുട്ടും ഏത്തപ്പഴം പുഴുങ്ങിയതും-ബാല്യത്തിൽ ഏറ്റവും ഇ ഷ്ടപ്പെട്ട പ്രാതൽ വിഭവങ്ങളിൽ ഒന്ന് ഇതുതന്നെ ആയിരുന്നു. തറവാട്ടിലെ പടിഞ്ഞാറെപ്പുരയുടെ പിറകിലും  തെക്കിനിയുടെ ഇടത് വശത്തുള്ള തൊടിയിലുമായിരുന്നു ഏത്തവാഴകൾ നിന്നിരുന്നത്. വാഴ കുലക്കുമ്പോളേ ഞാൻ കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരുന്നത് അതു മൂത്ത പരുവം ആകുന്ന ആ ദിവ സത്തിനു വേണ്ടിയാണ്.

വാഴച്ചുണ്ടിൽ ഞാന്നു കിടന്നു തേനുണ്ട ഓലെഞ്ഞാലി കുരുവികളും അവയെ ഓടിച്ചു വിട്ടിട്ട് തേനുണ്ണാൻ വന്ന അണ്ണാൻ കുഞ്ഞിനെയും തെക്കിനിയുടെ കോലായിൽ ഇരുന്നു സാകൂതം വീക്ഷിച്ചിരുന്നത് ഓർമ്മയിൽ ഇന്നും മായാത്ത ചിത്രം പോലെ നിൽക്കുന്നു. കാര്യസ്ഥൻ രാമൻകുട്ടി, നാടൻ ഏത്തക്കുല വെട്ടി പത്തായപ്പുരയിൽ എത്തിക്കും. സ്വതവേ എന്തിനും ഏതിനും അഭിപ്രായം പറയുന്ന അയാൾ, താൻ ചെയ്യുന്ന ഈ കർമ്മം ഏറെ ഭാരപ്പെട്ടതും മഹത്തായതുമാണെന്ന മട്ടിൽ കുട്ടികളായ ഞ ങ്ങളോട് നീണ്ട പ്രഭാഷണം നടത്തും. ഏതണ്ടനും അടകോടനും  വെട്ടിയാൽ വാഴക്കുല യഥാകാലത്ത് പഴുക്കില്ലെന്നും വാഴക്കുല യഥാകാലം പഴുക്കാൻ തന്റെ ഐശ്വര്യമുള്ള കരങ്ങൾ തന്നെ വേണമെന്നാ യിരുന്നു അയാൾ സമർത്ഥിച്ചിരുന്നത്.

കാര്യസ്ഥയായ ഭാനുമതിയമ്മ, നാലും കൂട്ടി മുറുക്കി ചുവപ്പിച്ച്, അവരുടെ നീല റൗക്കയും മുണ്ടും ഒന്നുകൂടെ അമർത്തിയുടുത്ത് കെട്ടിലമ്മയുടെ ഭാവത്തോടെ ചൂട്ടിൽ തീ കത്തിച്ചു വാഴക്കുലയിൽ കാണിച്ചു ചാക്കിൽ കെട്ടി കിഴക്കിനിയുടെ തട്ടിൻപുറത്തു കെട്ടി തൂക്കും. എന്നിട്ട് ഞങ്ങൾ കുട്ടികളോട് വാഴക്കുലക്ക് മറുത കാവലുണ്ടെന്ന ഇല്ലാക്കഥ ചമ ച്ച് അവിടെ നിന്നും വിരട്ടിയോടിക്കും. അവരുടെ ഈ അഭ്യാസപ്രകടനം കണ്ടാൽ ഭരണങ്ങാനം പഞ്ചായത്തിലെ റോഡ് ഉദ്ഘാടനം ചെയ്യാൻ പോകുന്ന മട്ടുണ്ടെന്ന് ഞങ്ങൾ അവർ കേൾക്കാതെ അടക്കം പറ ഞ്ഞു ചിരിക്കും.

