മറ്റുള്ളവർ സ്നേഹിച്ചാൽ മാത്രമേ സന്തോഷിക്കാൻ കഴിയൂ എന്ന് വിചാരിക്കുന്നവർ ഏറെയാണ്. അവർ തങ്ങളുടെ സന്തോഷത്തിന്റെ കാരണം മറ്റുള്ളവരെ ഏല്പിച്ചിരിക്കുകയാണ്. അവർ സ്നേഹിച്ചാൽ സന്തോഷം.. ഇനി അവർസ്നേഹിച്ചില്ലെങ്കിലും സന്തോഷിക്കാൻ കഴിയണം.
കാരണം നമ്മളെ സ്നേഹിക്കേണ്ടത് ആദ്യമായും അവസാനമായും നമ്മൾ തന്നെയായിരിക്കണം. മറ്റുള്ളവർ നമ്മെ സ്നേഹിക്കുന്നതിനൊക്കെ ഒരു പരിധിയുണ്ട്. കൃത്യമായ ഉപാധികളോടെയും ലക്ഷ്യങ്ങളോടെയും കാരണങ്ങളോടെയും മാത്രമാണ് അവർ നമ്മെ സ്നേഹിക്കുന്നത്.
നിനക്ക് ഇഷ്ടമാകുന്ന രീതിയിൽ ഞാൻ പെരുമാറിയാൽ, നീ ആഗ്രഹിക്കുന്നതുപോലെയൊക്കെ ഞാൻ ഇടപെട്ടാൽ… നീ ചോദിക്കുന്നതൊക്കെ നിനക്ക് തന്നാൽ… അപ്പോൾ നീയെന്നെ സ്നേഹിക്കും. അപ്പോൾ മാത്രം നിനക്ക് ഞാൻ ഏറെ പ്രിയപ്പെട്ടവനാകും.
പക്ഷേ എപ്പോഴെങ്കിലും നിനക്ക് ഇഷ്ടമില്ലാത്തത് ഞാൻ ചെയ്താൽ, അപ്പോൾ നീയെന്നെ നിന്റെ ഹൃദയത്തിന്റെ പടിപ്പുരവാതിലടച്ച് എന്നെ പുറത്താക്കും. അത്രയുമേയുളളൂ.
അവനവനുമായി ആദ്യം തന്നെ സ്നേഹത്തിലാകുക. സ്വന്തം ജീവിതത്തിന്റെ സന്തോഷത്തിന്റെ രഹസ്യവും അതുതന്നെയാണ്. ആരൊക്കെയുണ്ടെങ്കിലും ആരൊക്കെയില്ലെങ്കിലും ഞാൻ എന്നെ സ്നേഹിക്കും. മറ്റുള്ളവർ സനേഹിക്കുന്നില്ല എന്നതിന്റെ പേരിൽ നീയിനി വിഷമിക്കരുത്. മറ്റുള്ളവരുടെ സ്നേഹത്തിന് പിന്നാലെ കെഞ്ചി നടക്കുകയല്ല നിന്റെ ജോലി..
നീ നിന്നെത്തന്നെ ഗൗരവത്തിലെടുക്കുകയും നിന്നെതന്നെ സ്നേഹിക്കുകയും ചെയ്യുക എന്നതാണ് നിന്റെ ആദ്യകടമ. മറ്റുള്ളതെല്ലാം അതിന്റെ അനുബന്ധമോ പൂരണങ്ങളോ ആണ്..