എന്താണ് സൗന്ദര്യം? കൃത്യമായി നിർവചിക്കുന്നതിൽ പരാജയപ്പെട്ടുപോകുന്ന ഒന്നല്ലേ സൗന്ദര്യം. അല്ലെങ്കിൽ പറയൂ ആർക്കാണ് സൗന്ദര്യത്തെ ഒറ്റവാക്കിൽ വിലയിരുത്താൻ കഴിയുന്നത്. സൗന്ദര്യത്തെ സംബന്ധിച്ച് ഏതാണ് ഏകാഭിപ്രായമുള്ള നിർവചനമുളളത്? സർവസമ്മതത്തോടെ സൗന്ദര്യത്തെ നിർവചിക്കാൻ കഴിയാറില്ല.
കാരണം സൗന്ദര്യം വ്യക്തിനിഷ്ഠമാണ്.ലോകസുന്ദരികളെയും സുന്ദരന്മാരെയുമൊക്കെ തിര
ഞ്ഞെടുക്കുന്ന മാനദണ്ഡങ്ങളിൽ പോലും വിയോജിപ്പുകൾ രേഖപ്പെടുത്തുന്നവർ എത്രയോ അധികമുണ്ട്.
ഓ ഇവളാണോ ലോകസുന്ദരിയെന്ന് ചിലരെ നോക്കി മാർക്കു കുറയ്ക്കുന്നവർ ധാരാളം.
പണ്ടുതൊട്ടേ പറയുന്ന ഒരു വാചകമുണ്ടല്ലോ കാണുന്നവന്റെ കണ്ണിലാണ് സൗന്ദര്യമെന്ന്. ഞാൻ കാണുന്ന സൗന്ദര്യമായിരിക്കില്ല നീ കാണുന്ന സൗന്ദര്യം. നീ കാണുന്ന സൗന്ദര്യമായിരിക്കില്ല ഞാൻ കാണുന്നത്. അതുകൊണ്ടാണ് ഞാൻ സൗന്ദര്യം കണ്ടെത്തുന്നതിലും കണ്ടെത്തുന്ന വ്യക്തികളിലും നിനക്ക് സൗന്ദര്യം കണ്ടെത്താൻ കഴിയാതെ പോകുന്നത്, നിന്റെ സൗന്ദര്യസങ്കല്പങ്ങളോട് എനിക്കും യോജിക്കാനാവാത്തത്.
ഓരോരുത്തരുടെയും കയ്യിലുള്ള സൗന്ദര്യത്തിന്റെ അളവുകോലുകൾ വ്യത്യസ്തങ്ങളാണ്. പൊതുവെ ബാഹ്യമായ ചില ഘടകങ്ങൾകൊണ്ടാണ് നാം സൗന്ദര്യം നിശ്ചയിക്കുന്നത്.
നിറം, ഉയരം, ആകാരം എന്നിവയെല്ലാം അതിൽ പ്രധാന ഘടകങ്ങളാകുന്നുമുണ്ട്. ബാഹ്യമായ ഈ സൗന്ദര്യഘടകങ്ങൾ ഒരാളിലേക്ക് നമ്മെ കൂടുതൽ ആകർഷിതരാക്കിയേക്കാം. എങ്കിലും ആന്തരിക സൗന്ദര്യമാണ് ഒരാളിൽ നിന്ന് വിട്ടുപോകാൻ കഴിയാത്തവിധം നമ്മെ തടഞ്ഞുനിർത്തുന്നത്.
എന്നാൽ മേൽപ്പറഞ്ഞ പൊതുഘടകങ്ങളുടെ ഏറ്റക്കുറച്ചിലുള്ള വ്യക്തികൾ പോലും സൗന്ദര്യമുള്ള വ്യക്തികളായി അനുഭവപ്പെടാറില്ലേ. സ്നേഹ ത്തോടെ നോക്കുമ്പോൾ, സന്മനസ്സോടെ സമീപിക്കുമ്പോൾ എല്ലാം സുന്ദരമാകുന്നു.
കണ്ണിന് കാഴ്ചയില്ലാത്തവർ എങ്ങനെയാണ് സൗന്ദര്യത്തിന്റെയും വൈരൂപ്യത്തിന്റെയും അതിരുകൾ നിശ്ചയിക്കുന്നത്? അവർക്കെല്ലാം ഒരുപോലെയാണ്. സത്യത്തിൽ കണ്ണടച്ചുകഴിഞ്ഞാൽ എല്ലാം ഒരുപോലെയല്ലേ.
കാഴ്ചയുള്ളതുകൊണ്ടാണ് സൗന്ദര്യം മനസ്സിലാകുന്നത്. കാഴ്ചയ്ക്കപ്പുറം കാഴ്ചപ്പാടുകളാണ് സൗന്ദര്യം നിർണ്ണയിക്കേണ്ടത്. എല്ലായിടത്തും സൗന്ദര്യമുണ്ട്. എല്ലാവരും ആ സൗന്ദര്യം തിരിച്ചറിയുന്നില്ലെന്ന് മാത്രം.
ഒരു കാര്യം പറയാൻ നിർബന്ധിതനാകുന്നു, സ്നേഹമുളള മനുഷ്യന് സൗന്ദര്യമുണ്ട്. സദ്ചിന്തകൾ പങ്കുവയ്ക്കുന്ന മനുഷ്യന് സൗന്ദര്യമുണ്ട്. ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങൾക്ക് സൗന്ദര്യമുണ്ട്. ക്ഷമിക്കുന്ന മനുഷ്യന് സൗന്ദര്യമുണ്ട്.
ഓരോരുത്തരും അവരവരുടെ സൗന്ദര്യം തിരിച്ചറിയുക. സൗന്ദര്യം പ്രസരിപ്പിക്കുക. അപ്പോൾ ജീവിതം കൂടുതൽ സൗന്ദര്യാത്മകമാകും. ലോകവും.