ഹൃദയംകൊണ്ടൊരു വിജയം

Date:

spot_img

ടോക്ക്യോ ഒളിമ്പിക്‌സിൽ ഹൈജമ്പ് ഫൈനൽ മത്സരത്തിൽ വലിയ ഏറ്റുമുട്ടൽ നടക്കുകയാണ്. ഇറ്റലിയുടെ ജിയാൻ മാർകോ തമ്പേരിയും ഖത്തറിന്റെ മുതാസ് ഈസാ ബാർഷിമും തമ്മിലാണ് ഫൈനലിൽ ഏറ്റുമുട്ടിയത്. ഫൈനലിൽ രണ്ടു പേരും 2.37 മീറ്റർ ചാടി ഒരേ നിലയിൽ എത്തി. പല അവസരങ്ങൾകൂടി കിട്ടിയിട്ടും 2.37 മീറ്ററിനു മുകളിലെത്താൻ രണ്ടുപേർക്കും കഴിഞ്ഞില്ല. തങ്ങളുടെ സ്വപ്‌നസാക്ഷാത്ക്കാരമായ ഒളിമ്പിക്‌സ് സ്വർണ്ണമെഡൽ കരസ്ഥമാക്കി സ്വന്തം രാജ്യത്തിന്റെ അഭിമാനമായി തീരാൻ പോകുന്ന സുവർണ്ണ നിമിഷമാണത്. നിരന്തരമായ ചാട്ടങ്ങൾക്കൊടുവിൽ തമ്പേരിയുടെ കാലുകൾ വേദനിച്ച് തുടങ്ങിയിരുന്നു. വിജയം ബാർഷിമിനായിരിക്കുമെന്ന് പലരും തീർച്ചപ്പെടുത്തി. എന്നാൽ വിജയത്തെക്കുറിച്ചുള്ള എല്ലാ ധാരണകളെയും തിരുത്തികൊണ്ട് ബാർഷിം ഒഫീഷ്യൽസിനോട് ചോദിച്ചു; “Can we have two golds? ഞങ്ങൾക്ക് സ്വർണ്ണം പങ്കിടാനാകുമോ?’ അത് സാധ്യമാണെന്ന് ഒഫീഷ്യൽസ് അറിയച്ചതോടെ ഇരുവരുടെ മനസ്സിലും ആഹ്‌ളാദോത്സവമായിരുന്നു. താൻ മാത്രം ആസ്വദിക്കേണ്ട വിജയസന്തോഷം, സ്വപനസാക്ഷാത്ക്കാരത്തിനായി ഇത്രയുംനാൾ കഠിനപ്രയത്നം നടത്തിയ,  മത്സരത്തിൽ അണുവിടവീര്യം കുറയാതെ തന്റെ കട്ടയ്ക്ക് നിന്ന തമ്പേരിക്കും ലഭിക്കണം എന്ന ചിന്ത ഒളിമ്പിക്‌സ് സ്വർണ്ണത്തേക്കാൾ വലുതാണ്. വിശാല മനസ്സാണ് വലിയ വിജയങ്ങൾ എന്ന് പുതിയ തലമുറകൾ പഠിപ്പിക്കുകയാണ്. ആരെയും തോല്പിക്കാതെ ജയിക്കാൻ, ആരെയും തകർക്കാതെ ജയിക്കാൻ, ആരെയും വിലകുറഞ്ഞവരാക്കാതെ ജയിക്കാൻ കഴിയുകയെന്നതാണ് യഥാർത്ഥ വിജയം.  മറ്റുള്ളവരുടെ സന്തോഷം, അഭിമാനം എന്നിവ തല്ലിക്കെടുത്തി നമ്മൾ നേടുന്ന വിജയങ്ങൾക്കും വലിപ്പങ്ങൾക്കും എന്ത് മഹത്വമാണുള്ളത്? നമ്മുടെ നാട്ടിലെ വർഗ്ഗീയതകളെ കാറ്റിൽ പറത്താൻ ഈയൊരു ചിന്ത മാത്രം മതിയാകും. നാനാത്വത്തിൽ ഏകത്വം എന്നത് നമ്മുടെ സംസ്‌കാരമായിരുന്നു. എന്നാൽ ഇപ്പോഴാകട്ടെ നാനാത്വത്തിന്റെ വിശാലത നമുക്ക് കൈമോശം വരികയാണെന്ന് തോന്നുന്നു.

