പ്രതീക്ഷ നിലനിർത്താൻ, സന്തോഷത്തിലായിരിക്കാൻ

Date:

spot_img

മാനസികാരോഗ്യം സന്തോഷവുമായി  ബന്ധപ്പെട്ടാണിരിക്കുന്നത്.പോസിറ്റീവായി ചിന്തിക്കാനും ജീവിതത്തെ അതേ രീതിയിൽ സമീപിക്കാനുമൊക്കെ സന്തോഷത്തിന്റെ മാനസികഭാവം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ എപ്പോഴും നമുക്ക് സന്തോഷമുള്ളവരായിരിക്കാൻ, സന്തോഷം നിലനിർത്തുന്നവരാകാൻ സാധിക്കാറില്ല.
കാരണം സന്തോഷം ഒരിക്കലും നമ്മുക്ക് കൈനീട്ടിപ്പിടിക്കാൻ സാധിക്കുന്നതോ നമ്മുടെ കൈവെള്ളയിൽ മാത്രമിരിക്കുന്നതോ അല്ല. പലപല ഘടകങ്ങളാണ് നമ്മുടെ സന്തോഷങ്ങളെ നിശ്ചയിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു ദിവസം പോസിറ്റീവായ കാഴ്ചപ്പാടുകൾ ഇല്ലാതെപോയി, ആ ദിവസം ഡള്ളായി തോന്നിയെന്നതുകൊണ്ട് എന്തോ കുഴപ്പമുണ്ടെന്ന് കരുതി തലപുകയ്ക്കുകയോ ഇനിയൊരിക്കലും സന്തോഷിക്കാൻ കഴിയില്ലെന്ന നിഗമനത്തിലെത്തുകയോ അരുത്.

അതിനാദ്യം മനസ്സിലാക്കേണ്ടത് സന്തോഷം കടന്നുവരുന്നത് വ്യത്യസ്ത സാഹചര്യങ്ങളിലൂടെയാണെന്നാണ്.  ചിലപ്പോൾ ചില പ്രവൃത്തികൾ നിങ്ങളെ സന്തോഷവാനാക്കിയേക്കാം. മറ്റ് ചിലപ്പോൾ ചില സാന്നിധ്യങ്ങൾ നിങ്ങളെ സന്തോഷവാനാക്കിയേക്കാം. ഇനിയും ചിലപ്പോൾ സ്വസ്ഥമായിരിക്കുന്നതും പാട്ടുകേൾക്കുന്നതും സന്തോഷം നല്കിയേക്കാം. സന്തോഷത്തിന്റെ സാഹചര്യങ്ങൾ, കാരണങ്ങൾ മാറിമറിഞ്ഞേക്കാം.

സന്തോഷിക്കുന്ന, സന്തോഷത്തിലായിരിക്കാൻ, സന്തോഷം നിലനിർത്താൻ, പ്രതീക്ഷയുള്ളവരായിരിക്കാൻ ചില വഴികളുണ്ടെന്നാണ് മനശ്ശാസ്ത്രജ്ഞർ പറയുന്നത്. അത്തരം ചില വഴികളെക്കുറിച്ചു കൂടി പരാമർശിക്കാം
മനസ്സാന്നിധ്യം പരിശീലിക്കുക എന്നതാണ് അതിലൊന്ന്. നിലവിലെ നിമിഷത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക. ലക്ഷ്യബോധത്തോടെ പ്രവർത്തിക്കുക. ആന്തരികചോദനകൾക്കനുസരിച്ച് ബാഹ്യാന്തരീക്ഷത്തെ ക്രമപ്പെടുത്തുക. മനസ്സാന്നിധ്യങ്ങൾ വൈകാരികമായ ക്രമക്കേടുകളെ ലഘൂകരിക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.

നന്ദിയുള്ളവരായിക്കാൻ ശ്രമിക്കുക എന്നതാണ് മറ്റൊന്ന്. ജീവിതത്തിൽ ലഭിച്ച നന്മകളെ, അനുഗ്രഹങ്ങളെ വിലയുള്ളതായി കാണുക. മറ്റുള്ളവരെ മതിപ്പോടെ കാണുകയും അവരത് തിരികെ കാണിക്കുമ്പോൾ നന്ദിയുള്ളവരായിരിക്കുകയും ചെയ്യുക.

