മനുഷ്യസ്‌നേഹത്തിന്റെ മധുരം പകരുന്ന സൗദി വെള്ളക്ക

Date:

spot_img

മനുഷ്യത്വത്തിന്റെ ആഘോഷമാണ് തരുൺ മൂർത്തിയുടെ സൗദി വെള്ളക്ക എന്ന സിനിമ. തീർപ്പാകാതെ വർഷങ്ങളോളം, ചിലപ്പോൾ ഒരു മനുഷ്യായുസ്സോളം തന്നെ നീണ്ടു പോകുന്ന കോടതിക്കേസുകളിൽ കുരുങ്ങി ജീവിതം ഹോമിക്കപ്പെടുന്നവരുടെ കഥ പറയുന്ന ഈ സിനിമ, നിരുപാധികമായ ക്ഷമ കൊണ്ട് മനുഷ്യഹൃദയങ്ങൾ സൗഖ്യപ്പെടുന്നത് എങ്ങനെയെന്ന് കാട്ടിത്തരുന്നു.

ഒരു വീടിന്റെ മട്ടുപ്പാവിൽ മടലും വെള്ളക്കയും ഉപയോഗിച്ച് ക്രിക്കറ്റ് കളിച്ചു കൊണ്ടിരുന്ന കുട്ടികളിലൊരാൾ അടിച്ച പന്ത് (വെള്ളക്ക) വീടിന് താഴെ ക്കൂടി നടന്നു പോകുകയായിരുന്ന ആയിഷാ റാവുത്തർ എന്ന വൃദ്ധയുടെ തലയിലാണ് ചെന്നു വീഴുന്നത്. പെട്ടെന്നുള്ള കോപാവേശത്താൽ ആയിഷ ടെറസിലേക്ക് കയറിച്ചെന്ന് ഒരു മടൽ എടുത്ത് കുട്ടിയുടെ ദേഹത്തും കൈ കൊണ്ട് അവന്റെ മുഖത്തും അടിക്കുന്നു. ആ അടിയിൽ മുമ്പേ തന്നെ ഇളകി നിന്നിരുന്ന പല്ല് അടർന്ന് ചോരയൊഴുകുന്നു. കുട്ടി ആശുപത്രിയിലാകുന്നു. രണ്ട് പേർ തമ്മിൽ പറഞ്ഞു തീർക്കാമായിരുന്ന ഒരു ചെറിയ പ്രശ്നം ആദ്യം പോലീസ് കേസിലേക്കും പിന്നീട് വർഷങ്ങൾ നീളുന്ന കോടതി വ്യവഹാരങ്ങളിലേക്കും നീളുമ്പോൾ, അതിലുൾപ്പെട്ടിരുന്ന മനുഷ്യജീവിതങ്ങളെ അത് എങ്ങനെ ബാധിക്കുന്ന എന്ന് സജീവമായി വരച്ചിടുന്നു തരുൺ മൂർത്തി ഈ ചിത്രത്തിൽ.

മിഴുവുറ്റ കഥാപാത്ര സ്‌കെച്ചുകളാണ് സൗദി വെള്ളക്കയുടെ മുഖ്യ ആകർഷണം. മനുഷ്യന്റെ ഉള്ളിലെ നന്മ തിന്മകൾ അതിസൂക്ഷ്മമായി വെളിപ്പെടുന്നതിന് നാം സാക്ഷിയാകുന്നു. ചെറിയൊരു അനുരഞ്ജനമോ ക്ഷമാപണമോ കൊണ്ട് തീർക്കാമായിരുന്ന പ്രശ്നങ്ങൾ കാലത്തിലൂടെ വളർന്ന് വ ലുതായി ജീവിതങ്ങളെ തന്നെ വിഴുങ്ങുന്നത് നാം കാണുമ്പോൾ, അത് നമ്മുടെയൊക്കെ ജീവിതത്തിന് നേരെ പിടിച്ച കണ്ണാടിയാകുന്നു. ഒരൽപ്പം കൂടി ക്ഷമ, ഒരൽപം കൂടി കരുണ… എന്നൊരു ഓർമപ്പെടുത്തലാണ് ഈ സിനിമ. അത് കൃത്യസമയത്തു തന്നെ വേണമെന്നും അങ്ങനെ ചെയ്യാതിരുന്നാൽ വലിയ പ്രത്യാഘാതങ്ങളാണ് അത് ഉളവാക്കുക എന്നും ഒരു ഞെട്ടലോടെ ഈ ചിത്രം കാണുമ്പോൾ നാം അറിയുന്നു.

