പ്രതീക്ഷയുടെ ചെറുകാഴ്ച

Date:

spot_img

എപ്പോഴെങ്കിലും വിചാരിച്ചിട്ടുണ്ടോ, പ്രഭാതത്തിൽ ഉണരുമ്പോൾ പെട്ടെന്നൊരു നിമിഷം ജീവിതത്തിന്റെ രസം നഷ്ടപ്പെട്ടു പോകുമെന്ന്? പ്രാണനു തുല്യം സ്‌നേഹിച്ച പ്രിയമുള്ളവളോടുള്ള ഇഷ്ടം ഇല്ലാതാകുമെന്ന്? 
ഏറ്റവും പ്രിയങ്കരമായി അനുവർത്തിച്ചിരുന്ന കാര്യങ്ങളിൽ വിരസത പടരുമെന്ന്? അഗാധമായ സ്‌നേഹവായ്‌പോടെ കാത്തുസൂക്ഷിച്ച ഓർമ്മകൾ കയ്പ്പുളവാക്കുമെന്ന്? നിറവോടെ അനുഷ്ഠിച്ചിരുന്ന ആത്മീയചര്യകളിലെ ആത്മാർത്ഥത വറ്റിവരണ്ടു പോകുമെന്ന്? ചില ചിരകാല വിശ്വാസപ്രമാണങ്ങൾ കവർച്ച ചെയ്യപ്പെടുമെന്ന്….. അങ്ങനെയൊരു അർത്ഥരാഹിത്യത്തിന്റെ ദുർവിധി വന്നുചേർന്നാൽ എങ്ങനെ നാം അതിനെ അതിജീവിക്കും?
അർത്ഥം നഷ്ടപ്പെട്ടു പോവുകയെന്നാൽ ജീവിതത്തിന്റെ മൂല്യം കൈവിട്ടു പോവുക എന്നു കൂടിയാണ്. ‘ധനം’ എന്നുകൂടി ‘അർത്ഥ’ത്തിന് വ്യാഖ്യാനമുണ്ടെന്ന് ഓർക്കുക. ഏതൊരു വാക്കും മൂല്യമുള്ളതാകുന്നത് അതിനൊരു അർത്ഥം കൽപ്പിക്കുമ്പോഴാണ്. പൊരുൾ രഹിതമായ പദാവലികൾ വെറുതെ ഇങ്ങനെ അടുക്കി വെച്ചിട്ട് എന്തു കാര്യം? മനുഷ്യജന്മവും അങ്ങനെ തന്നെയാണ്. കഴിവും ആരോഗ്യവും സൗന്ദര്യവും ബുദ്ധിയും സമ്പത്തും ഒക്കെ ഉണ്ടായിട്ട് എന്തുകാര്യം… ജീവിതം അർത്ഥ രഹിതമാണെങ്കിൽ?.

അത്തരമൊരു ശൂന്യതാബോധത്തിലൂടെ കടന്നു പോയൊരു ശിഷ്യൻ. അവനെ പ്രകാശിപ്പിക്കുവാൻ നി ശ്ചയിച്ചുകൊണ്ട് ഗുരു പറഞ്ഞു: ‘നാളെ രാവിലെ ഒരിടം വരെ പോകാനുണ്ട്. നീ എന്നെ കാണാൻ വന്ന നാൾ മുതൽ ആഗ്രഹിക്കുന്നതാണ്. ഇപ്പോഴാണ് നീയതിന് യോഗ്യനായത്.’ ശിഷ്യന് കൗതുകവും ഉത്സാഹവുമായി. പിറ്റേന്ന് ഒരുപാട് കാതം സഞ്ചരിച്ച് ക്ഷീണിച്ചവശരായവർ ഒരു പർവ്വതഗിരിയിലെത്തി. ആകാംക്ഷയോടെ ശിഷ്യൻ ആരായുന്നുണ്ട്: ‘നമ്മൾ ഒരുപാട് ദൂരം യാത്ര ചെയ്തല്ലോ? ലക്ഷ്യത്തിന് അടുത്തെത്തിയോ?’ പെട്ടെന്ന് ഗുരു മൊഴിഞ്ഞു: ‘എപ്പോഴേ എത്തിക്കഴിഞ്ഞു.’ ചുറ്റും കണ്ണോടിച്ചവൻ പരിഭവപ്പെട്ടു: ‘ഇവിടെയോ? പുതുതായി കാണാൻ എന്താണ് ഇവിടെയുള്ളത്?’ താഴെ കിടക്കുന്ന കല്ലിലേക്ക് വിരൽചൂണ്ടി ഗുരു പറഞ്ഞു: ‘ ദാ.. ഇതുതന്നെ.’ ശിഷ്യന് അരിശം വന്നു: ‘ഈ അഴുക്കുപുരണ്ട കല്ലിനെന്തു പ്രത്യേകതയാണുള്ളത്? ഇതു കാണാനാണോ ഞാനിപ്പോൾ യോഗ്യനായി എന്നു പറഞ്ഞു മോഹിപ്പിച്ചു കൊണ്ടുവന്നത്?’

