പകുതിമാത്രം നടന്ന് തീർത്ത വഴികൾ 

Date:

spot_img

മധ്യവയസ്,  ഒരുപക്ഷെ അപ്പോഴാണ് നമ്മുടെയൊക്കെ സ്വപ്‌നങ്ങൾക്ക് മേൽ വയസ്സൻ എന്ന ചാർത്ത്  ആദ്യമായി എഴുതിച്ചേർക്കുന്നത് അല്ലേ? മധ്യവയസ്‌ക്കൻ. ബാല്യവും കൗമാരവും യൗവന വും ഓർമിപ്പിക്കാത്ത എന്തോ ഒന്ന് നമുക്ക് മേൽ കൊണ്ടുവന്നിടുന്ന ഒരു കാലമാണ്  മധ്യകാലം. മധ്യവയസ്സ്.

വളരെ പ്രിയപ്പെട്ട എഴുത്തുകാരനാണ് മുണ്ടൂർ കൃഷ്ണൻകുട്ടി. ‘മൂന്നാമതൊരാൾ’ എന്ന കഥ ചെറുപ്പത്തിൽ തന്നെ വല്ലാതെ ഹോണ്ട് ചെയ്ത കഥയുമാണ്. യൗവനത്തിലേ മരിച്ചുപോയ പ്രിയസഖി ജീവിതത്തിലും കഥയിലും കഥാനായകനെ പിന്തുടരുന്ന ഒരു ഹൃദയസ്പർശിയായ കഥ. നഷ്ടങ്ങളോട് കോപ് ചെയ്യാനാവാതെ പോകുന്നതാണ് മധ്യകാലത്തിന്റെ ഒരു ദുരന്തം. പ്രവാസലോകത്തിലെ ജീവിതംകൂടിയാകുമ്പോൾ അത് വല്ലാതെ നൊമ്പരപ്പെടുത്തും. ഓരോ അവധിക്കും നാട്ടിൽ  വരുമ്പോൾ, കേൾക്കുന്നത്  ചെറുപ്പത്തിൽ നമ്മൾ വല്ലാതെ ഇഷ്ടപ്പെട്ടിരുന്ന കുറെയേറെ പേർ യാത്രയായ വാർത്തയാകും. ഒരാൾ കടന്നുപോകുമ്പോൾ, ആ ഓർമ്മകൾക്ക് കൂടിയാണല്ലോ മുറിവേൽക്കുന്നത്. ഓർക്കാതെ നീണ്ടുപോയ ഇടവേളയ്ക്ക് ശേഷം നാട്ടിലെത്തുമ്പോൾ, രണ്ടാമത്തെ പ്രളയപർവ്വം കൂടെ കഴിഞ്ഞുപോയിരുന്നു. ഞങ്ങൾ തൃശൂർ വടക്കാഞ്ചേരിക്കാർക്ക് അത്രയൊന്നും പരിചിതമല്ലാത്ത ഉരുൾപൊട്ടൽ കൊണ്ടുപോയത് നാട്ടുകാരായ പത്ത് പതിനഞ്ചു പേരെയായിരുന്നു. ഞങ്ങളൊക്കെ ചാച്ചൻ എന്ന് സ്‌നേഹത്തോടെ വിളിച്ചിരുന്ന ആളും കുടുംബവും ആ ദുരന്തത്തിൽ പെട്ട് പോയിരുന്നു.  പുള്ളിയുടെ ഹോട്ടലിൽ നിന്ന് കഴിച്ച ഭക്ഷണത്തിന്റെ രുചി മാത്രമല്ല, പങ്കുവച്ചിരുന്ന ചെറുതമാശകളും കൂടിയാണ് നഷ്ടമാകുന്നത്. പിന്നീടൊരു ദിവസം  സന്ധ്യയിൽ ആ ദുരന്തംകുടിയിറങ്ങിയ ഇടത്ത് വന്ന് കുറച്ച് നേരം നിൽക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞതും, പരിചയമൊന്നുമില്ലാത്ത ഒരാൾ ആ വഴി കടന്നുപോകുമ്പോൾ, ‘നല്ലോരോക്കെ നേരത്തേ…ന്ന് കേട്ടിട്ടില്ലേ’ എന്നാശ്വസിപ്പിച്ചതും ഓർമ്മ വരുന്നു. മധ്യവയസ്സിന്റെ നഷ്ടങ്ങളിൽ ചിലതാണിതെല്ലാം. നമ്മുടെ ബാല്യത്തിലെ പ്രിയപ്പെട്ടവർക്കെല്ലാം വാർദ്ധക്യവും മരണവും ബാധിക്കുന്നു. നഷ്ടം നമ്മുടെത് മാത്രമാണ്. “The most painful thing is seeing the people, you made memories with slowly become memories!’

