ആരെയെങ്കിലുമൊക്കെ കാത്തിരിക്കാത്തവരായി ആ രെങ്കിലുമുണ്ടാവുമോ? ഓരോ കാത്തിരിപ്പും തീവ്രമായ അനുഭവമാകുന്നത് ആരെയാണ്, എന്തിനെയാണ്, എന്തിന് വേണ്ടിയാണ് കാത്തിരിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ്. ഓരോരുത്തരുടെയും കാത്തിരിപ്പുകൾ വ്യത്യസ്തമാകുന്നതും അതുകൊണ്ടാണ്. കാത്തിരിപ്പിന്റെ വേദനകളിലൂടെ കടന്നുപോകുന്ന ഒരാളുടെ ഹൃദയവ്യഥകൾ ‘കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്’ എന്ന സിനിമയിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്.
കാത്തിരിപ്പൂ കൺമണീ
ഉറങ്ങാത്ത മനമോടെ
നിറമാർന്ന നിനവോടെ
മോഹാർദ്രമീ മൺവീണയിൽ…
കാത്തിരിപ്പൂ മൂകമായ്
അടങ്ങാത്ത കടൽപോലെ
ശരൽക്കാല മുകിൽപോലെ
ഏകാന്തമീ പൂംചിപ്പിയിൽ…
ഗിരിഷ് പുത്തഞ്ചേരിയാണ് കാത്തിരിപ്പിന്റെ ഈ വിഹ്വലതകളെ പകർത്തിയിരിക്കുന്നത്.
ഇത്തിരിക്കുമ്പിളിൽ തേനും കൊണ്ട് ഒത്തിരിയൊത്തിരി സ്വപ്നം കണ്ട് കാത്തിരിക്കുന്ന ഒരു കുഞ്ഞരിപ്പൂവാണ് ഓരോ വ്യക്തികളുമെന്നാണ് കാവാലം നാരായണപ്പണിക്കരുടെ ഈ വരികൾ നമ്മെ ഓർമ്മിപ്പിക്കുന്നത്. ‘ആരൂഢം’ എന്ന ചിത്രത്തിലെയാണ് ഗാനം
കാത്തിരിപ്പൂ കുഞ്ഞരിപ്പൂവ് വെറും പൂവ്
ഇത്തിരിക്കുമ്പിളിൽ തേനും കൊണ്ട്
ഒത്തിരിയൊത്തിരി സ്വപ്നം കണ്ട്
അതെ, കാത്തിരിക്കാൻ ഓരോ വ്യക്തികളെയും പ്രേരിപ്പിക്കുന്നത് സ്വപ്നങ്ങളാണ്. സ്വപ്നങ്ങളില്ലാത്തവർക്ക് കാത്തിരിക്കാനാവില്ല. പക്ഷേ കാത്തിരുന്നിട്ടും സ്വപ്നങ്ങളുണ്ടായിരുന്നിട്ടും ജീവിതത്തിൽ ഇവർക്ക് സംഭവിച്ചത് മറ്റൊന്നായിരുന്നു. അനശ്വരമായ പ്രണയത്തിന്റെ താജ്മഹലുകൾ തീർത്ത മൊയ്തീന്റെയും കാഞ്ചനമാലയുടെയും കഥ പറഞ്ഞ ‘എന്ന് നിന്റെ മൊയ്തീൻ’ എന്ന സിനിമയിലെ ഗാനം അത്തരത്തിലൊന്നാണ്.
കാത്തിരുന്ന് കാത്തിരുന്ന് പുഴമെലിഞ്ഞു
കടവൊഴിഞ്ഞു
കാലവും കടന്നുപോയ് വേനലിൽ ദലങ്ങൾ പോൽ
വളകളൂർന്നൂപോയ്
ഓർത്തിരുന്ന് ഓർത്തിരുന്ന് നിഴലുപോലെ
ചിറകൊടിഞ്ഞു
കാറ്റിലാടി നാളമായ് നൂല്പോലെ നേർത്തു
പോയ് ചിരി മറന്നുപോയി.
റഫീക്ക് അഹമ്മദിന്റേതാണ് ഈ വരികൾ.
കാത്തിരിക്കുമ്പോൾ സംഭവിക്കുന്നതിനെക്കുറിച്ച് ഒഎൻവി കുറുപ്പിന് മറ്റൊരു സങ്കല്പമാണുള്ളത്. ‘തീ’ എന്ന നാടകത്തിന് വേണ്ടി അദ്ദേഹമെഴുതിയ ഗാനത്തിലെ വരികൾ വ്യക്തമാക്കുന്നത് അതാണ്.
കാത്തുകാത്തു കാത്തിരുന്ന് നീവന്നു നിന്റെ
കാലൊച്ച കാതിൽ സംഗീതമായ്
ഇരുനീല മത്സ്യങ്ങൾ പിടയുന്നുവോ മുന്നിൽ
നറുമുന്തിരിപ്പൂക്കൾ വിരിയുന്നുവോ…
കാത്തിരിക്കാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങളുണ്ട്. ഓരോ കാത്തിരിപ്പും ഒന്നിനൊന്ന് വ്യത്യസ്തമാണ്. പ്രതീക്ഷിക്കുന്നതോ ആഗ്രഹിക്കുന്നതോ ആയിരിക്കില്ല ജീവിതത്തിൽ സംഭവിക്കുന്നത്. എങ്കിലും കാത്തിരിക്കുക ഏറ്റവും നല്ലതിന് വേണ്ടി.