ജീവിതത്തിൽ മൂന്നുതരം ആളുകളെ മറക്കരുതെന്നാണ് പറയുന്നത്.
1. ജീവിതത്തിലെ ദുഷ്‌ക്കരമായ സാഹചര്യങ്ങളിൽ സഹായിച്ചവർ.
2. നിസ്സഹായവും കഷ്ടപ്പാട് നിറഞ്ഞതുമായ അവസ്ഥകളിൽ സഹായിക്കാതെ കടന്നുപോയവർ.
3. ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണക്കാരായിരിക്കുന്നവർ.
ആദ്യ ഗണത്തിലെ ആളുകളോട് ജീവിതകാലം മുഴുവൻ നീണ്ടുനില്ക്കുന്ന സ്നേഹവും കൃതജ്ഞതയുമാണ് നാം പുലർത്തേണ്ടത്. പറഞ്ഞാലും അവസാനിക്കാത്ത നന്ദി… അളന്നാലും തീരാത്ത സ്നേഹം. നമ്മുടെ ജീവിതത്തിലേക്കൊന്ന് പിന്തിരിഞ്ഞുനോക്കിയാൽ ഇത്തരത്തിലുള്ള എത്ര പേരെയാണ് കാണാൻ കഴിയുന്നത്? ജോലി നഷ്ടപ്പെട്ട അവസ്ഥയിൽ കഴിയവെ ജോലി നല്കിയവർ, കടബാധ്യതകളിൽ നട്ടം തിരിയവെ കൈത്താങ്ങായവർ, വഴിമുട്ടി നിന്ന അവസരങ്ങളിൽ വഴി തെളിച്ചുതന്നവർ. പലപ്പോഴും ഇവരാരുമായും നമുക്ക് മുൻപരിചയമോ അടുത്ത സൗഹൃദമോ ഉണ്ടായിരുന്നിരിക്കില്ല. അതുകൊണ്ട് തന്നെ ഇവർ ദേവദൂതന്മാരാണ്… മാലാഖമാർ. അവരുടെ ഓർമ്മകൾക്കു മുമ്പിൽ നാം എന്നും എപ്പോഴും സ്നേഹത്തിന്റെ തിരി കൊളുത്തണം.
രണ്ടാം വിഭാഗത്തിലെ നമ്മളെ സഹായിക്കാതെ കടന്നുപോയവരെല്ലാം നമ്മൾ ഹൃദയം കൊടുത്ത് സ്നേഹിച്ചവരായിരിക്കും. സഹായിക്കുമെന്ന് നാം പ്രതീക്ഷിച്ചവരായിരിക്കും. സഹായം ചോദിച്ച് നാം സമീപിച്ചവരായിക്കും. ഒരിക്കലെങ്കിലും നാം ഏതെങ്കിലും വിധത്തിൽ സഹായിച്ചിട്ടുള്ളവരുമായിരിക്കും.
മൂന്നാം വിഭാഗത്തിലെ ആളുകൾ മോഹനവാഗ്ദാനം നല്കി നമ്മെ അപകടത്തിലാക്കിയവരാണ്. പക്ഷേ നാം അവരെ വിശ്വസിച്ചിരുന്നു. അവരെ മുഖ വിലയ്ക്കെടുത്തിരുന്നു. അവരുടെ വാക്കുകളും പ്രവൃത്തികളും നമുക്ക് പ്രതീക്ഷ നല്കിയിരുന്നു. എന്നാൽ അപകടത്തിലാക്കിയതിന് ശേഷം അവർ കളം മാറി ചവിട്ടി. നാം പരിതാപകരമായ അവസ്ഥയിലുമായി.
പൊതുവെ കണ്ടുവരുന്നത് സഹായിച്ചവരെ നാം പതുക്കെ പതുക്കെ വിസ്മരിച്ചുകളയുന്നതാണ്. സഹായം കൈപ്പറ്റി. ഒരു താങ്ക്സ്പറഞ്ഞു. അതോടെ തീർന്നു. എന്നാൽ സഹായിക്കാതെ കടന്നുപോയവരെയും ദുരവസ്ഥയ്ക്ക് കാരണക്കാരായവരെയും നാം ഒരിക്കലും മറക്കുകയില്ല. എന്നാൽ ആ ഓർമ്മകൾക്കെല്ലാം പകയുടെ പുകവെട്ടമുണ്ടായിരിക്കും. പ്രതികാരത്തിന്റെ ചുവപ്പുണ്ടായിരിക്കും.
എന്നാൽ മറ്റൊരു രീതിയിൽ ചിന്തിച്ചുനോക്കിയാൽ രണ്ടും മൂന്നും ഗണത്തിലെ ആളുകളോടും നമുക്ക് വേണ്ടത് നന്ദിയും സ്നേഹവുമല്ലേ. കാരണം അവർ നമുക്ക് ലോകത്തിലെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റിയിൽ പഠിച്ചാലും കിട്ടാത്തത്ര വിധത്തിലുള്ള പാഠങ്ങൾ പറഞ്ഞുതന്നു. പ്രതിബന്ധങ്ങളെ നേരിടാനും അതിജീവിക്കാനുമുള്ള കരുത്ത് നേടിതന്നു. അതുകൊണ്ട് അപകടത്തിലാക്കിയവരോടും സഹായിക്കാതെ കടന്നുപോയവരോടും ദേഷ്യമോ പകയോ അല്ല, സ്നേഹം മാത്രം സൂക്ഷിക്കുക.
പക സൂക്ഷിക്കുമ്പോൾ, വെറുപ്പിൽ തുടരുമ്പോൾ ദോഷം നമുക്ക് മാത്രമാണ്. പകരം അവർ നല്കിയ പാഠം മനസ്സിലാക്കി അവരെ വെറുക്കാതെ മുന്നോട്ടുപോകുക. അതിലൂടെ വളരുന്നത് നാം മാത്രമാണ്. അവരുള്ളതുകൊണ്ടാണ് അതിജീവിക്കാൻ നമുക്ക് കരുത്തുണ്ടായത്. പ്രതികൂലങ്ങളെയും നെഗറ്റീവ് അനുഭവങ്ങളെയും നിഷേധാത്മകമായി കാണാതെ പോസിറ്റീവായി മുന്നോട്ടുപോവുക.
ഓർമ്മകളുടെ ഷെൽഫിൽ ഈ മൂന്നുവിഭാഗം ആളുകളെയും പ്രതിഷ്ഠിക്കുക.