കാത്തിരിപ്പ്

Date:

spot_img

ദീർഘനാളത്തെ പരിശീലനം കഴിഞ്ഞ് പിരിഞ്ഞുപോകാൻ നേരം ശിഷ്യൻ ഗുരുവിനോട് ചോദിച്ചു :’ഗുരു, എനിക്കൊരു സംശയം.’ ശിഷ്യന്റെ ചോദ്യത്തിനായി ഗുരു കാതോർത്തു. അവൻ ചോദിച്ചു: ‘ഗുരോ, എന്റെ സംശയം ഇതാണ്: ഞാൻ എന്നാണ് ഒരു ഗുരുവായിത്തീരുക?’ ശിഷ്യന്റെ നിഷ്‌കളങ്കമായ ചോദ്യത്തിനു മുന്നിൽ ഗുരു നിശ്ശബ്ദനായി നിന്നു. അവന്റെ കണ്ണുകളിലെ തീക്ഷ്ണത അദ്ദേഹം തിരിച്ചറിഞ്ഞു. അയാൾ ഒരു ഒഴിഞ്ഞ കുടം ശിഷ്യനെ ഏൽപ്പിച്ച ശേഷം തനിക്കു കുടിക്കാൻ വെള്ളം കൊണ്ടു വരാൻ അവനോടു ആവശ്യപ്പെട്ടു. ഇതു കെട്ട ഉടൻ ശിഷ്യൻ ഓടി താഴെ പുഴയിൽ നിന്നും ഒരു കുടം വെള്ളം എടുത്ത് തിരിച്ചുവന്നു ഗുരുവിനു കൊടുത്തു. ശിഷ്യനിൽ നിന്നും വെള്ളം വാങ്ങി നോക്കിയശേഷം അദ്ദേഹം ആ വെള്ളം മുഴുവൻ ചെരിച്ചു കളഞ്ഞു. കാലിയായ കുടം ശിഷ്യനെ തിരിച്ചേൽപ്പിച്ച ശേഷം വീണ്ടും അവനോട് കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. വീണ്ടും അവൻ പോയി പുഴയിൽ നിന്നും ഒരു കുടം വെള്ളം എടുത്തു ഗുരുവിന്റെ അടുത്തെത്തി. ഗുരു ആ വെള്ളം നോക്കിയിട്ട് കുടം വീണ്ടും ചെരിച്ചു കളഞ്ഞശേഷം ദാഹജലം വീണ്ടും ആവശ്യപ്പെട്ടു. മൂന്നാം തവണയും തനിക്ക് കുടിക്കാൻ വെള്ളം കൊണ്ടുവരാൻ ഗുരു ആവശ്യപ്പെട്ടപ്പോൾ ശിഷ്യന് കാര്യം മനസ്സിലായി. അവൻ പുഴയുടെ തീരത്ത് എത്തി. കലങ്ങി മറിഞ്ഞു ഒഴുകുന്ന പുഴയുടെ തീരത്ത് അവൻ ശാന്തമായി ക്ഷമാപൂർവം കാത്തുനിന്നു. സന്ധ്യയായി, പുഴ തെളിഞ്ഞു. അപ്പോൾ പുഴയിൽ നിന്നും ഒരു കുടം വെള്ളം എടുത്ത് അത് ഗുരുവിന്റെ നേരെ നീട്ടി . അത് വാങ്ങി കുടിക്കാൻ നേരം ഗുരു പറഞ്ഞു : ‘ശാന്തമായി കാത്തിരിക്കുക. കാലത്തിന്റെ പൂർണ്ണതയിൽ നിന്നിൽ ഒരു ഗുരു രൂപാന്തരപ്പെടും.’

ഇത് തിരക്കിന്റെ കാലമാണ്. വേഗതയാണ് ഇന്നത്തെ കാലഘട്ടത്തിന്റെ ഒരു മുഖമുദ്ര. വാഹനങ്ങൾ, യാത്രകൾ, ടെക്‌നോളജി, നിർമ്മാണ പ്രവർത്തങ്ങൾ, തീരുമാനങ്ങൾ, അങ്ങനെ എല്ലാം വളരെ വേഗത്തിൽ ആണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്.

ആർക്കുവേണ്ടിയും ഒന്നിനു വേണ്ടിയും അല്പ സമയം പോലും കാത്തുനിൽക്കാനുള്ള ക്ഷമ നമുക്കില്ല. ഒരു റെയിൽവേ ഗേറ്റ് തുറക്കാൻ അല്പം വൈകിയാൽ, ഒരു ബസ് വരാൻ താമസിച്ചാൽ, സിഗ്‌നലിൽ പച്ച നിറം തെളിയാൻ അല്പം നേരമെടുത്താൽ, ഹോട്ടലിൽ കയറി ഓർഡർ ചെയ്ത പിസ ടേബിൾ എത്തിക്കാൻ അല്പസമയം എടുത്താൽ, എന്തിന് വാട്‌സാപ്പിൽ വന്ന ഒരു വീഡിയോ ഒന്ന് കറങ്ങി ഡൗൺലോഡ് ചെയ്തു വരുമ്പോഴേക്കും എത്ര പെട്ടെന്നാണ് നമ്മൾ അസ്വസ്ഥരാക്കുന്നത്. ഫാസ്റ്റ് ഫുഡുകളും ഫാസ്റ്റ് ട്രാക്കുകളും 5ജി സ്പീഡ് ഇന്റർനെറ്റും ഒക്കെയായി നമ്മളിങ്ങനെ തിരക്കിട്ടു ഓടിക്കൊണ്ടിരിക്കുകയാണ് .

