ചൈനീസ് ഇ- കൊമേഴ്സ് സ്ഥാപനമായ ‘ആലിബാബ’ ഗ്രൂപ്പിന്റെ സ്ഥാപകൻ ജാക്ക് മായുടെ ജീവിതത്തെകുറിച്ച് ഈയിടെ സോഷ്യൽ മീഡിയയിൽ വളരെ ചർച്ച ചെ യ്യുകയുണ്ടായി. പരാജയങ്ങളുടെ ഒരു ഘോഷ
യാത്രയായിരുന്നു ആ ജീവിതം. സ്കൂൾ പഠന ക്ലാസ്സുകളിൽ തുടരെ തുടരെ പരാജയങ്ങൾ. 30 തവണയിലധികം ഇന്റർവ്യൂകളിൽ അദ്ദേഹം തഴയപ്പെട്ടു. കെ.എഫ്.സി റസ്റ്റോറന്റിൽ അദ്ദേഹത്തോടൊപ്പം ജോലി അന്വേഷിച്ചു വന്ന 23 പേർക്കും ആ ജോലി കിട്ടിയപ്പോൾ ‘അഴകില്ലാത്തവൻ’ എന്ന് പറഞ്ഞു ആ ജോലിയും അദ്ദേഹത്തിന് നി
ഷേധിക്കപ്പെട്ടു. ഒടുവിൽ സ്വന്തമായി ഒരു സ്റ്റാർട്ടപ്പ് തുടങ്ങിയെങ്കിലും അതിലും കാര്യമായി നേട്ടം ഉണ്ടാക്കാനായില്ല. ഒടുവിലാണ് ഇന്റർനെറ്റിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി അദ്ദേഹം ഇ- കൊമേഴ്സ് രംഗത്തു ചുവടു വെക്കുന്നത്.
ഒന്നുമില്ലായ്മയിൽ നിന്നും തുടങ്ങി ലോകത്തിലെ തന്നെ നമ്പർ വൺ കമ്പനിയായി പിന്നീട് ജാക്ക് മായുടെ ‘ആലിബാബ’ ഗ്രൂപ്പ് മാറുകയും ലോക അതിസമ്പന്നരുടെ പട്ടികയിൽ അദ്ദേഹത്തിന്റെ പേര് ചേർക്കപ്പെടുകയും ചെയ്തു. ഒരു ഇന്റർനാഷണൽ ചാനലുമായുള്ള ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്: ”വിജയം എന്നത് ഒരല്പം ദുഷ്ക്കരമായ കാര്യമാണ്. പക്ഷെ നിങ്ങൾ കുറച്ചു കൂടി ശുഭാപ്തി വിശ്വാസം ഉള്ളവരായി മാറണം . ഞാൻ വിജയിച്ചു എന്നതിലല്ല എന്നോടൊപ്പം ആയിരക്കണക്കിന് സഹപ്രവർത്തകർ എന്റെ വിജയത്തിൽ പങ്കുപറ്റി എന്നതാണ് എനിക്ക് കൂടുതൽ സന്തോഷം നൽകുന്നത്. ഞാൻ ഒറ്റയ്ക്കല്ല, ഞങ്ങൾ ഒരുമിച്ചാണ് വിജയത്തിലേക്ക് നടന്നു കയറുന്നത്.” തന്നെ വിജയത്തിലേക്ക് കൈപിടിച്ചു കയറ്റിയ തന്റെ സഹപ്രവർത്തകരുടെ അധ്വാനത്തെയും കഴിവിനെയും പ്രശംസിച്ചു കൊണ്ടാണ് അദ്ദേഹം ആ അഭിമുഖം അവസാനിപ്പിക്കുന്നത്.
വിജയിച്ചവരെ മാത്രം ഉയർത്തിക്കാട്ടുകയും സ മ്മാനിതരാക്കുകയും പരാജിതരെ അവഗണിക്കുകയും ചെയ്യുന്ന ഒരു ലോകമാണ് നമ്മുടേത്. ഏതു രംഗത്തയാലും ഒന്നാമത് എത്തുന്നവൻ മാത്രമാണ് പരിഗണിക്കപ്പെടുന്നത്. ഒരു ഒളിമ്പിക്സ് മെഡൽ ദാന ചടങ്ങു തന്നെ എടുക്കുക. ആദ്യ മൂന്ന് സ്ഥാനത്തു എത്തിയവർ മെഡൽ സ്വീകരിക്കാനായി തല കുനിക്കുമ്പോൾ അതിലും കുനിഞ്ഞ ശിരസുമായി അപ്പുറത്ത് നിൽക്കുന്ന നാലാം സ്ഥാനക്കാരനെ ആരും ഓർമിക്കുന്നു പോലുമുണ്ടാകില്ല.