ഭൂതകാലത്തോട് ക്ഷമിക്കുക. നീരസവും പക യും സൂക്ഷിക്കാതിരിക്കുക. പ്രതികാരത്തിന് പകരമായി ക്ഷമയും മനുഷ്യത്വവും പുലർത്തുക. വേദനിപ്പിക്കുകയോ  അപമാനിക്കുകയോ  ചെയ്ത ഒരാളോട് എന്തുകൊണ്ടാണ് ക്ഷമിക്കാൻ കഴിയാത്തതെന്ന് കണ്ടെത്തുക. ക്ഷമിക്കാത്ത അവസ്ഥയിൽ നമ്മുടെ തന്നെ വൈകാരികക്ഷേമം തകരാറിലാവുകയാണ് ചെയ്യുന്നതെന്ന് മനസ്സിലാക്കുകയും വേണം. മുഴുവൻ മനസ്സോടും കൂടി മുഴുകാൻ കഴിയുന്ന പ്രവൃത്തികളിൽ ഏർപ്പെടുക. ഏതു പ്രവൃത്തിയും മനസ്സുകൊടുത്തു ചെയ്യുമ്പോഴാണ് സന്തോഷത്തോടെ ചെയ്യാൻ കഴിയുന്നത്. ടാസ്‌ക്കുകൾ ഏറ്റെടുത്തു വിജയിപ്പിക്കുക. അതുപോലെ സൈക്ലിങ്, ടെന്നീസ്, ഗോൾഫ് പോലെയുള്ള ശാരീരികപ്രവർത്തനങ്ങൾ ആവശ്യമായ കാര്യങ്ങളിലും ഏർപ്പെടുക.

മഹത്തായ ലക്ഷ്യത്തിലേക്കു സംഭാവന ചെയ്യാൻ കഴിയുന്ന വിധത്തിൽ കഴിവുകൾ  പ്രയോജന പ്പെടുത്തുകയാണ് മറ്റൊരു മാർഗ്ഗം. മറ്റുള്ളവർക്കു കൂടി പ്രയോജനപ്പെടുന്ന വിധത്തിൽ ജീവിക്കുക. അവരെ സഹായിക്കുക. പക്ഷേ പലപ്പോഴും കഠിനാദ്ധ്വാനവും ത്യാഗവും ആവശ്യമുള്ള ഒന്നായതിനാൽ പലരും ഇതിൽ നിന്ന് വിട്ടുനില്ക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ ഈ വെല്ലുവിളി ഏറ്റെടുക്കാൻ കഴിയുന്നവർക്ക് സന്തോഷിക്കാൻ കഴിയുമെന്നത് ഉറപ്പാണ്. ലോകത്ത് ക്രിയാത്മകമായ മാറ്റം സൃഷ്ടിക്കാൻ സാധിക്കുന്നുവെന്നതും പരിശ്രമങ്ങളും അദ്ധ്വാനങ്ങളും പാഴായിപ്പോകുന്നില്ല എന്നതും ഒരു വ്യക്തിയുടെ സന്തോഷത്തിന്റെ കാരണമായി കണ്ടുവരാറുണ്ട്.
സ്വന്തം ജീവിതം കൊണ്ട് തനിക്കു മാത്രമല്ല മറ്റുള്ളവർക്കു കൂടി പ്രയോജനപ്പെടുന്നു എന്ന് അറിയുന്നതിൽപരം സന്തോഷം മറ്റെന്തുള്ളൂ?

More like this
Related

പരിമിതികൾ ഇല്ലാത്ത ജീവിതം

കുഞ്ഞുനാളുകളിൽ സ്വപ്‌നങ്ങളെക്കുറിച്ച് കേട്ടിട്ടുള്ള മനോഹരമായ ഒരു കാര്യം വെളുപ്പാൻ കാലത്ത് കാണുന്ന...

മുറിവുകൾ തളിർക്കുമ്പോൾ…

മുറിവുകൾക്ക് ഒരു ചരിത്രം ഉണ്ടോ?  അറിഞ്ഞുകൂടാ. എന്നിരുന്നാലും ഓരോ മുറിവുകൾക്ക് പിന്നിലും...

പോസിറ്റീവാകൂ നല്ലതുപോലെ…

കേൾക്കുമ്പോൾതന്നെ ഉള്ളിൽ സന്തോഷം നിറയുന്ന ഒരു വാക്കാണ് പോസിറ്റീവ്. പോസിറ്റീവ് കാര്യങ്ങൾ...

മറക്കരുതാത്ത മൂന്നു കൂട്ടർ

ജീവിതത്തിൽ മൂന്നുതരം ആളുകളെ മറക്കരുതെന്നാണ് പറയുന്നത്.1.   ജീവിതത്തിലെ ദുഷ്‌ക്കരമായ സാഹചര്യങ്ങളിൽ...
error: Content is protected !!