എപ്പോഴും തോന്നിയിട്ടുള്ള കാര്യമാണ്, എന്തുകൊണ്ടാണ് വളരെ ചെറിയ ശതമാനം ആളുകൾ മാത്രം ജീവിതത്തിൽ വിജയികളാവുകയും പ്രശംസിക്കപ്പെടുകയും ചെയ്യുന്നതെന്ന്. എന്തുകൊണ്ടാണ് എല്ലാവർക്കും വിജയികളാവാൻ കഴിയാത്തത്? കഴിവും  സാമർത്ഥ്യവും സാഹചര്യവും കൊണ്ട്  മാത്രമേ വിജയികളാവാൻ കഴിയുകയുള്ളൂ? എല്ലാവർക്കും വിജയിയാകാനുള്ള വരം നൽകിയിട്ടുണ്ട്. അത് ഹൃദയം കൊണ്ടുള്ള വിജയമാണ്. പറഞ്ഞുവന്ന ചെറുശതമാനം വിജയികളെ കണക്കിലെടുക്കുമ്പോൾ അതിൽ വിശാലഹൃദയം കൊണ്ട് വിജയികളായവർ അതിലും ചുരുക്കമാണ്. അങ്ങനെ നോക്കുമ്പോൾ വിശാലഹൃദയം കൊണ്ട് വിജയികളാവുന്നവർ ‘വിജയികളിൽ വിജയി’ എന്നുവേണം വിളിക്കാൻ. വിശേഷപ്പെട്ട ജയമാണ് വിജയം എന്ന് പറയുമ്പോൾ അതിന് ഒരു വിശാല ഹൃദയം കൂടിയേ തീരു.

ഒരു ബലൂൺ കച്ചവടക്കാരൻ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ബലൂണുകൾ ആകാശത്തേക്ക് പറന്നുയരുന്നതുകണ്ട് പല കുട്ടികളും ആകൃഷ്ടരായി. അതിലൊരു കുട്ടി മാത്രം ഇത്തിരി സംശയത്തോടെ അദ്ദേഹത്തിനോട് ചോദിച്ചു, ഈ ചുവന്ന ബലൂൺ ആകാശത്തേക്ക് പറക്കുമോ? അദ്ദേഹം പറഞ്ഞു തീർച്ചയായും പറക്കും. കുട്ടി വീണ്ടും ചോദിച്ചു; ഈ പച്ച ബലൂൺ ആകാശത്തേക്ക് പറക്കുമോ? അദ്ദേഹം പറഞ്ഞു അതും പറക്കും, എന്താ നിനക്കത് വേണോ? കുട്ടി വീണ്ടും ചോദിച്ചു. ഈ മഞ്ഞ ബലൂൺ പറക്കുമോ? കച്ചവടത്തിന്റെ തിരക്കിലായിരുന്ന അദ്ദേഹത്തിന് കുട്ടിയുടെ ചോദ്യത്തിൽ മടുപ്പ് തോന്നിയെങ്കിലും അദ്ദേഹം പറഞ്ഞു; മകനേ, ബലൂണിന്റെ നിറമല്ല, ബലൂണിനുള്ളിലുള്ളതാണ് അതിനെ ആകാശത്തിലേക്ക് പറക്കാൻ സഹായിക്കുന്നത്. നമ്മുടെ ഉള്ളിലെ നന്മയാണ് നമ്മെ ഉന്നതങ്ങളിലേക്ക് പറക്കാൻ സഹായിക്കുന്നത്.

