ക്ഷമയുടെ ‘പൂക്കാലം’

Date:

spot_img

ദാമ്പത്യത്തിലെ സംഘർഷങ്ങളും സങ്കീർണ്ണതകളും അതിൽ അകപ്പെട്ടിരിക്കുന്നവരുടെ മാത്രം  ലോകമാണ്. പുറമേയ്ക്ക് നോക്കുന്നവർ പൊതുവെ മനോഹരം, സുന്ദരം എന്നൊക്കെ  നിർവചിക്കുമ്പോഴും അവ എല്ലാവരുടെയും കാര്യങ്ങളിലും എല്ലായ്പ്പോഴും അത്രത്തോളം സുന്ദരമോ മനോഹരമോ അല്ല എന്നതാണ് വാസ്തവം.

ചുഴികൾ മറച്ചുവച്ചൊഴുകുന്ന പുഴകൾ പോലെയാണ് ദാമ്പത്യങ്ങളും. അകപ്പെട്ടുപോയാൽ ചിലപ്പോഴെങ്കിലും നട്ടം തിരിയേണ്ടിവരും. ഇത്തരത്തിൽ ചുഴിയിൽ അകപ്പെട്ട് നട്ടം തിരിയേണ്ടിവരുന്ന വൃദ്ധ ദമ്പതികളുടെ ജീവിതമാണ്  ഗണേഷ് രാജിന്റെ പൂ ക്കാലം എന്ന സിനിമ പറയുന്നത്.

എൺപതോളം വർഷത്തെ  ഇഴയടുപ്പമുള്ള ദാമ്പത്യമാണ് ഇട്ടൂപ്പിന്റേതും കൊച്ചുത്രേസ്യയുടേതും. ഒരേ മുറിയിൽ അന്തിയുറങ്ങി, ഒരേസമയം ഉറക്കമുണർന്ന്, പരസ്പരം പരിചരിച്ച് സ്നേഹ ത്തോടെ മുന്നോട്ടുപോകുന്ന ആ ദമ്പതികൾ  ആ കെയൊരു വിസ്മയമാണ്. കാരണം ഇത്രയും സുദീർഘമായ ദാമ്പത്യബന്ധങ്ങൾ അപൂർവ്വങ്ങളിൽ അപൂർവ്വമാണല്ലോ. നൂറിനടുത്തോ നൂറിലോ  പ്രായത്തിൽ ജീവിച്ചിരിക്കുമ്പോൾതന്നെ പങ്കാളി കൂടെയുണ്ടാവണമെന്നില്ല. പക്ഷേ ഇവിടെ രണ്ടുപേരും ജീവിച്ചിരിക്കുന്നു. ഇച്ചായിയെന്നും ഇച്ചാമ്മയെന്നുമാണ് അവരെ മക്കളും കൊച്ചുമക്കളുമെല്ലാം വിളിക്കുന്നത്.

കൊച്ചുകൊച്ചു പിണക്കങ്ങളും അതിലേറെ ഇണക്കവുമായി മുന്നോട്ടുപോകുന്ന ആ ദാമ്പത്യവഞ്ചി  തട്ടിത്തടഞ്ഞുനിന്നുപോകുന്നത് കൊച്ചുത്രേസ്യയുടെ വിവാഹേതരബന്ധം പുറത്തറിയുന്നതോടെയാണ്. ഭർത്താവും നാലു മക്കളും ജീവിച്ചിരിക്കുമ്പോൾ തന്നെ കൊച്ചുത്രേസ്യയ്ക്ക് മറ്റൊരു ബന്ധം ഉണ്ടായിരുന്നുവെന്ന തെളിവുസഹിതമുള്ള കണ്ടെത്തൽ ഇട്ടൂപ്പിനെ തകർത്തുകളയുന്നു. നാല്പതിൽപരം വർഷങ്ങൾക്ക് മുമ്പു സംഭവിച്ചുപോയ ആ പിഴവിനെ  ചോദ്യം ചെയ്യാനോ തുറന്നു സംസാരിക്കാനോ തയ്യാറാവാതെ വിവാഹമോചനം എന്ന ഒറ്റ പോംവഴിയിലാണ് ഇട്ടൂപ്പ് എത്തിനില്ക്കുന്നത്.

സ്വയം ന്യായീകരണത്തിന് തയ്യാറാവാതെയും മക്കളുടെ ചോദ്യം ചെയ്യലിന് മുമ്പിൽ പൊട്ടിത്തെറിച്ചും ആരും കാണാതെ നിശ്ശബദം കരഞ്ഞും കൊച്ചുത്രേസ്യ, വിവാഹമോചനത്തിന് സന്നദ്ധയാവുന്നു. സ്വന്തം തെറ്റിനുളള ശിക്ഷയായും ആശ്വാസമായും കൂടിയാണ് കൊച്ചുത്രേസ്യ അതിന് സന്നദ്ധയാവുന്നത്. പിന്നീട് ഉഭയസമ്മതപ്രകാരം ഇരുവർക്കും കോടതി വിവാഹമോചനം അനുവദിക്കുന്നു.

