കറുപ്പിനഴക് പാട്ടിൽ മാത്രം

Date:

spot_img

വർഷങ്ങൾക്ക് മുമ്പാണ്,സിനിമയിൽ അഭിനയിക്കാൻ കൊതിച്ചുനടക്കുകയാണ്  ആ ചെറുപ്പക്കാരൻ. പൂനെ ഫിലിംഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠിച്ചിറങ്ങിയതിന്റെ സർട്ടിഫിക്കറ്റുമുണ്ട്. പക്ഷേ അയാളെ  ആരും അടുപ്പിക്കുന്നില്ല. കാരണം പൊക്കം കുറവ്, നിറവുമില്ല, നായകന് സിനിമ ആവശ്യപ്പെടുന്നവിധത്തിലുള്ള മുഖ സൗന്ദര്യവുമില്ല. പ്രേംനസീർ സിനിമയിൽ കത്തിനില്ക്കുന്ന കാലം കൂടിയാണ്. എല്ലായിടത്തു നിന്നും അവഗണന, പരിഹാസം.. തന്നെ പുറത്താക്കിയവരോട് ആ ചെറുപ്പക്കാരൻ ഒടുവിൽ ഒരു ചോദ്യം ചോദിച്ചു. ഇന്നും എന്നും  പ്രസക്തമായ ചോദ്യം.  പ്രേംനസീറിന്റെ വേലക്കാരനും അദ്ദേഹത്തെപോലെ സൗന്ദര്യം വേണമെന്ന് നിർബന്ധമുണ്ടോ? ഇന്റർവ്യൂ ബോർഡിന് ഉത്തരം മുട്ടി. അപ്പോൾ അയാൾ ഇങ്ങനെ പ്രസ്താവിച്ചു. എനിക്ക്  പ്രേംനസീറിനെപോലെ നായകവേഷം വേണ്ട. അദ്ദേഹത്തിന്റെ വേലക്കാരന്റെ റോളായാലും മതി. വേലക്കാരന്റെ വേഷത്തിൽ പോലും ഒതുങ്ങാൻ തയ്യാറായ ആ വ്യക്തി പിന്നീട് നായകനായി,തിരക്കഥാകൃത്തായി, സംവിധായകനായി… ഇന്നും മലയാളസിനിമയിൽ സജീവവുമാണ്. ശ്രീനിവാസൻ എന്നാണ് അദ്ദേഹത്തിന്റെ പേര്.

സ്വന്തം കുറവുകളെ വെല്ലുവിളിച്ചുകൊണ്ടാണ്  ശ്രീനിവാസൻ സിനിമയിലേക്ക് കടന്നുവന്നത്. തന്റെ പൊക്കമില്ലായ്മയെയും നിറക്കുറവിനെയും  ആസ്പദമാക്കി സ്വയം പരിഹസിച്ചുകൊണ്ടുള്ള നിരവധി കഥാപാത്രങ്ങൾക്ക് അദ്ദേഹം ജീവൻ കൊടുത്തിട്ടുമുണ്ട്. എനിക്ക് മമ്മൂട്ടിയെക്കാൾ നിറമുണ്ടായിരുന്നു. ടെൻഷൻ കയറി കറുത്തുപോയതാ എന്ന തലയണമന്ത്രത്തിലെ ഡയലോഗ് ഓർക്കുക.

ചുമന്നുതുടുത്ത നായകന്മാർ മലയാളസിനിമയിൽ നിറഞ്ഞു നിന്നപ്പോഴാണ് കഷണ്ടിത്തല മറച്ചുവയ്ക്കാതെ സാധാരണക്കാരന്റെ രൂപഭാവങ്ങളുള്ള ഗോപി കടന്നുവന്നതും സിനിമയുടെ തറവാട്ട് മുറ്റത്ത് കസേരവലിച്ചിട്ട് കാലിന്മേൽ കാൽകയറ്റിവച്ച് ഭരത് ഗോപിയായി മാറിയതും. പക്ഷേ നല്ല നടൻ എന്ന പേരുകേൾപ്പിച്ചിട്ടും അദ്ദേഹം വാണിജ്യസിനിമയുടെ അനിവാര്യതയായില്ല, സൂപ്പർതാരവുമായില്ല.  അച്ചൻകുഞ്ഞ്, നെടുമുടിവേണു, പ്രതാപ് പോത്തൻ എന്നിങ്ങനെ  മലയാളസിനിമയിൽ അഭിനയശേഷിയുളള ഒട്ടനവധി നടന്മാരും സൂര്യയെപോലെയുള്ള ചുരുക്കം ചില നടിമാരും ഉണ്ടായിരുന്നിട്ടും അവരാരും സിനിമയുടെ നിയന്താക്കളായില്ല. അരികുകളിലേക്ക് അവർ ഒതുങ്ങിപ്പോകുകയോ അവർ മാറ്റിനിർത്തപ്പെടുകയോ ചെയ്തു.

