പുതിയ ദാമ്പത്യം

Date:

spot_img

പുതിയതിനോട് നമുക്കെന്നും വല്ലാത്ത ഒരു ഇഷ്ടമുണ്ട്. പുതിയ വസ്ത്രങ്ങൾ, വാഹനങ്ങൾ, പുതിയ ബന്ധങ്ങൾ… എന്നാൽ ദാമ്പത്യബന്ധങ്ങളിൽ ചിലപ്പോഴെങ്കിലും പുതുതാകാനുള്ള, പുതുക്കാനുള്ള സാധ്യതകൾ ഇല്ലാതെയാവുന്നു.വർഷം കഴിയും തോറും പരസ്പരമുളള ബന്ധം ദൃഢമാകുന്നതിന് പകരം അയഞ്ഞുതുടങ്ങുന്നു. എത്ര നല്ല വസ്ത്രമാണെങ്കിലും കീറൽ വീണാൽ അത് പരിഹരിക്കണമല്ലോ.  മനോഹരമായ വീടുകളാണെങ്കിലും നിശ്ചിതകാലം കഴിയുമ്പോൾ നിറം മങ്ങും. അനാകർഷകമാകും. അപ്പോൾ പുതിയ നിറങ്ങൾ കൊണ്ട് മനോഹരമാക്കേണ്ടതുണ്ട്. വസ്ത്രങ്ങളെയും വീടുകളെയുംകാൾ പ്രധാനപ്പെട്ട ദാമ്പത്യബന്ധത്തിലും ഇത്തരത്തിലുള്ള മിനുക്കുപണികൾ അത്യാവശ്യമാണ്. പോരാഞ്ഞ് പുതുവർഷവും. പലതരത്തിലുള്ള തീരുമാനങ്ങൾ ജീവിത നവീകരണത്തിനായി നടപ്പിലാക്കാൻ പലരും തിരഞ്ഞെടുക്കുന്നത് പുതുവർഷത്തെയാണല്ലോ. അതുകൊണ്ട് ഈ പുതുവർഷത്തിൽ ദാമ്പത്യജീവിതത്തിന്റെ നവീകരണത്തിനായി നമുക്ക് ചില തീരുമാനങ്ങൾ നടപ്പിലാക്കാം. അങ്ങനെ പുതിയ ദാമ്പത്യബന്ധത്തിന് തുടക്കം കുറിക്കാം.

പങ്കാളിയായിരിക്കും  എന്റെ ഏറ്റവും  നല്ല  സുഹൃത്ത്

സാമൂഹ്യജീവിയായ മനുഷ്യന് പലതരം ബന്ധങ്ങൾ ആവശ്യമുണ്ട്. സൗഹൃദങ്ങൾ അതിൽ പ്രധാന പങ്കുവഹിക്കുന്നുമുണ്ട്. എന്നിരിക്കിലും പങ്കാളിയായിരിക്കണം  ഏറ്റവും നല്ല സുഹൃത്ത്. ഏറ്റവും നല്ല സൗഹൃദങ്ങളിൽ പരസ്പരം മനസ്സിലാക്കലും  ഉൾക്കൊള്ളലുകളുമുണ്ട്. കേൾക്കാനുള്ള സന്നദ്ധതയും തിരുത്താനുള്ള ധാർമ്മിക ബോധവുമുണ്ട്. അതിനാൽ പുതുവർഷത്തിൽ പങ്കാളിയെ ഏറ്റവും നല്ല സുഹൃത്തായി സ്വീകരിച്ചുതുടങ്ങുക.

വിശ്വസ്തത പുലർത്തും

വിശ്വാസമില്ലായ്മയാണ് ബന്ധങ്ങളുടെ ശൈഥില്യത്തിന് കാരണം. വിശ്വാസവഞ്ചന കാണിക്കുന്ന ദമ്പതികളും വ്യക്തികളും വർദ്ധിച്ചുവന്നുകൊണ്ടിരിക്കുന്ന കാലമാണ് ഇത്. ഇത്തരമൊരു അവസരത്തിൽ വിശ്വസ്തത പുലർത്തുക. വിശ്വസ്തതയില്ലാത്തവർക്ക് ദാമ്പത്യജീവിതം മനോഹരമായി മുന്നോട്ടുകൊണ്ടുപോകാൻ കഴിയുകയില്ല.