എം.ടിയുടെ അത്രയൊന്നും പറയപ്പെടാതെ പോയൊരു ചെറുകഥയുണ്ട്,  ‘സ്‌നേഹത്തിന്റെ മുറിപ്പാടുകൾ’. ജ്യേഷ്ഠാനുജന്മാരുടെ മാത്‌സര്യത്തിന്റെയും മധ്യവയസ്സിലെ തിരിച്ചറിവുകളുടെയും കഥ. അനുജന് വേണ്ടി നിശ്ചയിച്ച മുറപ്പെണ്ണിനേയും ജീവിത ത്തെ തന്നെയും അവനുമായി മത്സരിച്ച് നേടിയ ജ്യേഷ്ഠൻ പക്ഷെ മധ്യാഹ്നത്തിൽ ദുഃഖിതനോ പരാജിതനോ ആയി സ്വയം വിലയിരുത്തുന്നുണ്ട്. മധ്യവയസ് പലപ്പോഴും വീണ്ടുവിചാരങ്ങളുടെ കാലമാണ്. ഠവല ശോല ീള ൃലഴൃലെേ. യൗവനത്തിന്റെ കുതിപ്പിന്റെ പേരിൽ നമ്മൾ കിതയ്ക്കാൻ തുടങ്ങിയിരിക്കുന്നു. മാത്സര്യവും വ്യർത്ഥാഭിമാനവുമൊക്കെ വഴിയായി യൗവനത്തിൽ നമ്മൾ കൊടുത്തതിന്റെയും വാങ്ങിയതിന്റെയുമെല്ലാം വടുക്കൾ ഉണങ്ങി തിടം വച്ചിരിക്കുന്നു. ഓർമ്മകളിൽ കൈ തലോടുമ്പോൾ, ആ വടുക്കളിൽ ചോര കിനിയുന്നു. ഒരൽപ്പം കൂടെ കാത്തിരിക്കാമായിരുന്നു, സ്‌നേഹിക്കാമായിരുന്നു, കേൾക്കാമായിരുന്നു, വിശ്വസിക്കാമായിരുന്നു, അധ്വാനിക്കാമായിരുന്നു… എന്നിങ്ങനെയൊക്കെ കുറ്റബോധങ്ങളിൽ കുടുങ്ങിപ്പോകുന്ന കാലഘട്ടം. കുറ്റബോധത്തോടൊപ്പം  തന്നെ നഷ്ടബോധവും കൂടി അലട്ടാൻ തുടങ്ങിയാൽ അത് മധ്യവയസ്സിലെയ്ക്കുള്ള വെൽക്കം നോട്ട് ആണ്. 
ഭൂമധ്യരേഖയിലെ വീടിന്റെ പഴയ ഉടമസ്ഥൻ മജോരിയെപോലെ, ബാണാസുരസാഗർ അണക്കെ ട്ടിന്റെ റിസർവ്വോയറിനടിയിലായിപ്പോയ തന്റെ ഗ്രാമത്തിന്റെയും വീടിന്റെയും അവശിഷ്ടങ്ങൾ തിരയുമ്പോൾ, ബോട്ട് ഡ്രൈവറോട് അയാൾ പറയുന്നുണ്ട്… പതുക്കെ പോയാൽ മതി, ഞങ്ങൾ കളഞ്ഞുപോയ ഒരു സ്വർണ്ണ താക്കോൽ വെള്ളത്തിനടിയിൽ തിരഞ്ഞുക്കൊണ്ടിരിക്കുകയാണ്. മറ്റെല്ലാവർക്കും ആ വാക്കുകളിലെ ഹാസ്യം പൊട്ടിച്ചിരിക്കാനുള്ളതാണെങ്കിൽ മജോരിക്ക് മാത്രം അത് പക്ഷെ അങ്ങനെയല്ല. പഴയ കപ്പൂച്ചിൻ മൊണാസ്ട്രിയിലേയ്ക്ക് നയിക്കുന്ന പാതയും പൂർവ്വികർ അന്തിയുറങ്ങുന്ന സിമിത്തേരിയും കടന്ന് പോകുമ്പോൾ, ജലാശയം ഒളിപ്പിച്ച ആ രഹസ്യത്തിന്റെ സ്വർണ്ണത്താക്കോൽ തിളങ്ങുന്നത് മജോരിക്ക് മാത്രം കാണാനാവുന്നുണ്ട്.    
നഷ്ടബോധങ്ങളുടെ തിളക്കത്തിൽ മജോരി മാത്രമല്ല, ഞാനും നിങ്ങളുമെല്ലാം മോഹാലസ്യപ്പെട്ടു പോകും, തീർച്ച. ഇത്രയൊക്കെയായിട്ടും ഒന്നുമാവാൻ കഴിഞ്ഞില്ലല്ലോ ദൈവമേ എന്ന നെടുവീർപ്പ്, ചങ്ക് പൊട്ടിയ നിലവിളിയായി സ്വർഗ്ഗത്തിന്റെ താഴ്‌വരകളിൽ അലയടിക്കുമ്പോൾ ഒപ്പം നടന്നു തുടങ്ങിയവർ പലരും വേഗത്തിൽ വിജയങ്ങൾ താണ്ടുമ്പോൾ പാഴായിപ്പോയല്ലോ ഈ ജീവിതം എന്ന നഷ്ടബോധത്തിലേക്കും നിരാശയിലേക്കും നമ്മുടെ മധ്യവയസ് നിരങ്ങി നീങ്ങാൻ തുടങ്ങും. എപ്പോഴാണ്, എങ്ങനെയാണ് എന്റെ നായക വേഷങ്ങൾ നഷ്ടമായി തുടങ്ങിയത് എന്ന് ഇപ്പോഴും എനിക്കറിയില്ല. എനിക്കൊപ്പം വില്ലനായി തുടങ്ങി ആൾ ഇന്ന് വലിയ നടനും നായകനുമാണ് എന്ന്, പഴയകാല സിനിമാ നായകൻ ഈയിടെ ആത്മഗതം ചെയ്യുമ്പോൾ നമ്മൾ കാണുന്നത്, മധ്യവയസ്സിന്റെ പിടച്ചിൽ തന്നെയാണ്. 