നമ്മുടെ ജയപരാജയ മാനദണ്ഡങ്ങളിൽ ഒരുപാട് തിരുത്തലുകൾ ആവശ്യപ്പെടുന്ന ഒരു കാലഘട്ടമാണ് ഇത് എന്ന് തോന്നുന്നു.
പ്രാഞ്ചിയേട്ടനിലെ പുണ്യാളൻ ചോദിക്കും പോലെ: ”എന്താണ് പ്രാഞ്ചി വിജയവും പരാജയവും? വിജയിച്ചു എന്ന് നമ്മൾ കരുതുന്നവർ യഥാർത്ഥത്തിൽ വിജയിച്ചവരാണോ? അല്ലെങ്കിൽ പരാജയപ്പെട്ടു എ ന്നു നാം കരുതിയവർ ശരിക്കും പരാജയപ്പെട്ടവരോ?”
പലപ്പോഴും വലിയ പേരും പ്രശസ്തിയും കെട്ടിപ്പൊക്കിയ കെട്ടിടങ്ങളും ഉയർന്ന ബാങ്ക് ബാലൻ സും ഷെയർ മാർക്കറ്റ് നിക്ഷേപങ്ങളും വലിയ യാത്രാസൗകര്യങ്ങളും സൗഹൃദങ്ങളും മാത്രം വിജയത്തിന്റെ ചില ലക്ഷണങ്ങളായി നമ്മൾ വിലയിരുത്താറുണ്ട്. എന്നാൽ വിജയം എന്ന് പറയുന്നത് അത് മാത്രമാകണം എന്നില്ല. അല്ലെങ്കിൽ ഇത് ഉള്ളവരെല്ലാം ജീവിതത്തിൽ വിജയിച്ചു എന്ന് പറയാനും സാധിക്കില്ല. വിജയം എന്നത് ഇതിനപ്പുറമാണ്.
ഒരു ശരാശരി ഗൾഫ് മലയാളിയുടെ ജീവിതം വരച്ചു കാണിക്കുന്ന മലയാള ചലച്ചിത്രമാണ് സലിം അഹമ്മദ് സംവിധാനം ചെയ്ത ‘പത്തേമാരി’. അതിലെ പള്ളിക്കൽ നാരായണൻ എന്ന നായക കഥാപാത്രം വിജയത്തെ വിവരിക്കുന്നത് ഇപ്രകാരമാണ്: ‘നമുക്കു ചുറ്റുമുള്ള ആളുകൾ നമ്മൾ മൂലം സന്തോഷിക്കുന്നുണ്ടെങ്കിൽ ഒരു ദിവസം എങ്കിലും സ്വസ്ഥമായിട്ട് ഉറങ്ങുന്നുണ്ടെങ്കിൽ അത് തന്നെയാണ് നമ്മുടെ ജീവിതത്തിന്റെ വിജയം എന്ന്’. അതായത് നമ്മുടെ ജീവിതം എത്രത്തോളം മറ്റുള്ളവർക്ക് ഉപകാര പ്രദമാണ്, അത്രത്തോളം അതു വിജയിച്ചതു മാണ് എന്നു വിലയിരുത്താം.
വർഷങ്ങൾക്കു മുമ്പ് നടന്ന പെരുമൺ തീവണ്ടി ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട ഒരു വ്യക്തി ഒരു ചെറുപ്പക്കാരനെക്കുറിച്ച് പറയുന്നതിപ്രകാരമാണ്. തന്നെയടക്കം ഏഴു പേരുടെ ജീവിതങ്ങളെ കരയിൽ അടുപ്പിച്ച ശേഷമാണ് അയാൾ ആ നദിയുടെ ആഴങ്ങളിൽ അലിഞ്ഞു പോയതെന്ന്. അങ്ങനെ മറ്റുള്ളവർക്കുവേണ്ടി കൂടി ജീവിച്ചു മരിക്കുന്നതും ചില വിജയ സാധ്യതകൾ ആണ് എന്നൊരു തിരിച്ചറിവ് ഉണ്ടാകുന്നത് നല്ലതാണ്.