മൂലേൽ പീടികയിലെ ദേവസിക്കുട്ടിയുടെ പ ക്കൽ നിന്നും വാങ്ങി കഴുകി ഉണക്കിയ പച്ചരി പൊടിപ്പിക്കൽ ആണ് അടുത്ത യജ്ഞം. പതിവ് തെറ്റാതെ എന്നും രാവിലെ പത്രം വായിക്കാൻ ഹാജർ വെച്ച് വടക്കിനി മുറ്റത്തെ അരമതിലിൽ, ദീക്ഷ നീട്ടിയ ഒരു മുനികുമാരനെപ്പോലെ ആരോടും ഒന്നും ഉരിയാടാതെ ഏതോ ഗന്ധർവ്വ ലോകത്തു എപ്പോളും വിരാജിക്കുന്നുവെന്ന് തോന്നുമാറ് സദാ വിദൂരതയിൽ ദൃഷ്ടി ഉറപ്പിച്ചിരിക്കുന്ന ജോണിക്കുട്ടിയെ അമ്മ അരി പൊടിപ്പിക്കാനായി, രണ്ടു കിലോമീറ്റർ അകലെയുള്ള മറ്റപ്പള്ളിൽ മില്ലിലേക്ക് പറഞ്ഞുവിടും. ജോണിക്കുട്ടി ഒരു വഴിക്ക് പോയാൽ തിരിച്ച് വരവ് എപ്പോൾ ആണെന്നത് സാക്ഷാൽ ദേവന്മാർക്കു പോലും പ്രവചനാതീതം ആണെന്നത് നാട്ട് ചൊല്ല്. നല്ല സ്വഭാവം ആണെങ്കിൽ അയാൾ നേരത്തും കാലത്തും പൊടിച്ചു കൊണ്ടുവന്നിരിക്കും. അല്ലെങ്കിൽ അത് മില്ലിൽ തന്നെ വെച്ചിട്ട് ആ വഴി ദേശാടനത്തിന് പൊയ്ക്കളയും.

കാ പഴുത്തു കഴിയുമ്പോൾ അമ്മ അപ്പച്ചെമ്പിൽ പുഴുങ്ങി ചൂടാറാനായി മാറ്റി വെക്കും. വറുത്തു പൊടിച്ച പുട്ട് പൊടി വെള്ളത്തിൽ നനയ്ക്കുമ്പോൾ വരുന്ന വാസന ആസ്വദിക്കാൻ, അമ്മയുടെ സിൽബന്തി ചമഞ്ഞ് ഞാൻ എന്റെ നാസാരന്ധ്രങ്ങൾ സർവ്വത്ര തുറന്നു പിടിച്ച്, അടുക്കളപ്പടിയിൽ ആസനസ്ഥനാകും. പുട്ട് പൊടി നനയ്ക്കുമ്പോൾ ഉണ്ടാകുന്ന വാസനയെ, വേനൽ മഴയേറ്റ് ഹർഷപുളകിതമാകുന്ന ഭൂമിയുടെ ഗന്ധത്തോട് ഉപമിക്കാൻ ആണ് എനിക്കിഷ്ടം. ഈ രണ്ടു മണങ്ങളും എന്റെ മനസ്സിനെ വല്ലാതെ സന്തോഷിപ്പിക്കുന്നു.

പുട്ടിനിടയ്ക്ക് ഇടാനുള്ള തേങ്ങ ചിരകാൻ പോകുന്ന രാധയെന്ന തരളചിത്തയെ പറ്റിക്കൂടി ചിരണ്ടിയ തേങ്ങയിൽ പകുതി വശത്താക്കാൻ കുട്ടികൾക്ക് നിഷ്പ്രയാസമാണ്. രാധ കുട്ടികളുടെ ഏതാഗ്രഹത്തിനും കുടപിടിക്കും, ചിലപ്പോൾ മുതിർന്നവരുടെ ശാസനക്കിരയാകും, അതൊന്നുമേ തനിക്ക് ബാധകം അല്ലെന്ന വണ്ണം വീണ്ടും കുട്ടികളെ സഹായിക്കും.