അപ്പോൾ മന്ദസ്മിതനായി ഗുരു ഉണർത്തിച്ചു: ‘മകനേ, അതിശയിപ്പിക്കുന്ന എന്തോ ഒന്ന് കാണാനുണ്ടെന്ന പ്രതീക്ഷയിൽ യാത്രയിലുടനീളം നീ സന്തോഷവാനും ഉന്മേഷവാനുമായിരുന്നില്ലേ! പുറപ്പെടും മുൻപേ കാണേണ്ടത് വെറുമൊരു കല്ലാണെന്ന് അറിഞ്ഞിരുന്നുവെങ്കിൽ ഈ ദുർഘടമായ യാത്രയ്ക്ക് നീ മുതിരുമോ?’ ജീവിതയാത്രയെ അഴകുള്ളതാക്കുന്നത് എത്തിച്ചേരാനിരിക്കുന്ന ഉറവിടത്തിന്റെ മഹിമയല്ല. ഉടനീളം കൊണ്ടുനടക്കുന്ന പ്രതീക്ഷകളാണ്. The hopes what brings meaningto our lives, not destination.

‘പ്രതീക്ഷ’യെന്നത് ജീവിതത്തിന് ഉയരങ്ങളിലേക്ക് പറക്കാനുതകുന്ന ചിറകിന്റെ സകലമാന ഊർജ്ജവും പ്രസരിപ്പിക്കുന്ന വാക്കാണ്. വ്യക്തമായ ധാരണകളൊന്നുമില്ലെങ്കിലും എന്നെങ്കിലുമൊരിക്കൽ സഫലമാകുമെന്നു കരുതുന്ന കുറേയധികം പ്രതീക്ഷകളാണ് തളരാതെ മുന്നോട്ടു കുതിക്കുവാനുള്ള കരുത്തു നൽകുന്നത്.
അതിനാൽ, ജീവിതത്തിന് അർത്ഥം പകരുന്ന പ്രതീക്ഷകളുടെ മാർഗങ്ങളിൽ മുഴുമനസ്സോടെ വ്യാപൃതരാകുന്നവാൻ ശ്രദ്ധിച്ചു കൊള്ളുവിൻ. ദൈവപരിപാലനയിലുള്ള ആശ്രയവും സ്വർഗ്ഗത്തെക്കുറിച്ചുള്ള അഭിലാഷവും മനുഷ്യ നന്മയുള്ള വിശ്വാസവും വിശുദ്ധിക്ക് വേണ്ടിയുള്ള ആഗ്രഹവുമൊക്കെ പകരുന്ന പ്ര തീക്ഷകളുടെ വെട്ടം നഷ്ടപ്പെടുത്താതിരിക്കുവിൻ!