ഏറ്റവും ഹൃദയഹാരിയായി തോന്നിയത്, കേസിനാസ്പദമായ സംഭവം നടന്ന് പതിമൂന്നു വർഷ ങ്ങൾക്കു ശേഷം, അടി കൊണ്ട കുട്ടി വളർന്നു യുവാവായി തന്റെ കേസ് തോൽക്കണമെന്നും പ്രതിയായ ആയിഷ വിജയിക്കുകയും കേസിൽ നിന്ന് മോചിതയാവുകയും വേണമെന്നും ആഗ്രഹിക്കുകയും സ്വന്തം പരാജയത്തിനു വേണ്ടി തന്നെ കൊണ്ട് ആവുന്നതെല്ലാം ചെയ്യുന്നതുമായ രംഗങ്ങളാണ്. അവസാനം, രോഗിണിയും നിരാലംബയും ദരിദ്രയുമായ ആയിഷയ്ക്ക് കോടതി വിധിച്ച ശിക്ഷയായ അയ്യായിരം രൂപ വാദിയായ ആ യുവാവ് തന്നെ അടയ്ക്കുമ്പോഴും ഞാൻ ഉമ്മായ്ക്ക് ബണ്ണും ചായയും വാങ്ങിത്തരട്ടേ എന്നു ചോദിക്കുമ്പോഴും നമ്മുടെയുള്ളിലെ മനുഷ്യത്വം പൂ പോലെ സുഗന്ധം പരത്തി വിടരുന്നു. ഈ രംഗത്ത് നമ്മുടെ ആത്മാവ് പ്രകാശിതമാകുകയും സ്വയമറിയാതെ നമ്മുടെ മിഴികൾ ഈറനണിയുകയും ചെയ്യും.

ഈ കേസ് ഇത്രമാത്രം വഷളാകാൻ കാരണക്കാരനായ രാധാകൃഷ്ണൻ എന്ന വ്യക്തി പിൽക്കാലത്ത് സ്ട്രോക്ക് വന്ന് ശരീരമാകെ തളർന്ന് കിടക്കുന്നത് കാണുമ്പോൾ ലുക്ക്മാൻ അവതരിപ്പിക്കുന്ന അഭിലാഷ് ശശിധരൻ എന്ന കഥാപാത്രം ബിനു പപ്പു അവതരിപ്പിക്കുന്ന ബ്രിട്ടോ എന്ന കഥാപാത്രത്തോട് പറയുന്നു: ഇത്രേയുള്ളൂ, മനുഷ്യൻ! എന്നാൽ സ്നേഹസാന്ദ്രമായ ക്ഷമ കൊണ്ട് നിരാലംബയായ ആയുഷുമ്മ സ്വാതന്ത്ര്യത്തിലേക്കും സനാഥത്വത്തിലേക്കും ദത്തെടുക്കപ്പെടുമ്പോൾ ബ്രിട്ടോ അഭിലാഷിനോട് പറയുന്നു: മനുഷ്യൻ ഇത്രയൊക്കെയേ ഉള്ളൂ എന്നല്ല പറയേണ്ടത്, മനുഷ്യന് ഇത്രയൊക്കെ ആകാൻ കഴിയും എന്നാണ്!

