പെട്ടെന്നൊരു സുപ്രഭാതത്തിലാണ് അ യാൾ തികഞ്ഞ മദ്യപാനിയായി മാറിയത്. അയാളെ അടുത്തറിയാവുന്ന എല്ലാവർക്കും അത്തരമൊരു പരിണാമം അവിശ്വസനീയമായിരുന്നു. കാരണം മാതൃകാപരമായ കുടുംബജീവിതം നയിച്ചിരുന്ന വ്യക്തിയായിരുന്നു അയാൾ. സ്നേഹസമ്പന്നനായ ഭർത്താവും അച്ഛനും. മൂല്യാധിഷ്ഠിതമായ ജീവിതം നയിച്ചുവന്നിരുന്ന വ്യക്തി. അയാളാണ് ഉയരങ്ങളിൽ നിന്ന് പതിച്ചവിധം നിലംപറ്റെ വീണുപോയത്. എന്താണ് അയാളുടെ ജീവിതത്തിൽ സംഭവിച്ചത്?
നാല്പതിനും അറുപതിനും മധ്യേ പ്രായമുള്ള വ്യക്തികളിൽ സംഭവിക്കാവുന്ന സ്വത്വബോധത്തിന്റെയും ആത്മവിശ്വാസത്തിന്റെയും കാര്യത്തിൽസംഭവിക്കാവുന്ന പരിണാമത്തിന്റെ ഒരു ഇരയായിരുന്നു ഈ വ്യക്തി. ഇത്തരം അവസ്ഥയെ പൊതുവെ വിശേഷിപ്പിക്കുന്നത് മിഡ്ലൈഫ് പ്രതിസന്ധിയെന്നാണ്. സ്ത്രീപുരുഷഭേദമന്യേ ബാധിക്കാവുന്ന ഒരു അവസ്ഥയാണ് ഇത്. എങ്കിലും രണ്ടു രീതിയിലായിരിക്കും സ്ത്രീപുരുഷന്മാരെ ഈ അവസ്ഥ ബാധിക്കുന്നതെന്നാണ് ചില പഠനങ്ങൾ വ്യക്തമാക്കുന്നത്. പുരുഷന്മാരിൽ മൂന്നുമുതൽ പത്തുവർഷവും സ്ത്രീകളിൽ രണ്ടുമുതൽ അഞ്ചുവർഷവും മിഡ്ലൈഫ് പ്രതിസന്ധി നീണ്ടുപോകാനുള്ള സാധ്യതയുണ്ട്. മധ്യവയസ്‌ക്കരായ പുരുഷന്മാരിൽ 80 ശതമാനവും മിഡ്ലൈഫ് പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നുണ്ട്.
ജോലിയില്ലായ്മ അല്ലെങ്കിൽ ജോലിയിൽ നേരിടേണ്ടിവരുന്ന പ്രശ്നങ്ങൾ, ദാമ്പത്യത്തിലെ അസ്വാരസ്യങ്ങൾ, വിവാഹമോചനം, കുട്ടികൾ അടുത്തില്ലാത്ത അവസ്ഥ, അല്ലെങ്കിൽ കുട്ടികൾ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ, മാതാപിതാക്കളുടെ മരണം, വാർദ്ധക്യം, സ്വന്തം ശരീരത്തിൽ വാർദ്ധക്യം മൂലം നേരിടേണ്ടിവരുന്ന മാറ്റങ്ങൾ ഇങ്ങനെ പലപല കാരണങ്ങൾ ഒരാളെ മിഡ്ലൈഫ് പ്രതിസന്ധിയിലേക്ക് കൊണ്ടുപോകുന്നുണ്ട്. ഒരുപക്ഷേ ജീവിതത്തിൽ അമിതമായ പ്രതീക്ഷകൾ ഉള്ള വ്യക്തികളായിരുന്നിരിക്കാം അവർ. ഭാവിയെക്കുറിച്ച് ഒരുപാട് സ്വപ്നങ്ങൾ കാത്തുസൂക്ഷിക്കുന്നവർ. അഭിനയിക്കാൻ ആഗ്രഹിക്കുന്നവർ, സിനിമയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർ, കരിയറിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ ആഗ്രഹമുണ്ടായിരുന്നവർ… എന്നാൽ ഇത്രയും കാലത്തെ ജീവിതത്തിനിടയിൽ അതൊന്നും സംഭവിച്ചില്ല. ഇത് ഇത്തരക്കാരെ നിരാശയ്ക്ക് അടിമകളാക്കും. താൻ വിലയില്ലാത്തവനാണെന്ന ചിന്ത മറ്റുള്ളവരെ അഭിമുഖീകരിക്കാനുള്ള വിമുഖതയ്ക്ക് വഴിയൊരുക്കുന്നു. വിജയിച്ചവരെന്ന് താൻ കരുതുന്നവർക്ക് മുമ്പിൽ നില്ക്കുമ്പോൾ വല്ലാത്ത അപകർഷത അനുഭവപ്പെടുകയും ചെയ്യുന്നു.
