കുട്ടികളെ പഠിപ്പിക്കേണ്ട ചില നല്ല ശീലങ്ങൾ

Date:

spot_img

നല്ല ശീലങ്ങൾ കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള ശ്രമം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കൂടുതൽ സംസ്‌കാരസമ്പന്നമായ ഒരു ജീവിതസാഹചര്യത്തിലേക്ക് മനുഷ്യൻ മാറിത്തുടങ്ങുകയും കുടുംബം എന്ന സംഘടിതമായ വ്യവസ്ഥരൂപമെടുക്കുകയും  ചെയ്ത കാലം മുതൽതന്നെ കുഞ്ഞുങ്ങളെ നല്ലവരാക്കിമാറ്റാനുള്ള ശ്രമങ്ങൾ നടന്നുതുടങ്ങിയിരുന്നു. പക്ഷേ, വളരെ എളുപ്പം സാധിച്ചെടുക്കാവുന്ന ഒന്നല്ല ഇത്. ഒരുപാട് നാളത്തെ ശ്രമവും സമയവും ക്ഷമയും ഇതിനാവശ്യമുണ്ട്. അല്ലെങ്കിൽ മാതാപിതാക്കളെന്ന നിലയിൽ ജീവിത
ത്തിലെ നല്ലൊരു സമയം ഇതിനായി  നീക്കിവയ്ക്കേണ്ടതായി വരുന്നു. 

പ്ലീസും  താങ്ക്സും  സോറിയും  പഠിപ്പിക്കുക

ഇന്ന് പലതരം ബന്ധങ്ങളും ശിഥിലമാകാനുള്ള കാരണങ്ങൾ ആവശ്യനേരത്ത് ഈ മൂന്നുവാക്കുകൾ ഉപയോഗിക്കാൻ മറക്കുന്നതോ മടിക്കുന്നതോ ആണ്. ഞാൻ എന്ന ഭാവം കാരണമാണ് ഈ വാക്ക് പലരും ഉപയോഗിക്കാത്തത്. ആജ്ഞാസ്വരത്തിൽ ഒരാൾ ആവശ്യപ്പെടുന്നതിനെ ആരും തന്നെ ഇഷ്ടപ്പെടുകയില്ല. അറിയാതെയാണെങ്കിലും ഒരു തെറ്റ് ചെയ്താൽ സോറി പറയാതെ പോകുന്നവരോടും ചെയ്തുകിട്ടിയ നന്മയ്ക്ക് ഒരു നന്ദി പോലും പറയാതെ പോകുന്നവരോടുമുള്ള സമീപനവും വ്യത്യസ്തമല്ല. അതുകൊണ്ട് ചെറുപ്രായത്തിൽതന്നെ  മക്കളെ പ്ലീസ് ചേർത്ത് ആവശ്യപ്പെടാനും  സോറിയും താങ്ക്സും പറയാനും പഠിപ്പിക്കുക. സ്വന്തം വീട്ടിൽ മാതാപിതാക്കൾ തന്നെ ഇത്തരം മാതൃകകൾ കാണിച്ചുകൊടുക്കുക.

അനുവാദം  ചോദിക്കുക

മറ്റൊരാളുടെ ഒരു പുസ്തകമോ പേനയോ മുതൽ വലിയ വസ്തുക്കൾവരെ എടുക്കുന്നതിന് മുമ്പ് അവരോട് അനുവാദം ചോദിക്കുക. എത്ര അടുപ്പമുള്ള വീടാണെങ്കിലും വാതിൽ തുറന്നു കിടക്കുകയാണെങ്കിലും അനുവാദം ചോദിച്ചതിന് ശേഷം മാത്രം അകത്തേക്ക് പ്രവേശിക്കുക. അതുപോലെ സോഷ്യൽ മീഡിയ ജ്വരം വ്യാപകമായിരിക്കുന്ന ഇന്നത്തെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിൽ ചിത്രങ്ങളോ മറ്റോ പോസ്റ്റ് ചെയ്യുന്നതിന് മുമ്പും മാതാപിതാക്കളോട് അനുവാദം ചോദിക്കുകയും അവരുടെ നിർദ്ദേശം അനുസരിക്കുകയും ചെയ്യുക. ഇല്ലെങ്കിൽ പിന്നീട് ദൂരവ്യാപകമായ പല തിക്തഫലങ്ങളും നേരിടേണ്ടി വന്നേക്കാം.

ദയ  വളർത്തുക

മറ്റുള്ളവരോട് കാരുണ്യം കാണിക്കാൻ ചെറുപ്രായത്തിലേ പരിശീലനം കൊടുക്കുക. അവരുടെ കാര്യങ്ങളിൽ താല്പര്യം പുലർത്താനും ആവശ്യങ്ങളിൽ സഹായിക്കാനും കുട്ടികളെ പ്രേരിപ്പിക്കുക. വീട്ടിൽതന്നെ അത്തരം മാതൃകകൾ കാണിച്ചുകൊടുക്കുക.സഹായം ചോദിച്ചുവരുന്നവരെ വെറും കയ്യോടെ പറഞ്ഞയ്ക്കുന്നവരാകാതെ, ആട്ടിപ്പായിക്കുകയും കുറ്റംപറഞ്ഞുവിടുകയും ചെയ്യുന്നവരാകാതെ  നല്ല മാതൃകകൾ മാതാപിതാക്കൾ മക്കൾക്ക് കാണിച്ചുകൊടുക്കുക.