ഒരു സിനിമ മഹത്താകുന്നത് അതിൽ കാണിക്കുന്ന കാഴ്ചകൾ കൊണ്ടല്ല, അത് മനുഷ്യാത്മാവിൽ ബാക്കി വയ്ക്കുന്ന അനുഭൂതികൾ കൊണ്ടും ഹൃദയത്തിൽ നടത്തുന്ന പരിവർത്തനം കൊണ്ടുമാണ്. ആ അർത്ഥത്തിൽ സൗദി വെള്ളക്ക ഒരു വിജയമാണ്. സിനിമാസ്വാദകരെ ആകർഷിച്ച ഓപ്പറേഷൻ ജാവയ്ക്കു ശേഷം എത്തുന്ന തരുൺ മൂർത്തിയുടെ രണ്ടാമത്തെ ചിത്രമായ ഇത് ഹൃദയങ്ങളിൽ മനുഷ്യസ്നേഹത്തിന്റെ പ്രകാശം വീശുക തന്നെ ചെയ്യും.

കരയിലെ തോണിയാകാതെ വെള്ളത്തിലെ തോണിയാകുക. തോണി തോണിയാകുന്നത് വെള്ളത്തിലിറങ്ങുമ്പോഴാണ്. കരയിലെ കമിഴ്ത്തിവച്ച തോണി പ്രയോജനരഹിതമാണ്.

എത്രയോ സഞ്ചാരങ്ങൾക്കു സാധ്യതയുണ്ടായിരുന്നതോണിയാണ്  വെറുതെ ഇങ്ങനെ കരയിൽ… അതും എത്രയോ കാലമായി…

നീയാകുന്ന തോണികളെ കെട്ടഴിച്ചുവിടുക. വെള്ളത്തിലേക്ക് ഇറക്കിവിടുക. എവിടെയെങ്കിലും അത് എത്താതിരിക്കില്ല… തുരുമ്പെടുത്തും ആർക്കും പ്രയോജനപ്പെടാതെയും ഒന്നുമാകാതെ പോകുന്നതിനെക്കാൾ എത്രയോ ഭേദമാണ് അത്…

ഒരിക്കൽ ഒരുനാൾ ആ തോണി ലക്ഷ്യത്തിലെത്തിച്ചേരില്ലെന്ന് ആരറിഞ്ഞു?

ഒഴുകാൻ തയ്യാറാവുക…ഒഴുകാൻ തയ്യാറെടുപ്പുകൾ നടത്തുക… ഒഴുകുക… ഒഴുകിക്കൊണ്ടേയിരിക്കുക…

അഭിലാഷ് ഫ്രേസർ

More like this
Related

RESTART…

എങ്ങനെയെങ്കിലും വിജയിക്കാൻ ശ്രമിക്കുന്നവരുടെ ലോകമാണ് നമ്മുടേത്. പലവിധത്തിലുള്ള വിജയങ്ങളുണ്ട്. പരീക്ഷാ വിജയം,...

ക്ഷമയുടെ ‘പൂക്കാലം’

ദാമ്പത്യത്തിലെ സംഘർഷങ്ങളും സങ്കീർണ്ണതകളും അതിൽ അകപ്പെട്ടിരിക്കുന്നവരുടെ മാത്രം  ലോകമാണ്. പുറമേയ്ക്ക് നോക്കുന്നവർ...

സ്ഫടികം ഒരു പുന:വായന

പാളിപ്പോയ പേരന്റിംങിനെക്കുറിച്ച് പറയു ന്ന, ചർച്ചകളിലൊക്കെ ആവർത്തിച്ച് ഉദാഹരിക്കുന്ന ഒരു സിനിമയാണ്...

ആത്മസംഘർഷങ്ങളുടെ ഇരട്ടകൾ

കുറ്റബോധത്തെക്കാൾ വലുതായി മറ്റെന്താണുള്ളത്? ഉമിത്തീയിൽ നീറുന്ന അനുഭവമാണ് അത്. കുറ്റബോധം താങ്ങാനാവാതെ...
error: Content is protected !!