ഉറക്കക്കുറവ്, ആത്മഹത്യയെക്കുറിച്ചുള്ള ചിന്ത, ആത്മഹത്യ, ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരിക, ജോലിയിലുള്ള താല്പര്യം നഷ്ടമാകൽ, തലവേദന ഇങ്ങനെ പലതരത്തിലുള്ള പാർശ്വഫലങ്ങളും ഈ ഘട്ടത്തിനുണ്ട്. അതിലൊന്നാണ് മുകളിൽ പറഞ്ഞ വ്യക്തിയുടേതുപോലെയുള്ള മദ്യപാനം.
മിഡ്ലൈഫ് പ്രതിസന്ധി പ്രധാനമായും ആറ് ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഒന്നാമ ത്തേത് അത് നിരസിക്കലാണ്. തനിക്ക് പ്രായമായെന്ന യാഥാർത്ഥ്യത്തെ അവർ നിഷേധിക്കുന്നു. പ്രായത്തെ മറച്ചുവയ്ക്കാനുള്ള കഠിന ശ്രമങ്ങളിലേർപ്പെടുന്നത് ഇതിന്റെ തുടർച്ചയാണ്.
കഠിനമായ കോപമാണ് മറ്റൊരു ഘട്ടം. മറ്റുള്ളവരോട് അകാരണമായിപോലുംകോപിക്കുന്നു. കുടുംബാംഗങ്ങളും സഹപ്രവർത്തകരും എല്ലാം ഇതിന്റെ ഇരകളായി മാറുന്നു. തങ്ങളെതന്നെ പുനഃനിർമ്മിക്കാനുള്ള ശ്രമങ്ങളിലേർപ്പെടുകയും എന്നാൽ അത് പരാജയപ്പെടുന്നതോടെ വിഷാദത്തിലേക്ക് വഴിതിരിയുകയുമാണ് മൂന്നും നാലും ഘട്ടങ്ങൾ. വിഷാദത്തെ തുടർന്നാണ് ആത്മഹത്യകൾ സംഭവിക്കുന്നത്. മറ്റേതൊരു പ്രായക്കാരെക്കാളും ആത്മഹത്യാനിരക്ക് കൂടുതലുള്ളത് മിഡിൽ ലൈഫ് പ്രതിസന്ധിയിലൂടെ കടന്നുപോകുന്നവരുടേതാണ്. വിഷാദത്തെ തുടർന്ന് പിൻവലിയാനുള്ള പ്രവണത ശക്തമാകും. മറ്റുള്ളവരിൽ നിന്നെല്ലാം ഒറ്റപ്പെട്ടുനില്ക്കാനുള്ള തോന്നലാണ് ഇവിടെയുള്ളത്. അവസാനഘട്ടം പൊരുത്തപ്പെടലിന്റേതാണ്. അതായത് സ്വീകാര്യതയുടേത്. തനിക്ക് പ്രായമായെന്ന വസ്തുത അയാൾ അംഗീകരിക്കുകയും ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ തയ്യാറാവുകയും ചെയ്യുന്നു. പക്ഷേ ഇത്തരമൊരു ഘട്ടത്തിലെത്തിച്ചേരണമെങ്കിൽ കഠിനമായ മറ്റ് പലഘട്ടങ്ങളിലൂടെയും കടന്നുപോകേണ്ടിവരുന്നുഎന്നതാണ് ഇതിനെ ദുസ്സഹമാക്കുന്നത്.
