ലോകത്തിലെ തന്നെ മനോഹരവും അ തിശയകരവുമായ ഒരു ബന്ധമാണ് വിവാഹബന്ധം. അതോടൊപ്പം അത് ദുഷ്‌ക്കരവുമാണ്. വെല്ലുവിളികളും സങ്കീർണ്ണതകളും ഓരോ വിവാഹബന്ധത്തിലുമുണ്ട്. അവ പരിഹരിച്ച് സുഗമമായി വീണ്ടും മുന്നോട്ടുകൊണ്ടുപോകുന്നതിലാണ് വിവാഹബന്ധത്തിന്റെ വിജയം അടങ്ങിയിരിക്കുന്നത്. പക്ഷേ പലപ്പോഴും ഇതത്രസുഗമമല്ല. അപ്പോഴാണ് വിവാഹജീവിതത്തിൽ ചുവന്ന ലൈറ്റ് അല്ലെങ്കിൽ ചുവന്ന കൊടി ഉയരുന്നത്. ചുവന്ന കൊടിയുടെയും ലൈറ്റിന്റെയും അർത്ഥം നമുക്കറിയാം. ഒരു ട്രാഫിക് സിഗ്‌നൽ കാത്തുകിടക്കുമ്പോൾ ചുവന്ന ലൈറ്റാണ് തെളിയുന്നതെങ്കിൽ വണ്ടി മുന്നോട്ടുപോകുകയില്ല. മുന്നോട്ടു പോകരുത് എന്നതിന്റെ സൂചനയാണ്.
എന്നാൽ പല ദമ്പതികളും തങ്ങളുടെ ബന്ധ ത്തിൽ ഈ നിറത്തിന്റെ സാധ്യതകളും സാഹചര്യങ്ങളും മനസ്സിലാക്കുന്നില്ല. എപ്പോഴൊക്കെയാണ് ദാമ്പത്യജീവിതത്തിൽ ചുവന്ന ലൈറ്റ് തെളിയുന്നത് എന്ന് നോക്കാം.
സംസാരമില്ലാതെ വരുമ്പോൾ
കാര്യം ശരിയാണ് ഒരേ മേൽക്കൂരയ്ക്ക് താഴെയാണ് ജീവിതം. രണ്ടുപേരും കണ്ടുമുട്ടുന്നുമുണ്ട്. പക്ഷേ സംസാരമില്ല. എന്താണ് ഒന്നും മിണ്ടാത്തത് എന്ന് ചോദിക്കുമ്പോൾ ഓ എന്തു മിണ്ടാൻ എന്നായിരിക്കും മറ്റേയാളുടെ പ്രതികരണം. അതായത് പങ്കാളികൾക്ക് പരസ്പരം സംസാരിക്കാൻ വിഷയങ്ങളില്ല. പരസ്പരം അപരിചിതരാകുന്നു. കുടുംബത്തെ സംബന്ധിക്കുന്ന പൊതുവിഷയങ്ങൾ പോലും- മക്കളുടെ ഭാവി, വിദ്യാഭ്യാസം, കടബാധ്യത, അയൽക്കാരുമായുള്ള വിഷയം, ബന്ധുജനങ്ങളുടെ വിശേഷങ്ങൾ- സംസാരിക്കാൻ താല്പര്യമില്ലാതെയാവുന്നു. ദിവസങ്ങളോളം മിണ്ടാതെയിരിക്കുന്ന ദമ്പതികളുണ്ടാവാം. പക്ഷേ അത് ആഴ്ചയിലേക്കും മാസങ്ങളിലേക്കുംകടക്കുമ്പോൾ ചുവന്ന ലൈറ്റ് അണയുന്നില്ലെന്ന് തന്നെ മനസ്സിലാക്കണം.
പങ്കുവയ്ക്കാതെയാകുമ്പോൾ
സംസാരം ഇല്ലാതെ വരുമ്പോൾ സ്വഭാവികമായും ഹൃദയംതുറക്കലും ഇല്ലാതെയാകും.എന്നാൽ എന്തുകൊണ്ടാണ് സംസാരിക്കാത്തത്, എന്തു ബുദ്ധിമുട്ടാണ് പങ്കാളി നല്കിയിരിക്കുന്നത്, എന്തുവിഷമമാണ് ഉള്ളിലുള്ളത് എന്നൊന്നും വിശദീകരിക്കാൻ തയ്യാറാവുന്നില്ല. പരസ്പരം മനസ്സിലാക്കാനോ ആശ്വസിപ്പിക്കാനോ കഴിയാതെ വരുന്ന ഇത്തരം സാഹചര്യങ്ങൾ ദാമ്പത്യത്തിൽ അത്യന്തം ദയനീയമാണ്.
വേറെ ലക്ഷ്യങ്ങൾ കണ്ടെത്തുമ്പോൾ
വിവാഹേതരബന്ധങ്ങൾ, മദ്യപാനം, മയക്കുമരുന്ന്, പോണോഗ്രഫി തുടങ്ങിയവയിലാണ് കൂടുതൽ താല്പര്യം അനുഭവപ്പെടുന്നതെങ്കിൽ നിങ്ങളുടെ ദാമ്പത്യജീവിതം അപകടാവസ്ഥയിലെത്തിയിരിക്കുന്നുവെന്നാണ് സൂചന. വളരെ നേരത്തെ വീട്ടിൽ നിന്നു പോകുക, വളരെ വൈകി മാത്രം എത്തിച്ചേരുക, വീട്ടിലേക്ക് വരുന്നതിൽ മടുപ്പ് അനുഭവപ്പെടുക തുടങ്ങിയവയൊക്കെ ബന്ധത്തകർച്ചയുടെ പ്രകടമായ ലക്ഷണങ്ങളാണ്.
പ്രതീക്ഷകൾ നഷ്ടപ്പെടുമ്പോൾ
വിവാഹം കഴിച്ചത് അബദ്ധമായെന്ന് തോന്നുക, കുടുംബജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത് അസാധ്യമായി അനുഭവപ്പെടുക, ഭാവിയെക്കുറിച്ച് സ്വപ്നങ്ങൾ കാണാൻ കഴിയാതെ വരിക ഇവയെല്ലാം ദാമ്പത്യജീവിതത്തിലെ ചുവന്ന ലൈറ്റുകളാണ്.