ചിലരെങ്കിലും, എനിക്കിപ്പോൾ ജീവിക്കാൻ തോന്നുന്നില്ലെന്നു നൊമ്പരപ്പെട്ടുമ്പോൾ… പരിശ്രമിച്ചു നേടിയ അധ്യാപനവൃത്തിയിപ്പോൾ ഉന്മാദം നൽകുന്നില്ലെന്ന് നിരാശപ്പെടുമ്പോൾ… ആവേശത്തോടെ പ്രവേശിച്ച സന്യാസമഠത്തിലെ ചിട്ടവട്ടങ്ങൾ ഇപ്പോൾ മടുപ്പിക്കുന്നുവെന്ന് വ്യാകുലപ്പെടുമ്പോൾ… പൂർണ്ണമനസ്സോടെ സ്വന്തമാക്കിയ പങ്കാളിയിൽ പിഴവുകൾ കണ്ടെത്തുമ്പോഴോക്കെ അതിനെല്ലാം പിറകിൽ ഒറ്റ കാരണമേയുള്ളൂ… ജീവിതത്തെ കരുത്തുള്ളതാക്കുന്ന കാതലായ ഘടകം- ാലമിശിഴളൗഹില ൈനഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നുവെന്നാണ്. അർത്ഥരാഹിത്യം നമ്മുടെ സ്വപ്‌നങ്ങളെ, ചിന്താധാരകളെ, സർഗവാസനകളെ എന്തിനേറെ സകലമാന വളർച്ചകളുടെയും സാധ്യതകളെ കവർന്നെടുക്കുന്ന കഴുകൻ നഖങ്ങളാണ്. എപ്പോഴാണോ ഒരുവന് പ്രത്യാശയുടെ വെട്ടം നഷ്ടപ്പെട്ട് ജീവിതം അർത്ഥരഹിതമാകുന്നത് അപ്പോഴവൻ നിരാശയിലേക്ക് കൂപ്പുകുത്തുന്നു… പിന്നെ ആത്മഹത്യയിൽ അഭയം പ്രാപിക്കുന്നു.

നാസി കോൺസൻട്രേഷൻ ക്യാമ്പിൽ അടയ്ക്കപ്പെട്ട  ഒരു ജൂത മനഃശാസ്ത്രജ്ഞൻ. സ്വന്തം അപ്പനും അമ്മയും ഭാര്യയും പ്രിയപ്പെട്ടവരും നാസികളുടെ കൊടും ക്രൂരതയിൽ മരണപ്പെടുന്നത് നിസ്സഹായതയോടെ കാണേണ്ടിവന്നവൻ. ഒടുവിൽ ആത്മഹത്യ ചെയ്യാൻ നിശ്ചയിച്ചുകൊണ്ട് ഷേവ് ചെയ്യാൻ കരുതിവെച്ച ബ്ലേഡ് കൊണ്ട് ഞരമ്പു മുറിക്കാൻ തീരുമാനിക്കുകയാണ്. ഒരു ന്യൂറോ സർജനായതുകൊണ്ട് മനുഷ്യ ശരീരത്തിൽ ഏതു ഞരമ്പ് മുറിച്ചാലാണ് പെട്ടെന്ന് മരിക്കുകയെന്ന് അയാൾക്കറിയാം. ആ ഞരമ്പ് കാണാനുള്ള വെളിച്ചം ഇരുട്ടുമുറിയിൽ ഇല്ലാതിരുന്നതുകൊണ്ട് പ്രകാശം വരുന്ന ജനലരികിലേക്ക് നടന്നു നീങ്ങി ആകാംക്ഷയോടെ വെറുതെ പുറത്തേക്കൊന്ന് നോക്കിയതാണ്.

ജാലകത്തിനപ്പുറം ഇന്നലെ കണ്ട കാഴ്ചയല്ല ഇന്ന്. ശിശിരകാല മൂടൽമഞ്ഞ് മാറിയിരിക്കുന്നു. പ്രതീക്ഷയുടെ പൂക്കൾ വിരിയിച്ചു കൊണ്ട് വസന്തം വന്നു ചേർന്നിരിക്കുന്നു. ‘പ്രകൃതിക്ക് മാറ്റം വരാമെങ്കിൽ എന്തുകൊണ്ട് എനിക്കുമായിക്കൂടാ!’ ആ മനോഹര കാഴ്ച അദ്ദേഹത്തിനും പുതിയ പ്രതീക്ഷകൾ നൽകി. അങ്ങനെ മരണമോഹവും തടവറയുടെ കഷ്ടകാലവും അതിജീവിച്ചയാൾ ഒടുവിൽ ജയിൽ മോചിതനാകുന്നു. 
വിക്ടർ ഫ്രാങ്ക്ലിൻ ആണയാൾ. Man’s Search for Meaning എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്. ലോഗോ തെറാപ്പിയുടെ ഉപജ്ഞാതാവ്. തകർന്ന ജീവിതത്തെ വീണ്ടെടുക്കാൻ ശുഭകരമായ പ്രത്യാശയുടെ ചെറുകാഴ്ചയോ, വാക്കോ, പുഞ്ചിരിയോ ഒക്കെ മതിയെന്നേ…!

ജോനാഥ് കപ്പൂച്ചിൻ

More like this
Related

error: Content is protected !!