നല്കാൻ  പഠിപ്പിക്കുക

മറ്റുള്ളവരോട് ദയ കാണിക്കുന്നതിന്റെ ഭാഗമാണ് അവർക്കായി എന്തെങ്കിലും നല്കുന്നത്. അതുകൊണ്ട് മക്കളെ നല്കാൻ പ്രേരിപ്പിക്കുക.പങ്കുവയ്ക്കാൻ പഠിപ്പിക്കുക. സ്‌കൂളിലേക്ക് കൊടുത്തുവിടുന്ന ഭക്ഷണത്തിന്റെ പങ്ക് സഹപാഠികളുമായി പങ്കിടാൻ പഠിപ്പിക്കുന്നതിലൂടെ ഇത്തരം നല്ല ശീലങ്ങൾ മക്കളിൽ വളർന്നുവരും.

മാന്യമായ  വാക്കുകൾ  ഉപയോഗിക്കുക

സിനിമയുടെയും കൂട്ടുകാരുടെയും ടെലിവിഷൻ പ്രോഗ്രാമുകളുടെയും സ്വാധീനം കുട്ടികളുടെ പെരുമാറ്റത്തിലും സംസാരത്തിലും കടന്നുവരാൻ സാധ്യതയേറെയാണ്. പലപ്പോഴും മോശമായ വാക്കുകളുടെ ഉറവിടം  ഇവിടെ നിന്നാവാം. ഇത്തരം വാക്കുകളെ തിരുത്തിക്കൊടുക്കുക. മക്കളുടെ മുമ്പിൽ വച്ച് ഇത്തരം വാക്കുകൾ പ്രയോഗിക്കാതിരിക്കാൻ മാതാപിതാക്കളും ശ്രദ്ധിക്കുക.

പ്രായത്തിനൊത്ത  ജോലികൾ  ചെയ്യിക്കുക

ഓരോ പ്രായത്തിലും ആ പ്രായമനുസരിച്ച് ജോലികൾ ചെയ്യാൻ മക്കൾക്ക് പരിശീലനം കൊടുക്കു ക. ഉദാഹരണത്തിന് ആഹാരംകഴിച്ച പാത്രങ്ങൾ കഴുകിവയ്പ്പിക്കുക, ഡൈനിങ് ടേബിൾ വൃത്തിയാക്കുക പോലെയുള്ള നിസ്സാരജോലികൾ മുതൽ വളരുന്നതിന് അനുസരിച്ച് ഓരോരോ ജോലികൾ ചെയ്യിപ്പിക്കുക.

അഭിനന്ദിക്കുക,  അഭിനന്ദിക്കാൻ പഠിപ്പിക്കുക

മക്കളുടെ നല്ല പ്രവൃത്തികൾ കാണുമ്പോൾ അവരെ അഭിനന്ദിക്കുക. മറ്റുള്ളവരുടെ നല്ല പ്രവൃത്തികൾ കാണുമ്പോൾ അഭിനന്ദിക്കാൻ അവരെ പഠിപ്പിക്കുകയും ചെയ്യുക.

ഉത്തരവാദിത്വങ്ങൾ  ഏല്പിച്ചുകൊടുക്കുക

ഉത്തരവാദിത്വബോധമുളളവരായി മക്കളെ വളർത്തുക. ഇത് ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടാതിരിക്കാൻ ഭാവിയിൽ അവരെ സഹായിക്കും.

More like this
Related

ടോക്‌സിക് മാതാപിതാക്കളാണോ?

'എത്ര തവണ അതു ചെയ്യരുതെന്ന് നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട്...''ഈ പ്രശ്നത്തിനെല്ലാം കാരണക്കാരൻ...

ടോക്‌സിക് മാതാപിതാക്കളിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം? 

ടോക്സിക് മാതാപിതാക്കളെക്കുറിച്ച് ആദ്യം മനസ്സിലാക്കേണ്ട കാര്യം അവരെ ഒരിക്കലും നമുക്ക് മാറ്റിയെടുക്കാൻ...

മാതാപിതാക്കൾ സന്തോഷമുള്ളവരായാൽ…

മാതാപിതാക്കൾ അറിഞ്ഞോ അറിയാതെയോ മക്കളിലേക്ക് നിക്ഷേപിക്കുന്ന ചില സമ്പത്തുണ്ട്. പെരുമാറ്റം കൊണ്ട്,...

കുട്ടികളെ പോസിറ്റീവാക്കാം

കുട്ടികൾ മിടുക്കരാകണമെന്ന് ആഗ്രഹിക്കാത്ത മാതാപിതാക്കൾ ആരും തന്നെയുണ്ടാവില്ല. പരീക്ഷയിലെ വിജയത്തിന്റെ അടിസ്ഥാനത്തിലോ...
error: Content is protected !!