പക്ഷേ, അങ്ങനെ ഒരു അറിവ് ഒരിക്കലും നമ്മുടെ കുട്ടികൾക്ക് അവരുടെ പരിശീലന കാലത്തു ലഭിക്കുന്നില്ല എന്നതാണ് സങ്കടം. പലപ്പോഴും മത്സരങ്ങൾക്കെല്ലാം മുന്നിലെത്താനും ഒന്നാമതെത്താനും വിജയിച്ചു നിൽക്കുവാനുമാണ് നമ്മുടെ മക്കളെ പഠിപ്പിക്കുന്നത്. ഒരു കാലഘട്ടത്തിൽ ‘അ’ എന്ന് തുടങ്ങുന്ന ആൽഫബെറ്റിൽ മക്കൾക്ക് പേരിടാൻ പോലും മാതാപിതാക്കൾ മത്സരിക്കുമായിരുന്നു. കാരണം പേരുവിളിയിൽ പോലും അവർ ഒന്നാമതായി നിൽക്കണമല്ലോ! പരീക്ഷയിൽ 50ൽ 48 മാർക്ക് കിട്ടിയ കുട്ടി പോലും അടുത്തിരിക്കുന്നവന് 49 ഉണ്ടെന്നറിഞ്ഞാൽ സങ്കടപ്പെടുന്നു. അത്രമേൽ മത്സര ബുദ്ധിയാണ് ബാല്യകാലം മുതൽ കുട്ടികളിൽ കുത്തിനിറയ്ക്കുന്നത്. വിജയത്തിന്റെ മാനദണ്ഡങ്ങളിൽ ചില മാറ്റം വരുത്തുന്നത് നല്ലതാണ് എന്നു തോന്നുന്നു. ആരും ഒറ്റയ്ക്കല്ല വിജയത്തിന്റെ പടവുകൾ കയറേണ്ടത് എന്നു മക്കളെ പഠിപ്പിക്കേണ്ടിയിരിക്കുന്നു.
ഒരു പഴയ കഥ കേട്ടിട്ടുണ്ട്, മാനസിക വൈകല്യം ഉള്ളവരുടെ ഓട്ടമത്സരമാണ്. വാശിയേറിയ മത്സരത്തിൽ കുട്ടികൾ ഒരുമിച്ചു ഓടുകയാണ്. ഏതാണ്ട് പകുതി ദൂരം പിന്നിട്ടപ്പോൾ ഒരാൾ വീഴുന്നു. മറ്റുള്ളവർ ഏതാനും ചുവടു കൂടി മുന്നോട്ട് വെച്ചതിനുശേഷം ഒന്ന് നിൽക്കുകയാണ്. പിന്നീട് അവർ തിരിച്ചു വന്ന് വീണവനെ പിടിച്ച് എഴുന്നേൽപ്പിക്കുന്നു. എന്നിട്ട് അവർ ഒന്നിച്ച് കൈകോർത്തുപിടിച്ച് ഓടുകയും ഒരുമിച്ച് ഫിനിഷിംഗ് ലൈൻ മറികടക്കുകയും ചെയ്യുന്നു. ഇതുകണ്ട് കാണികൾ എണീറ്റ് നിന്ന് കയ്യടിച്ചു.
ജീവിതവും ഇതുപോലെ തന്നെയാണ്. ഒറ്റയ്ക്കുള്ള സന്തോഷങ്ങൾക്ക് അല്പായുസ്സാണ്. വിജ
യം എന്ന് പറയുന്നത് എല്ലാവർക്കും ഒരുമിച്ച് പങ്കിടാനുള്ളതാണ്. അപ്പോൾ ആണ് അത് കൂടുതൽ മനോ
ഹരമാകുന്നത്. അതായത്, വിജയി ഏകനല്ല എന്നു ചുരുക്കം. No one is safe until everyone എന്നു പറയാറില്ലേ? അതു തന്നെ കാര്യം.
നൗജിൻ വിതയത്തിൽ