കറുത്തനിറത്തെ അധഃസ്ഥിതന്റെ നിറമായിട്ടാണ് സിനിമ കാണുന്നത്. ഏതെങ്കിലും ഒരു കറുത്ത നടന്റെ ഒറ്റപ്പെട്ട ചിലസിനിമകളൊഴിച്ച് അവരെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ചുകൊണ്ടുള്ള സിനിമകൾക്ക്  തുടർച്ചകൾ  ഉണ്ടായിട്ടുമില്ല. കലാഭവൻ  മണിയെയാണ് ഇവിടെ ഉദ്ദേശിക്കുന്നത്. സുന്ദരന്മാരെന്ന പൊതുവിശേഷണത്തിന് അർഹരായ നടന്മാരുടെ കൂട്ടുകാരായി അവരുടെ അടിയും തല്ലും ചവിട്ടും കൊണ്ട് പരിഹാസം കേട്ട് കഴിയുന്നവരായിട്ടാണ് മണിയും ഹരിശ്രീ അശോകനും സലീംകുമാറും മുതൽ  ഇങ്ങേയറ്റം ജേക്കബ് ഗ്രിഗറി വരെയുള്ളവരുടെ കഥാപാത്രങ്ങൾ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

വിഷ്ണു ഉണ്ണിക്കൃഷ്ണൻ എന്ന നടനെ ഒരു പ്രമുഖ വനിതാപ്രസിദ്ധീകരണത്തിന്റെ കവർചിത്രത്തിൽ ഉൾപ്പെടുത്തിയപ്പോൾ ഫോട്ടോഷോപ്പ് ചെയ്ത് വെളുപ്പിച്ചെടുത്തത് വിവാദമായതും ഓർമ്മയിൽവരുന്നു. ഫോട്ടോഷോപ്പിന്റെയും സാങ്കേതികവികാസത്തിന്റെയും ഇക്കാലത്ത് കറുത്തവരെ വെളുത്തവരാക്കാൻ വളരെയെളുപ്പം കഴിയുന്നു. വെളുത്തുതുടുത്ത കുഞ്ചാക്കോബോബന്റെ നായികയായി നിമിഷ സജയൻ എന്ന ഇരുനിറക്കാരി അഭിനയിച്ചപ്പോൾ പ്രസ്തുത നടിക്കെതിരെ വ്യാപകമായ രീതിയിലായിരുന്നു ബോഡി ഷെയിമിംങ് നടന്നത്. ഇനി നായികയെക്കാൾ നായകന് സൗന്ദര്യം കുറഞ്ഞുപോകുന്നതും പ്രശ്നം തന്നെയാണ്. പുഴു എന്ന സിനിമയിലെ രണ്ടു കഥാപാത്രങ്ങളിലൂടെ ഇക്കാര്യം വ്യക്തമാകും. സുന്ദരിയായ പാർവതി തെരുവോത്തിന് അപ്പുണ്ണി ശശി എന്ന നടനാണ് ജോഡി. പൊതുസമൂഹത്തിന് ഒറ്റനോട്ടത്തിൽ തന്നെ ചേർച്ചക്കുറവ് തോന്നിക്കുന്ന വിധത്തിലുളള രൂപവ്യത്യാസം ഇവരിൽ പ്രകടമാണ്.സമൂഹത്തിന്റെ ഈ നെറ്റിചുളിച്ചിൽ മറ്റൊരു കഥാപാത്രത്തിലൂടെയാണ് സംവിധായിക അവതരിപ്പിക്കുന്നത്. കാക്ക തേങ്ങപ്പൂള് കൊത്തിയെടുത്തുകൊണ്ടുപോ കുന്നതുപോലെയുണ്ടല്ലോയെന്നാണ് അവരെ കണ്ടപ്പോൾ ഒരു ഗവൺമെന്റുദ്യോഗസ്ഥന്റെ കമന്റ്.

ഭർത്താവിനെക്കാൾ നിറമോ സൗന്ദര്യമോ കുറവുള്ള ഭാര്യയാണെങ്കിൽ സമൂഹം അടക്കംപറയുന്നത് അവളെ അവനെന്തു കണ്ട് കല്യാണം കഴിച്ചെന്നാണ്. പണം കിട്ടിക്കാണും എന്ന് അവർ നിഗമനത്തിലെത്തുകയും ചെയ്യുന്നു. ഇനി തിരിച്ചാണെങ്കിലോ അതിനും കണ്ടെത്തും എന്തെങ്കിലും നിഗമനങ്ങൾ.