ആത്മീയതയുടെ കാര്യത്തിൽ പോലും പലപ്പോഴും ഈ ഒരു തിടുക്കം പലപ്പോഴും നമ്മളിൽ കാണുന്നു. പ്രാർത്ഥിക്കുന്ന ഏതു കാര്യം എത്രയും വേഗം നടന്നു കിട്ടുവാൻ ആണ് നമ്മൾ ആഗ്രഹിക്കുന്നത്. അതു പെട്ടെന്ന് നേടിയെടുക്കാൻ മാത്രമായി നേർച്ച നേരാനും വഴിപാട് നടത്താനും നോമ്പ് നോക്കാനും നമ്മൾ ഒരുക്കമാണ്. ദൈവത്തെ ഒരു എ.ടി.എം. മെഷീൻ ആയിട്ടാണ് പലപ്പോഴും നമ്മളിൽ പലരും കാണുന്നത് പോലും. കാർഡ് ഇട്ടു പാസ്സ്വേർഡ് അടിച്ചു കൊടുത്താൽ എളുപ്പത്തിൽ പണം പിൻവലിക്കാവുന്ന പോലെ എത്രയും പെട്ടെന്ന് അനുഗ്രഹം കിട്ടുമോ അത്ര പെട്ടെന്ന് അത് നൽകുന്ന ഒരാൾ അതു മാത്രമായി മാറുന്നു നമ്മുടെ ദൈവ സങ്കൽപ്പങ്ങൾ!
സി. വി. ബാലകൃഷ്ണന്റെ ‘ദൈവം പോകുന്ന പാത’ എന്ന ഒരു ചെറുകഥയുണ്ട്. ഉപേക്ഷയുടെയും അവഹേളനത്തിന്റെയും വിഴുപ്പു ഭാണ്ഡവുമായി നീങ്ങുന്ന ഒരാൾ. ആത്മഹത്യ ചെയ്യണം എന്നുറച്ചു ഒരുപാട് അ ലച്ചിലുകൾക്കു ശേഷം വിജനമായ ഒരു പ്രദേശത്ത് എത്തിച്ചേരുന്നു. അവിടെ കത്തി എരിഞ്ഞുകൊണ്ടിരിക്കുന്ന ഒരു ചിതയുടെ അരികിൽ  കരഞ്ഞുകൊണ്ട് നിൽക്കുന്ന ഒരു കുട്ടിയെ കാണുന്നു.  അയാൾ അവനെ സൂക്ഷിച്ചുനോക്കി. മുഷിഞ്ഞ വസ്ത്രം,  ഉന്തിയ വയർ, കുഴിഞ്ഞ കണ്ണുകൾ. അ യാൾ അവന്റെ അടുത്തേക്ക് ചെന്നു. അയാളെ കണ്ട ഉടൻ കുട്ടി അയാളോട് ചോദിച്ചു:’അല്ല, എന്താ വരാൻ വൈകിയെ…?’ അല്പം അതിശയത്തോടെ അദ്ദേഹം അവനോടു ചോദിച്ചു :’മോനേ ഞാൻ ആരാണെന്ന് കരുതിയാണ്….?’ കുട്ടി വീണ്ടും പറഞ്ഞു: ‘എനിക്കറിയാം, അമ്മ പറഞ്ഞിട്ടുണ്ട് നീ വരുമെന്ന്. ഞാൻ സഹിച്ചതെന്നും കണ്ടില്ലേ നീ..?  എന്റെ അമ്മയെ ഇവിടെ എരിയിച്ചത് മുതൽ നിന്റെ വരവും കാത്തു നിൽക്കുകയായിരുന്നു ഞാൻ.’ 

