സ്ഫടികം ഒരു പുന:വായന

Date:

spot_img

പാളിപ്പോയ പേരന്റിംങിനെക്കുറിച്ച് പറയു ന്ന, ചർച്ചകളിലൊക്കെ ആവർത്തിച്ച് ഉദാഹരിക്കുന്ന ഒരു സിനിമയാണ് സ്ഫടികം. ഭൂലോകത്തിന്റെ സ്പന്ദനം കണക്കിലാണെന്ന് വിശ്വസിക്കുന്ന അപ്പൻ, ശാസ്ത്രീയമായ നേട്ടങ്ങളിൽ മനസ്സ് പതിപ്പിച്ചിരിക്കുന്ന മകൻ. ഇരുധ്രുവങ്ങളിൽ  സഞ്ചരിക്കുന്ന രണ്ടുപേർ.

ഇത്തരത്തിൽ സ്ഫടികം മുന്നോട്ടുവയ്ക്കുന്ന ആശയത്തിന് എക്കാലവും പ്രസക്തിയുള്ളപ്പോഴും ആധുനികസാങ്കേതികവിദ്യകളോടെ പുതിയ തലമുറയ്ക്ക മുമ്പിൽ പ്രസ്തുത ചിത്രം അവതരിപ്പിക്കപ്പെട്ട ഈ സാഹചര്യത്തിൽ രണ്ടാംവട്ട ചിന്തയിൽ വളരെ ഉപരിപ്ലവവും ഊതിവീർപ്പിക്കപ്പെട്ടതുമായ സിനിമയായിട്ടാണ് സ്ഫടികം അനുഭവപ്പെടുന്നത്. പ്രധാനമായും സ്ഫടികം പുറത്തിറങ്ങിയ 1995 ൽ നിന്ന് 2023 ൽ എത്തിനില്ക്കുമ്പോൾ മലയാള സിനിമ ഒരുപാട് മാറിക്കഴിഞ്ഞിരിക്കുന്നു എന്നതുതന്നെ.

അന്നത്തെ മേയ്ക്കിങ് ഇല്ല ഇന്ന്. ഇന്ന് നടീനടന്മാർ അഭിനയിക്കുകയല്ല ബിഹേവ് ചെയ്യുകയാണ്. സ്വഭാവികമായ രീതിയിലേക്ക് സിനിമ മാറ്റപ്പെട്ടുകഴിഞ്ഞു. അതിവൈകാരികതയിൽ നിന്നും നാടകീയതയിൽ നിന്നും സിനിമ മോചിപ്പിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. കൃത്യമായ ക്ലൈമാക്സോ അസാധാരണമായ സംഭവവികാസങ്ങളോ പോലും സിനിമയ്ക്ക് ആവശ്യമില്ല എന്ന മട്ടിലായിക്കഴിഞ്ഞിരിക്കുന്നു.

ഇത്തരമൊരു പശ്ചാത്തലത്തിലാണ് പുതിയകുപ്പിയിൽ പഴയവീഞ്ഞ് എന്ന മട്ടിൽ സ്ഫടികം എത്തിയിരിക്കുന്നത്. മകന്റെ സ്വ്പനങ്ങളെ തച്ചുടച്ച അപ്പന്റെ മാത്രം കഥയായിട്ടല്ല സ്ഫടികം വിലയിരുത്തപ്പെടേണ്ടത്. അപ്പന്റെ സ്വപ്നങ്ങളെ ചവുട്ടിയരച്ച മകന്റെ ധാർഷ്ട്യത്തിന്റെ കഥ കൂടിയായി സ്ഫടികം കാണണം. അല്ലെങ്കിൽ  പറയൂ, മക്കളെ  ശാസിക്കാ ത്ത, ശിക്ഷിക്കാത്ത എത്ര മാതാപിതാക്കളുണ്ട് ഇവിടെ? തങ്ങളെക്കുറിച്ച് തങ്ങളുടെ മാതാപിതാക്കൾക്കില്ലാത്ത സ്വപ്നങ്ങൾ തങ്ങളുടെ മക്കളെക്കുറിച്ചു സൂക്ഷിക്കുന്നവരല്ലേ പുതിയ കാലത്തെ മാതാപിതാക്കൾ? തങ്ങൾ നേടാത്തതും അനുഭവിക്കാത്തതും ആകാത്തതും മക്കൾ നേടിയെടുക്കണം. അതിനാണ് വേണ്ടതിലുമധികം ഇന്നത്തെ മാതാപിതാക്കൾ കഷ്ടപ്പെടുന്നത്. ആ കഷ്ടപ്പാടിന് മുമ്പിൽ അവർ പൊട്ടിത്തെറിച്ചെന്നിരിക്കും, കണക്കുപറഞ്ഞെന്നുമിരിക്കും. ശിക്ഷിച്ചുവെന്നുമിരിക്കും.പക്ഷേ അവരൊരിക്കലും മോശം അപ്പന്മാരാകുന്നില്ല.

