ജർമ്മൻ തത്വചിന്തകനായ ഫ്രാൻസ് കാഫ്കയുടെ പ്രസിദ്ധമായ ചെറുകഥയാണ് ‘മെറ്റ
ഫോർസിസ്’. ഗ്രിഗർ സാംസ എന്നു പേരായ മധ്യവയസ്‌ക്കൻ ഒരു സെയിൽസ് മാൻ ആണ്. കുടുംബം പുലർത്താനായി അദ്ദേഹം വളരെ അധ്വാനിക്കുന്നു.
കുടുംബത്തിലെ ഏക വരുമാനമാർഗവും അദ്ദേഹ മാണ്. ഒരു ദിവസം സുപ്രഭാതത്തിൽ അയാൾ വലിയ പാറ്റയായി രൂപാന്തരപ്പെടുന്നു അന്നു മുതൽ ആ കുടുംബത്തിലുള്ള മറ്റുള്ളവർക്ക്; അമ്മയ്ക്കും അപ്പനും പോലും അയാൾ ശല്യമായി മാറുന്നു. അല്പം സഹതാപം കാണിക്കുന്നത് സഹോദരി ഗ്രീറ്റ മാത്രമാണ്. എന്നാൽ പിന്നീട് അവൾക്കും അയാൾ ഒരു ദുരിതമായി മാറി. അയാളുടെ കാര്യങ്ങൾ നോക്കാൻ അവർ ഒരു വേലക്കാരിയെ ഏർപ്പാടാക്കുന്നുണ്ടെങ്കിലും അതും വേണ്ടവിധം വിജയിക്കുന്നില്ല. തന്റെ സാന്നിധ്യംപോലും ആ വീടിനും വീട്ടുകാർക്കും ശല്യമാണ് എന്ന് തിരിച്ചറിഞ്ഞ അയാൾ മരണത്തിന് കീഴടങ്ങുന്നു. ആ മരണത്തോടെ അവർ പൂർണമായി അയാളെ മറന്നുകളയുന്നു. സ്വത്വബോധം നഷ്ടപ്പെട്ട് മുറിക്കുള്ളിൽ ഒതുങ്ങേണ്ടി വന്ന ഒരു മധ്യവയസ്‌കന്റെ ദാരുണമായ അന്ത്യമാണ് തന്റെ ചെറുകഥയിലൂടെ കാഫ്ക വിവരിക്കുന്നത്.
ബാല്യത്തിന്റെ നിഷ്‌കളങ്കതയും കൗമാരത്തിന്റെ ജിജ്ഞാസയും യൗവനത്തിന്റെ ഊർജസ്വലതയും പിന്നിട്ടു കഴിഞ്ഞാൽ പിന്നെ ഒരാൾ തന്റെ ജീവിതത്തിന്റെ ഉത്തരവാദിത്തപൂർണമായ മധ്യാഹ്നത്തിൽ എത്തുകയായി. ജീവിതത്തെ കുറെക്കൂടി ഗൗരവമായി കാണുവാനായി ഈ കാലഘട്ടം ഒരാളെ പ്രേരിപ്പിക്കുന്നു. സാധാരണ പറയും, 30 വയസ്സ് വരെ ഒരാളുടെ ജീവിതത്തിൽ ഉണ്ടായിരുന്നതെല്ലാം താത്ക്കാലികമായിരുന്നു: ഭവനം, സൗഹൃദം, ജോലി, പ്രണയം അങ്ങനെയല്ലാം. പിന്നീട് കുറെക്കൂടി സ്ഥിരമായിട്ടുള്ള ഒരു ജീവിത സാഹചര്യത്തിലേക്ക് ഒരാൾ തന്റെ ജീവിതത്തിന്റെ മധ്യവയസിൽ പ്രവേശിക്കുന്നു. കഴിഞ്ഞ കാലത്തെ വ്യത്യസ്തമായ തന്റെ അനുഭവങ്ങളിലൂടെ കുറെ കൂടി പക്വമായും യാഥാർത്ഥ്യബോധത്തോടു കൂടിയും ജീവിതത്തെ നേരിടാനുള്ള ആർജവം ഈ കാലഘട്ടത്തിൽ ഒരാൾ നേടിയെടുക്കുന്നു.
ഒരു വ്യക്തി തന്റെ ജോലിയുടെ അല്ലെങ്കിൽ കരിയറിന്റെ ഏറ്റവും ഉന്നതമായ സ്ഥാനത്തു എത്തപ്പെടാൻ സാധ്യതയുള്ള സമയമാണ് ഈ കാലം. ആയതിനാൽ സ്വന്തമായ ഒരു വ്യക്തിമുദ്ര തന്റെ പ്രവർത്തനമേഖലയിൽ പതിപ്പിക്കാനും ഒരാൾക്ക് സാധിക്കും.
