പൊതു ഇടങ്ങളിൽ നില്ക്കുമ്പോൾ, മറ്റുളളവരുമായി ഇടപെടുമ്പോൾ അപ്പോഴെല്ലാം അപകർഷത അനുഭവിക്കുന്നവർ ധാരാളം. മറ്റുള്ളവരുടെ ജോലി, വസ്ത്രം, ശാരീരിക ക്ഷമത, സൗന്ദര്യം, സമ്പത്ത്.. ഇങ്ങനെ പലപല കാരണങ്ങൾ കൊണ്ടാണ് മറ്റൊരാൾക്ക് മുമ്പിൽ നില്ക്കുമ്പോൾ നമുക്ക് നമ്മോട്തന്നെ അപകർഷത തോന്നുന്നത്.
ഞാൻ ശരിയല്ല,
ഞാൻ മോശം..
എനിക്ക് അതില്ല,
എനിക്ക് ഇതില്ല..
ഞാൻ ഇങ്ങനെയായിപ്പോയല്ലോ.. അപകർഷതയുടെ ആത്മവിലാപങ്ങൾ ഇങ്ങനെ പലതാണ്.
അതുപോലെ ഒരു സമൂഹത്തിൽ നില്ക്കുമ്പോൾ മറ്റുള്ളവരെക്കാൾ താൻ കേമനാണെന്ന ചിന്തയും ചിലരെ പിടികൂടാറുണ്ട്. അവനെക്കാൾ/ അവളെക്കാൾ ഞാൻ കൊള്ളാം.. അല്ലെങ്കിൽ അവനെ എന്തിന് കൊള്ളാം ഇങ്ങനെയൊരു ചിന്ത പലരെയും ഭരിക്കാറുണ്ട്.
മേൽപ്പറഞ്ഞ രണ്ടു ചിന്തകളുടെയും ആവശ്യമില്ല. ഞാൻ കൊള്ളാവുന്നതുപോലെ തന്നെ അവനും കൊളളാം. ഞാൻ അവനെക്കാൾ മോശവുമല്ല മികച്ചതുമല്ല. അവനുള്ളതുപോലെ കഴിവുകൾ എനിക്കുമുണ്ട്, എനിക്കുള്ളതുപോലെ കഴിവു അവനുമുണ്ട്. ഇങ്ങനെയൊരു ചിന്തയിലേക്കും വിശ്വാസത്തിലേക്കുമാണ് നാം കടന്നുവരേണ്ടത്.
അപകർഷതബോധവും ഉൽക്കർഷതാബോധവും അനാവശ്യമാണ്. മറിച്ച് ആത്മാവബോധമാണ് ഉണ്ടാവേണ്ടത്. ഞാൻ കൊള്ളാം.
വ്യക്തികളും സാഹചര്യങ്ങളും അനുഭവങ്ങളും ചേർന്ന് ചിലപ്പോഴെങ്കിലും നമ്മുടെ വില കുറയ്ക്കാൻ ശ്രമം നടത്താറുണ്ട്. അവരുടെ നോട്ടത്തിലുള്ള നമ്മുടെ കുറവുകളുടെ പേരിലാണ് അത്. അത്തരം ശ്രമങ്ങളോട് പല്ലും നഖവും ഉപയോഗിച്ച് എതിരിടുക എന്നതാണ് നാം ചെയ്യേണ്ടത്. അതിന് നമുക്ക് നമ്മെക്കുറിച്ചുതന്നെ മതിപ്പുണ്ടായിരിക്കണം.
നമ്മുടെ വില നിശ്ചയിക്കുന്നത് നമ്മളാണ്, മറ്റാരുമല്ല. ഒരു കൃഷിക്കാരന്റെ കാര്യം തന്നെയെടുക്കുക. അയാൾ ഉല്പാദിപ്പിച്ച ഒരു വിളവ് എന്തുവിലയ്ക്ക് വില്ക്കണമെന്നത് അയാളുടെ തീരുമാനമാണ്. ആ വസ്തുവിന്റെ വില നിശ്ചയിക്കുന്നത് അയാളാണ്. അത് വില്പനയ്ക്കെത്തിക്കുന്നതിന് വേണ്ടി അയാൾ അദ്ധ്വാനിച്ചതിന്റെയും കഷ്ടപ്പെട്ടതിന്റെയും അയാൾക്ക് ചെലവായതിന്റെയുമെല്ലാം വില ചേർത്തായിരിക്കും.
ആ വില അയാൾക്ക് കിട്ടുന്നുണ്ടോ എന്നത് രണ്ടാമത്തെ കാര്യം. പക്ഷേ വില അയാൾ നിശ്ചയിച്ചിട്ടുണ്ട് എന്നതാണ് പ്രസക്തമായ കാര്യം. ഇതുപോലെയാണ് നമ്മുടെ കാര്യവും.
മറ്റാർക്കും ഇല്ലാത്ത എന്തെങ്കിലും ഒരു സവിശേഷത നിന്നിലുണ്ട്. മറ്റാർക്കും അപഹരിക്കാനാവാത്ത എന്തോ ഒരു സിദ്ധി നിന്നിലുണ്ട്. അതാണ് നിന്നെ നീയാക്കുന്നത്. എന്നെ ഞാനാക്കുന്നത്. അതാണ് നിന്റെ വില. അതാണ് എന്റെ വില.
മറ്റുള്ളവർക്കാർക്കും ഇല്ലാത്ത വില. അല്ലെങ്കിൽ മറ്റുള്ളവർക്കെല്ലാം അവനവരുടെ വില ഉളളപ്പോഴും അവർക്കാർക്കും ഇല്ലാത്ത എന്റെ വില. അതുകൊണ്ട് നിനക്ക് വിലയിടാനായി നീ മറ്റാരെയും ചുമതലപ്പെടുത്തരുത്.
മറ്റുളളവർ ചാർത്തിത്തരുന്ന വിലയനുസരിച്ചല്ല നീ നിനക്ക് വിലയിടേണ്ടത്. നിന്റെ വില അതിനുമെല്ലാം എത്രയോഉയരത്തിലാണ്.
നിന്റെ വില നീ നിശ്ചയിക്കുന്നതാണ്. നീ ഇത്രയുമേയുളളൂവെന്നാണ് നിന്റെ വിചാരമെങ്കിൽ നീ ഇത്രയുമേയുള്ളൂ. നിനക്ക് ഇത്രയും വിലയുണ്ടെന്നാണ് നീ വിചാരിക്കുന്നതെങ്കിൽ നിനക്കത്രയും വിലയുമുണ്ട്.
സ്വന്തം വില നിശ്ചയിക്കാനുള്ള തീരുമാനം നീ ഇനി ആർക്കും കൊടുക്കരുത്. ആരുടെയും വിലയ്ക്കനുസരിച്ച് ജീവിക്കേണ്ടവനല്ല നീ.
നീ നിന്നെത്തന്നെ ഏറ്റവും വലുതായി, മൂല്യമുള്ളതായി കാണുക. അപ്പോഴേ നിന്നിലുള്ള സാധ്യതകളെ തിരിച്ചറിയാൻ സാധിക്കുകയുള്ളൂ.