നീ നിനക്കുവേണ്ടി എന്തുമാത്രം ജീവിക്കുന്നുണ്ട്. നീ നിന്റെ ആത്മസന്തോഷങ്ങൾക്കുവേണ്ടി എത്രത്തോളം പോകുന്നുണ്ട്? ആരെയും വേദനിപ്പിക്കാതെയും നിനക്ക് തന്നെയും ദോഷം ചെയ്യാത്ത വിധത്തിലും നിന്റെ മനസ്സിന്റെ സന്തോഷങ്ങളെ എത്ര വരെ പിന്തുടരുന്നുണ്ട്?
പല സ്ത്രീകളും വളരെയധികം പുരുഷന്മാരും തങ്ങളുടെ സന്തോഷത്തിന്റെ അവകാശങ്ങളെയും ഓഹരികളെയും മറ്റുള്ളവർക്കായി നീക്കിവയ്ക്കുകയും സ്വയം സന്തോഷിക്കുന്നത് അപരാധമാണെന്ന് തെറ്റിദ്ധരിക്കുകയും ചെയ്യുന്നവരാണ്. ഇത് ശരിയായ ജീവിതസമീപനമല്ല. മറ്റുള്ളവർക്കുവേണ്ടി ജീവിക്കുന്നതിനൊപ്പം തന്നെ അവനവർക്കുവേണ്ടിയും ജീവിക്കാൻ സമയവും സാഹചര്യവും നാം കണ്ടെത്തേണ്ടതുണ്ട്.
മറ്റുള്ളവർക്കുവേണ്ടി ജീവിക്കുന്നതിനെക്കുറിച്ചുളള അപദാനങ്ങൾക്കിടയിൽ സ്വയം ജീവിക്കാൻ മറന്നുപോകുന്നവരാണ് അവർ. അല്ലെങ്കിൽ പറയൂ നിങ്ങളിൽ എത്രപേർ പഴയ സ്‌കൂൾജീവിതകാലത്തെ േയാ കോളജ് പഠനകാലത്തെയോ സൗഹൃദങ്ങൾ നിലനിർത്തുന്നുണ്ട്? പഴയൊരു സുഹൃത്തുമായി ഇടയ്ക്കിടെ ബന്ധപ്പെടാറുണ്ട്? അവർക്കൊപ്പം ഒരു യാത്രയോ കണ്ടുമുട്ടലോ നടത്താറുണ്ട്? എന്തിന്, ഒറ്റയ്ക്കിരുന്ന് മഴ കണ്ടിട്ടോ ആരും അടുത്തില്ലാതെ ശാന്തമായിരുന്ന് ഒരു പാട്ട് കേട്ടിട്ടോ ചെറുപ്പകാലത്തെ വലിയ കൗതുകമോ സന്തോഷമോ ആയിരുന്ന ഏതെങ്കിലും ഒരു സ്ഥലത്തേക്ക് ഒറ്റയ്ക്ക് യാത്ര ചെയ്തിട്ടോ ഉണ്ടോ? കുടുംബം എന്ന വ്യവസ്ഥയുടെ പുകഴ്ത്തലുകൾക്കിടയിൽ, കുടുംബത്തിന് വേണ്ടി ജീവിക്കാനും നല്ല കുടുംബനാഥനും നാഥയുമാകാനുള്ള ശ്രമത്തിനിടയിൽ വ്യക്തിപരമായ നിങ്ങളുടെ സന്തോഷങ്ങൾ എവിടെയൊക്കെയോ ചോർന്നുപോകുന്നില്ലേ?