രാജീവ് ഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രി ആയപ്പോൾ അദ്ദേഹത്തിന് വയസ്സ് 42 ആണ്. അദ്ദേഹത്തിന്റെ അമ്മ ഇന്ദിര ഗാന്ധി പ്രധാനമന്ത്രി ആയതും ഏതാണ്ട് നാല്പതുകളുടെ അവസാനത്തിൽ ആണ്. തന്റെ ഏറ്റവും പ്രധാനപ്പെട്ട കലാസൃഷ്ടിയായ ‘മാക് ബത്ത്’ എന്ന നാടകം ഷേക്‌സ്പിയർ പൂർത്തിയാക്കിയത് അദ്ദേഹം നാല്പതുകൾ പിന്നിടുമ്പോൾ ആണ്. തന്റെ ‘മാസ്റ്റർപീസ്’ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ‘ലാസ്റ്റ് സപ്പർ’ ഡാവിഞ്ചി പൂർത്തിയാക്കുന്നത് 45-ാം വയസിൽ ആണ്. വത്തിക്കാനിലെ സിസ്റ്റയിൻ ചാപ്പലിലെ മനോഹരമായ പെയിന്റിംഗ് മൈക്കിൾ ആഞ്ചലോ തീർത്തത് അമ്പതുകളിലാണ്. തന്റെ ഏറ്റവും മനോഹരമായ ‘സിംഫണി’ രചിക്കുമ്പോൾ ബീഥോവന് പ്രായം ഏകദേശം 50 പിന്നിട്ടിരുന്നു. നിരവധി ഓസ്‌കാർ പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ ഹോളി വുഡ് ചലച്ചിത്രം ‘ടൈറ്റാനിക്’ സംവിധാനം ചെയ്തത് തന്റെ നാല്പതുകളുടെ പകുതിയിലെത്തിയ ജെയിംസ് കാമറൂൺ ആണ്. ബോളിവുഡിലെ നടിമാരിൽ ഇപ്പോഴും മുൻ നിരയിൽ നിൽക്കുന്ന ത് ഏതാണ്ട് ഇതേ പ്രായത്തിൽ എത്തിയ ഐശ്വര്യ റായ് തന്നെ.
ചൂണ്ടിക്കാണിക്കാൻ നിരവധി ഉദാഹരണങ്ങൾ വേറെയും ഉണ്ട്. എന്നുവെച്ചാൽ രാഷ്ട്രീയപരവും സാഹിത്യപരവും സാമൂഹികപരവും കലാപരവുമായി ഒരാൾക്ക് തന്റെ കഴിവുകൾ അതിന്റെ പൂർണ്ണതയിൽ പുറത്തടുക്കാൻ കഴിയുന്നത് ഈ പ്രായത്തിലാണ് എന്നു ചുരുക്കം. അതേസമയം ചിലരെങ്കിലും ഒരല്പം നഷ്ടബോധത്തോടെയും നിരാശയോടെയും കഴിഞ്ഞുപോയ കാലത്തെക്കുറിച്ചുള്ള ഓർമ്മയിലും ചുറ്റപ്പെട്ട് ഈ കാലഘട്ടം ചെലവഴിക്കുന്നു. താൻ ആഗ്രഹിച്ചപോലെ ആകാൻ സാധിച്ചില്ലല്ലോ എന്നുള്ള സങ്കടവും തന്റെ ആരോഗ്യത്തെയും സാമ്പത്തിക സ്ഥിതിയെയും കുറിച്ചുള്ള ഉത്കണ്ഠയും ചിലരെ ഈ നാളുകളിൽ വേട്ടയാടുന്നു. തനിക്ക് നേടിയെടുക്കാൻ കഴിയാതിരുന്ന നേട്ടങ്ങളെക്കുറിച്ച് പരിതപിച്ചും നഷ്ടപ്പെടുത്തിക്കളഞ്ഞ അവസരങ്ങളെക്കുറിച്ച് പരാതി പറഞ്ഞും ജീവിതം തള്ളിനീക്കുന്നു. മറ്റ് ചിലരെ കുടുംബത്തിലും സമൂഹത്തിലും തങ്ങൾ അന്യരായി മാറി എന്നൊരു തോന്നൽ ഈ കാലഘട്ടത്തിൽ വലിഞ്ഞു മുറുക്കുന്നു. പ്രതേ്യകിച്ച് സ്ത്രീകളുടെ കാര്യത്തിൽ.