വാർദ്ധക്യത്തിന് നല്കിവരുന്ന പ്രാധാന്യവും അതേക്കുറിച്ചുള്ള അവബോധത്തിന് നല്കിവരുന്ന സ്ഥാനവും പലപ്പോഴും മിഡ് ലൈഫ് പ്രതിസന്ധിക്ക് ലഭിക്കുന്നില്ല. അറിവില്ലായ്മ കൊണ്ടാണോ എന്നറിയില്ല ഈ പ്രതിസന്ധിയെ പലരും അവഗണിക്കുന്നു. എന്നാൽ ഇതിലൂടെ കടന്നുപോകുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ഈ കാലഘട്ടത്തെ അതിജീവിക്കുക എന്നത് നിസ്സാരമായ കാര്യവുമല്ല. പരിചയത്തിൽ, കുടുംബത്തിൽ മേൽപ്പറഞ്ഞ പ്രായത്തിലുള്ള ഒരാളുണ്ടെങ്കിൽ, അയാളിൽ മൂഡ് വ്യതിയാനങ്ങൾ പ്രകടമായിട്ടുണ്ടെങ്കിൽ അത് ഒരുപക്ഷേ മിഡിൽ ലൈഫ് പ്രതിസന്ധിയാണെന്നെങ്കിലും തിരിച്ചറിയുക. അയാൾക്ക് അർഹിക്കുന്ന വിധത്തിലുള്ള പരിഗണനയും സ്നേഹവും നല്കുക. സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധ്യമായ മാർഗ്ഗങ്ങൾ അന്വേഷിക്കുക.
പ്രഫഷനൽ സഹായം ആവശ്യം വേണ്ടിടത്ത് അത് നല്കുക. ഡോക്ടറെ കാണുക. തെറാപ്പിയും നല്ലതാണ്. താൻ കടന്നുപോകുന്ന അവസ്ഥയെക്കുറിച്ച്, അനുഭവിക്കുന്ന വികാരങ്ങളെക്കുറിച്ച് മറയില്ലാതെ സംസാരിക്കാൻ ഇത് അവസരമൊരുക്കും. ദമ്പതികളിൽ ഒരാളാണ് മിഡിൽ ലൈഫ് പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതെങ്കിൽ രണ്ടാളും കൗൺസിലിംങിന് വിധേയമാകുക. ഈ അവസ്ഥയിലൂടെ കടന്നുപോകുന്ന പങ്കാളിയെ തിരികെയെടുക്കുന്നതിന് ആവശ്യമായ പല ടിപ്പ്സുകളും ഇതിലൂടെ ലഭിക്കും.
അതുപോലെ മിഡ്‌ലൈഫിനെ ഒരിക്കലും നിഷേധാത്മകമായി കാണാതിരിക്കുക. ജീവിതത്തിന്റെ ടേണിംങ് പോയ്ന്റാണ് അതെന്ന് മനസ്സിലാക്കുക. തന്നിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ വ്യക്തികളും അതിന്റേതായ അർത്ഥത്തിൽ മനസ്സിലാക്കുക. ഇതൊരു പരിവർത്തനഘട്ടമാണെന്ന് തിരിച്ചറിയുക. വളർച്ചയുടെ സമയമാണെന്ന് മനസ്സിലാക്കി പ്രയോജനപ്രദമായ രീതിയിൽ ദിവസത്തെയും ജീവിതത്തെയും ഫലപ്രദമായി വിനിയോഗിക്കുക.
സ്വയം ഒതുങ്ങിക്കൂടാതെ സാമൂഹികജീവിതം നയിക്കുക. ബന്ധങ്ങൾ നിലനിർത്തുകയും പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കുകയും ചെയ്യുക. ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെ അംഗീകരിച്ചുകൊണ്ടുതന്നെ പരിഹരിക്കാവുന്ന മേഖലകളെ പരിഹരിക്കുക. സ്ഥിരമായി വ്യായാമംചെയ്യുകയും പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുകയും ചെയ്യുക. പുതിയ കാര്യങ്ങൾ പഠിക്കാനും ക്രിയാത്മകമായ കാര്യങ്ങളിൽഏർപ്പെടാനും സമയം കണ്ടെത്തുക.
അതുപോലെതന്നെ സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്നവരുമായി ബന്ധപ്പെടാനും ഒരുമിച്ചൊരു തിരിച്ചുവരവിനും ശ്രമിക്കുക. ജീവിതകാലം മുഴുവൻ നീണ്ടുനില്ക്കുന്ന അവസ്ഥയല്ല ഇതെന്നും മനസ്സിലാക്കുക. ജീവിതത്തിന്റെ ഒരു ഘട്ടം മാത്രം.
അതുകൊണ്ട് മിഡ്ലൈഫിൽ തട്ടിത്തടഞ്ഞ് നില്ക്കാതിരിക്കുക. ഇനിയും നിങ്ങൾക്ക് സഞ്ചരിക്കാൻ അനേകം കാതങ്ങളുണ്ട്. കാണുവാൻ കാഴ്ചകളുണ്ട്. കീഴടക്കുവാൻ കൊടുമുടികളുണ്ട് പുതിയ ലക്ഷ്യങ്ങളുണ്ടാകട്ടെ; സ്വപ്നങ്ങളും.