ഭാര്യയുടെ സാന്നിധ്യത്തിൽ നിന്ന് അകന്നുനില്ക്കാൻ ആഗ്രഹിച്ച് മകൾക്കൊപ്പം ഇട്ടൂപ്പ് യാത്രയായെങ്കിലും കുടുംബത്തിൽ സംഭവിച്ച ഒരു വേർപാടിന്റെ സാഹചര്യത്തിൽ അയാൾക്ക് തിരികെ ഭാര്യയുടെ അടുക്കലേക്ക് തന്നെ മടങ്ങേണ്ടിവരുന്നു. അവസാനമായിട്ടൊന്ന് കാണാൻ പോലും കഴിയാതെ മൂത്ത മകൾ യാത്രയായപ്പോഴായിരിക്കണം പിണക്കങ്ങളും അകൽച്ചകളും വെറുപ്പും സ്നേഹരാഹിത്യങ്ങളും ജീവിതത്തിന്റെ സൗന്ദര്യം മുഴുവൻ ചോർത്തിക്കളയുകയാണെന്ന സത്യം അയാൾ തിരിച്ചറിയുന്നത്.  ഞാൻ ഇന്ന് ഇവിടെ കിടന്നോട്ടെയെന്ന് താൻ വിയർപ്പൊഴുക്കി പണികഴിപ്പിച്ച വീട്ടിൽ കിടന്നുറങ്ങാൻ മകളോട് അനുവാദം ചോദിക്കുമ്പോഴും പിന്നെ അതുവരെ ഇട്ടൂപ്പിനെയും ത്രേസ്യാമ്മയെയും വിളിച്ചുണർത്താനുണ്ടായിരുന്ന രണ്ട് അലാറങ്ങളെ ഒഴിവാക്കി ഒരൊറ്റയെണ്ണമാക്കി തീരുമാനിക്കുമ്പോഴും പഴയസ്നേഹത്തിലേക്ക് തിരികെ നടക്കുകയാണ് ഇട്ടൂപ്പ്.

ഭാര്യയുടെ ഇടർച്ചയ്ക്ക് താൻകൂടി കാരണക്കാരനാണെന്നും മാനസാന്തരപ്പെടാത്ത തന്റെ ജീവിതത്തിലുണ്ടായിരുന്ന സ്നേഹരാഹിത്യങ്ങളും മദ്യപാനവും ഉത്തരവാദിത്തമില്ലായ്മയുമാണ് അവളെ വഴിതെറ്റിച്ചതെന്നുള്ള തിരിച്ചറിവും ഒരുപക്ഷേ അപ്പോഴേയ്ക്കും ഇട്ടൂപ്പിനുണ്ടായിരുന്നിരിക്കണം.  മക്കളുടെയും മരുമക്കളുടെയും കൊച്ചുമക്കളുടെയും സാക്ഷി നിർത്തി രണ്ടാമതും വിവാഹിതരാവുകയും ലോകത്തിലെ ഏറ്റവും പ്രായം ചെന്നവരുടെ വിവാഹം എന്ന ഗിന്നസ് റിക്കാർഡ് സ്വന്തമാക്കുകയുമാണ് ഇട്ടൂപ്പും കൊച്ചുത്രേസ്യയും.

സ്നേഹിക്കുമ്പോൾ മാത്രമല്ല ക്ഷമിക്കുമ്പോഴും പൂക്കാലം ഉണ്ടാകുന്നുവെന്നാണ് ഈ സിനിമ പറയുന്നത്. ദാമ്പത്യത്തിൽ  ക്ഷമ എത്രത്തോളം പ്രധാനപ്പെട്ടതാണെന്നും. പലവിധത്തിൽ ഇടറിയും പതറിയും പോകാവുന്നവരാണ് ദമ്പതികൾ. എന്നാൽ അവരിൽ ഒരാളുടെ പതർച്ചകളോട് മറ്റെയാൾ എത്രത്തോളം സഹിഷ്ണുത കാണിക്കുന്നുവെന്നതാണ് പ്രധാനം.

വൃദ്ധദാമ്പത്യത്തിന്റെ അവസ്ഥാന്തരങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നതെങ്കിലും പുതിയ കാലത്തിന്റെ സ്ത്രീപുരുഷ ബന്ധങ്ങളെയും പൂക്കാലം അവതരിപ്പിക്കുന്നുണ്ട്. പുതിയ കാലത്തിന് അനുസരിച്ചുളള മേയ്ക്കിംങും പുതിയ കാലത്തിന്റെ താരങ്ങളും ഈ ചിത്രത്തെ പുതുതലമുറയ്ക്കു കൂടി ആസ്വദിക്കാവുന്ന വിധത്തിലുള്ള ചിത്രമാക്കി മാറ്റുന്നുണ്ട്.

More like this
Related

RESTART…

എങ്ങനെയെങ്കിലും വിജയിക്കാൻ ശ്രമിക്കുന്നവരുടെ ലോകമാണ് നമ്മുടേത്. പലവിധത്തിലുള്ള വിജയങ്ങളുണ്ട്. പരീക്ഷാ വിജയം,...

സ്ഫടികം ഒരു പുന:വായന

പാളിപ്പോയ പേരന്റിംങിനെക്കുറിച്ച് പറയു ന്ന, ചർച്ചകളിലൊക്കെ ആവർത്തിച്ച് ഉദാഹരിക്കുന്ന ഒരു സിനിമയാണ്...

ആത്മസംഘർഷങ്ങളുടെ ഇരട്ടകൾ

കുറ്റബോധത്തെക്കാൾ വലുതായി മറ്റെന്താണുള്ളത്? ഉമിത്തീയിൽ നീറുന്ന അനുഭവമാണ് അത്. കുറ്റബോധം താങ്ങാനാവാതെ...

മനുഷ്യസ്‌നേഹത്തിന്റെ മധുരം പകരുന്ന സൗദി വെള്ളക്ക

മനുഷ്യത്വത്തിന്റെ ആഘോഷമാണ് തരുൺ മൂർത്തിയുടെ സൗദി വെള്ളക്ക എന്ന സിനിമ. തീർപ്പാകാതെ...
error: Content is protected !!