വിശാലഹൃദയംകൊണ്ട് വിജയികളാകാൻ ശ്രമിക്കുന്നവർ വളർത്തിയെടുക്കേണ്ട മറ്റൊരു കാര്യമാണ് എല്ലാത്തരം അതിർവരമ്പുകളെ ഇല്ലാതാക്കുന്ന കാഴ്ചയുണ്ടാവുകയെന്നത്. അമേരിക്കൻ-മെക്‌സിക്കൻ അതിർത്തിമതിൽ അങ്ങനെയൊരു കാഴ്ച്ച പകരുന്ന ഒന്നാണ്. മറ്റു നാടുകളെപ്പോലെ  ഇലക്ട്രിക് മതിലുകളോ മുൾവേലികളോ അവിടെയില്ല. പകരം, അതിർത്തി മതിലിനോടൊപ്പം കുട്ടികൾക്ക് കളിക്കാൻ തക്കവണ്ണം ചാഞ്ചാട്ടപ്പലകകൾ (ടലലമെം)െ സ്ഥാപിച്ചിരിക്കുകയാണ്. രണ്ടു രാജ്യത്തെ കുട്ടികളും സ്വയമേ താഴുകയും മറ്റൊരുവനെ ഉയർത്തുകയും ചെയ്യുന്ന കളിയിലേർപ്പെടുമ്പോൾ നടുക്കുള്ള അതിർത്തി മതിൽ മനസ്സിൽനിന്ന് താനേ മാഞ്ഞുപോകും. ഈ നൂറ്റാണ്ടിലെങ്കിലും നാടിന്റെയും മതങ്ങളുടെയും വർണ്ണങ്ങളുടെയും ഭാഷകളുടെയും അതിർവരമ്പുകൾ നമ്മുടെ മനസ്സിൽ നിന്ന് മായേണ്ടതാണ്. എല്ലാം പുരോഗതി പ്രാപിക്കുമ്പോൾ നമ്മുടെ ഹൃദയം മാത്രം മാറാല പിടിച്ച് പഴഞ്ചനായി കിടക്കണോ?

വിശാലഹൃദയത്തിന്റെ വളർച്ചയെ മുരടിപ്പിക്കുന്ന മറ്റൊരു കാര്യം മറ്റുള്ളവരിലെ നന്മ കാണാനുള്ള കാഴ്ച നഷ്ടപ്പെടുന്നതാണ്. ജീവിതം മുഴുവൻ നാടിന്റെ വളർച്ചയ്ക്കും സ്വാതന്ത്രത്തിനുംവേണ്ടി ഉപയോഗിച്ച്, നല്ലൊരു മനുഷ്യനായി ജീവിക്കാൻ പരിശ്രമിച്ച് അതിൽ വിജയം വരിക്കുകയും ചെയ്ത്, ആത്മാഭിമാനത്തോടെ എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്ന് പറഞ്ഞ ആ മഹാത്മാവിനെ രാജ്യദ്രോഹിയെന്ന് വിളിക്കാൻ മാത്രം നമ്മുടെ കാഴ്ചകൾ തിന്മനിറഞ്ഞതായെങ്കിൽ, നമ്മുടെ വിശാലഹൃദയത്തിന്റെ വളർച്ചയുടെ കാര്യം പറയാനുണ്ടോ? ഒരുപക്ഷെ നാടിന് നന്മചെയ്തവരെ നന്ദിയോടെ സ്മരിക്കാൻ കഴിയാത്തത് തന്നെയാണ് ഈ കാഴ്ചവെട്ടത്തിന് തടസ്സമായിരിക്കുന്നത്. സ്വയമേ നാടിന് ഒരു നന്മയും ചെയ്യാതിരിക്കുകയും എന്നാൽ നന്മ ചെയ്തവരെ, നന്മ ചെയ്യാൻവേണ്ടി ജീവിതം മാറ്റിവച്ചവരെ കരിവാരിത്തേച്ച് ഉണ്ടാവാനിടയുള്ള നന്മയെക്കൂടി ഇല്ലാതാക്കുകയാണ് നാം ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്.

നല്ല ഹൃദയംകൊണ്ട് വിജയികളാകാൻ ശ്രമിക്കുന്നവർ ഒരുപക്ഷെ ലോകം മുഴുവൻ അറിയപ്പെടണമെന്നില്ല. മനസ്സിന്റെ സംതൃപ്തിയാണ് അവരുടെ ഏറ്റവും നല്ല മുതൽക്കൂട്ട്. ഏതൊരു സാധാരണ മനുഷ്യനും അത് സ്വന്തമാക്കാവുന്നതാണ്. അതിന് സ്വന്തം കർത്തവ്യങ്ങളിൽ തികഞ്ഞ ആത്മാർത്ഥത മാത്രം പുലർത്തിയാൽ മതിയാകും. ഈയിടെ വായിച്ചൊരു കുറിപ്പിങ്ങനെയാണ്: വൃദ്ധസദനത്തിൽ ആക്കി തിരിച്ചുപോകുന്ന മകനെ നോക്കി അമ്മ ചിരിക്കുകയാണ്, ഒരു വിജയിയുടെ ചിരി. ഇത്രയുംകാലം ഒരു കൊച്ചുകുഞ്ഞിനെപോലെയാണ് അവനെ കരുതിയിരുന്നത്. പക്ഷെ അവനിപ്പോൾ വളർന്നുവലിയവനായി. അമ്മയുടെ ആശ്രയം ഇല്ലാതെ അവൻ ജീവിക്കാൻ പഠിച്ചു. ഇനി അമ്മയ്ക്ക് സമാധാനത്തോടെ കണ്ണടയ്ക്കാം. 