രാഷ്ട്രീയ രംഗത്ത് ഏറ്റവും കൂടുതൽ, ഏത് പാർട്ടിയുമായിക്കൊള്ളട്ടെ, ഏറ്റവും കൂടുതൽ നിരാശാ ബോധം പിടികൂടുന്നതും, ഈ മധ്യവർഗ്ഗക്കാർക്കാണ്. കൂടെ ചവിട്ടി തുടങ്ങിയവർ ശരവേഗത്തിൽ പായുന്നത് തൊട്ടടുത്ത് നിന്ന് കാണുന്നവരാണ് അവർ. ഇനിയൊരു ബാല്യമോ യൗവനമോ തങ്ങൾക്ക് അവശേഷിച്ചിട്ടില്ലായെന്നു തോന്നുന്നതോടെ മധ്യവയസ്സിന്റെ മൃഗം തുടൽ പൊട്ടിക്കാൻ തുടങ്ങും. അതിന് ബിസിനസെന്നോ രാഷ്ട്രീയമെന്നോ കലാ സാംസ്‌കാരിക വേദികളെന്നോ  വ്യത്യാസമുണ്ടാകില്ല. നഷ്ടബോധങ്ങളുടെ വേലിയേറ്റത്തിൽ സ്വയം നഷ്ടപ്പെട്ടങ്ങനെ…