ചാക്കോ മാഷ് സ്നേഹമില്ലാത്ത അപ്പനാണെന്ന് ആർക്ക് പറയാൻ കഴിയും? അയാളെ പ്രതിക്കൂട്ടിലാക്കിക്കൊണ്ടുള്ള തോമാ അപദാനങ്ങളേ നാം കേട്ടിട്ടുള്ളൂ. പക്ഷേ ചാക്കോ മാഷ് ഇന്നത്തെയും എന്നത്തെയും പിതാക്കന്മാരുടെ പ്രതിനിധിയാണ്.  തോമാമാർ അധികം ഉണ്ടാവില്ല.പക്ഷേ ചാക്കോമാർ യഥേഷ്ടം ഉണ്ടാവും.  ചാക്കോമാരെ കുറ്റവിമുക്തരാക്കിയും അവരെ അവരുടേതായ രീതിയിൽ മനസ്സിലാക്കിയും വേണം സ്ഫടികത്തെ കാണേണ്ടത്. അതിന് നായകതാരപരിവേഷചിന്തകൾ അഴിച്ചുവയ്ക്കുകയും വേണം.

സംവിധായകൻ ഭദ്രന്റെ പ്രത്യേക നിർദ്ദേശപ്രകാരം തിരുത്തിയും മാറ്റി എഴുതിയും രചിച്ചവയായിരുന്നു സംഭാഷണങ്ങളെന്നാണ് രാജേന്ദ്രബാബു അഭിമുഖത്തിൽ പറഞ്ഞത്. തീർച്ചയായും അന്നത്തെ കാലത്ത് ആ സംഭാഷണങ്ങൾ മികച്ചവ തന്നെയായിരുന്നു. പക്ഷേ  ഒരു സംശയം. മാറിയകാലത്ത്  തികച്ചും നാടക പശ്ചാത്തലത്തിലുള്ള സംഭാഷണങ്ങളല്ലേ അത്. സിനിമയുടെ ഭാഷയും നാടകത്തിന്റെ ഭാഷയും രണ്ടും രണ്ടാണല്ലോ. ഒരു സാധാരണ കുടുംബത്തിൽ സാധാരണക്കാരായ ആളുകൾ നിത്യജീവിതത്തിൽ അവർ നേരിടുന്ന ഏതു സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോഴും ഇങ്ങനെയൊക്കെ സംസാരിക്കുമോ? ക്ലാസിക് സിനിമകൾ ഏതുകാലത്ത് ആസ്വദിക്കപ്പെടുമ്പോഴും അവ പഴഞ്ചനായി അനുഭവപ്പെടുന്നില്ല. ക്ലാസിക് എന്ന് ആഘോഷിക്കപ്പെടുന്ന സിനിമകൾ അതതുകാലത്തിനപ്പുറം ക്ലാസിക് ആയി മാറുന്നുമില്ല.