പ്രോത്സാഹിപ്പിക്കും, പിന്തുണയ്ക്കും

ഒരുപാടു കഴിവുള്ള വ്യക്തിയായിരിക്കും പ ങ്കാ ളി. പക്ഷേ ആ കഴിവുകളെ തിരിച്ചറിയാനോ പ്രോത്സാഹിപ്പിക്കാനോ ഇതുവരെ കഴിഞ്ഞിട്ടുണ്ടാവില്ല. അല്ലെങ്കിൽ ബോധപൂർവ്വമായ ശ്രമം നടത്തിയിട്ടുണ്ടാവില്ല. ഇണയുടെ കഴിവുകളെ മനസ്സിലാക്കി പ്രോത്സാഹിപ്പിക്കുമെന്ന് തീരുമാനമെടുക്കുക. അതുപോലെ, പുതിയ ചില കാര്യങ്ങൾക്ക് തുടക്കം കുറിക്കാൻ പങ്കാളി സന്നദ്ധത പ്രകടിപ്പിക്കുമ്പോൾ അതിന്റെ നന്മയും നല്ലതും തിരിച്ചറിഞ്ഞ് പിന്തുണയ്ക്കുക. പരസ്പരം പ്രചോദിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നവരായി ദമ്പതികൾ മാറുക.

സ്നേഹം  പ്രകടിപ്പിക്കും

സ്നേഹമുള്ളവർ തന്നെയായിരിക്കും ദമ്പതികൾ. പക്ഷേ ചിലർ സ്നേഹം പ്രകടിപ്പിക്കാൻ മറന്നുപോകുന്നവരോ  അറിഞ്ഞുകൂടാത്തവരോ ആണ്. പങ്കാളികൾക്ക് സ്നേഹം ഉള്ളിലുണ്ടായാൽ മാത്രം പോരാ, പ്രകടിപ്പിക്കാനുംകൂടി കഴിവുണ്ടായിരിക്കണം. ചെറുതും വലുതുമായ പലതരം മാർഗ്ഗങ്ങളിലൂടെ പങ്കാളിയോടുള്ള സ്നേഹം പ്രകടിപ്പിക്കുമെന്ന് തീരുമാനിക്കുക.

സംസാരിക്കാനും  ഒരുമിച്ചിരിക്കാനും സമയം കണ്ടെത്തും

ഇന്ന് ദമ്പതികളുടെ പക്കൽ തീരെയില്ലാത്തത് സമയമാണ്. സമയക്കുറവിന്റെ പേരിൽ സംസാരിക്കാനോ അടുത്തിരിക്കാനോ കഴിയാതെ വരുമ്പോൾ അത് ദാമ്പത്യബന്ധത്തെ യാന്ത്രികമാക്കും. അതുകൊണ്ട് പുതുവർഷത്തിൽ ഇങ്ങനെയൊരു തീരുമാനം കൂടി നടപ്പി ലാക്കുക. എത്ര തിരക്കിലും സംസാരിക്കാനും കുറച്ചുനേരം ഒരുമിച്ചിരിക്കാനും സമയം കണ്ടെത്തും. പരസ്പരം ഉള്ളുതുറന്ന് സംസാരിക്കാനും ഈ സമയം പ്രയോജനപ്പെടുത്തും.

വിയോജിക്കാം പക്ഷേ…

എല്ലാക്കാര്യങ്ങളിലും അനൂകൂലമായ നിലപാടുകളെടുക്കാൻ പലപ്പോഴും നമുക്ക് കഴിയാറില്ല. വ്യക്തിബന്ധങ്ങളിലും ഔദ്യോഗിക ബന്ധങ്ങളിലും ദാമ്പത്യബന്ധങ്ങളിലുമെല്ലാം രണ്ടുപേർ കൂടുമ്പോൾ മൂന്ന് അഭിപ്രായങ്ങളാണ് ഉണ്ടാകാറുള്ളത്. അത് സ്വഭാവികമാകുമ്പോഴും വിയോജിപ്പ് പ്രകടിപ്പിക്കുമ്പോൾ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. വിയോജിപ്പുകൾ ആരോഗ്യപരമായിരിക്കണം. പ്രതിപക്ഷ ബഹുമാനം എന്നൊരു വാക്കുണ്ടല്ലോ. ആശയപരമായി യോജിക്കാൻ കഴിയില്ലെങ്കിലും ആ വിയോജിപ്പ് അനാരോഗ്യകരമായി പ്രകടിപ്പിക്കാതിരിക്കുക.ശാന്തതയിൽ തുടങ്ങി പിന്നീട് കലഹത്തിൽ അവസാനിക്കുന്ന ഒരുപാടു സംസാരങ്ങൾ നമുക്കിടയിലുണ്ടായിട്ടില്ലേ. ആരോഗ്യപരമായി വിയോജിക്കാൻ കഴിയാത്തതുകൊണ്ട് സംഭവിക്കുന്നതാണ് ഇത്. 

