പ്രഭാതം,മധ്യാഹ്നം,സായാഹ്നം… ഒരുദിവസത്തിന്റെ മൂന്നു ഭാവങ്ങളാണ് ഇത്. മൂന്നും കൂടിച്ചേരുമ്പോഴാണ് ദിവസം പൂർണ്ണമാകുന്നത്. പ്രഭാതത്തിന് മധ്യാഹ്നമാവാതെ വഴിയില്ല. മധ്യാഹ്നമാവട്ടെ സായാഹ്നത്തിൽ എത്തിച്ചേരാതിരിക്കുന്നുമില്ല. സായാഹ്നമായെങ്കിലേ വീണ്ടും പ്രഭാതമുണ്ടാവുകയുള്ളൂ. ഇത് ആവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ക്രമമാണ്. ജീവിതവും ഇങ്ങനെതന്നെയല്ലേ? ബാല്യത്തിന്റെ നിഷ്‌ക്കളങ്കതയും കൗമാരത്തിന്റെ ചുറുചുറുക്കും യൗവനത്തിന്റെ തീക്ഷണതയുമുള്ള പ്രഭാതം. ഇവയ്ക്കെല്ലാം മങ്ങലേറ്റുതുടങ്ങുന്ന മധ്യാഹ്നം. ഒടുവിൽ സൗമ്യദീപ്തമായ സായാഹ്നം.
പക്ഷേ വീണ്ടുമൊരു പ്രഭാതത്തെ വരവേല്ക്കാൻ ജീവിതസായാഹ്നത്തിന് കഴിവില്ലെന്ന വ്യത്യാസംകൂടിയുണ്ട്. പ്രഭാതം ഉള്ളതുകൊണ്ടാണ് മധ്യാഹ്നമുണ്ടായത്. എല്ലാം ഒന്നിന് ഒന്നോട് ബന്ധ പ്പെട്ടാണിരിക്കുന്നത്. അംഗീകരിച്ചേ മതിയാകൂ, സ്വഭാവികമായ ഈ മാറ്റത്തെ. കീഴടങ്ങിയേ തീരൂ ഈ ചാക്രികഗതിയുടെ മുമ്പിൽ.
ജീവിതത്തിന്റെ നട്ടുച്ചയാണ് മധ്യവയസ്. തളർന്നുപോകാനും വെയിലേറ്റ് വാടാനും സാധ്യതകൾ ഏറെയുണ്ട്. കാരണം പല സ്വപ്നങ്ങളും ഇതിനകം സാധ്യമാകാതെ പോയിട്ടുണ്ടാവാം. മഷി പരക്കുന്നതുപോലെ മനസ്സിൽ നിരാശ പടർന്നുപിടിച്ചിട്ടുമുണ്ടാവാം. അവയ്ക്ക് മുമ്പിൽ തളർന്നുപോകാതിരിക്കുക എന്നതാണ് വെല്ലുവിളി. അവനവനോടു തന്നെ പോരാടുക. ഉള്ളിൽ മങ്ങിത്തുടങ്ങിയ സ്വപ്നങ്ങൾക്ക് ചായം പൂശുക. ഉറങ്ങിപ്പോയ പ്രതീക്ഷകളെ വിളിച്ചുണർത്തുക. നീ വാടിപ്പോയാൽ നിനക്ക് മാത്രമേ നഷ്ടമുള്ളൂ. നീ എക്സിറ്റ് ചെയ്താൽ ഇല്ലാതായി പോകുന്നത് നിന്റെ സ്വപ്നങ്ങളാണ്.
വെയിലിനെ നേരിടാനുള്ള ഏറ്റവും ഫലപ്രദ മായ മാർഗ്ഗം കുടയാണ്. നീ നിനക്ക് തന്നെ കുടയാ
വുക. മറ്റൊരാളും കുടയുമായി നിന്റെ തലയ്ക്ക് മീ തെ നില്ക്കില്ല. വാടാതെ നിലനില്ക്കുക എന്നത് നിന്റെ ഉത്തരവാദിത്തവും അവകാശവുമാണ്.
ജീവിതത്തിന്റെ നട്ടുച്ചയിലൂടെ കടന്നുപോകുന്നവർക്ക് സ്നേഹസൗഹൃദങ്ങൾ… ക്രിയാത്മകമായി കടന്നുപോയവർക്ക് ആദരം…
വരാനുള്ളവർക്ക് ചില ഓർമ്മപ്പെടുത്തലുകൾ…
വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്