പോക്കുവെയിൽ പൊന്നുരുകി പുഴയിൽ വീണത്, ഒ.എൻ.വിയുടെ പേനത്തുമ്പിൽ നിന്നാണ്. ചിത്രം ചില്ല് (1982). സൂര്യൻ ഏറ്റവും മനോഹരമായി യാത്രപറയാൻ തുടങ്ങുമ്പോഴാണ് പോക്കുവെയിൽ പൊന്നായി മാറുക. അഴകിന്റെ കുടമാറ്റത്തിനു ശേഷം പക്ഷെ, സായാഹ്നമാണ്. വാർദ്ധക്യവും മരുന്നും സ്മൃതിഭ്രംശവും  മരണവും കാത്തിരിക്കുന്ന തണുപ്പിന്റെ എകാന്ത തടവുകാലം. യൗവനം ആടയാഭരണങ്ങൾ അഴിച്ചുവയ്ക്കാൻ തുടങ്ങുന്ന മധ്യവയസ്സ്, അതിനെ തടഞ്ഞു നിർത്താൻ വൃഥാ ശ്രമം നടത്തിക്കൊണ്ടേയിരിക്കും. ഉടഞ്ഞ മാംസപേശികളിൽ ചലനമുണ്ടാക്കാനും, ഉറപ്പിച്ചു നിർത്താനും ജിമ്മുകളും സലൂണുകളും  നമ്മെ പ്രലോഭിപ്പിക്കുവാൻ തുടങ്ങുന്ന സമയം. ”മസ്‌ക്കാരയും കാജലും കൊണ്ട് കണ്ണിന്റെ കീഴിലെ കറുപ്പ് മായ്ച്ചുകളയാനാകുമായിരിക്കാം… പക്ഷെ കണ്ണിലെ നൊമ്പരം മാറ്റുന്നത് എങ്ങനെ” എന്ന് ഹൈക്കു കവി സങ്കടപ്പെടുന്നത് അതുകൊണ്ടാണ്. അജ്ഞാതനായ സഹയാത്രികനെ കുറിച്ച് എഴുതുന്നത് പിന്നെയും ഒ.എൻ.വി തന്നെയാണ്. കൂടെത്തന്നെ നടക്കുന്ന ആ അജ്ഞാതനായ ഒരാൾ ആരാണ്? ആ പഴയ ഞാനോ, അതോ ആകാമായിരുന്ന  ഒരു സാധ്യതയായിരുന്ന മറ്റൊരു ഞാനോ? 

സലീം അഹമ്മദ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘കുഞ്ഞനന്തന്റെ കട’ യിലെ നായകൻ നെടുവീർപ്പെടുന്നത് പോലെ, ‘ചിലപ്പോ തോന്നും വലുതാവണ്ടെയ്‌നു… മൂപ്പരടെ കുഞ്ഞനന്തനായി ങ്ങനെ കഴിഞ്ഞാ മത്യാർന്നു. എത്ര സുന്ദരമായിരുന്നു ആ കുട്ടിക്കാലം. അച്ഛന്റെ കയ്യും പിടിച്ച് തെയ്യവും തിറയും കണ്ട്, നാലണയ്ക്ക് മുറുക്കും ഉപ്പേരിയും വാങ്ങിത്തിന്ന്, ഓര്‌ടെ  കൈത്തണ്ടയിൽ തലവച്ചുറങ്ങിയ കാലം!” മദ്ധ്യവയസ് തുറന്നു വയ്ക്കുന്നത് പോയ കാലത്തിന്റെ  ഓർമകളുടെ ജാലകക്കാഴ്ചകൾ കൂടിയാണ്. ഗൃഹാതുരത്വത്തിന്റെ നോവ് കാലം.  ജിമ്മി ജോർജ്ജിന്റെയും നാരായണൻ മാഷിന്റെയും സ്മാഷുകൾക്കും വോളികൾക്കുമിടയിൽ കടന്നുപോയ കാലം അവർ തിരിച്ചറിയുന്നില്ല. പഴയതെല്ലാം കൈമോശം വരുകയും പുതിയതൊന്നും കൈക്ക ലാവാതാവുകയും ചെയ്ത കാലത്തിൽ എങ്ങനെ മുന്നോട്ട് പോകണമെന്ന് അറിയാതെ അന്തിച്ചു നിന്ന മനുഷ്യരേ ഹോൺലാൻ സീന്‌ല്യോൻ എന്നോ മറ്റോ പേരുള്ള ഒരു കൊറിയൻ സിനിമയിൽ കണ്ടതോർക്കുന്നു. 