സംസാരഭാഷ ശ്രദ്ധിക്കുക

അഭിപ്രായം പറഞ്ഞ ആളെ പരിഹസിച്ചോ കുറ്റപ്പെടുത്തിയോ സംസാരിക്കാതിരിക്കുക. നല്ല ഭാഷ ഉപയോഗിക്കുക. എല്ലാവർക്കും അവരവരുടെ അഭിപ്രായം ശരിയായി തോന്നും. എന്നാൽ അങ്ങനെതന്നെ മറ്റെയാൾക്ക് തോന്നുകയില്ല. ഇക്കാര്യം മനസ്സിലാക്കിക്കഴിയുമ്പോൾ മറ്റെയാളെ ഇകഴ്ത്തിയോ  പുച്ഛിച്ചോ സംസാരിക്കാൻ കഴിയുകയില്ല. ദേഷ്യം കൊണ്ടോ അസൂയ കൊണ്ടോ പ്രതികരിക്കാതിരിക്കുക. ആദരവോടെ വിയോജിക്കുക. വ്യക്തികളെ മുറിവേല്പിച്ചു വിയോജിക്കുന്നത് ബന്ധങ്ങളെ ദുർബലമാക്കും.

ഉദ്ദേശ്യശുദ്ധി പരിശോധിക്കുക

മറ്റെയാളോട് വിയോജിപ്പ് പ്രകടിപ്പിക്കുമ്പോൾ എന്താണ് സ്വന്തം ഉദ്ദേശ്യമെന്ന് വിലയിരുത്തുക. ചിലരുണ്ട് മറ്റെയാൾ പരക്കെ പ്രശംസിക്കപ്പെടുമെന്നോ കൂടുതൽ സ്വീകാര്യനാവുമെന്നോ ഭയന്ന് അയാളുടെ അഭിപ്രായത്തെ അടിച്ചമർത്തിക്കളയും. അസൂയയും വെറുപ്പും കൊണ്ടാണ് ഈ പ്രത്യാക്രമണം. ഇത്തരമൊരു സാഹചര്യത്തിൽ പ്രതിരോധം വളരെ ശക്തമായിരിക്കും. ഇതൊഴിവാക്കാൻ സ്വന്തം ഉദ്ദേശ്യശുദ്ധി തിരിച്ചറിയേണ്ടതുണ്ട്.

മുൻവിധികൾ ഒഴിവാക്കുക

ഒരാൾ സംസാരിച്ചുതുടങ്ങുമ്പോഴേ മുൻവിധിയോടെ പ്രതികരിക്കുന്നവരുണ്ട്. എനിക്ക് നിന്നെ അറിയാം എന്ന മട്ടിൽ. അഭിപ്രായം പറഞ്ഞ വ്യക്തിയെക്കുറിച്ചു ള്ള തെറ്റായ ധാരണകളാണ് ഇതിന്റെ പിന്നിലുള്ളത്. ശരിയായ രീതിയല്ല  ഇത്. കേൾക്കാൻ തയ്യാറാവുക, സംസാരിക്കാൻ അനുവദിക്കുക.

More like this
Related

സ്വാർത്ഥത ബന്ധങ്ങളെ തകർക്കുമ്പോൾ…

രവി ഓഫീസിൽ നിന്ന് ഇറങ്ങിയത്  വൈകിയായിരുന്നു. പിന്നെ വീട്ടിലേക്കുള്ള വണ്ടി പിടിക്കാനുള്ള...

ഇങ്ങനെയാവണം ദമ്പതികൾ!

പരസ്പരം സ്നേഹവും താല്പര്യവുമൊക്കെയുണ്ട്. എന്നാൽ അതൊക്കെ ചില നിർദ്ദിഷ്ട അവസരങ്ങളിലും വേളകളിലും...

പങ്കാളിയോട് പറയേണ്ട വാക്കുകൾ

ദാമ്പത്യജീവിതത്തിൽ അസ്വാരസ്യം സൃഷ്ടിക്കുന്നതിൽ പ്രധാനപങ്കുവഹിക്കുന്നത് വാക്കുകളാണ്. പങ്കാളികൾ ബോധപൂർവ്വമോ അല്ലാതെയോ പറയുന്ന...

വിവാഹജീവിതത്തിൽ ചുവന്ന ലൈറ്റ് തെളിയുമ്പോൾ…

ലോകത്തിലെ തന്നെ മനോഹരവും അ തിശയകരവുമായ ഒരു ബന്ധമാണ് വിവാഹബന്ധം.  അതോടൊപ്പം...
error: Content is protected !!