മാധവിക്കുട്ടിയുടെ ‘കോലാട്’ എന്ന കഥ തന്നെ ഉദാഹരണം. മധ്യവയസിൽ എത്തിയ ആ സ്ത്രീ സ്വന്തം കുടുംബത്തിൽ പോലും വല്ലാതെ ഒറ്റപ്പെട്ടു പോകുന്നു. മകൻ സ്‌കൂളിലേക്ക് പ്രോഗ്രസ് കാർഡ് ഒപ്പിടാൻ വരണ്ടാ എന്ന് പറയുമ്പോൾ ആ മാതൃ ഹൃദയം വല്ലാതെ വേദനിക്കുന്നുണ്ട്. സ്വന്തം കുടും ബത്തിൽ നിന്നു പോലും ഒരാൾ അനുഭവിക്കുന്ന അവഗണന പലപ്പോഴും അതിനപ്പുറമുള്ള ചില വ്യക്തിബന്ധങ്ങളിലേക്ക് മനുഷ്യനെ വലിച്ചിഴക്കുന്നു എന്നതാണ് വാസ്തവം. സ്‌നേഹം നിഷേധിക്കപ്പെടുന്നു എന്ന ചിന്ത ഒരാളെ വിവാഹ മോചനത്തിലേക്കും അല്ലെങ്കിൽ ആത്മഹത്യയിലേക്കും അല്പം ചിലരെ എഴുത്തിലേക്കും തള്ളി വിടുന്നു എന്ന് ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്റീന്റെ ഒരു നിരീക്ഷണമുണ്ട്. എന്നാൽ അത്തരമൊരു മാനസിക അവസ്ഥയിൽ നിന്നും ആ പ്രായത്തിൽ എത്തിയ ഒരാൾ പുറത്തുകടന്നേ പറ്റൂ.
മലയാളികൾ ഒരിക്കലും മറക്കാൻ ഇടയില്ലാത്ത ഒരു ചിത്രമാണ് റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ഹൗ ഓൾഡ് ആർ യൂ?’ കുടുംബത്തിന്റെ പ്രാരാബ്ധങ്ങൾക്കിടയിൽപ്പെട്ട് സ്വന്തം ഇഷ്ടങ്ങളെ ബലി കഴിക്കേണ്ടി വരുന്ന നിരുപമ രാജീവ് എന്ന കഥാപാത്രത്തെ മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യർ ഭംഗിയായി അവതരിപ്പിക്കുന്നുണ്ട്. കഥക്കൊടുവിൽ അവൾ തന്റെ കഴിവുകളെയും സാധ്യതയേയും തിരിച്ചറിയുകയും ഈ ലോകത്ത് തനിക്കു ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ ഉണ്ട് എന്നു മനസ്സിലാക്കുകയും ചെയ്യുന്നു. ഒരു സ്ത്രീ യുടെ പ്രവർത്തന കാലത്തിനു പ്രായത്തിന്റെ അതിർ വരമ്പുകൾ ഇല്ല എന്നു തിരിച്ചറിഞ്ഞ് വയസ് എന്നത് വെറും ‘നമ്പർ’ മാത്രമാണ് എന്നു പറയുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്.
പറഞ്ഞുതുടങ്ങിയത് കാഫ്കയുടെ ഗ്രിഗറി സംസായെ കുറിച്ചാണ്. സ്വന്തം കഴിവുകളെ തിരിച്ചറിയാതെ ഒരു മുറിക്കുള്ളിൽ ഒതുങ്ങി കൂടുന്ന ഒരു ഗ്രിഗറി നമ്മുടെ ഉള്ളിലും വളരുന്നുണ്ട്. പുറമെയുള്ള പ്രതിസന്ധികളെ എത്രതന്നെ തരണം ചെയ്താലും മധ്യവയസിലെത്തിയ ഒരാൾ ആദ്യം മറികടക്കേണ്ടതു ‘അവനവൻ കടമ്പയാണ്’. കാലപ്പഴക്കം കൊണ്ട് ചില ദുശ്ശീലങ്ങളും രീതികളും നമ്മിൽ വേരുപിടിച്ചു പോയിരിക്കും. അതിൽ നിന്ന് പുറത്തുവരുക എന്നത് വളരെ വിഷമം പിടിച്ച ഒരു പണിയാണ്.
ഉള്ളിലെ ഭീതിയുടെ ആ സ്വത്വത്തെ മറികടന്നു കുറെക്കൂടി സ്വതന്ത്രമായും ക്രിയാത്മകമായും പ്രവർത്തിക്കാൻ ആരംഭിക്കുക എന്നത് ഈ പ്രായത്തിന്റെ ആവശ്യകതയാണ്. ഓർക്കുക, ആവേശോ ജ്ജ്വലമായ ഒരു മധ്യാഹ്നമാണ് സമാധാന പൂർണമായ വാർധക്യത്തിന്റെ വാതിൽ.