28 വർഷങ്ങൾക്ക് ശേഷം കേൾക്കുമ്പോൾ വല്ലാത്ത കല്ലുകടി തോന്നിക്കുന്നവയാണ് ഇതിലെ സംഭാഷണങ്ങളേറെയും. ഒരു മൂളൽ കൊണ്ടും നോട്ടം കൊണ്ടും തീരെ ചെറിയ വാക്കുകൊണ്ടും മനസ്സിന്റെ സംഘർഷങ്ങളും സംഘട്ടനങ്ങളും വിയോജിപ്പുകളും വേദനകളും രേഖപ്പെടുത്തുന്ന രീതിയിലുള്ള കഥാപാത്ര വിന്യാസത്തിന്റെ കാലമാണ് ഇത്. അവിടെയാണ് പെരുന്നാൾപ്പറമ്പുകളിൽ അരങ്ങേറുന്ന നാടകത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിലുളള തീപാറും ഡയലോഗുകൾ നിറയുന്ന സിനിമയെ  ആഘോഷമാക്കാൻ ശ്രമിക്കുന്നത്.  ആശയം നല്ലതാകുമ്പോഴും അവതരണവും കാലാതിവർത്തിയാകണം.

സ്ഫടികം പുതിയ പതിപ്പിനൊപ്പം ഇറങ്ങിയ സിനിമയാണ് ജോജു ജോർജിന്റെ ഇരട്ട. കൃത്യമായി പറഞ്ഞാൽ തെറ്റിപ്പോയ പേരന്റിങിന്റെ, തെറ്റായ പിതൃബിംബത്തിന്റെ ഇരകളായി മാറിയ രണ്ടുകുട്ടികളുടെ കഥയാണ് അത്. ചാക്കോ മാഷിന്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടോടി ഗുണ്ടയായിട്ടാണ് തോമസ് ചാക്കോ തിരിച്ചുവന്നതെങ്കിൽ  അത്തരമൊരു പരിണാമത്തിന് ചാക്കോ മാഷാണ് കാരണമെന്ന് വിധിയെഴുതുമ്പോൾ അതിലും എത്രയോ ക്രൂരമായ ജീവിതാവസ്ഥകളിലൂടെ കടന്നുപോയിട്ടും ഇരട്ടകളിലെ വിനോദും പ്രമോദുമെന്തേ പരസ്യമായ ഗുണ്ടകളായിമാറിയില്ല? പകരം ഇരുവരും പോലീസുദ്യോഗസ്ഥരായിത്തീരുകയാണ്  ചെയ്തത്. കറയറ്റ, നീതിനിഷ്ഠരായ ഉദ്യോഗസ്ഥരൊന്നുമല്ല അവരെന്നത് ശരി. മാത്രവുമല്ല ഒരുപാട് വൈകല്യങ്ങളും കുറവുകളും പ്രശ്നങ്ങളും അവർക്കുണ്ട്താനും. എന്നിട്ടും സമൂഹത്തിന്റെ നിയമവ്യവസ്ഥയുടെ ഭാഗമായിട്ടാണ് അവർ മാറിയത്. 
അങ്ങനെ വരുമ്പോൾ ഏതെങ്കിലും  വ്യക്തി കാര ണമല്ല നമ്മൾ തന്നെ തിരഞ്ഞെടുക്കുന്ന ചില തിരഞ്ഞെടുപ്പുകളും നമ്മുടെ വ്യക്തിത്വത്തിന്റെ അഭിരുചികളുമാണ് നമ്മുടെ ജീവിതത്തിന്റെ തീരുമാനം നിശ്ചയിക്കുന്നതെന്ന് പറയേണ്ടിവരും.  മാതാപിതാക്കളിൽ പലരും ചാക്കോ മാഷിന്റെ സ്വഭാവപ്രത്യേകതകളുടെ കൂടുതൽ കുറവ് അംശങ്ങളുള്ളവരാണ്. മക്കളെ അവർ മനസ്സിലാക്കണമെന്നില്ല. അതുപോലെ മക്കൾക്ക് മാതാപിതാക്കളെയും മനസ്സിലാകാറില്ല. പ്രപഞ്ചാരംഭം മുതൽ അത് അങ്ങനെ തന്നെയായിരുന്നു.