ഒരാൾ തന്റെ കർത്തവ്യങ്ങളിൽ തികഞ്ഞ ആത്മസംതൃപ്തിയും വിജയവും കണ്ടെത്തുമ്പോൾ മറ്റെയാൾ പരാജിതനാവുകയാണ്. വലിയ വിജയത്തിലേക്കുള്ള വഴികൾ നമ്മുടെ കുഞ്ഞുവീടുകളിലും ജോലിസ്ഥലങ്ങളിലും തന്നെ ഒളിഞ്ഞ് കിടപ്പുണ്ട്.

ഒരു ജീവിതായുസ്സുകൊണ്ട് പണിതത് ഒരു പൊട്ടക്കിണറാണോ അതോ തുറന്ന ആകാശമാണോയെന്നതാണ് വിജയത്തിന്റെ മാനദണ്ഡം. തിന്മകൾ കുമിഞ്ഞുകൂടുന്ന ഈ ലോകത്ത് വിശാലമായ ഒരു മനസ്സ് ഉണ്ടാവുകയെന്നത് ഒരു വെല്ലുവിളിതന്നെയാണ്. സ്വപ്‌നങ്ങളും സ്ഥാനമാനങ്ങളും കരസ്ഥമാക്കി ജീവിതത്തിൽ വിജയിച്ചുവെന്ന് കരുതിയവരിൽ പകുതിയും സന്തോഷരഹിതരാണ്. ഈ സന്തോഷരാഹിത്യത്തിന് കാരണം ഒരുപക്ഷെ സ്വപ്‌നസാക്ഷാത്കാരത്തിനായി അവർ തിരഞ്ഞെടുത്ത വഴി തിന്മ നിറഞ്ഞതായിരിക്കാം അല്ലെങ്കിൽ സ്വപ്‌നസാക്ഷാത്ക്കാരത്തിനൊപ്പം നല്ലൊരു മനസ്സ് ഉണ്ടാക്കാൻ മറന്നുവെന്നതായിരിക്കാം. യേശുവോ ബുദ്ധനോ വലിയ സാമ്രജ്യങ്ങളോ സ്ഥാപനങ്ങളോ നിർമ്മിച്ചില്ല. ആകെക്കൂടി നല്ലൊരു മനുഷ്യഹൃദയം ഉണ്ടാക്കിയെന്നതാവട്ടെ ഈ അൽപ്പായുസ്സിലെ നമ്മുടെ ഏറ്റവും വലിയ വിജയം.

സജി കപ്പൂച്ചിൻ

More like this
Related

ആഹാ…പ്രായമായോ..!

അയ്യോ കഷ്ടം.. പ്രായമായല്ലോ... ഇങ്ങനെ പറഞ്ഞിരുന്നത് മുൻപ്. ആഹാ... പ്രായമായല്ലോ എന്ന്...

LIFE IS GOOD

'ഞാൻ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. എന്താണ് നിന്റെ അഭിപ്രായം?'സുഹൃത്തിന്റെ ആ ചോദ്യത്തിന്...

സ്‌നേഹിക്കുന്നവർക്ക് നല്‌കേണ്ടത്…

എന്തു ഞാൻ പകരം നല്കും? സ്‌നേഹത്തെക്കുറിച്ചുള്ള സന്ദേഹങ്ങൾക്കിടയിൽ പലരുടെയും മനസ്സിൽ ഉയരുന്ന...

എങ്ങനെയാണ് സ്‌നേഹിക്കേണ്ടത്?

ദയ, അനുകമ്പ, സന്തോഷം,സമചിത്തത..  എങ്ങനെയാണ് സ്‌നേഹിക്കപ്പെടേണ്ടത് എന്നതിനു ള്ള ഏറ്റവും ഹ്രസ്വമായ...
error: Content is protected !!