നിങ്ങളുടെ ഒറ്റപ്പെട്ട സന്തോഷങ്ങളെക്കുറിച്ച്, നിങ്ങൾക്ക് വ്യക്തിയെന്ന നിലയിൽ സന്തോഷിക്കാനുള്ള അവകാശങ്ങളെക്കുറിച്ച് മക്കളോ ജീവിത പങ്കാളിയോ ആകുലപ്പെടുന്നുണ്ടോ? നിങ്ങളെ നിങ്ങളുടേതായ ഒരു ലോകത്തിലേക്ക് തനിയെ വിടാൻ അവരിൽ എത്രപേർ തയ്യാറാകുന്നുണ്ട്? ശരിയാണ് കുടുംബം നിങ്ങൾക്ക് സന്തോഷവും സമാധാനവുംനല്കുന്നുണ്ട്. ജീവിതപങ്കാളി വളരെ ലവ്ബിൾ പേഴ്സണാലിറ്റിയാണ്, മക്കൾ നല്ലവരുമാണ്. എല്ലാ കാര്യങ്ങളും സുഗമവും ശാന്തവുമായി കടന്നുപോകുമ്പോഴും നിങ്ങളുടെ ഉള്ളിന്റെയുള്ളിൽ, ആത്മാവിന്റെ ഏതോ ഒരുകോണിൽ എന്തിനെന്നില്ലാത്ത ഒരു നഷ്ടബോധവും സങ്കടവും രൂപമെടുക്കുന്നുണ്ടെങ്കിൽ നിങ്ങൾ എവിടെയൊക്കെയോ നിങ്ങളുടെ ജീവിതം ജീവിച്ചിട്ടില്ല എന്നുതന്നെയാണ് അർത്ഥം. സ്വന്തം ജീവിതം നല്ലതുപോലെ ജീവിക്കുന്ന ഒരാൾക്ക് മാത്രമേ മറ്റുള്ളവർക്കുവേണ്ടി ജീവിക്കാനാവൂ. സ്വന്തം ജീവിതം നല്ലതുപോലെ ജീവിക്കാത്തവരാണ് മറ്റുള്ളവർക്കുവേണ്ടി ജീവിക്കുന്നുവെന്ന് ഭാവിച്ചുകൊണ്ട് എന്തിനും ഏതിനും പരാതിപ്പെടുന്നവരും അസ്വസ്ഥപ്പെടുന്നവരുമായി മാറുന്നത്.
നമുക്കോരോരുത്തർക്കും നമ്മുടേതായ ജീവിതമുണ്ട്. ആ ജീവിതത്തിന് അതിന്റേതായ ലക്ഷ്യവും അർത്ഥവുമുണ്ട്. ആ അർത്ഥം കണ്ടെത്തുക എന്നതാണ് പ്രധാനം. നൂറു വർഷം ഈ ഭൂമിയിൽ ജീവിച്ചതുകൊണ്ടോ ഒന്നിലധികം ജന്മങ്ങൾ ജനിച്ചതുകൊണ്ടോ നമ്മുടെ ജീവിതലക്ഷ്യം പൂർത്തിയാവണമെന്നില്ല. ഇപ്പോൾ ജീവിക്കുന്ന ജീവിതത്തിൽ, അത് ആവശ്യപ്പെടുകയും അർഹിക്കുകയും ചെയ്യുന്ന ജീവിതം ജീവിക്കുക എന്നതാണ് പ്രധാനം.
മറ്റാരുടെയെങ്കിലും പാകമാകാത്ത ജീവിതമല്ല നാം ജീവിക്കേണ്ടത്, നമുക്ക് അളവൊത്ത നമ്മുടെതന്നെ ജീവിതമാണ്. നീ നിനക്കുവേണ്ടി ജീവിക്കണമെങ്കിൽ അതിനാദ്യം ചെയ്യേണ്ടത് ജീവിതത്തിൽ നിനക്കെന്താണ് ആവശ്യമായിരിക്കുന്നത് എന്ന് മനസ്സിലാക്കുകയാണ്. എനിക്കെന്താണ് വേണ്ടതെന്ന് ഞാൻ മനസ്സിലാക്കാത്ത എന്റെ ജീവിതം കപ്പിത്താനില്ലാത്ത കപ്പൽ പോലെയായിരിക്കും നിനക്കെന്താണ് വേണ്ടതെന്ന് മനസ്സിലായിക്കഴിയുമ്പോൾ നിനക്കൊരു ലക്ഷ്യമുണ്ടാകും. ലക്ഷ്യമുണ്ടായിക്കഴിയുമ്പോൾ അത് സ്വന്തമാക്കാനുളള മാർഗ്ഗങ്ങൾ ആലോചിക്കും. അതിന് വേണ്ടി പരിശ്രമിക്കാനാരംഭിക്കും. അവനവരെക്കുറിച്ച് മാത്രം ചിന്തിക്കുന്നത് സ്വാർത്ഥതയല്ല അവൻ അവനുവേണ്ടി പ്രവർത്തിക്കാനാരംഭിച്ചുവെന്നതിന്റെ സൂചനയാണ്.