കറുപ്പിന് അഴക് എന്നൊക്കെ പാട്ടിൽ പാടാമെന്നല്ലാതെ കറുപ്പിനെ അംഗീകരിക്കാൻ നമ്മുടെ സമൂഹം ഈ നൂറ്റാണ്ടിലും അത്രയധികം വളർന്നിട്ടൊന്നുമില്ല. കറുപ്പ് വെളുപ്പായിരുന്നുവെങ്കിലെന്ന് ആഗ്രഹിക്കുന്നവരും അതിന് ഓശാന പാടുന്നവരുമാണ് ഏറെയും. സൗന്ദര്യ നിർണ്ണയമാനദണ്ഡങ്ങ ളിൽ പലപ്പോഴും ഒന്നാം സ്ഥാനത്തേക്ക് കടന്നുവരുന്നത് നിറമാണ്. വെളുപ്പ് സൗന്ദര്യവും കറുപ്പ് അസൗന്ദര്യവും. ഇതാണ് പൊതുമട്ട്.  മോഡലിംങ്, സിനിമ പോലെ അത്യധികം ശ്രദ്ധ ആകർഷിക്കുന്നപല മേഖലകളിലും നിറമുള്ളവർക്കാണ് മുൻഗണന. പരസ്യങ്ങളിൽ കൂടുതലും കടന്നുവരുന്നത്  വെളുപ്പിക്കാനും സൗന്ദര്യം വർദ്ധിക്കാനുമുള്ള മാർഗ്ഗങ്ങളാണെന്ന് വെറുതെ നിരീക്ഷിച്ചാൽപോലും മനസ്സിലാവും. ചില പ്രത്യേക ഫേസ് ക്രീമുകൾ ഉപയോഗിക്കുമ്പോൾ കറുപ്പ് വെളുപ്പാകും. കൂടുതൽ സൗന്ദര്യം വരും.  ഏതുതരം ക്രീം ഉപയോഗിച്ചാലും ത്വക്കിന് സ്വതേയുളള നിറത്തിന് സ്ഥിരമായ മാറ്റംഉണ്ടാവില്ലെന്ന് അറിയാമായിരുന്നിട്ടും താല്ക്കാലികമായ ഈ ഭ്രമങ്ങളിൽ കുടുങ്ങിപ്പോകുന്നവരിൽ ഇന്ന് പുരുഷന്മാർ പോലുമുണ്ട്. വെളുക്കാൻ തേച്ചത് പാണ്ടായാലും പരാതിയില്ലാത്തവരാണ് ഇക്കൂട്ടർ.

ബാഹ്യസൗന്ദര്യം അപ്രധാനമാണെന്ന് പറയുന്നില്ല. പക്ഷേ ബാഹ്യസൗന്ദര്യത്തെ അളക്കുന്ന മാനദണ്ഡങ്ങൾക്ക് വെളിയിലായവരെ അതിന്റെപേരിൽ പരിഹസിക്കുകയോ മാറ്റിനിർത്തുകയോ ചെയ്യുന്നത് അംഗീകരിക്കാനാവില്ല. അത് അപഹാസ്യമാണ്.

More like this
Related

ആഹാ…പ്രായമായോ..!

അയ്യോ കഷ്ടം.. പ്രായമായല്ലോ... ഇങ്ങനെ പറഞ്ഞിരുന്നത് മുൻപ്. ആഹാ... പ്രായമായല്ലോ എന്ന്...

LIFE IS GOOD

'ഞാൻ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. എന്താണ് നിന്റെ അഭിപ്രായം?'സുഹൃത്തിന്റെ ആ ചോദ്യത്തിന്...

സ്‌നേഹിക്കുന്നവർക്ക് നല്‌കേണ്ടത്…

എന്തു ഞാൻ പകരം നല്കും? സ്‌നേഹത്തെക്കുറിച്ചുള്ള സന്ദേഹങ്ങൾക്കിടയിൽ പലരുടെയും മനസ്സിൽ ഉയരുന്ന...

എങ്ങനെയാണ് സ്‌നേഹിക്കേണ്ടത്?

ദയ, അനുകമ്പ, സന്തോഷം,സമചിത്തത..  എങ്ങനെയാണ് സ്‌നേഹിക്കപ്പെടേണ്ടത് എന്നതിനു ള്ള ഏറ്റവും ഹ്രസ്വമായ...
error: Content is protected !!