അല്പം ആകാംഷയോടെ അയാൾ അവനോടു വീണ്ടും ചോദിച്ചു : ‘ഞാനാരാണെന്ന് കരുതിയാണ് നീ എന്നോടിങ്ങനെ…?’ ഒറ്റശ്വാസത്തിൽ അവൻ മറുപടി പറഞ്ഞു : ‘ദൈവം  അല്ലാതാരാ?  അമ്മ പറഞ്ഞിട്ടുണ്ട് ആരുമില്ലാതെ നീ ഒറ്റക്ക് നിൽക്കുമ്പോൾ തുണയായി ദൈവം വരുമെന്ന്. അല്പം വൈകിയാലും വന്നല്ലോ നീ. എനിക്കതുമതി’ അവന്റെ വാക്കുകേട്ട് അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഇരുകൈകളും നീട്ടി തന്റെ ജീവിതയാത്രയിലേക്ക് അയാൾ അവനെ കൂടെക്കൂട്ടി. കഥക്കൊടുവിൽ കഥാകൃത്ത് എഴുതിവച്ചു : ‘നിരാശയിലും പ്രതീക്ഷയുടെ വഴിക്കണ്ണുമായി കാത്തുനില്ക്കുന്നവന്റെ മുന്നിൽ ദൈവം വരും ഏതെങ്കിലുമൊരു രൂപത്തിൽ!’
സത്യത്തിൽ എല്ലാ കാത്തിരിപ്പിന് പുറകിലും പ്രതീക്ഷയുടെ വലിയ ഒരു തിരിനാളം എരിയുന്നുണ്ട്. അതു കെട്ടു പോകുമ്പോൾ മാത്രമാണ് ഓരോ കാത്തിരിപ്പും ദുസ്സഹമായി തീരുന്നത്. പ്രതീക്ഷയുടെ ആ തിരിവെട്ടം അണയാതെ കാക്കുക എന്നതാണെന്നു തോന്നുന്നു ഇന്നത്തെ കാലഘട്ടത്തിൽ ഒരുവന് അഭ്യസിക്കാവുന്ന വലിയ ഒരു സുകൃതം.

പണ്ടെങ്ങോ കണ്ട ഒരു മലയാള ചലച്ചിത്രം അവസാനിക്കുന്നത് ഇപ്രകാരമാണ്. തന്റെ പ്രിയതമന്റെ വരവും നോക്കി ഒരു റെയിൽവേ സ്റ്റേഷനിൽ കാത്തു നിൽക്കുന്ന സ്ത്രീ. അവൾ പ്രതീക്ഷിച്ച സമയത്തു അയാൾ  വരുന്നില്ല. എന്നിട്ടും വർഷങ്ങളോളം  അ വൾ ആ സ്റ്റേഷനിൽ ഒരോ ട്രെയിനിലും അയാളുടെ വരവും നോക്കി പ്രതീക്ഷയോടെ കാത്തിരിക്കുന്നു… അതിനിടയിൽ വാർധക്യത്തിന്റെ വെള്ളിനൂലുകൾ അവളുടെ തലമുടിയിഴയിൽ കയറി വരുന്നുണ്ട്. ഒടുവിലെത്തുന്ന തീവണ്ടിയിൽ നിന്നും ഇറങ്ങി വരുന്ന ഒരു ചെറുപ്പക്കാരന് അവളുടെ പ്രിയപ്പെട്ടവന്റെ വിയോഗം അവളെ അറിയിക്കണം എന്നുണ്ട്. പക്ഷേ അവളുടെ ആ പ്രതീക്ഷയെ ഊതിക്കെടുത്താൻ അയാളും ധൈര്യപ്പെടുന്നില്ല. അതോടെ അവളുടെ പ്രതീക്ഷകൾക്ക് വീണ്ടും ജീവൻ വയ്ക്കുന്നു….

കാണികളുടെ കണ്ണുകളിലും അറിയാതെ നനവ് പട രുന്നുണ്ട്. ശരിയാണ്, അപരന്റെ കാത്തിരിപ്പുകൾക്കു കാവലാവുക എന്നതാണ് ഇന്നിന്റെ  ദൈവ നിയോഗം…!

നൗജിൻ  വിതയത്തിൽ

More like this
Related

പരിമിതികൾ ഇല്ലാത്ത ജീവിതം

കുഞ്ഞുനാളുകളിൽ സ്വപ്‌നങ്ങളെക്കുറിച്ച് കേട്ടിട്ടുള്ള മനോഹരമായ ഒരു കാര്യം വെളുപ്പാൻ കാലത്ത് കാണുന്ന...

മുറിവുകൾ തളിർക്കുമ്പോൾ…

മുറിവുകൾക്ക് ഒരു ചരിത്രം ഉണ്ടോ?  അറിഞ്ഞുകൂടാ. എന്നിരുന്നാലും ഓരോ മുറിവുകൾക്ക് പിന്നിലും...

പോസിറ്റീവാകൂ നല്ലതുപോലെ…

കേൾക്കുമ്പോൾതന്നെ ഉള്ളിൽ സന്തോഷം നിറയുന്ന ഒരു വാക്കാണ് പോസിറ്റീവ്. പോസിറ്റീവ് കാര്യങ്ങൾ...

മറക്കരുതാത്ത മൂന്നു കൂട്ടർ

ജീവിതത്തിൽ മൂന്നുതരം ആളുകളെ മറക്കരുതെന്നാണ് പറയുന്നത്.1.   ജീവിതത്തിലെ ദുഷ്‌ക്കരമായ സാഹചര്യങ്ങളിൽ...
error: Content is protected !!