കരച്ചിൽ

Date:

spot_img

മൂടിക്കെട്ടി നില്ക്കുന്ന ആകാശം പെയ്തുതോരുമ്പോഴാണ് തെളിമയുണ്ടാകുന്നത്.  ജനാലകൾ തുറന്നിടുമ്പോഴാണ് ശുദ്ധവായു അകത്തേക്ക് പ്രവേശിക്കുന്നത്. കരച്ചിലും അങ്ങനെയാണ്.  ഉള്ളിലെ സങ്കടങ്ങൾക്കുള്ള പ്രതിവിധിയാണ് കരച്ചിൽ. നെഗറ്റീവായ വികാരങ്ങളുടെ ബഹിർഗമനമാണ് കരച്ചിൽ.

കുട്ടികൾക്കുള്ള ചിത്രകഥപുസ്തകത്തിലെ രാവണൻകോട്ടയിൽ നിന്ന് പുറത്തുകടക്കാനുള്ള വഴികൾ കണ്ടെത്തുന്നതുപോലെ സങ്കടങ്ങളിൽ നിന്ന് പുറത്തുകടക്കാനുള്ള എളുപ്പവഴിയുടെ പേരാണ് കരച്ചിൽ. എത്രയധികം ഭാരങ്ങളുമായിട്ടാണ് നാം ഓരോരുത്തരും ജീവിക്കുന്നത്. തുറന്നുപറയാൻ ഒരു കുമ്പസാരക്കൂടിന്റെ   കുറവുള്ളതുകൊണ്ടാണ് പലരും സങ്കടങ്ങളുടെ മാറാപ്പുമായി അലഞ്ഞുതിരിയുന്നത്. കരയാൻ എനിക്കൊരു ചുമലുണ്ടായിരുന്നുവെങ്കിൽ ഞാൻ എന്നേ പൊട്ടിക്കരയുമായിരുന്നുവെന്ന് സങ്കടപ്പെടുന്നവരെ കണ്ടിട്ടുണ്ട്.
കരച്ചിലിനെ നാണംകെട്ട പ്രവൃത്തിയായും കണ്ണീരിനെ വിലകുറഞ്ഞ വസ്തുവായും കാണുന്നതുകൊണ്ടാണ്  കരച്ചിലിനെ പുറത്തേക്ക് വിടാൻ മടിയായിരിക്കുന്നത്. ‘ശ്ശേ മോശം…’ ഇതാണ് കരച്ചിലിനോടുള്ള പൊതുമട്ട്. പ്രിയപ്പെട്ടവരുടെ വേർപാടിൽ പോലും ഒന്നുറക്കെ കരയാൻ കഴിയാതെ വിഷമിക്കുന്നവരെ കണ്ടിട്ടുണ്ട്.
 കൊച്ചുകുട്ടികളുടെ കരച്ചിലിനോടു പോലുമുണ്ട് സ്നേഹപൂർവ്വമായ നിയന്ത്രണങ്ങൾ. കരയല്ലേ..കരയല്ലേ എന്ന ആശ്വാസവചനം കരയരുത് കരയാതിരിക്ക് എന്ന മട്ടിലുള്ള ശാസനകളായി അവസാനിക്കും.

ചിലപ്പോഴാവട്ടെ അതിലൊക്കെ വിരോധാഭാസവുമുണ്ട്.തല്ലുകൊടുത്തിട്ടാണ് അത്തരമൊരു താക്കീത്. കരയിപ്പിച്ചിട്ട് കരയരുതെന്ന്. സത്യത്തിൽ ആരൊക്കെയോ ചേർന്നാണ് നമ്മെ കരയിപ്പിച്ചുകൊണ്ടിരിക്കുന്നത്. ആരും വെറുതെ കരയാറില്ല. ഓരോ കരച്ചിലിനും ഓരോ കാരണങ്ങളുണ്ട്.

കരയാൻ മടിയാണെന്നതിന് പുറമെ കരയാൻ ബുദ്ധിമുട്ടുമുണ്ട്. കണ്ണു നനയിപ്പിക്കുന്ന സിനിമകളെക്കാൾ ചിരിച്ചുതലതല്ലുന്ന സിനിമകളാണല്ലോ നമുക്ക് പഥ്യം? പഴുപ്പ് നിറഞ്ഞ വ്രണങ്ങൾ പരിചയമില്ലേ. അതിനുള്ളിലെ പഴുപ്പും ദുർഗന്ധവുംപുറത്തുകളയുമ്പോഴേ മുറിവുണങ്ങൂ.സൗഖ്യവും ലഭിക്കൂ.സങ്കടങ്ങളും കരച്ചിലുകളും അങ്ങനെ തന്നെയാണ്.

അതുകൊണ്ട് ഇനിയും ഉള്ളിൽ അടക്കിപിടിച്ച സങ്കടങ്ങളുമായി നീയെന്തിനാണ് കഴിയുന്നത്. ഇനിയൊന്ന്  ഉറക്കെ കരയൂ; അല്ലെങ്കിൽ ആരും കാണാതെ. കണ്ണീര് നിന്നെ സ്നാനപ്പെടുത്തും, തീർത്ഥാടനകേന്ദ്രങ്ങളിലെ പുണ്യതീർത്ഥങ്ങളിൽ മുങ്ങിനിവരുമ്പോൾ ലഭിക്കുന്നസൗഖ്യം പോലെ. അണച്ചുപിടിച്ചിരിക്കുന്ന സങ്കടങ്ങളെല്ലാം കെട്ടഴിച്ചുവിടുക. 

ഉള്ളിലെ സങ്കടങ്ങളിൽ നിന്ന് പുറത്തുകടക്കാൻ അതാണേറ്റവും എളുപ്പമാർഗ്ഗം. കരച്ചിലിന്റെ സൗഖ്യം മനസ്സിലാക്കാത്തിടത്തോളം കാലം നാം വിഷമങ്ങളും ചുമന്ന് ജീവിക്കുക തന്നെ ചെയ്യും.

More like this
Related

സംഘർഷം അനുഭവിക്കുന്നുണ്ടോ?

സ്‌ട്രെസ് അനുഭവിക്കാത്ത മനുഷ്യരുണ്ടാവില്ല. പല രീതിയിൽ പല ഘട്ടങ്ങളിലായി പലതരം സ്ട്രസുകളിലൂടെയാണ്...

കോപം: മറ്റുള്ളവരുടെ തെറ്റുകൾക്ക് സ്വയം ശിക്ഷിക്കുന്നത്

യഥാർത്ഥത്തിൽ കോപം എന്താണ്? മറ്റുളളവരുടെ തെറ്റുകൾക്ക് സ്വയം ശിക്ഷിക്കുന്നതാണ് കോപം. കാരണം...

വിമർശനങ്ങളെ പേടിക്കണോ?

വിമർശനങ്ങൾക്ക് മുമ്പിൽ  പൊതുവെ തളർന്നുപോകുന്നവരാണ് ഭൂരിപക്ഷവും അതുകൊണ്ട് ആരും വിമർശനങ്ങളെ ഇഷ്ടപ്പെടുന്നില്ല....

ഏകാന്തത തിരിച്ചറിയാം

ഒറ്റപ്പെട്ട ചില നേരങ്ങളിലോ ക്രിയാത്മകമായി ചെലവഴിക്കേണ്ടിവരുന്ന നിമിഷങ്ങളിലോ ഒഴികെ  മനുഷ്യരാരും ഏകാന്തത...
error: Content is protected !!