എത്രയധികം നല്ലതുപോലെ വളർത്തപ്പെട്ടിട്ടും വഴിതെറ്റിപ്പോയഎത്രയോ മക്കളുടെ ലോകമാണ് ഇത്. മക്കളുടെ വഴിതെറ്റലുകൾക്കെല്ലാം മാതാപിതാക്കൾ മാത്രമായിരിക്കണമെന്നില്ല കാരണക്കാർ. അവരും കാരണക്കാരാവാം. അത്രയേയുള്ളൂ. അതിന് പകരമായി തോമായുടെ പ്രശ്നത്തിന്റെ പേരിൽ ചാക്കോ മാഷിനെ ജനറലൈസ് ചെയ്യുമ്പോൾ  ഒരുപാടു മക്കൾക്ക് ആടുതോമാമാരാകാനുള്ളസാധ്യതകൾ തുറന്നുകൊടുക്കുക കൂടിയാണ് ചെയ്യുന്നത്.  സ്ഫടികം അവതരിപ്പിച്ച ആശയം അന്നത്തെ കാലത്ത് സ്വീകരിക്കപ്പെട്ടുകഴിഞ്ഞു. ആ ഒരു കാലഘട്ടത്തിൽ നിന്നുകൊണ്ട് ആ സിനിമയ്ക്ക് വിജയവുമുണ്ട്. പക്ഷേ പുതുക്കിപ്പണിത് പഴയതിനെ അവതരിപ്പിക്കുമ്പോൾ ഇനിയും ഒരുപാട് ആടുതോമാമാർക്ക് നാം ജന്മം കൊടുക്കുക കൂടിയാണ് ചെയ്യുന്നത്.
പ്രതിനായകനെന്ന നിലയിലാണ് തോമായുടെ ചിത്രീകരണം. പക്ഷേ അയാൾ നായകൻതന്നെയാണ്. സിനിമയിലെ ഭൂരിപക്ഷം കഥാപാത്രങ്ങളും അയാളുടെ  ആരാധകരാണ്. ഇങ്ങേയറ്റം പള്ളീല ച്ചൻ വരെ. ചാക്കോമാഷും പൂക്കോയയും കുറ്റിക്കാടനും പോലെയുള്ള ചുരുക്കം ചിലർ മാത്രമേ അയാൾക്കെതിരെയുളളൂ. എല്ലാവരുടെയും സ്നേഹം ആവോളം അയാൾ അനുഭവിക്കുന്നുണ്ട്. ജാൻസിയെ വിവാഹം കഴിക്കാൻ വരുന്ന ജെറിപോലും അയാളുടെ ആരാധകനാണെന്നോർക്കണം. കളിക്കൂട്ടുകാരി തുളസിയാകട്ടെ അയാളെ സ്വന്തമാക്കിയേ തീരൂ എന്ന വാശിയിലുമാണ്. ഇങ്ങനെ സാഹചര്യങ്ങളും വ്യക്തികളുമെല്ലാം തോമസ് ചാക്കോയ്ക്ക് അനുകൂലമാണ്. പിന്നെ എവിടെയാണ് അയാൾ പരാജയപ്പെട്ട നായകനോ ദുരന്തകഥാപാത്രമോ ആ കുന്നത്.