നേരമത്രയും ചിരകിയിട്ടും കിണ്ണത്തിൽ ആവശ്യത്തിന് തേങ്ങ നിറയാത്തതെന്തെന്ന ചോദ്യവുമായി കാർക്കശ്യഭാവത്തിൽ ഭാനുമതിയമ്മ എത്തുമ്പോഴേക്കും ഞങ്ങൾ അറപ്പുര വാതിലിന്റെ പുറകിൽ ഒളിച്ചിരിക്കും. അടുപ്പിൽ നിന്നും പുഴുങ്ങിയ പുട്ടിന്റെ മണം വന്നു തുടങ്ങുന്നതേ അറപ്പുര വാതിലിന്റെ മറവിൽ നിന്നോടി അടുക്കളയിലെ പാതകച്ചുവട്ടിൽ സന്നിഹിതനാകും, എന്തിനെന്നോ? പുട്ട് പൊട്ടാതെ കുത്തിയിടുന്നത് കാണാൻ. ചൂടാറിയ പുട്ടിനോടൊപ്പം അമ്മ ഏത്തപ്പഴം കുഴച്ചു ഒരു വലിയ ഉരുളയും കുറേ ചെറിയ ഉരുളയും ആക്കി കഴിക്കാൻ തരും. ഓരോ ഉരുളയും വായിലേക്ക് വെക്കുമ്പോൾ എന്തൊരു സംതൃപ്തി, ഹോ… ആ രുചി വർണ്ണിക്കാൻ വാക്കുകൾ ഇല്ലാതെ പോകുന്നു. 

തീക്കോയിക്കടുത്ത മാർമലയിൽ നിന്നും അമ്മയുടെ വല്യമ്മാവൻ വർക്കി വള്ളിക്കാപ്പൻ വല്ലപ്പോഴും സന്ദർശനത്തിന് പ്രവിത്താനത്ത് വരും. വന്നാൽ ഒരു ദിവസം തറവാട്ടിൽ തങ്ങാതെ പോകാറില്ല. വർക്കിച്ചനച്ചൻ വന്നാൽ പ്രിയ പ്രാതൽ ആയ പുട്ടും കാ പുഴുങ്ങിയതും എന്തായാലും കഴിപ്പിച്ചേ അമ്മ വിടാറുള്ളൂ. കിഴക്കുള്ളവർക്ക്, പ്രത്യകിച്ചും എന്നും പറമ്പിലും പാടത്തും പണിക്കാർ ഉള്ള തറവാടുകളിലും കൂട്ടുകുടുംബങ്ങളിലുമൊക്ക കപ്പയും ചക്കയും ചോറും പ്രഭാതഭക്ഷണം ആയിരുന്ന അക്കാലത്ത് അപ്പം, പുട്ട്, പൂരി ഇതൊക്കെ വല്ലപ്പോഴും മാത്രം കിട്ടിയിരുന്ന വിശിഷ്ട ഭോജ്യങ്ങൾ ആയിരുന്നു. ഇന്നും പുട്ടും കാ പുഴുങ്ങിയതും കണ്ടാൽ കുട്ടിക്കാലത്തേക്ക് ഒരു വേള ഞാൻ മടങ്ങിപ്പോകും. ഈ ഓർമ്മകളൊക്കെ ഒരിക്കൽ കൂടെ മനസ്സിൽ മിന്നി മറയും, ഓർമ്മകൾക്ക് മരണമില്ലല്ലോ.

* സ്‌പെഷ്യലിസ്റ്റ് പീഡിയാട്രിക് 
സ്ലീപ്  ഫിസിയോളജിസ്റ്റ്,  ഇംഗ്ലണ്ട്‌

സുജിത് തോമസ്

More like this
Related

മധ്യവേനൽ അവധിക്കുശേഷം

ഓർമ്മകൾക്ക് ഉറക്കമില്ല, അവ വീണ്ടും വീണ്ടും ഓർമ്മകളിൽ മിന്നിമറഞ്ഞുകൊണ്ടേയിരിക്കും. വീണ്ടും ഓർക്കാനും...

നീയില്ലാത്തൊരു ഓണം

ഓണം, വെറുമൊരു സദ്യയോ ഓണക്കോടിയുടെ തിളക്കമോ അല്ല. അത് സ്നേഹത്തിന്റെ കൂട്ടായ്മയാണ്....

‘ഘർ വാപസി’

റോബർട്ട് ഫ്‌ലാറ്റെറി എന്ന ഹോളിവുഡ് സംവിധായകൻ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയായ...

മഞ്ഞുകാലത്തെ ഓർമ്മ

വീണ്ടും ഒരു മഞ്ഞുകാലം... ആദ്യം ഓർമ്മയിൽ  വരുന്നത് എം ടി യുടെ...
error: Content is protected !!