കഴിഞ്ഞകാലത്തിന്റെ സുഖനോവുകളിൽ നഷ്ട പ്പെട്ട് തോറ്റുപോയ ഒരുകൂട്ടം മനുഷ്യർ. ‘ഗൃഹാതുരത്വം മധുരമുള്ള വിഷമാണ്. ചാവുന്നത് നമ്മൾ അറിയുന്നേയില്ല’ എന്ന് നായക കഥാപാത്രം വിലപിക്കുന്നത് പോലെ മധ്യവയസ്സും വിലാപങ്ങളുടെ ഭൂമിയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ്. 

ടീം പ്രതിസന്ധി ഘട്ടത്തിലായിരിക്കുമ്പോൾ ആദ്യ അർദ്ധസെഞ്ച്വറി കുറിച്ചതിന്റെ ആവേശത്തിൽ തുടരെ തുടരെ റിസ്‌ക് ഷോട്ടുകൾ കളിച്ചുകൊണ്ടിരുന്ന യുവതാരത്തിന്റെ അടുത്ത് ചെന്നു ദ്രാവിഡ് ഇങ്ങനെ പറയുന്നുണ്ട്. ഒന്നുമായിട്ടില്ല, ഇനിയും ഒന്നേന്ന് തുടങ്ങൂ…അർദ്ധ സെഞ്ച്വറികൾ ഇനിയും പിറക്കട്ടെ എന്ന്. മദ്ധ്യവയസ് തിരിഞ്ഞു നടക്കുന്നതിനും കൂടിയുള്ളതാണ്. 

ജാനുരസ് ദേവനെപോലെ പോയ കാലത്തിലേക്കും വരാനുള്ള കാലത്തിലേക്കും ഒരേ സമയം നോക്കിനിൽക്കാനുള്ള കഴിവ് നൽകുന്ന നല്ല കാലം. നല്ലതൊന്നും കളഞ്ഞ് പോയിട്ടില്ലെന്നും വീണ്ടെടുക്കാനാകാത്ത വിധം ഒന്നും നഷ്ടമായില്ലെന്നും തിരിച്ചു നടക്കാനാകാത്ത വിധം പാതയേറെ നീണ്ടുപോയില്ലെന്നും തിരിച്ചറിയാൻ പറ്റട്ടെ. പങ്കാളിയിൽ പുതിയ പ്രണയവും സ്‌നേഹവും കണ്ടെത്താൻ, നിങ്ങളിൽ നിന്നകന്ന് മാറുന്ന മക്കളിൽ സ്‌നേഹംകൊണ്ട് ദൂരം കുറയ്ക്കാൻ, പഴയ ചങ്ങാതിയുടെ വാട്‌സപ് നമ്പറിൽ ‘നിനക്ക് സുഖമാണോ’ എന്നൊന്ന് ടൈപ്പ് ചെയ്യാൻ, പോക്കുവെയിൽ പൊന്നായുരുകുന്ന സായാഹ്നത്തിൽ ഒരു ചെറുയാത്ര പോകാൻ ഒക്കെ ഊർജ്ജം ബാക്കിയുള്ള സുന്ദരകാലമാണ് വരാനിരിക്കുന്നത്… ആശംസകൾ ! 

സന്തോഷ് ചുങ്കത്ത്

More like this
Related

ആഹാ…പ്രായമായോ..!

അയ്യോ കഷ്ടം.. പ്രായമായല്ലോ... ഇങ്ങനെ പറഞ്ഞിരുന്നത് മുൻപ്. ആഹാ... പ്രായമായല്ലോ എന്ന്...

LIFE IS GOOD

'ഞാൻ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. എന്താണ് നിന്റെ അഭിപ്രായം?'സുഹൃത്തിന്റെ ആ ചോദ്യത്തിന്...

സ്‌നേഹിക്കുന്നവർക്ക് നല്‌കേണ്ടത്…

എന്തു ഞാൻ പകരം നല്കും? സ്‌നേഹത്തെക്കുറിച്ചുള്ള സന്ദേഹങ്ങൾക്കിടയിൽ പലരുടെയും മനസ്സിൽ ഉയരുന്ന...

എങ്ങനെയാണ് സ്‌നേഹിക്കേണ്ടത്?

ദയ, അനുകമ്പ, സന്തോഷം,സമചിത്തത..  എങ്ങനെയാണ് സ്‌നേഹിക്കപ്പെടേണ്ടത് എന്നതിനു ള്ള ഏറ്റവും ഹ്രസ്വമായ...
error: Content is protected !!