 ആടുതോമ ഈ സമൂഹത്തിന് ഒരു മാതൃകയും നല്കുന്നില്ല. അല്ലെങ്കിൽ പറയൂ, ആടുതോമായിൽ
നിന്ന് നിങ്ങൾ എന്താണ് പഠിക്കുന്നത്? കുഞ്ഞുപെങ്ങൾക്ക് വിവാഹത്തിന് അയാളുടെ പേരിൽ സമ്മാനം കൊടുക്കുന്നതുപോലും തുളസിയാണ്. വീട്ടിൽ നിന്ന് മാറിത്താമസിക്കുന്ന അയാൾക്ക് സ്ത്രീസുഖ ത്തിന് മാത്രമായുള്ള ഉപകരണമാണ് ലൈല. തുളസി വരുന്നതോടെ അയാളുടെ ജീവിതപരിസരങ്ങളിൽ നിന്ന് തന്നെ ലൈല ഒഴിവാക്കപ്പെടുന്നു. ഇതിലൂടെ തികഞ്ഞ സ്ത്രീവിരുദ്ധതയുടെ  ഉടമകൂടിയായി തോമ മാറുന്നു
 സ്ഫടികം രണ്ടാം ഭാഗം ഇല്ലെന്ന് തീരുമാനിച്ചതുപോലെ സ്ഫടികത്തിന്റെ റീമാസ്ററ്റിംങും വേണ്ടെന്ന് തീരുമാനിക്കുന്നതായിരുന്നു നല്ലത്. കാരണം 1995ൽ സ്ഫടികം അതിന്റെ കടമ നിർവഹിച്ചുകഴിഞ്ഞു. ഭൂതകാലത്തിൽ അഭിരമിക്കാൻ കൂടുതൽ താല്പര്യമുള്ളവരാണ്  മലയാളികൾ. നൊസ്റ്റാൾജിയ ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്നതും  അതുകൊണ്ടായിരിക്കണം. മലയാളികളുടെ ഇത്തരത്തിലുള്ള ഭൂതകാലാഭിമുഖ്യത്തിന്റെ പുതിയ തെളിവാണ് സ്ഫടികം റീ മാസ്റ്ററിംങ്. പക്ഷേ ചിത്രം തീയറ്ററിൽ കാര്യമായ അനക്കം ഉണ്ടാക്കിയില്ലെന്ന് ശ്രദ്ധിക്കണം. ഓൺലൈൻ മാധ്യമങ്ങളിലും മറ്റും ചിത്രത്തെക്കുറിച്ചുള്ള സ്തുതിപ്പുകൾ മുഴങ്ങിയെന്നല്ലാതെ.
ഒരിക്കൽ സംഭവിച്ചുപോയ വിജയത്തിന്റെ ആലസ്യത്തിൽ ജീവിതകാലം മുഴുവൻ അതിനെക്കുറിച്ച് മാത്രം പ്രസംഗിച്ചും എഴുതിയും ജീവിക്കാതെ ആദ്യത്തേതിനെ വിസ്മയിപ്പിക്കുന്ന വിധത്തിലുള്ള പുതിയ സർഗ്ഗാത്മകസൃഷ്ടികളിലേർപ്പെടുകയാണ് പ്രതിഭാധനർ ചെയ്യേണ്ടത്. വിജയം തുടർക്കഥയോ അവകാശമോ ആകുന്നില്ല. അതൊരു ആകസ്മികത മാത്രമാണ്. മറക്കരുത്.

More like this
Related

RESTART…

എങ്ങനെയെങ്കിലും വിജയിക്കാൻ ശ്രമിക്കുന്നവരുടെ ലോകമാണ് നമ്മുടേത്. പലവിധത്തിലുള്ള വിജയങ്ങളുണ്ട്. പരീക്ഷാ വിജയം,...

ക്ഷമയുടെ ‘പൂക്കാലം’

ദാമ്പത്യത്തിലെ സംഘർഷങ്ങളും സങ്കീർണ്ണതകളും അതിൽ അകപ്പെട്ടിരിക്കുന്നവരുടെ മാത്രം  ലോകമാണ്. പുറമേയ്ക്ക് നോക്കുന്നവർ...

ആത്മസംഘർഷങ്ങളുടെ ഇരട്ടകൾ

കുറ്റബോധത്തെക്കാൾ വലുതായി മറ്റെന്താണുള്ളത്? ഉമിത്തീയിൽ നീറുന്ന അനുഭവമാണ് അത്. കുറ്റബോധം താങ്ങാനാവാതെ...

മനുഷ്യസ്‌നേഹത്തിന്റെ മധുരം പകരുന്ന സൗദി വെള്ളക്ക

മനുഷ്യത്വത്തിന്റെ ആഘോഷമാണ് തരുൺ മൂർത്തിയുടെ സൗദി വെള്ളക്ക എന്ന സിനിമ. തീർപ്പാകാതെ...
error: Content is protected !!